ADVERTISEMENT

ഫ്രിജിനകത്ത് ഒഴിയാതെ കോളയും ചോക്കളേറ്റുകളും. ഇവ മാത്രമായിരുന്നു ദുബായിൽ മെക്കാനിക്കൽ കമ്മീഷനിങ് എഞ്ചിനീയർ ആയ വിഷ്ണു കൃഷ്ണ എന്ന 28കാരന്റെ വിശപ്പ് അകറ്റിയിരുന്ന ആഹാരം. ഫലമോ ഷർട്ട് സൈസ് ട്രിപ്പിൾ എക്സ് എൽ എത്തിയെന്നു മാത്രമല്ല അതുവരെ കേൾക്കാതിരുന്ന ‘തടിയാ’ വിളികളും കൂർക്കംവലിയും കൂട്ടിനെത്തി. തീരെ സഹികെട്ടപ്പോഴാണ് എങ്ങനെയെങ്കിലും പഴയ അവസ്ഥയിലേക്കു തിരിച്ചു പോകണമെന്ന് വിഷ്ണുവിന് തോന്നിത്തുടങ്ങിയത്. ദിവസവും രാവിലെ ഒരു ലീറ്റർ വെള്ളം കുടിച്ചു തുടങ്ങിയ ആ ഉദ്യമം രണ്ടു മാസം ഫലം കണ്ടു, കുറഞ്ഞത് 26 കിലോ. ഇതിനു പിന്നിലെ ആ രഹസ്യം വിഷ്ണു മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

ദുബായ് എക്സ്പോയും ട്രിപ്പിൾ എക്സ്എലും 

സാധാരണ ശരീരപ്രകൃതിയുള്ള ഒരാളായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള തടി കൂടൽ വല്ലാത്തെ പ്രശ്നമായി. എന്റെതന്നെ ജീവിതരീതിയാണ് ഇതിനു കാരണമെന്ന് മനസ്സിലായിരുന്നു. മൂന്നു വർഷത്തോളം ദുബായ് എക്സ്പോ 2020 സൈറ്റിൽ ആയിരുന്നു. അന്ന് അടുത്തെങ്ങും ഹോട്ടലുകൾ ഇല്ലാത്തതിനാൽ കോളയും ചോക്കളേറ്റുകളും കഴിച്ചാണ് നടന്നത്. ഈ 3 വർഷം കൊണ്ട് നല്ലരീതിയിൽ ഭാരം കൂടി, ഷർട്ട് സൈസ് ട്രിപ്പിൾ എക്സ്എൽ വരെ എത്തി. ഇതിനൊപ്പം ജങ്ക് ഫുഡും കൂടിയായപ്പോൾ ഭാരം സെഞ്ചുറിയും പിന്നിട്ട് യാത്ര തുടങ്ങിയിരുന്നു. 

vishnu02

എന്തൊരു കൂർക്കം വലിയാടാ

തടി കൂടിയപ്പോൾ ഉണ്ടായ പ്രധാന പ്രശ്നം കൂർക്കം വലി ആയിരുന്നു. അങ്ങനെ ഒരു പ്രശ്നമേ ഇല്ലാത്ത ആളായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ നീ ഇന്നലെ എന്തൊരു കൂർക്കംവലി ആയിരുന്നെടാ എന്ന് റൂമിൽ ഉള്ളവർ ചോദിക്കുന്നത് വല്ലാത്ത വിഷമമുണ്ടാക്കി. ഞാൻ കാരണം മറ്റുള്ളവരുടെ ഉറക്കം തടസ്സപ്പെടുന്ന അവസ്ഥ വരരുതല്ലോ. ഇതിനൊപ്പമായിരുന്നു കൂട്ടുകാരുടെ പെട്ടെന്നുണ്ടായ ‘തടിയാ’ വിളികളും നടക്കുമ്പോൾ ഉള്ള കിതപ്പും. ഞാൻ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ എന്ന ചിന്ത എന്നിൽ ഉണ്ടാക്കാൻ ഇവയ്ക്കു കഴിഞ്ഞു. ഇതിൽ നിന്നു മാറ്റം വേണമെന്നു ചിന്തിച്ചു തുടങ്ങിയിടത്ത് ആ യാത്ര ആരംഭിക്കുകയായിരുന്നു. 

112–ൽ നിന്ന് 86ലേക്ക്

 അപ്പോഴേക്കും ശരീരഭാരം 112 കിലോ എത്തി. അവസ്ഥ പറഞ്ഞപ്പോൾ നാട്ടിൽ ചെങ്ങന്നൂർ ഉള്ള അച്ഛനും അമ്മയും അനിയനും കട്ട സപ്പോർട്ടായി വെയ്റ്റ് കുറയ്ക്കാൻ കൂടെ നിന്നു. ദിവസവുമുള്ള അവരുടെ മോട്ടിവേഷൻ എന്റെ ഈ യാത്രയെ ചില്ലറയല്ല തുണച്ചത്. ആദ്യം ചെയ്തത് ഫ്രിജിൽ ഉണ്ടായിരുന്ന കോളയു ചോക്കളേറ്റുമെല്ലാം എടുത്ത് മാറ്റുകയായിരുന്നു. പിന്നെ പുതിയൊരു ജീവിതം തുടങ്ങുകയായിരുന്നെന്നു പറയാം. 

vishnu03

ഒരു ലീറ്റർ വെള്ളത്തിൽ തുടങ്ങുന്ന ദിവസം

സമയത്തിന് ആഹാരം കഴിക്കുന്ന ശീലമേ ഇല്ലാതിരുന്ന ഞാൻ ആദ്യം ഇതൊന്നു ചിട്ടപ്പെടുത്തി. രാവിലെ എഴുന്നേൽക്കുമ്പോൾതന്നെ ഒരു ലീറ്റർ വെള്ളം കുടിക്കും. ദിവസവും നാലു ലീറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. രാത്രി താമസിച്ചു ഭക്ഷണം കഴിക്കുന്ന ശീലം മാറ്റി 8 മണിക്കു മുൻപ് കഴിച്ചു ശീലിച്ചു. അഥവാ വിശക്കുവാണേൽ കുറച്ച് വാൾനട്ട് കഴിക്കും. കാർബോഹൈഡ്രേറ്റ് ഉള്ള ആഹാരം ഒഴിവാക്കി. ഡയറ്റിൽ റാസ് ബെറി, ബ്ലൂ ബെറി എന്നിവ കൂടുതൽ ഉൾപ്പെടുത്തി. ഇടയ്ക്ക് 5 ദിവസം തുടർച്ചയായി വാട്ടർ ഡയറ്റ് നോക്കി. പ്രാതലിന് ഗ്രീക്ക് സാലഡും ഉച്ചയ്ക്ക് മധുരം ഇല്ലാതെ ജ്യൂസും എന്തെങ്കിലും ഫ്രൂട്ടും രാത്രി മാതളനാരങ്ങ ജ്യൂസും വാൾനട്ടുമായിരുന്നു കഴിച്ചിരുന്നത്. ഒരു മാസം പിന്നിട്ടപ്പോഴുള്ള വ്യാത്യാസം കണ്ടപ്പോൾതന്നെ എല്ലാവരും ചോദിച്ചു തുടങ്ങി. ഇതു കൂടുതൽ ആത്മവിശ്വാസം നൽകി. 

സബീൽ പാർക്കിനു ചുറ്റുമുള്ള ആ ഒാട്ടം

വർക്ഔട്ടൊന്നും ചെയ്തു പരിചയമില്ലാത്തതിനാൽതന്നെ എന്റെ ആദ്യ വർക്ഔട്ട് സബീൽ പാർക്കിനു ചുറ്റുമുള്ള12 കിലോമീറ്റർ ഓട്ടമായിരുന്നു. പിന്നെ ഫ്ളാറ്റിലെ ലിഫ്റ്റ് ഒഴിവാക്കി സ്റ്റെയർകേസ് ഉപയോഗിച്ചു, ചെറിയ ദൂരങ്ങൾക്കും കാർ ഉപയോഗിച്ചിരുന്നതു മാറ്റി നടന്നു പോവാൻ തുടങ്ങി. മുൻപ് സ്കൈ ഡൈവ് ചെയ്തിരുന്നു. ഭാരം കൂടിയതോടെ അതുപേക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സ്കൈ ഡൈവ് ചെയ്യാൻ തുടങ്ങിയെന്നത് ഏറെ സന്തോഷം.

vishnu04

എന്നാലും വിഷ്ണു, ഒന്നു പറയണ്ടേ

തടിയൊക്കെ കുറച്ചെങ്കിലും എന്നെ കണ്ടാൽ മനസ്സിലാകാതിരിക്കുമെന്നൊന്നും തോന്നിയിരുന്നില്ല. പക്ഷേ എന്റെ ഒരു കോളീഗിന് എന്നെ കണ്ടിട്ട്കൺഫ്യൂഷൻ ആയപ്പോൾ ആഹ്... ഈ ശ്രമത്തിൽ ഞാൻ വിജയിച്ചല്ലോ എന്ന സന്തോഷം തോന്നി. കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഞങ്ങൾ കണ്ടത്. പക്ഷേ ആദ്യം അവർക്ക് എന്നെ മനസ്സിലായില്ല. ഞാൻ സംസാരിച്ചപ്പോഴാണ് ആളെ പിടി കിട്ടയത്. എന്നാലും വിഷ്ണൂ, ഇങ്ങനെയൊക്കെ ലുക്ക് മാറ്റാൻ ഒരുങ്ങുമ്പോൾ ആളെ ഞെട്ടിക്കാതെ ഒന്നു പറഞ്ഞിട്ടു തുടങ്ങണ്ടേ എന്ന അവരുടെ ചോദ്യം എനിക്കുള്ള കോംപ്ലിമെന്റ് ആയിരുന്നു. കൂട്ടുകാരും സഹപ്രവർത്തകരുമെല്ലാം എന്റെ ഈ മാറ്റത്തിൽ അദ്ഭുതത്തിലാണ്. എന്റെ വിൽ പവറിനെ സമ്മതിച്ചിരിക്കുന്നു എന്നാണ് എല്ലാവരുടെയും കമന്റ്സ്. എങ്കിലും ഇനി ‘തടിയാ’ എന്നു വിളിക്കാൻ കഴിയില്ലല്ലോ എന്ന വിഷമം അവരിൽ ബാക്കി. അതിനുള്ള അവസരം ഇനി ഉണ്ടാക്കില്ലെന്ന വാശിയിൽ ഞാനും. 

English Summary : Weight loss tips of Vishnu Krishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com