ADVERTISEMENT

കോവിഡ് മഹാമാരിക്കിടയിൽ നട്ടംതിരിയുകയാണ് ലോകജനത. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഒരു വിഭാഗം ജനങ്ങളും വഴിമുട്ടിയ ജീവിതത്തെ പുതിയ മേച്ചിൽപുറങ്ങളിലേക്ക് തിരിച്ചു വിടാനൊരുങ്ങുന്നവരുമാണ് നമുക്കുചുറ്റും. ഈ അവസരത്തിൽ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നതു പ്രധാനമാണ്. യോഗ ജീവിതശൈലിയായി സ്വീകരിച്ചാൽ ഇത്തരത്തിലുള്ള സമ്മർദങ്ങളിൽ നിന്ന് മോചനം നേടാൻ സാധിക്കുന്നു. ഭാരതത്തിൽ രൂപംകൊണ്ട യോഗ ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. വിദേശികൾ പോലും ഇന്ത്യയിലെത്തി യോഗ അഭ്യസിക്കുന്നുണ്ട്. ഭാരതത്തിൽ ജീവിച്ചിരുന്ന പതഞ്ജലി മഹർഷി എഴുതിയ യോഗസൂത്രങ്ങൾ ആണ് യോഗയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത്. രോഗം വരാതിരിക്കാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും യോഗയിലൂടെ കഴിയുന്നു. അഷ്ടാംഗ യോഗയുടെ വിവിധ വശങ്ങളെപ്പറ്റി കൊച്ചിയിലെ ഇസ്പാ വെൽനസ് അക്കാദമി ഡയറക്ടറും ട്രെയ്നറുമായ ജൂഡ് ജോസഫ് സംസാരിക്കുന്നു. 

firnes-and-yoga-wellness-health-ispa-kochi

∙ മനസ്സും ശരീരവും അറിഞ്ഞ് യോഗ

മനസ്സിന്റെയും ശരീരത്തിന്റെയും ‘വെൽനസ്’ കാത്തുസൂക്ഷിക്കുന്നതിൽ യോഗയ്ക്ക് വലിയ പങ്കുണ്ട്. മനസ്സും ശരീരവും ഒരുപോലെ ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ ഒരു വ്യക്തി പൂർണ ആരോഗ്യവാനാണെന്നു പറയാൻ കഴിയൂ. മാനസികമായി ഉയരാൻ കഴിയുമ്പോൾ അത് ശരീരത്തിന്റെ നിലയിലും പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരും. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനും മനസ്സിനെ കരുത്തുറ്റതാക്കാനും യോഗ പരിശീലിക്കുന്നത് നല്ലതാണ്. മെഡിറ്റേഷൻ ചെയ്യുന്നതാണ് ഇതിൽ ഏറ്റവും ഫലപ്രദമായിട്ടുള്ളത്. മനസ്സിനെ ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച് ചിന്തകളെയും വിചാരങ്ങളെയും നിയന്ത്രിക്കുന്നു. തുടക്കക്കാർക്ക ഒന്നു മുതൽ നൂറുവരെ എണ്ണിയ ശേഷം തിരിച്ച് നൂറു മുതൽ ഒന്നുവരെ എണ്ണിക്കൊണ്ട് മനസ്സിനെ ഏകാഗ്രമാക്കാം. ശ്വാസോശ്വാസത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചും ഇത് ചെയ്യാം. ഏകാഗ്രതയും പോസിറ്റിവിറ്റിയും ആർജിക്കുന്നതിന് ഇത് സഹായകമാകും.

ispa-wellness-yoga-and-fitness-asana

∙ മാറ്റിവയ്ക്കാം കുറച്ചു സമയം യോഗയ്ക്കായ്

ഇപ്പോൾ വീടുകളിൽ മാത്രമായി കഴിയുന്നവർക്കും വർക്ക് ഫ്രം ഫോം തുടരുന്നവർക്കും വീട്ടിലിരുന്നുള്ള ബോറടി മാറ്റാൻ യോഗ പരിശീലിച്ചു തുടങ്ങാവുന്നതാണ്. ട്രെയ്നറുടെ കീഴിൽ പരിശീലിക്കുന്നതാണ് നല്ലത്. ഇപ്പോൾ യോഗയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലെസ്സണുകളും ലഭ്യമാണ്. ഓൺലൈനായി പരിശീലിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.

∙ നേടാം ഊർജം സൂര്യനമസ്കാരത്തിലൂടെ

പ്രാചീനകാലം മുതൽ തുടർന്നുവരുന്നതാണ് സൂര്യനമസ്കാരം. ശരീരത്തിനു വേണ്ട ഊർജം നൽകുന്ന സ്രോതസ്സായും ഇതിനെ പരിഗണിക്കാം. വാമപ്പും യോഗാസനങ്ങളും ചേർന്നതാണ് സൂര്യനമസ്കാരം. 12 സ്റ്റെപ്പുകളായാണ് സൂര്യനമസ്കാരം ചെയ്യുന്നത്. ശരീരത്തിലെ എല്ലാ അവയവങ്ങളും സൂര്യനമസ്കാരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.  

