ADVERTISEMENT

ഒരാൾക്ക് ഇങ്ങനെയൊക്കെ മാറാൻ പറ്റുമോ? ഒരുകാര്യം തീരുമാനിച്ചുറപ്പിച്ച് അതിനു വേണ്ടി പ്രയത്നിക്കാൻ തയാറാണെങ്കിൽ വിജയം നമ്മുടെ കൂടെയുണ്ടാകും. 106 കിലോ എന്ന അമിത ശരീരഭാരത്തില്‍നിന്ന് 65 കിലോ എന്ന സ്വപ്നസാക്ഷാതാകാരത്തിലേക്ക് എത്തിയ കൊച്ചി കലൂർ സ്വദേശിയും ഫുഡ് സേഫ്റ്റി ഓഫിസറും വെറ്ററിനറി സർജനുമായ വിന്നി ചിറ്റിലപ്പിള്ളി പറയുന്നു. നല്ല വണ്ണമുണ്ടായിരുന്ന മാഡത്തെ അന്വേഷിച്ചെത്തി, കണ്ടിട്ടും മനസ്സിലാകാതിരുന്ന വ്യക്തിയെക്കുറിച്ചും ബോഡി ഷെയ്മിങ് നടത്തിയിരുന്നവർതന്നെ, പണ്ട് സിനിമാനടിയെപ്പോലെ ഇരുന്ന കുട്ടിയായിരുന്നു, ഇപ്പഴത്തെ കോലം കണ്ടില്ലേ എന്നു പറഞ്ഞ് സങ്കടപ്പെട്ടതുമെല്ലാം വിന്നിക്ക് ഇപ്പൊ തമാശയാണ്. അതിനൊപ്പം, ശരീരത്തിൽനിന്ന് 41 കിലോയെ ‘ഇറക്കിവിട്ടതിനെ’പ്പറ്റിയും വിന്നി മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുന്നു.

ക്ലാസ്സിലെ ഏറ്റവും തടിച്ചി

എനിക്ക് ഓർമ വന്നപ്പോൾ മുതൽ തടി എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ക്ലാസ്സിലെ ഏറ്റവും തടിയുള്ള കുട്ടിയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ കളിയാക്കലുകളും ആവോളം കിട്ടിയിട്ടുണ്ട്. അതെല്ലാം ആസ്വദിച്ചിട്ടേയുള്ളൂ. ബസിലൊക്കെ കയറുമ്പോൾ ഇരിക്കാൻ ഒരു സീറ്റ് മതിയോ എന്നൊക്കെ ചോദിച്ച് കൂട്ടുകാർ കളിയാക്കുമായിരുന്നു. 

കല്യാണമൊക്കെയല്ലേ, അൽപം തടി കുറച്ചേക്കാം

വെറ്ററിനറി ഗ്രാജുവേഷൻ കഴിഞ്ഞ സമയത്ത് 92 കിലോ ഉണ്ടായിരുന്നു. ആ സമയത്താണ് വിവാഹം ഉറപ്പിക്കുന്നത്.  അന്ന് 20 കിലോ കുറച്ച് 72 കിലോ വരെ എത്തിയിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷം പിന്നെയൊന്നും ശ്രദ്ധിച്ചില്ല. നന്നായി കഴിക്കാനൊക്കെ തുടങ്ങി. വീണ്ടും വണ്ണം വച്ചു. ഹസ്ബൻഡിനും ഞാൻ വണ്ണം വയ്ക്കുന്നതു കൊണ്ട് കുഴപ്പമില്ലായിരുന്നു. എന്റെ സന്തോഷമാണ് നോക്കിയിരുന്നത്. എനിക്ക് ഇഷ്ടമുള്ള ഫുഡ് ഒക്കെ വാങ്ങിത്തരും. അമ്മ ഇടയ്ക്ക് പറയുമായിരുന്നു എന്ത് ബോറാടീ എന്നൊക്കെ. പക്ഷേ ഞാൻ അപ്പോഴും കൂളായിരുന്നു. ഞാൻ മുടിയൊക്കെ സ്ട്രെയ്റ്റാക്കി കളറൊക്കെ ചെയ്ത് അടിപൊളിയായി അങ്ങ് നടന്നു.

winnie2

അങ്ങനെ സെഞ്ച്വറിയും അടിച്ചു

ജങ്ക് ഫുഡ് ഒരുപാട് ഇഷ്ടമായിരുന്നു. ശരീരത്തെ ശ്രദ്ധിക്കാതെ നന്നായി ആഹാരം കഴിക്കും. പ്രോത്സാഹിപ്പിക്കാൻ ആളുണ്ടാകുമ്പോൾ പിന്നെ പറയേണ്ടതുമില്ലല്ലോ. ഇങ്ങനെ കഴിച്ചുകഴിച്ച് ഭാരം സെഞ്ച്വറി പിന്നിട്ട് 106 കിലോയിലെത്തി. അപ്പോഴും ശാരീരിക പ്രശ്നങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാൽ ഭാരം കുറയ്ക്കണമെന്ന ചിന്തയേ ഉണ്ടായിട്ടില്ല. 

