ഡയറ്റും വ്യായാമവും നോക്കിയിട്ടും ഭാരം കുറഞ്ഞില്ല; ഒടുവിൽ നാലര മാസം കൊണ്ട് 46 കിലോ കുറച്ചത് ഇങ്ങനെ

HIGHLIGHTS
  • വഴിത്തിരിവായത് സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയത്
  • 123 കിലോയിൽ നിന്ന് നാലര മാസം കൊണ്ട് കുറച്ചത് 46 കിലോ
weight loss mirshad
മിർഷാദ് 123 കിലോ ഉണ്ടായിരുന്നപ്പോൾ(ഇടത്) ഭാരം കുറച്ച ശേഷം(വലത്)
SHARE

രാവിലെ പുട്ടാണെങ്കിൽ അതിനൊപ്പം കറിയായി ബീഫ് മസ്റ്റായിരുന്നു കോഴിക്കോട് കാരപ്പറമ്പ് കരിക്കാംകുളത്ത് മിര്‍ഷാദിന്. ഭാരം 123ലെത്തിയപ്പോഴും തന്റെ പ്രിയ ഭക്ഷണം നിയന്ത്രിച്ച് തടി കുറയ്ക്കുന്നതിനെ കുറിച്ച് മിർഷാദ് ആലോചിച്ചിട്ടേയില്ല. എന്നാൽ 2018 ഡിസംബറിൽ കഥ മാറി. കോഴിക്കോട് സ്വകാര്യ ആശുപത്രി​യി​ൽ സുഖമില്ലാതെ കിടന്ന സുഹൃത്തിന് രക്തം നൽകാൻ പോകുമ്പോൾ മിർഷാദ് തിരിച്ചറിഞ്ഞില്ല അത് തന്റെ ജീവിതത്തിന്റെ ഗതി മാറ്റാൻ പോകുന്ന യാത്രയാണെന്ന്. അവിടെ നടന്ന പരിശോധനയിൽ ബി.പിയുണ്ടെന്ന് കണ്ടെത്തിയതോടെ രക്തദാനം നടത്താനായില്ല. ഇത് മിർഷാദിനെ വല്ലാതെ വിഷമത്തിലാക്കി. തുടർന്നുള്ള നാലരമാസം കൊണ്ട് മിർഷാദ് കുറച്ചത് 46 കിലോ ഭാരമാണ്. അക്കഥ മിർഷാദ് തന്നെ പറയുന്നു. 

ബിപിയെ ഭയന്നു

 രക്തദാനത്തിനു മുന്‍പുള്ള പരിശോധനയിലാണ് ബിപിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അത് മറ്റു പല അസുഖങ്ങളുടെയും തുടക്കമാകുമെന്ന് അടുപ്പമുള്ളവർ ഓർമിപ്പിച്ചു. അന്ന് 29കാരനായ എന്റെ ഷുഗർ ലെവലും ബോർഡറിലായിരുന്നു. ഇത് രണ്ടും എന്റെ ജീവിതത്തിൽ നിന്ന് പറിച്ചുമാറ്റാനുള്ള ഏക വഴി എന്റെ തടി കുറയ്ക്കുകയായിരുന്നു. അതിനായി മാനസികമായി തയാറെടുക്കുകയാണ് ആദ്യം ചെയ്തത്. ഫെയ്സ്ബുക്ക് വഴി പ്രതീഷ് രാജു എന്ന വെൽനസ് കോച്ചിനെ കിട്ടി. അതൊരു ഭാഗ്യമായി ഇന്നും കരുതുന്നു. തടി കുറയ്ക്കാനായി എക്‌സർസൈസ് ചെയ്തുനോക്കി, ഭക്ഷണം നിയന്ത്രിച്ചു നോക്കി ഒന്നും ഫലവത്തായതേയില്ലായിരുന്നു. അപ്പോഴാണ് പ്രതീഷ് രാജു ശരിയായ ഡയറ്റ് ചാർട്ടും എക്‌സർസൈസും ഉപദേശിച്ചു തന്നത്. അങ്ങനെ 2018 ഡിസംബർ 26ന് ഞാൻ തടി കുറയ്ക്കാൻ പ്രതീഷ് രാജുവിന്റെ കീഴിലെത്തി. എന്തൊക്കെ കഴിക്കാം, എങ്ങനെ കഴിക്കാം, എന്തൊക്കെ ഒഴിവാക്കണം, ഏതു തരം വ്യായാമം വേണം എല്ലാം അദ്ദേഹം വ്യക്തമായി പറഞ്ഞു തന്ന് എനിക്കൊപ്പം ഉണ്ടായിരുന്നു. നാലരമാസത്തിനുള്ളിൽ  46 കിലോ ഭാരം കുറച്ച് ഞാൻ  77ലെത്തി. 