ശരീരത്തിന്റെ മികച്ച പ്രവർത്തനത്തിനും മാനസീകോല്ലാസത്തിനും സൂര്യനമസ്കാരം സഹായകമാകുന്നു. രക്തചംക്രമണത്തെയും ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും ഗുണം ചെയ്യും. ശരീരത്തിലെ പേശികളെ ഉദ്ദീപിപ്പിക്കുകയും ആയാസരഹിതമാക്കുകയും ചെയ്യുന്നു. ശരീര സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും സൂര്യനമസ്കാരം ഗുണപ്രദമാണ്. 

asana-fitness-yoga-wellness-health

∙ ‘പ്ലാറ്റിനം തേർട്ടി’

രാവിലെ എഴുന്നേറ്റയുടനെയുള്ള അരമണിക്കൂർ നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുക. ഈ സമയത്ത് ചിന്തിക്കുന്ന കാര്യങ്ങളും മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളുമാണ് ഈ ദിവസത്തെ ഉർജത്തെ നിർണയിക്കുന്നത്. അവ സന്തോഷമുള്ളവയാണെങ്കിൽ ദിവസം മുഴുവൻ സന്തോഷം നിറഞ്ഞുനിൽക്കുന്നു. ഇത്തരത്തിൽ ചിന്തകളെ നിയന്ത്രിക്കുകയും പോസിറ്റീവായിരിക്കുകയും ചെയ്യുക എന്നതാണ് ആവശ്യം. ‘പ്ലാറ്റിനം തേർട്ടി’ എന്നാണ് ‘ദ് പവർ ഓഫ് സബ്കോൺഷ്യസ് മൈൻഡ്’ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് ജോസഫ് മർഫി ഈ അരമണിക്കൂറിനെ വിശേഷിപ്പിക്കുന്നത്. ഈ സമയം മെഡിറ്റേഷൻ ചെയ്യുന്നതും മനസ്സിനെ ഏകാഗ്രമാക്കുന്നതും ഏറെ ഗുണം ചെയ്യുന്നു. 

∙ വമന ക്രിയ (കുഞ്ചൽ ക്രിയ)

വയറിനെയും തൊണ്ടയെയും ശ്വാസകോശത്തെയും ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് വമന ക്രിയ. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും ഇത് സഹായിക്കും. അന്നനാളത്തിലും മറ്റുമുള്ള മ്യൂക്കസും ടോക്സിക് വസ്തുക്കളും പുറന്തള്ളാനും ഈ ക്രിയയിലൂടെ സാധിക്കുന്നു. ആസ്ത്മ, ബ്രോങ്കൈറ്റിസ് മുതലായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ശമനം ലഭിക്കുന്നു. ആയുർവേദത്തിലും നാച്ചുറോപ്പതിയിലും ഇത് ഉപയോഗിക്കുന്നുണ്ട്. പിത്തദോഷം, അസിഡിറ്റി പ്രശ്നങ്ങൾക്കും ഇത് ആശ്വാസം നൽകും. ഉപ്പിട്ട വെള്ളം ചെറുചൂടോടെ വയർ നിറയെ കുടിച്ച ശേഷം സ്വയം ഛർദിച്ചു കളയുന്ന പ്രക്രിയയാണ് വമന ക്രിയ.

∙ അഷ്ടാംഗ യോഗ

അഷ്ടാംഗ യോഗയിൽ എട്ട് അംഗങ്ങളാണുള്ളത്. യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാരാ, ധാരണ, ധ്യാന, സമാധി എന്നിവയാണ്. ഇവ ഓരോന്നും എന്താണെന്നു പരിചയപ്പെടാം. 

 

1. യമ

യമ എന്നാൽ ചെയ്തികളിലെ ശരിതെറ്റുകളെപ്പറ്റിയുള്ള അവഗാഹമാണ്. എന്തുചെയ്യണം എന്തു ചെയ്യരുത് എന്നുള്ള വിവേകബുദ്ധിയെന്നും ഇതിനെ വിശേഷിപ്പിക്കാം. യമയെ അഞ്ചായി തിരിക്കാം. 

അഹിംസ– ജീവജാലങ്ങളോടുള്ള സഹവർത്തിത്വം, ഒന്നിനെയും ഹിംസിക്കാതിരിക്കുക.

സത്യ– അസത്യത്തിൽ നിന്ന് വിട്ടുനിൽക്കുക, സത്യത്തിന്റെ പാതയിലെ ജീവിതം. 

അസ്തേയ– അന്യരുടെ വസ്തുക്കവിലുള്ള ആഗ്രഹം, അവ സ്വന്തമാക്കൽ

ബ്രഹ്മചര്യ– ബ്രഹ്മചര്യം, സ്വയം നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥ, ആസക്തികളിൽ നിന്നുള്ള വിടുതൽ.

അപരിഗ്രഹ– നിസ്വാർഥത, ധനത്തോടും സ്വത്തിനോടുമുള്ള വിരക്തി. അമിതമായി ഒന്നിനെയും ആഗ്രഹിക്കാതിരിക്കുക.