എല്ലാം മാറിമറിഞ്ഞത് ആ ഒരു വാചകത്തിൽ

മൂന്നു വർഷം മുൻപ് ഫുഡ് സേഫ്റ്റിയിൽ എറണാകുളത്ത് നോഡൽ ഓഫിസറായി വർക് ചെയ്തിരുന്ന സമയത്ത് (ഇപ്പോൾ പറവൂർ സർക്കിളിൽ ഫുഡ് സേഫ്റ്റി ഓഫിസറാണ്) ഒരു ന്യൂട്രസ്യൂട്ടിക്കൽ കമ്പനി ലൈസൻസിനു വേണ്ടി വന്നു. അന്ന് എനിക്ക് 103 കിലോ ഭാരമുണ്ടായിരുന്നു. അവർക്ക് വെയ്റ്റ് ലോസിന്റെ കുറേ പ്രോഡക്ടുകളുണ്ട്, ട്രൈ ചെയ്‌തു നോക്കൂ എന്ന് എന്നോടു പറഞ്ഞു. വീട്ടിൽ വന്നു പറഞ്ഞപ്പോൾ അമ്മയും പറഞ്ഞു ശ്രമിച്ചു നോക്കാൻ. 36 വയസ്സേ ആയിട്ടുള്ളു, 103 കിലോയുമുണ്ട്. എന്തായാലും ഒന്നു നോക്കാമെന്നു കരുതി അവരുടെ സെന്ററിൽ ചെന്നപ്പോഴാണ് മനസ്സിലായത് പ്രോട്ടീൻ പൗഡറിന്റെ ഷെയ്ക്കാണ്, അതിനാകട്ടെ നല്ല വിലയും. ഇത് കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇത്ര വെയ്റ്റ് കുറയ്ക്കാൻ പറ്റും, മൈക്രോ ന്യൂട്രിയന്റ്സിന്റെ കുറവൊന്നും ഉണ്ടാകില്ല, ഡയറ്റും കൂടി നോക്കിയാൽ മതി എന്നൊക്കെ അവർ പറഞ്ഞു. 

തിരിച്ച് ഓഫിസിലെത്തി, സാധാരണ സംഭാഷണത്തിനിടെ ഞാൻ അസിസ്റ്റന്റ ്കമ്മിഷണറോടു പറഞ്ഞു ഞാൻ ഈ പ്രോഡക്ട് ഉപയോഗിക്കാൻ പോകുകയാണെന്ന്. അപ്പോൾ സാർ ചോദിച്ചു വിന്നിയുടെ ഫുഡ് ഹാബിറ്റ്‌സ് മാറ്റിയാൽതന്നെ തനിക്കിത് കുറയ്ക്കാൻ പറ്റില്ലേ, എന്തിനാണ് ഇതൊക്കെ കഴിക്കുന്നത് എന്ന്. സത്യത്തിൽ ഈ വചകമാണ് എന്റെ ചിന്താഗതി അപ്പാടെ മാറ്റിയത്. ഇത് സേഫ് ആണെന്നു തോന്നുമെങ്കിലും പ്രോട്ടീൻ കൂടുതൽ കഴിച്ചാൽ കിഡ്‌നിക്ക് ഓവർ ലോഡ് ആകുമോ എന്നൊക്കെ ചിന്തിച്ചപ്പോൾ, എന്തുകൊണ്ട് എന്റെ ആഹാരരീതി മാറ്റിക്കൂടാ എന്ന് ആലോചിച്ചു. പ്രോട്ടീനുവേണ്ടി ചെറുപയർ, നട്സ് ഒക്കെ കഴിച്ചാൽ മതിയല്ലോ. അതൊന്നു ശ്രമിച്ചുനോക്കാമെന്നു വിചാരിച്ചു. 

എന്നാൽ പിന്നെ അതൊന്ന് അറിയണമല്ലോ!

സ്വയം ഒന്നു ശ്രമിച്ചു നോക്കാമെന്നു വിചാരിച്ചതോടെ ആ സെന്ററിൽ പോയി എനിക്ക് ഇത് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചു.  അവിടെയുള്ള ഒരാൾ പറഞ്ഞു, മാഡത്തിന് ഞങ്ങളുടെ പ്രോഡക്റ്റ് ഇല്ലാതെ വെയ്റ്റ് കുറയ്ക്കാൻ പറ്റില്ല എന്ന്. അതെനിക്ക് ഒരു ചലഞ്ചായി തോന്നി. എന്നാൽ പിന്നെ ഒന്നു ശ്രമിച്ചിട്ടുതന്നെ ബാക്കി കാര്യമെന്ന് അപ്പോഴേ മനസ്സിലുറപ്പിച്ചു. ഇതിനു മുൻപ് 20 കിലോ കുറച്ചതാണല്ലോ. അതുകൊണ്ടുതന്നെ വിചാരിച്ചാൽ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. 

winnie3

മൂന്നക്കത്തിൽനിന്ന് രണ്ടക്കത്തിലേക്കുള്ള മാറ്റം

2017 സെപ്റ്റംബറിലാണ് വെയ്റ്റ് ലോസ് തുടങ്ങുന്നത്. രാവിലെ ഒരു വലിയ കോഫി മഗ് നിറയെ പാൽ എടുത്ത് അതിലേക്ക് കുറച്ചു മഞ്ഞൾപൊടി ഇട്ട് കുടിക്കും. പഞ്ചസാര ചേർക്കില്ല. പിന്നെ കഴിക്കുന്നത് രണ്ടെണ്ണം വീതം ബദാം, വാൾനട്ട് എന്നിവയാണ്. കാഷ്യു നട്ട് കഴിക്കില്ല. ഉണക്കമുന്തിരി കഴിക്കും. വെയ്റ്റ് ലോസ് ചെയ്യുന്നവർ സാധാരണയായി പറയാറുള്ളത് സാലഡ് ഇഷ്ടം പോലെ കഴിക്കാം എന്നാണ്. പക്ഷേ അങ്ങനെ കഴിക്കുമ്പോൾ നമ്മുടെ വയറിന്റെ സൈസ് ഒരിക്കലും കുറയില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അതുകൊണ്ട് കഴിക്കുന്ന അളവ് നമ്മൾ കുറയ്ക്കണം. പിന്നെ ഒരു പതിനൊന്നരയൊക്കെ ആകുമ്പോൾ ഒരു വിശപ്പ് തോന്നും. അതിനാൽതന്നെ ഓഫിസിലോക്കു പോകുമ്പോൾ ചെറിയൊരു ബോക്സിൽ നട്സ്, ഉണക്ക മുന്തിരി എന്നിവ കരുതും. അസഹനീയമായ ക്ഷീണമോ വിശപ്പോ അനുഭവപ്പെട്ടാൽ ഇതിൽ നിന്ന് ഒന്നു രണ്ടെണ്ണം കഴിക്കും. ഉച്ചയ്ക്ക് ചോറ് ഒഴിവാക്കി പകരം ഒരു കപ്പ് മുളപ്പിച്ച ചെറുപയർ കുറച്ചു തേങ്ങ ചിരകിയതും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് കഴിക്കും. വൈകുന്നേരം മഞ്ഞൾ പൊടി ഇടാതെ ഒരു ഗ്ലാസ് പാൽ കുടിക്കും. കൂടെ ഒരു ഈന്തപ്പഴവും കഴിക്കും. ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടായി തോന്നിയെങ്കിലും പതിയെ വെയ്റ്റ് 106 എന്നുള്ളത് 104 ആയി. പിന്നീട് 100 ആയി, 99 ആയി. രണ്ടാഴ്ച കഴിഞ്ഞതോടെ രണ്ടക്കത്തിൽ എത്തി. ഇതോടെ ആത്മവിശ്വാസം ഇരട്ടിയായി. ആവേശത്തോടെ ചെയ്യാൻ തുടങ്ങി. കാർബോഹൈഡ്രേറ്റ് പൂർണമായി ഒഴിവാക്കിയിരുന്നു. 

വാതിലിന്റെ കുറ്റി ഇട്ടു തുടങ്ങിയ വ്യായാമം

പൊതുവേ വ്യായാമം ചെയ്യാൻ വളെരെ മടിയായിരുന്നു. വീട്ടിലെ വാതിലിന് താഴെയും മുകളിലും കുറ്റി ഉണ്ട്. താഴത്തെ കുറ്റി അങ്ങനെ ഇടാറില്ലായിരുന്നു. ഞാൻ താഴത്തെ കുറ്റി ഇടാൻ തുടങ്ങി. അപ്പോൾ കുനിയണമല്ലോ. എന്റെ ആദ്യത്തെ എക്സർസൈസ് അതായിരുന്നു. രാത്രി കിടക്കാൻ നേരത്തു കുറ്റിയിടും രാവിലെ കുറ്റിയെടുക്കാൻ വേണ്ടി കുനിയും. അതുപോലെ മുറിക്കുള്ളിൽ വേണ്ടാത്ത പേപ്പറോ മറ്റോ താഴെ കിടന്നാൽ അത് കുനിഞ്ഞെടുക്കും. അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഇതിനൊപ്പം ചെറിയ രീതിയിൽ സ്ട്രെച്ചിങ് വ്യായാമങ്ങളും സൂര്യ നമസ്കാരം പോലുള്ളവയും ചെയ്തു.  പിന്നെ ഞാൻ ചെറുപ്പം മുതൽ ഡാൻസ് പഠിക്കുന്നുണ്ട്. വെയ്റ്റ് 85 കിലോ ആയപ്പോൾ വീണ്ടും ഡാൻസ് തുടങ്ങി. വെയ്റ്റ് കുറയ്ക്കാൻ വേണ്ടി ഡാൻസിലേക്ക് പോയിട്ടില്ല. ഡാൻസ് എന്റെ പാഷനാണ്. അതൊരു  പോസിറ്റീവ് എനർജി തരും. 85 കിലോ ആയതോടെ ചെറിയ അളവിൽ ചോറൊക്കെ കഴിച്ച് സാധാരണ ഡയറ്റിലേക്ക് എത്തി. ഒരുപാട് കഴിക്കണമെന്നു വിചാരിച്ചാലും അതിനു സാധിക്കില്ല എന്നതാണ് സത്യം. പക്ഷേ വ്യായാമം മാറ്റമില്ലാതെ തുടരുന്നു. അങ്ങനെ ഞാൻ ഇപ്പോൾ 65 കിലോയിൽ എത്തി.

കുറച്ചു കഴിക്കുമ്പോഴേ വയർ നിറയും

ഇപ്പോൾ എന്റെ സ്റ്റൊമക് സൈസ് കുറഞ്ഞു. അതുകൊണ്ടുതന്നെ കുറച്ചു കഴിക്കുമ്പോഴേ വയർ നിറയും. പിന്നെ ഇടയ്ക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കാറുണ്ട്. പണ്ട് കഴിച്ചതുപോലെ കഴിക്കാൻ ഇപ്പോൾ പറ്റുന്നില്ല. 

ഏറ്റവും സന്തോഷം, ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാം. മുൻപ് തയ്പ്പിച്ച ഡ്രസ്സ് മാത്രമേ പറ്റുമായിരുന്നുള്ളൂ. ഇപ്പോൾ റെഡിമെയ്ഡ് ഡ്രസ് ഇടാൻ പറ്റുന്നുണ്ട്. 

ഇപ്പോൾ കാണുന്നവരൊക്കെ ചോദിക്കുന്നത് എന്തു പറ്റി, വല്ലാതെ മാറിപ്പോയല്ലോ, എന്തെങ്കിലും ട്രീറ്റ്മെന്റിലാണോ, കീമോ ചെയ്യുന്നുണ്ടോ എന്നൊക്കെയാണ്. 

തിരിച്ചുവന്ന കമന്റുകൾ

തടി ഉണ്ടായിരുന്നപ്പോൾ കുറച്ച് കഴിക്കൂവെന്നു പറഞ്ഞിരുന്നവരൊക്കെ ഇപ്പോൾ പറയുന്നത് പണ്ടത്തെ പോലെയിരുന്നാൽ മതിയായിരുന്നെന്നാണ്. ‘പണ്ട് ആപ്പിൾ പോലെ ഇരുന്ന മുഖമായിരുന്നു, ഇപ്പ കണ്ടില്ലേ...’ അതിലും തമാശ എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അമ്മ മുൻപ് പറയുമായിരുന്നു ‘ വിന്നീ ഇങ്ങനെ കഴിക്കാതെടീ’ എന്ന്. ഈ അടുത്ത് ആ ആന്റി എന്നെ കണ്ടിട്ട് ആകെ വിഷമത്തോടെ പറയുവാ, പണ്ട് സിനിമാനടിെയ പോലെ ഇരുന്ന കൊച്ചായിരുന്നു, ഇപ്പോഴത്തെ കോലം കണ്ടില്ലേ എന്ന്. സുഹൃത്തുക്കൾ പറയുന്നത് ഗ്ലാമർ കുറച്ച് കുറഞ്ഞെങ്കിലും ഇത് നല്ല അച്ചീവ്മെന്റ് ആണെന്നാണ്. മാത്രമല്ല ഒരുപാടു പേർക്ക് മോട്ടിവേഷൻ നൽകാനും സാധിച്ചു. 

