അരവണ്ണവും ആരോഗ്യപ്രശ്നങ്ങളും; കൊഴുപ്പ് അടിഞ്ഞിരിക്കുന്നത് എവിടെ? ടേപ്പിന്റെ സഹായത്തോടെ മനസ്സിലാക്കാം

waist measurement
SHARE

ശരീരഭാരത്തെപ്പറ്റിയും അമിതമായ കൊഴുപ്പിനെപ്പറ്റിയും ആശങ്ക തോന്നിയ മിക്കവരും വെയിങ് സ്കെയിലിൽ കയറി നിന്ന് അവിടെ കാണുന്ന ആ അക്കങ്ങളെ നോക്കി നെടുവീർപ്പിടുന്നത് വളരെ സാധാരണമാണ്. എന്നാൽ ഒരിക്കലും ഒരാളുടെ ശരീരഭാരം മാത്രം അടിസ്ഥാനമാക്കി അയാളുടെ ആരോഗ്യസ്ഥിതിയെ വിലയിരുത്താനാവില്ല. ഇവിടെ നമ്മുടെ സഹായത്തിനെത്തുന്ന മറ്റ് ചില കണക്കുകൾ കൂടിയുണ്ട്. വലിയ ഉപകരണങ്ങളോ ചിലവോ ഒന്നുമില്ലാതെ വെറുമൊരു ടേപ്പിന്റെ സഹായത്തോടെ നമ്മുടെ ശരീരത്തെപ്പറ്റിയും നിലവിലെ ആരോഗ്യസ്ഥിതിയും വരാൻ സാധ്യതയുള്ള അപകടങ്ങളുമെല്ലാം പറഞ്ഞു തരുന്നവയാണീ കണക്കുകൾ. അതെ, അതുതന്നെയാണ് പറഞ്ഞു വരുന്നത്, വയറിനും അരക്കെട്ടിനുമെല്ലാം സൗന്ദര്യസങ്കൽപ്പങ്ങളിൽ മാത്രമല്ല ആരോഗ്യത്തിലും പല കാര്യങ്ങളും ചെയ്യാനുണ്ട്. 

ആദ്യമേ ചില തെറ്റിദ്ധാരണകൾ മാറ്റിയേക്കാം

പലരും പ്രയോഗത്തിലും മനസ്സിലാക്കി വച്ചിരിക്കുന്നതിലും പരസ്പരം തെറ്റിപ്പോവുന്ന ശരീരഭാഗങ്ങളാണ് നമുടെ ഹിപ്, വെയ്‌സ്റ്റ് എന്നിവ. ഇതു രണ്ടും ഒന്നാണ് എന്ന് തെറ്റിദ്ധരിക്കുന്നവരും, ഇതിലേത് ചോദിച്ചാലും പൊക്കിളിന്റെ ചുറ്റുമുള്ള അബ്ഡൊമൻ അളവ് എടുത്ത് തരുന്നവരുമുണ്ട്. എന്നാൽ നമ്മുടെ പൊക്കിളിനും നെഞ്ച് അവസാനിക്കുന്ന പോയന്റിനും (xiphoid process) ഇടയിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തെ അളവാണ് വെയ്‌സ്‌റ്റ് എന്ന് പറയുന്നത്. അതുപോലെ, നമ്മുടെ നിതംബത്തിനും ചുറ്റും ഏറ്റവും വീതിയുള്ള ഭാഗമാണ് ഹിപ്പ് എന്ന് പറയുന്നത്. താഴെ നൽകിയ ചിത്രങ്ങൾ നോക്കൂ, അതിൽ എന്റെ വെയ്‌സ്റ്റും ഹിപ്പും ഭാഗങ്ങളിൽ കൃത്യമായി മനസ്സിലാവാനായി ടേപ്പ് ചുറ്റിക്കാണിച്ചിട്ടുണ്ട്. 

waist-measurement1

എത്രക്ക് പ്രാധാന്യമാണ് ഈ അളവുകൾക്ക് നമ്മുടെ ആരോഗ്യവുമായി ഉള്ളത് എന്ന് മനസ്സിലാക്കാൻ ചെറിയൊരു ഉദാഹരണം നോക്കാം. പുരുഷന്മാരിൽ വെയ്‌സ്റ്റ് സൈസിൽ വെറും ഒരിഞ്ച് കൂടുതൽ ആവുമ്പോൾതന്നെ മെറ്റബോളിക് സിൻഡ്രോം വരുവാനുള്ള സാധ്യത 18 ശതമാനമാണ് കൂടുന്നത്. ഞെട്ടിയോ? ഒരിഞ്ചിന് ഇത്രക്ക് ഇമ്പാക്റ്റോ എന്നാലോചിച്ചോ? എന്നാൽ തീർന്നില്ല, കൂട്ടത്തിൽ രക്തസമ്മർദം പത്ത് ശതമാനം വരെയും ബ്ലഡ് കൊളസ്ട്രോൾ 8 ശതമാനം വരെയും കൂടാൻ സാധ്യതയുണ്ടാവുന്നു. കൂടാതെ എച്ച് ഡി എൽ എൽ 15 ശതമാനം വരെ കുറയുന്നതും ട്രൈഗ്ലിസറൈഡ്സ് 18 ശതമാനം വരെ കൂടുന്നതുമുണ്ട്. ഇതിൽ നിന്ന് തന്നെ എത്രത്തോളം പ്രധാനമാണ് ഈ അളവുകളൊക്കെ എന്നൊരു ചെറിയ ധാരണ ആയല്ലോ... ആഹാ എന്നാൽ പിന്നെ ഓടിപ്പോയി ഒരു ടേപ്പെടുത്ത് ഇപ്പൊൾ അളന്ന് തുടങ്ങാം എന്നാണോ ചിന്തിച്ചത്. ഒരു മിനിറ്റേ, അതിനു മുൻപും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. 

waist-measurement2

അളക്കുന്നതിനുമുണ്ട് ചില അളവുകളും കണക്കുകളും

ഏതൊരു അളവെടുക്കുമ്പോഴും അവിടെ കൃത്യത എന്നതിന് വളരെ പ്രാധാന്യമുണ്ട്. മസിൽ പിടിക്കാതെ വളരെ റിലാക്സ്ഡ് ആയി രണ്ട് കയ്യുകളും ഇരു വശത്തും തൂക്കിയിട്ടിട്ട് രണ്ട് കാലും അടുപ്പിച്ച് നിന്ന് വേണം വെയ്‌സ്റ്റും ഹിപ്പും അളവുകൾ എടുക്കാൻ. ശ്വാസം ഉള്ളിലേക്കെടുത്ത് വയർ വീർത്തിരിക്കുമ്പോഴല്ല, ശ്വാസം സ്വാഭാവികമായി പുറത്തേക്ക് വിട്ട സമയത്ത് വേണം അളവെടുക്കുന്നത്. ഏത് അളവായാലും ഒരു തവണയല്ല, രണ്ടോ അതിലധികമോ തവണ എടുക്കണം. ഇവ തമ്മിൽ അര സെന്റിമീറ്ററിൽ കൂടുതൽ വ്യത്യാസമുണ്ടെങ്കിൽ വീണ്ടും അളക്കണം. ഒരേ സ്ഥലം ഒരുമിച്ച് പല ആവർത്തി അളക്കരുത്. പകരം ഇവിടെ ആദ്യം വെയ്‌സ്റ്റ്, പിന്നെ ഹിപ്, വീണ്ടും ഈ ഓർഡറിൽ വേണം വരാൻ. വർക്കൗട്ട് ചെയ്യുന്നതിനു മുൻപായിരിക്കണം ഈ അളവുകൾ എടുക്കേണ്ടത്. ഒരുപാട് ഭക്ഷണവും വെള്ളവും ഒക്കെ കുടിച്ച് വീർത്ത് ഇരിക്കുന്ന സമയത്ത് അളെവെടുത്താൽ തെറ്റും, രാവിലെ ഉറങ്ങി എണീറ്റ് ഒന്ന് ടോയ്‌ലറ്റിലൊക്കെ പോയി വന്നിട്ടുള്ള സമയത്ത് അളവുകൾ എടുക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്.    

എന്നാൽ പിന്നെ പ്രധാന വിഷയത്തിലേക്ക് കടന്നാലോ.... 

അങ്ങനെ നമ്മൾ വെയ്‌സ്റ്റിന്റെയും ഹിപ്പിന്റെയും ചുറ്റളവെടുത്തു. ഇനി ഇത് നോക്കി എങ്ങനെയാണ് നമുക്ക് ആരോഗ്യസംബന്ധമായി റിസ്ക് ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നതെന്ന് പറയാം. ആദ്യമായി വെയ്‌സ്റ്റിന്റെ കാര്യം തന്നെയെടുക്കാം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം എഴുപത് സെന്റിമീറ്ററിൽ താഴെയാണ് വേയ്‌സ്റ്റ് അളവ് വരുന്നത് എന്നുണ്ടെങ്കിൽ അത് ഹെൽത്ത് റിസ്ക് വളരെ കുറഞ്ഞ കാറ്റഗറി എന്ന രീതിയിലും, 110 സെന്റിമീറ്റർ മുകളിലാണ് വരുന്നത് എന്നുണ്ടെങ്കിൽ ഹെൽത്ത് റിസ്ക് വളരെ കൂടിയ കാറ്റഗറിയും ആയിരിക്കും.  ഇതുതന്നെ പുരുഷന്മാരുടെ കാര്യത്തിലാണെങ്കിൽ 80 സെൻറീമീറ്ററിൽ താഴെയാണ് വേയ്‌സ്റ്റ് അളവ് വരുന്നത് എന്നുണ്ടെങ്കിൽ ഹെൽത്ത് റിസ്ക് വളരെ കുറഞ്ഞ കാറ്റഗറിയും, 110 സെന്റിമീറ്റർ മുകളിലാണ് വരുന്നത് എന്നുണ്ടെങ്കിൽ ഹെൽത്ത് റിസ്ക് വളരെ കൂടിയ കാറ്റഗറിയും ആയിരിക്കും. കൂടുതൽ വിശദമായി ദേ ഈ ചാർട്ടിൽ നോക്കൂ...

waist-2

ഹിപ്പും വെയ്‌സ്റ്റുമായി ഒരു ബന്ധം കൂടിയുണ്ട്…

ഇനി അര വണ്ണവും ആരോഗ്യവും തമ്മിലുള്ള ഒരു ബന്ധം കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു കുഞ്ഞ്യേ കണക്ക് തരാം, അതിന്റെ പേരാണ് "വെയ്‌സ്റ്റ് റ്റു ഹിപ് റേഷ്യോ". കണക്ക് എന്നൊന്നും കേട്ട് പേടിക്കേണ്ട, സംഗതി വളരെ ലളിതമാണ്, നമ്മൾ ഇപ്പൊൾ എടുത്ത വെയ്‌സ്റ്റ് അളവിനെ ഹിപ് അളവുകൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഉത്തരമാണിത്. ഒരാളുടെ ശരീരപ്രകൃതി അനുസരിച്ച് വയറിനു പരിസരത്താണോ അതോ ഹിപ്പിലും തുടകളിലുമാണോ കൊഴുപ്പ് അടിഞ്ഞിരിക്കുന്നത് എന്ന സുചന നൽകാൻ ഈ റേഷ്യോ സഹായിക്കും. നമ്മുടെ ശരീരത്തിൽ എവിടെ അധികമായി ഫാറ്റ് ഉണ്ട് എന്നുണ്ടെങ്കിലും അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നു തന്നെയാണ്. എന്നാൽ അത് വയറിനു ചുറ്റുമായി കൂടുതൽ ഉണ്ടെങ്കിൽ അവിടെ ആരോഗ്യസംബന്ധമായ അപകടവും കൂടുതലാണ്.

എവിടെയാണ് ഈ അളവിനെ പിടിച്ച് കെട്ടേണ്ടത്…

വെയ്‌സ്റ്റ് അളവിൽ ഒരിഞ്ച് കൂടുമ്പോൾ വന്നേക്കാവുന്ന ആരോഗ്യ അപകടങ്ങളും വെയ്‌സ്റ്റ് ഒരു പരിധിയിൽ കൂടിയാൽ അത് റിസ്‌ക് ആണെന്നും നമ്മൾ മുകളിൽ കണ്ടല്ലോ... ഇതുപോലെ തന്നെ വെയ്‌സ്റ്റ് റ്റു ഹിപ് റേഷ്യോ എത്രയാണെന്നതിനനുസരിച്ചും പല ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യതകളും കണ്ടുപിടിക്കാം. പൊതുവെ പുരുഷന്മാർക്ക് 0.85ൽ കുറവായാലും സ്ത്രീകൾക്ക് 0.75ൽ കുറവായാലും മികച്ചത് എന്ന് പറയാം. പുരുഷന്മാർക്ക് 0.95ൽ കൂടിയാലും സ്ത്രീകൾക്ക് 0.85ൽ കൂടിയാലും ആരോഗ്യസംബന്ധമായ റിസ്ക് ഉണ്ട് എന്ന് പറയാം. ഓരോ പ്രായപരിധിയും മാറുന്നതിന് അനുസരിച്ച് റിസ്ക് സാധ്യതയിൽ ചെറിയ വ്യത്യാസങ്ങൾ വരും എന്ന് കൂടി ഓർക്കുക.  ഉദാഹരണത്തിന് 30 നും 39 നും ഇടയിൽ പ്രായമുള്ളവരുടെ വെയ്‌സ്റ്റ് റ്റു ഹിപ് റേഷ്യോയും അതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതയും താഴെ നൽകുന്നു.   

waist-1

വെയ്സ്റ്റ് റ്റു ഹിപ് റേഷ്യോ അപകടകരമായ അളവിൽ ഉള്ളവർക്ക് ഇൻസുലിൻ റെസിസ്റ്റൻസ് കൂടുതലാവാം. ശരീരത്തിൽ വിവിധ തരത്തിലുള്ള ഇൻഫ്ലമേഷൻ അഥവാ കോശജ്വലനം വരാനുള്ള സാധ്യതകളുണ്ട്. തീർന്നില്ല, ഹൃദയസംബന്ധമായ അസുഖങ്ങൾ, ടൈപ് 2 പ്രമേഹം, ഹൈപ്പർകൊളസ്‌ട്റ്റെറോലെമിയ, ഉയർന്ന രക്തസമ്മർദം, വിവിധ കാൻസറുകൾ എന്നിങ്ങനെ നീണ്ട ലിസ്റ്റാണിത്.

ചിട്ടയായ വ്യായാമവും ഭക്ഷണശീലങ്ങളും വഴി ശരീരത്തിലെ കൊഴുപ്പിനെയും അമിതവണ്ണത്തേയും കുറയ്‌ക്കുകയും, അതിനു ശേഷം ഈ ശീലങ്ങൾ തുടരുക വഴി ഫിറ്റ്നസ് നിലനിർത്തുകയും ചെയ്യുക വഴി മേൽപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താൻ സാധിക്കും. അതിനുള്ള തുടക്കമിടാൻ ഈ ഒരു കുഞ്ഞു കണക്കിനു കഴിഞ്ഞേക്കും.... എന്നാൽ ഇപ്പോത്തന്നെ ഓടിപ്പോയി മെഷറിംഗ് ടേപ്പ് എടുക്കുകയല്ലേ...

English Summary : Waist-hip ratio and related health issues

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA