ADVERTISEMENT

വർഷങ്ങൾക്കു ശേഷമുള്ള കോളജ് റീയൂണിയൻ. ഒരു തടിയനെ പ്രതീക്ഷിച്ചിരുന്നവരുടെ ഇടയിലേക്ക മെലിഞ്ഞു സുന്ദരനായ നിയാസ് രംഗപ്രവേശം ചെയ്യുന്നു. സമൂഹമാധ്യമത്തിലൂടെയൊന്നും വർഷങ്ങളോളം കാണാത്തവർ ആളിനെ തിരിച്ചറിയാൻ ബുദ്ധിമുട്ടിയപ്പോൾ, മനസ്സിലായവർ ശരിക്കും മൂക്കത്ത് വിരലുവച്ചു പോയി. പഠിച്ചിരുന്ന സമയത്ത് കോളജിന്റെ മുഴുവൻ ‘തടിയൻ’ ആയിരുന്ന ആൾ കല്യാണമൊക്കെ കഴിച്ച് ‘വീണ്ടും തടിയൻ’ അല്ലാതെ ഇങ്ങനെ മെലിയുമെന്ന് ആരു കരുതാൻ. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ. മുഖത്തിന്റെ ഷേപ്പിൽ ഉൾപ്പടെ മാറ്റം വന്നു. സെഞ്ച്വറിയും പിന്നിട്ട് പാഞ്ഞുകൊണ്ടിരുന്ന ശരീരഭാരത്തെ വിക്കറ്റുകളെടുത്ത് പുറത്താക്കിയ ആ കഥ നിയാസ് മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

പ്രായത്തെ തോൽപ്പിച്ചു പാഞ്ഞ ശരീരം

മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ പാറക്കടവ് എന്ന സ്ഥലത്താണ് വീട്. പെരിന്തൽമണ്ണ എൻജിനീയറിങ്  കോളേജിൽ നിന്ന് 2009 ൽ ബിടെക് കംപ്യൂട്ടർ സയൻസ് കഴിഞ്ഞു. പഠിച്ചിരുന്നപ്പോൾതന്നെ ആവറേജ് തടിയുള്ള ഒരാളായിരുന്നു. കോളജിൽ തടിയൻ എന്നു പേരു കേട്ടു വന്നയാളാണ്. പ്രായത്തേക്കാൾ കൂടുതൽ തടി അപ്പോഴേ ഉണ്ടായിരുന്നു. നന്നായി ഫുഡ് അടിക്കും. അതും ജങ്ക് ഫുഡ്. 

സെഞ്ച്വറിയും കഴിഞ്ഞ് പാഞ്ഞുകൊണ്ടിരുന്ന ഭാരം

niyas2

പഠനമൊക്കെ കഴിഞ്ഞതോടെ മലപ്പുറത്ത് കോട്ടയ്ക്കലിൽ സ്വന്തമായി ഒരു കംപ്യൂട്ടർ സെന്റർ ആരംഭിച്ചു. ജോലിയും ഫുഡ് അടിയുമൊക്കെയായി ഇങ്ങനെ പോയ്ക്കൊണ്ടിരുന്നു. ശരീരത്തെ തീർത്തും അവഗണിച്ചുള്ള യാത്രയായിരുന്നു രണ്ടുമൂന്നു കൊല്ലം മുൻപുവരെ. ഇതിനിടയിൽ പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു തുടങ്ങി. കുറച്ചു നടക്കുമ്പോൾ തന്നെ കിതപ്പ്. ഷുഗറും കൊളസ്ട്രോളും ഒക്കെ ബോർഡറിൽ എത്തി. നല്ല ഡ്രസ്സ് ഇടാൻ സാധിക്കാതെ വന്നു, ടെക്സ്റ്റൈൽസിൽ പോയിക്കഴിഞ്ഞാൽ എന്റെ അളവിനുള്ള സൈസ് കിട്ടാറില്ല. പാന്റ്സ് എനിക്ക് 42 നു മുകളിൽ വേണമായിരുന്നു. ബാംഗ്ലൂരിലുള്ള സുഹൃത്തിന്റെ കടയിൽ നിന്നു എനിക്കു സൈസിനുള്ള പാന്റ് വരുത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. പുറത്തിറങ്ങുമ്പോൾ നമുക്ക് തന്നെ ഒരു സെൽഫ് കോൺഫിഡൻസ് ഇല്ലായിരുന്നു. ശരീരഭാരം 116 കിലോയും. അതിനു ശേഷമാണ് ഒരു മാറ്റം വേണമെന്ന് തോന്നിയത്. ചിട്ടയില്ലാത്ത ഒരു ജീവിതം. അതുകൊണ്ടു തന്നെ എനിക്ക് ഒരു മാറ്റം വേണം തടി കുറയ്ക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് ഇതിലേക്ക് വരുന്നത്. 

കുറച്ചത് 36 കിലോ, ഇനി 5 കിലോ കൂടി കുറയ്ക്കണം 

ഇപ്പോൾ വെയ്റ്റ് 80 കിലോ ആണ്. ടാർഗറ്റ് 75 കിലോ ആണ്. ഈ നോമ്പിനു മുൻപേ തന്നെ അത് അച്ചീവ് ചെയ്യണമെന്ന് വിചാരിച്ചിരുന്നു. ലോക് ഡൗണായപ്പോൾ ജിമ്മിൽ പോകാൻ സാധിക്കാത്തതിനാൽ അത് അച്ചീവ് ചെയ്യാൻ സാധിച്ചില്ല. ഉടൻതന്നെ ടാർഗറ്റിലെത്തുമെന്ന പ്രതീക്ഷയുണ്ട്.

ഒന്നര വർഷത്തോളം എടുത്താണ് 36 കിലോ കുറച്ചത്. ശരിക്കും ഇത്രയും കുറയുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ആദ്യത്തെ ടാർഗറ്റ് 95 കിലോ ആയിരുന്നു. ആയിടയ്ക്ക് ഒരു മണാലി ട്രിപ്പ് പ്ലാൻ ചെയ്‌തിരുന്നു. ആ ട്രിപ്പ് പോകുന്നതിനു മുൻപ് വെയ്റ്റ് ഒരു 95 കിലോ ആക്കണമെന്ന് ഉറപ്പിച്ചിരുന്നു. ഒരു 21 കിലോ കുറയ്ക്കണം എന്നൊരു ലക്ഷ്യത്തിലാണ് ഞാൻ സ്റ്റാർട്ട് ചെയ്‌തത്‌. അങ്ങനെ ആ ടാർഗെറ്റിലെത്താൻ എനിക്കു സാധിച്ചു. ടൂറൊക്കെ അടിച്ചു പൊളിച്ചു. തടി 95 ൽ എത്തിയപ്പോൾ തന്നെ എന്റെ കോൺഫിഡൻസ് ലെവൽ ഉയർന്നു. ഒരു ആറു മാസത്തോളം ഞാൻ ആ വെയ്റ്റ് മെയിൻറ്റൈൻ ചെയ്‌തു നിർത്തി. പിന്നീടാണ് വീണ്ടും കുറഞ്ഞത്. 

niyas3

എല്ലാം നടന്നത് അവരുടെ മോട്ടിവേഷനിൽ

ഭാരം കുറയ്ക്കണമെന്ന തീരുമാനം സ്വയം എടുത്തതാണ്. അതിനു വേണ്ടി ജിമ്മിൽ ചേർന്നു. രാവിലെ ഒരു മണിക്കൂർ നടക്കുന്ന ശീലം അന്നു തൊട്ടേ ഉണ്ട്. ഫ്രണ്ട്സ് നല്ല സപ്പോർട്ടായിരുന്നു. അവരും ജിമ്മിലും നടക്കാനും ഒക്കെ കൂടെ വരുമായിരുന്നു. 

niyas-friends

സുഹൃത്തുക്കളായിരുന്നു  എന്റെ ഏറ്റവും വലിയ മോട്ടിവേഷൻ. അവർ എന്നെ വാശി കേറ്റാൻ വേണ്ടി ബെറ്റ് വയ്ക്കുമായിരുന്നു. ഞാനും അത് അത്രയ്ക്ക് വാശിയോടെ ചെയ്യുമായിരുന്നു. മെയിൻ ആയിട്ട് പറയേണ്ടത് അഷ്റഫ്, ശിഹാബ്, നിസാം, ജംഷി ഇവരൊക്കെയാണ് മോട്ടിവേഷനു പിന്നിലുള്ള ആൾക്കാർ. ഇവരുടെ ബെറ്റ് ജയിച്ചു നേടിയതാണ് ഇന്നത്തെ എന്റെ ശരീരം.

ഭാര്യയുടെ സന്തോഷവും ഉമ്മയുടെ ദുഃഖവും

തടി കുറയ്ക്കാനുള്ള തീരുമാനമെടുത്ത് അതിനു വേണ്ടി ഡയറ്റൊക്കെ ക്രമീകരിച്ചപ്പോൾ ഫുൾ സപ്പോർട്ടുമായി ഭാര്യ എത്തി.  പക്ഷെ ഉമ്മയ്ക്ക് തീരെ താൽപര്യമില്ലായിരുന്നു. വീട്ടിലെ എല്ലാവരും തടി ഉള്ളവരായിരുന്നതു കൊണ്ട് നീ കഴിക്ക്... കഴിക്ക് എന്നേ ഉമ്മ പറയൂ. ഇനി കുറയ്ക്കല്ലേ എന്നാണ് ഇപ്പോൾ പറയുന്നത്. ഉമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിത്തന്ന തടിയാണല്ലോ ഇപ്പോൾ ഞാൻ ഇല്ലാതാക്കിയത്. എന്റെ പാത പിന്തുടർന്ന് ഭാര്യയും 20 കിലോ കുറച്ചു. അവൾക്കും നല്ല തടി ഉണ്ടായിരുന്നു. 

കഴിച്ചത് നോർമൽ ഫുഡ്, പിന്നെ ജിമ്മിലെ വർക്ഔട്ടും

പ്രത്യേകിച്ച് ഒരു ഡയറ്റും പിന്തുടർന്നില്ല. സ്വന്തമായി രൂപംകൊടുത്ത ഡയറ്റാണ് എന്നു പറയാം. പ്രോട്ടീൻ ആയിട്ടുള്ള ഫുഡ് എന്നതിനായിരുന്നു പ്രാധാന്യം കൊടുത്തത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ അത്യാവശ്യം നല്ല ഫുഡ് കഴിക്കണം. മസിലിനു ഗ്രോത്ത് വരണം അതുകൊണ്ട് ആ ഒരു രീതിയിൽ ആണ് ചെയ്‌തത്‌. അതുകൊണ്ടു തന്നെ എന്റെ സ്‌കിൻ ലൂസ് ഒന്നും ആകാതെ ഫിറ്റ്നസിലേക്കെത്താൻ സാധിച്ചു. രാവിലെ നടക്കാനിറങ്ങുമ്പോൾ നന്നായി വെള്ളം കുടിക്കും. നടന്നിട്ട് വന്നതിനു ശേഷം രണ്ടു കോഴിമുട്ട കഴിക്കും. ജിമ്മിൽ പോകുന്ന സമയത്ത് കോഴിമുട്ട ബുൾസൈ ആയി കഴിക്കും. ഒരു റോബസ്റ്റ പഴം അല്ലെങ്കിൽ നേന്ത്രപ്പഴം കഴിക്കും. 

ജിമ്മിൽ പോയി വന്നതിനുശേഷം വീട്ടിൽ എന്താണോ ഫുഡ് ഉള്ളത് അത് അളവ് കുറച്ചു കഴിക്കും. ഒന്നോ രണ്ടോ ചപ്പാത്തി ഒക്കെയാണ് കഴിക്കാറുള്ളത്. ഡയറ്റിൽ നിന്ന് ഒഴിവാക്കിയത് എണ്ണപ്പലഹാരങ്ങളും മധുരവും ആണ്. 

ചോറിനോട് വലിയ താൽപര്യം ഇല്ല. അതിനു പകരം എന്താണോ ഉള്ളത് അത് കഴിക്കും. എല്ലാത്തിനും ഒരു ലിമിറ്റ് വച്ചാണ് കഴിക്കുന്നത്. അല്ലാത്ത സമയങ്ങളിൽ മുളപ്പിച്ച പയർ ശർക്കരയും തേങ്ങയും ഇട്ട് കഴിക്കും. അതല്ലെങ്കിൽ കടലയോ ഗ്രീൻപീസോ പുഴുങ്ങി കഴിക്കും. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ഇതൊക്കെയാണ് കഴിക്കാറ്. കൂടാതെ പഴങ്ങളും സാലഡുകളും കഴിക്കാറുണ്ട്. 

രാവിലത്തെ നടത്തം കഴിഞ്ഞതിനു ശേഷമാണ് വർക്ക് ഔട്ടിന് പോകാറുള്ളത്. രാവിലെ ജിമ്മിൽ പോയി വന്നതിനു ശേഷം ഫുഡ് കഴിക്കും. എന്നാൽ വൈകിട്ടാണ് ജിമ്മിൽ പോകുന്നതെങ്കിൽ വന്നതിനു ശേഷം ഫുഡ് കഴിക്കാറില്ല. ഫ്രൂട്ട്സ് മാത്രമാണ് കഴിക്കുന്നത്. 

niyas4

ആരോഗ്യം വീണ്ടെടുത്തു, അലട്ടിയ പ്രശ്നങ്ങളെല്ലാം മാറി

വെയ്റ്റ് ലോസിനു ശേഷം വല്ലാത്ത ഒരു മാറ്റം തന്നെയാണ് വന്നത്. കോൺഫിഡൻസ് ലെവൽ കൂടി. ഇഷ്ടമുള്ള ഏതു ഡ്രസ്സും ധരിക്കാൻ പറ്റി.  പിന്നെ ശരീരത്തിൽ വന്ന മാറ്റങ്ങൾ. തടി ഉള്ളപ്പോൾ എന്റെ നെറ്റിയിൽ ഭയങ്കര കറുപ്പായിരുന്നു. കഴുത്തിന് ചുറ്റും, എല്ലാ വിരലുകളുടെയും മടമ്പുകളിലും കറുപ്പ് ഉണ്ടായിരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ തടി കുറച്ചാലേ ഇത് പോകൂ എന്നു പറഞ്ഞു. ഇപ്പോൾ അതൊക്കെ മാറി പറഞ്ഞറിയിക്കാൻ പറ്റാത്ത ചേഞ്ച് ആണ്. നല്ല ഡ്രസൊക്കെ ഇട്ട് പുറത്തു നടക്കുമ്പോൾ ഒരു പത്തു വർഷം പുറകോട്ടു പോയ ഒരു ഫീലിങ് ആയിരുന്നു. ഇപ്പോൾ 36 വയസ്സായി. മുൻപ് പ്രായത്തക്കാൾ മതിപ്പായിരുന്നെങ്കിൽ ഇപ്പോൾ പ്രായം പറയില്ലെന്നാണ് സുഹൃത്തുക്കളുടെ പക്ഷം. വട്ടമുഖത്തിൽ നിന്ന് നീളൻ മുഖത്തിലേക്കു മാറി

ഷുഗറും കൊളസ്ട്രോളും യൂറിക് ആസിഡും എല്ലാം നോർമൽ ആണ്. ആറു മാസം കൂടുമ്പോൾ ഇതൊക്കെ ഞാൻ ചെക്ക് ചെയ്യുന്നുണ്ട്.

എന്റെ ചേഞ്ച് കണ്ട് ഒരുപാടു പേർക്ക് മോട്ടിവേഷൻ ആയിട്ടുണ്ട്. എങ്ങനെ കുറച്ചു എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടായിട്ടുണ്ട്. 

ഇപ്പോൾ നല്ല ഹെൽത്തി ആണ്. നല്ല ഒരു ഫിറ്റ്നസ് ലെവലിൽ എത്തിപ്പെടാൻ പറ്റി. ആ ഫിറ്റ്നസ് ഇപ്പോഴും കീപ് ചെയ്യുന്നു. എന്റെ ഫാദറിന് ചെറിയ പ്രായത്തിൽ പ്രമേഹം വന്നിട്ടുള്ളതാണ്. പാരമ്പര്യം നോക്കിയാൽ എനിക്കും വരേണ്ടതാണ്. ഞാൻ അതുപോലെ നോക്കി വെയ്റ്റ് കുറച്ചതു കൊണ്ടാണ് എനിക്ക് വരാത്തത് എന്നുള്ള ഒരു വിശ്വാസംഉണ്ട്. 

English Summary : Weight loss and fitness tips of Niyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com