winnie4

എല്ല് കുത്തിക്കൊള്ളുന്നെന്ന് ഭർത്താവ്, പണ്ടത്തെ മുഖവും ഇപ്പഴത്തെ ശരീരവും മതിയെന്ന് അമ്മ

‘എന്റെ വിന്നാ നീ ഇങ്ങനെ ബോണി സ്ട്രക്ച്ചർ ആയിപ്പോകുമെന്ന് ഞാൻ വിചാരിച്ചതേ ഇല്ലെ’ന്നാണ് ഭർത്താവിന്റെ കമന്റ്. അദ്ദേഹം കല്യാണം കഴിഞ്ഞ സമയത്ത് പറയുമായിരുന്നു, എനിക്കൊരു സ്വപ്നം ഉണ്ടായിരുന്നു, ഭാര്യയെ എന്റെ കയ്യിൽ എടുത്ത് പൊക്കണമെന്ന്. അത് നടക്കുന്നില്ലല്ലോ എന്റെ നാടു ഒടിയുമല്ലോ എന്ന് തമാശയ്ക്കു പറയുമായിരുന്നു. പക്ഷേ ഇപ്പോൾ പറയുന്നത് എന്റെ വിന്നാ നീ എന്റെ അടുത്തിരിക്കുമ്പോൾ എല്ലു കുത്തിയിട്ട് മേലാ എന്നാണ്. എന്നാൽ ഞാൻ വണ്ണം വയ്ക്കാമെന്ന് പറയുമ്പോൾ പറയും, വണ്ണം വയ്‌ക്കേണ്ട, ഇത് ഭയങ്കര അച്ചീവ്‌മെന്റ് ആണെന്ന്. എല്ലാവരും എന്റെ ഫെയ്സിനെക്കുറിച്ചൊക്കെ പറയുന്നു എന്നു പറഞ്ഞപ്പോൾ അതൊന്നും കാര്യമാക്കേണ്ട ഇത് വലിയൊരു അച്ചീവ്‌മെന്റ് ആണെന്നു പറയും. അമ്മയുടെ അഭിപ്രായത്തിൽ പണ്ടത്തെ മുഖവും ഇപ്പോഴത്തെ ശരീരവും മതിയായിരുന്നെന്നാണ്. ഒരു ഭാഗം മാത്രമായി കുറയ്ക്കാൻ പറ്റില്ലെന്ന് ഞാനും പറയും.

‘ഓ മൈ ഗോഡ് എനിക്കു വിശ്വസിക്കാനേ പറ്റുന്നില്ല’

എറണാകുളം ഓഫിസിൽനിന്ന് സ്ഥലം മാറി ഞാൻ പറവൂരെത്തി. ഒരാവശ്യത്തിനായി ഞാൻ ഹെഡ് ഓഫിസിൽ പോയ ദിവസം പഴയ ആ ന്യൂട്രസ്യൂട്ടിക്കൽ കമ്പനിയിലെ ഉദ്യോഗസ്ഥനും ഓഫിസിൽ വന്നു. ഇവിടെ ഉണ്ടായിരുന്ന വണ്ണമുള്ള ഒരു ഓഫിസർ എവിടെയെന്ന് അദ്ദേഹം ഒരു ക്ലാർക്കിനോടു തിരക്കി. എന്നെ കണ്ടിട്ടാണ് പുള്ളി ഓഫിസിലേക്കു കയറിയത്. അപ്പോൾ ആ ക്ലർക്ക് പറഞ്ഞു ‘എടോ ആ മാഡം തന്നെയാണ് അവിടെ ഇരിക്കുന്നത്’. ‘ഓ മൈ ഗോഡ് എനിക്കു വിശ്വസിക്കാനേ പറ്റുന്നില്ല’ എന്ന് അയാൾ പറഞ്ഞു. ‘നിങ്ങളുടെ പ്രോഡക്ട് ഉപയോഗിച്ചിട്ടൊന്നുമല്ല മാഡം കഷ്ടപ്പെട്ടിട്ട് തന്നെയാണ് വണ്ണം കുറച്ചതെന്നു ക്ലാർക്ക് പറഞ്ഞു. അപ്പോഴും അയാളുടെ അവകാശവാദം അവരുടെ പ്രോഡക്ടിന്റെ ഗുണമേൻമയെപ്പറ്റിയായിരുന്നു.

English Summary : Weight loss tips of Winnie Chittilappilly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com