ADVERTISEMENT

ഭാരം കുറയ്ക്കാനുള്ള യാത്ര ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ഒരാള്‍ പരീക്ഷിച്ച് വിജയിച്ച കാര്യം മറ്റൊരാള്‍ക്ക് ഫലിക്കണമെന്നില്ല. നല്ല ഭക്ഷണം, വ്യായാമം തുടങ്ങി പൊതുവായി ചില കാര്യങ്ങള്‍ ഭാരം കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ ഭാരം കുറയ്ക്കാനായി പിന്തുടരുകയേ ചെയ്യരുത്. 

1. അതികഠിനമായ വ്യായാമം

ഭാരം കുറയ്ക്കുന്നതിന് ശരീരത്തില്‍ നിന്ന് കാലറി കത്തിച്ചു കളയണമെന്നതൊക്കെ ശരി. ഇതിനായി വ്യായാമം ചെയ്യുന്നതും നല്ലതാണ്. എന്നാല്‍ അതികഠിനമായ വ്യായാമ മുറകള്‍ ഭാരം കുറയ്ക്കാന്‍ ആവശ്യമില്ല. അതികഠിനമായ വ്യായാമം ശരീരത്തിലെ കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ ഹോര്‍മോണുകളുടെ തോത് ഉയര്‍ത്തുകയും ഇത് അനാരോഗ്യകരമായ ഭക്ഷണത്തോടും മധുരപദാര്‍ത്ഥങ്ങളോടുമുള്ള ആസക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

2. ഗ്ലൂട്ടന്‍ ഒഴിവാക്കുക

ശരീരത്തിന്റെ അമിത ഭാരം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ നിന്ന് ഗ്ലൂട്ടന്‍ ഒഴിവാക്കുക എന്ന് പലരും ഉപദേശിച്ചേക്കാം. എന്നാല്‍ ഇത് ഫലപ്രദമല്ല. ഗോതമ്പ് പോലുള്ള ധാന്യങ്ങളിലുള്ള രണ്ട് പ്രോട്ടീനുകളുടെ സംയുക്തമാണ് ഗ്ലൂട്ടന്‍. നിങ്ങള്‍ക്ക് സീലിയാക് രോഗമില്ലെങ്കില്‍ ഗ്ലൂട്ടനെ പേടിക്കേണ്ടതില്ല. സീലിയാക് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമുള്ളവര്‍ ഭക്ഷണത്തില്‍ നിന്ന് ഗ്ലൂട്ടന്‍ ഒഴിവാക്കേണ്ടതാണ്. അല്ലാത്തവര്‍ ഗ്ലൂട്ടന് പകരം സംസ്‌കരിച്ച ഭക്ഷണവും റിഫൈന്‍ ചെയ്‌തെടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കിയാല്‍ മതിയാകും. 

3. മധുരം പൂര്‍ണമായും വര്‍ജ്ജിക്കണം

ഭാരം കുറയ്ക്കാന്‍ മധുരം ഒഴിവാക്കണമെന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് റിഫൈന്‍ഡ് രൂപത്തിലുള്ള മധുര പദാര്‍ത്ഥങ്ങളാണ്. പഴങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന മധുരം പ്രശ്‌നക്കാരല്ല. അതിനാല്‍ ഇവ ധാരാളം കഴിക്കുന്നതില്‍ തെറ്റില്ല. 

4. പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലുള്ള സ്‌നാക്‌സുകള്‍ ഒഴിവാക്കണം

ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്‌നാക്‌സുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും പിന്തുടരേണ്ടതില്ല. ഇത് ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അട്ടിമറിക്കുകയേ ഉള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ തോത് മാനേജ് ചെയ്യാന്‍ ഇടയ്ക്കുള്ള സ്‌നാക്‌സുകള്‍ സഹായിക്കും. ഇട ഭക്ഷണം ഒഴിവാക്കിയാല്‍ പ്രധാന ഭക്ഷണത്തിന്റെ സമയത്ത് ഭയങ്കരമായി വിശക്കുകയും ഇത് അമിതമായി കഴിക്കാന്‍ ഇടയാക്കുകയും ചെയ്യും. നട്ടുകള്‍, പഴങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ സ്‌നാക്‌സ് ആയി ഇടയ്ക്ക് കഴിക്കുന്നതില്‍ തെറ്റില്ല. 

5. കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് വിലക്ക്

പ്രോട്ടീന്‍ പോലെതന്നെ ശരീരത്തിന് ആവശ്യമായ പോഷണമാണ് കാര്‍ബോഹൈഡ്രേറ്റ്. അതിനാല്‍ ഭാരം കുറയ്ക്കാനെന്ന പേരില്‍ ഇത് പൂര്‍ണമായും ഒഴിവാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുന്നത് ക്ഷീണവും മലബന്ധവുമൊക്കെ ഉണ്ടാക്കും. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റിന്റെ ആരോഗ്യപ്രദമായ സ്രോതസ്സുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

English Summary : Fitness and weight loss tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com