 

2. നിയമ

നല്ല ചെയ്തികളെയാണ് നിയമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ അഞ്ചായി തിരിച്ചിരിക്കുന്നു.
 

ശോച്– മനസ്സിന്റെയും വചസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധിയെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. 

സന്തോഷ– സംതൃപ്തി, മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സിന്റെ വിശാലത, ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷവാനായിരിക്കാനുള്ള കഴിവ്, ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ഇതിന്റെ ഭാഗമാണ്. 

തപസ്സ്– ചിട്ടയായ ജീവിതം, സമർപ്പണ മനോഭാവം.

asana-fitness-yoga-wellness-health

സ്വാധ്യായ– സ്വത്വത്തെപ്പറ്റിയുള്ള പഠനം, നമ്മുടെതന്നെ വ്യക്തിത്വത്തിന്റെ പ്രതിഫലനം

ഈശ്വരപ്രണിധാൻ– ഈശ്വരധ്യാനം, 
 

3. ആസന

ശരീരത്തിന്റെ വിവിധ ഘടനകളെയാണ് ഇതിൽ പ്രതിനിധാനം ചെയ്യുന്നത്. യോഗാസനങ്ങളിലൂടെ ഊർജത്തെ വിവിധ അവസ്ഥകളിലേക്ക് മാറ്റുന്നു. ശാരീരിക വ്യായാമം എന്നതിനപ്പുറത്ത് ആത്മീയമായുള്ള തലങ്ങളും യോഗാസനങ്ങൾക്കുണ്ട്. സ്വത്വത്തിന്റെ ഉയർച്ച എന്നും വിശേഷിപ്പിക്കാം. ശരീരത്തിനും ശാരീരിക അവസ്ഥകൾക്കും അനുസരിച്ച് യോഗാസനങ്ങൾ തിരഞ്ഞെടുക്കാം. 

4. പ്രാണായാമ

ജീവന്റെ തുടിപ്പുകൾ നിലനിർത്തുന്നത് പ്രാണവായുവാണ്. വായുവിന് ജീവിതത്തിൽ വലിയ പങ്കാണുള്ളത്. ശരീരത്തിനുള്ളിൽ കുടികൊള്ളുന്ന ആത്മാവിന്റെ ശക്തിയായും ‘പ്രാണ’യെ നിർവചിക്കാം. ജീവകോശങ്ങളെ പരിപോഷിപ്പിക്കാനും ഊർജം പകരാനും പ്രാണായാമയ്ക്ക് കഴിയുന്നു. ശ്വാസത്തിന്റ ഗതി നിയന്ത്രിക്കുകയും അതിലൂടെ ആരോഗ്യം പരിരക്ഷിക്കുക എന്നതാണിതിന്റെ അടിസ്ഥാനം.

5. പ്രത്യാഹാരാ

ചുറ്റുമുള്ള കാര്യങ്ങളിൽ നിന്നും പഞ്ചേന്ദ്രിയങ്ങൾ സിഗ്നലുകൾ ശേഖരിച്ച് തലച്ചോറിലേക്ക് നൽകിക്കൊണ്ടിരിക്കുകയാണ്. ഇതിൽ നമുക്കാവശ്യമുള്ളതും ഇല്ലാത്തതും ഉണ്ടായേക്കാം. എന്നാൽ ഇതിൽ നിന്ന് നല്ലതുമാത്രം ഉൾക്കൊള്ളാൻ മനസ്സ് പരിപക്വമാകുന്ന അവസ്ഥയാണ് പ്രത്യാഹാര. ഇന്ദ്രിയങ്ങളെ മനസ്സിന്റെ വരുതിയിൽ എത്തിക്കുന്നു. 

6. ധാരണ

പുറത്തുനിന്നുള്ള കാര്യങ്ങളിൽ നിന്നും മനസ്സിനെ പിൻവലിച്ച് നമ്മുടെ അവശ്യകാര്യങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് ധാരണ. മനസ്സിനെ ഏകാഗ്രമാക്കാൻ കഴിയുന്ന അവസ്ഥയാണിത്. 

7. ധ്യാനം

ആറ് അംഗങ്ങളിൽ നിന്ന് ഊർജം ഉൾക്കൊള്ളുന്ന വ്യക്തി ധ്യാനാവസ്ഥയിലേക്ക് എത്തുന്നു. ജീവിതം ക്രമപ്പെടുന്ന അവസ്ഥയാണിത്. മനസ്സിനെ ഒന്നിലേക്ക് കേന്ദ്രീകരിച്ചു നിർത്താൻ സാധിക്കുന്ന അവസ്ഥ.

8. സമാധി

നിർവാണ അവസ്ഥയാണ് ഇത്. ജീവിതത്തിൽ സന്തോഷവും സമാധാനവും മാത്രമാകുന്ന അവസ്ഥയാണിത്. ലൗകിക സുഖങ്ങളിൽ നിന്ന് മാറി മറ്റൊരു സമാധിതലത്തിലേക്ക് ചിന്തയും പ്രവൃത്തിയും ഉയരുന്നു.  

Content Summary : Yoga for a healthy body and mind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com