ഒരുമാസം ആരെയും അറിയിച്ചില്ല

ഡയറ്റ് തുടങ്ങി ഒരുമാസം ഉമ്മയോടും ഭാര്യയോടുമല്ലാതെ ഇക്കാര്യം വേറെ ആരെയും അറിയിച്ചിരുന്നില്ല. ഭക്ഷണപ്രിയനായ എന്റെ മാറ്റത്തിന് അവര്‍ കട്ടയ്ക്ക് കൂടെ നിന്നു. രാവിലെ ന്യൂട്രീഷ്യൻ ഫുഡ് ആണ് ബ്രേക്ക്ഫാസ്റ്റായി കഴിക്കുക. ഇടനേരങ്ങളിൽ വിശന്നാൽ ഫ്രൂട്ട്‌സ്, പപ്പായ, സാലഡ് കുക്കുമ്പർ, ഓറഞ്ച്, ആപ്പിൾ, മാതളം ഇതിലേതെങ്കിലും കഴിക്കും. ഉച്ചയ്ക്ക് ചോറ് നേർ പകുതിയാക്കി. ഇലക്കറികളും പച്ചക്കറികളും കൂടുതലായി ചേർത്ത് കഴിച്ചു. അയല, മത്തി പോലുള്ള മീൻ കറിയാക്കി കഴിച്ചു. തേങ്ങ പൂർണമായി ഒഴിവാക്കി. വൈകിട്ട് വെജിറ്റബിൾ സൂപ്പ് ശീലമാക്കി. ഒരു ദിവസം ആറ് ലീറ്റർ വെള്ളം കുടിക്കും. ഇഷ്ട സ്‌നാക്കായ ലഡുവിനോടും ഗീ കേക്കിനോടും ഗുഡ് ബൈ പറഞ്ഞു. ചായ, കോഫി, മധുരം,  സോഫ്ട് ഡ്രിങ്ക്‌സ്, സ്നാക്ക്സ്  എല്ലാം ഒഴിവാക്കി. ജംപിങ് പോലുള്ള വ്യായാമങ്ങൾ രണ്ടു നേരം ചെയ്തു. 29 ദിവസത്തിൽ 15 കിലോയാണ് കുറഞ്ഞത്. പിന്നെ നാലരമാസത്തിനുള്ളിൽ ഞാൻ 77 കിലോയിലെത്തി. എന്റെ പൊക്കത്തിനനുസരിച്ചുള്ള ഭാരമാണിത്. 

 മെലിഞ്ഞു തുടങ്ങിയതോടെ പലരും ചോദ്യവുമായെത്തി എന്തെങ്കിലും അസുഖമുണ്ടോയെന്നൊക്കെ. അവരോട് എന്റെ ഡയറ്റിന്റെ കാര്യം പറഞ്ഞു. നിനക്ക് ഒരിക്കലും തടി കുറയ്ക്കാനാകില്ലെന്ന് പറഞ്ഞവരിൽ പലരും എന്നെ അഭിനന്ദിച്ചു. ഇന്ന്  500 ഓളം പേർക്ക് ഞാൻ വെൽനസ് കോച്ചായി പരിശീലനം നൽകുന്നു.

mirshad02

 കോഴിക്കോട്ടെ ഹോട്ടലുകളിൽ കയറിയിറങ്ങി ഫുഡ് കഴിച്ചിരുന്ന ആളായിരുന്നു ഞാൻ. ഡയറ്റ് തുടങ്ങിയപ്പോഴും ആ കയറ്റത്തിന് കുറവു വന്നില്ല. പക്ഷ അപ്പോൾ വന്നത് മറ്റുള്ളവർക്ക് ഒപ്പം കൂട്ടായാണ്. അവർക്കിഷ്ടമുള്ളത് വാങ്ങി കഴിക്കുമ്പോഴും ഞാൻ എന്റെ നിയന്ത്രണങ്ങളിൽ  ഉറച്ചുനിന്നു. ഇപ്പോഴും ദിവസം അരമണിക്കൂർ വ്യായാമം നിർബന്ധം. ആഴ്ചയിൽ രണ്ട് ദിവസം ശരീരത്തിന് വിശ്രമം നൽകും. എല്ലാ ഭക്ഷണങ്ങളും മിതമായി കഴിക്കും. മറ്റ് നിയന്ത്രണങ്ങൾ കർശനമായി പിന്തുടരുന്നതിനാൽ തടി ഒട്ടും കൂടുന്നില്ല. 

കുട്ടിക്കാലം മുതലേ തടിയൻ

കുഞ്ഞുനാൾ മുതൽ തന്നെ തടിയുള്ള ശരീരപ്രകൃതിയായിരുന്നു എന്റേത്. പിന്നെ എന്റെ ഭക്ഷണ രീതി വീണ്ടുമെന്നെ തടിയനാക്കി. നാട്ടിൽ ഫ്രീലാന്‍ഡ്‌സ് ഫോട്ടോഗ്രാഫറായിരുന്ന ഞാൻ 2013ലായിരുന്നു ഗൾഫിലേക്ക് പോയത്. തിരിച്ച് കല്യാണത്തിനായി 2015ൽ നാട്ടിലെത്തുമ്പോൾ എന്റെ ഭാരം സെഞ്ച്വറി കടന്നിരുന്നു. 2018 ഒക്‌ടോബറിൽ ജോലി മതിയാക്കി മടങ്ങിയെത്തിയപ്പോൾ ഭാരം 123 കിലോയിലെത്തി. റേഷൻ എവിടുന്നാ വാങ്ങുന്നത് ഉൾപ്പെടെ നിരവധി കളിയാക്കലുകൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഫോട്ടോയെടുക്കാൻ പോകുമ്പോൾ ക്യാമറ വയ്ക്കാൻ ട്രൈപോഡ് വേണ്ട നിന്റെ വയറ് മതിയല്ലോ എന്നൊക്കെ കേട്ടിട്ടുണ്ട്. കെ. എസ്.ആർ.ടി.സി ബസിന്റെ മൂന്ന് പേർക്കിരിക്കാവുന്ന സീറ്റിൽ ഞാനിരുന്നാൽ പിന്നെ ഇടമില്ലാത്ത അവസ്ഥയായിരുന്നു. അതിനും നിറയെ കളിയാക്കലുണ്ടായിട്ടുണ്ട്. ഇന്ന് ആ അവസ്ഥയൊക്കെ മാറി. 

mirshad03

പത്തു വയസ്സ് കുറഞ്ഞു

ശരീരഭാരം കുറഞ്ഞതോടെ പത്തു വയസ് കുറഞ്ഞതായാണ് തോന്നുന്നത്. നടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെയുണ്ടായിരുന്ന കിതപ്പ് മാറി. കോൺ​ഫിഡൻസ് ലെവൽ ഉയർന്നു. ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലുതെന്ന തിരിച്ചറിവാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. ശരീരത്തിന് ആവശ്യമുള്ള കാലറി മാത്രം നൽകിയാൽ ശരീരം നമുക്ക് പൊണ്ണത്തടി തരില്ലെന്നതാണ് ഞാൻ കഴിഞ്ഞ മൂന്ന് വർഷമായി പഠിച്ച പാഠം.  തടി കുറഞ്ഞപ്പോൾ എന്തിനാ ഇത്ര കുറച്ചത്, തടിയുള്ളപ്പോഴായിരുന്നു ഭംഗി എന്നൊക്കെ പറഞ്ഞ് വന്നവരുമുണ്ട്. അവരെ നമ്മൾ കണക്കിലെടുക്കാതിരുന്നാൽ മതി. ഇന്ന് എന്റെ ഉമ്മയും ഭാര്യയുമൊക്കെ എന്റെ ഡയറ്റ് ഫോളോ ചെയ്യുന്നവരാണ്.

English Sumamry : Weight loss diet and tips of Mirshad

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA