ADVERTISEMENT

‘എനിക്ക് നല്ല ഫിറ്റായ ആരോഗ്യവാനായ അച്ഛനെ വേണം, അച്ഛാ ഒന്നു തടി കുറയ്ക്കാമോ?’ എന്ന ആ ഏഴു വയസ്സുകാരി മകളുടെ ചോദ്യമാണ് കൊച്ചിക്കാരനായ 36 വയസ്സുകാരൻ അനൂപ് ചന്ദ്രന്റെ ജീവിതം മാറ്റി മാറിച്ചത്. മോളുടെ ആ ചോദ്യം പ്രചോദനമാക്കി, കൂട്ടുകാർക്കിടയിലെ ‘തടിയാ’ എന്ന ആ വിളി മാറ്റിയെടുക്കാൻ അനൂപ് തീരുമാനിച്ചതിൽപ്പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സെഞ്ച്വറി പിന്നിട്ട് സിക്സറുകൾ പായിച്ചുകൊണ്ടിരുന്ന ശരീരഭാരം ആറുമാസത്തെ കഠിപ്രയത്നം കൊണ്ട് സെഞ്ച്വറിയിലെത്തിച്ചു. സൂചി വീണ്ടും താഴേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോഴും അനൂപ്. തന്നെക്കൊണ്ട് ഇതൊന്നും ഒരിക്കലും സാധിക്കില്ലെന്ന് കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളും എന്തിന് ഏറെപ്പറയുന്നു, കാണുന്നവരൊക്കെ എഴുതിത്തള്ളിയിടത്തു നിന്നാണ് ഈ കുതിച്ചിറക്കം എന്നതാണ് ഏറെ ശ്രദ്ധേയം. എല്ലാവരുടെയും ഉളളിലുള്ള ആ അനൂപിനെ എങ്ങനെ മാറ്റിയെഴുതിയെന്ന്, എല്ലാവരെയും അതിശയിപ്പിച്ച ആ വഴി അദ്ദേഹം മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

മകളുടെ ചോദ്യം, അത് ഭാര്യയുടെയും ആഗ്രഹം

127 കിലോയുള്ള ഒരാളെന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ, ഒരു വലുപ്പം. എല്ലാവരും സ്നേഹത്തോടെ തടിയൻ എന്നു വിളിക്കുമ്പോഴും എന്റെ തടിയിൽ മറ്റുള്ളവർക്കെന്തെന്ന ആലോചനയായിരുന്നു എന്റെ ഉള്ളിൽ. ജീവിക്കുന്നെങ്കിൽ അത് നല്ല ഫുഡടിക്കാനാകണം എന്ന പോളിസി. ഇങ്ങനെ പോയ്ക്കോണ്ടിരുന്നപ്പോഴാണ് ഒരു ദിവസം ഏഴു വയസ്സുകാരി മകൾ ഗൗരിയോടൊപ്പം കളിക്കുന്നതിനിടയിൽ എന്റെ ബൾക്കി ആയിട്ടുള്ള ശരീരവും കുടവയറും കണ്ട് തികച്ചും അപ്രതീക്ഷിതമായി ഒരു ചോദ്യം ചോദിച്ചത്. ‘അച്ഛയ്ക്ക് ഈ തടിയൊക്കെ ഒന്നു കുറച്ച് ഫിറ്റ് ആയിക്കൂടേ, എന്തുവാ ഇങ്ങനെയൊക്കെ ഇരിക്കുന്നെ ഭയങ്കര ബോറായിട്ടുണ്ട്. അച്ഛൻ ഷർട്ട് ഒക്കെ ഇടാതിരുന്നാൽ ഭയങ്കര മോശമാണ്. ഇങ്ങനെയുള്ള ഒരു ലൈഫായി അച്ഛൻ മുന്നോട്ട് പോയാൽ നല്ലതാണോ അച്ഛന്റെ ഹെൽത്ത് മോശമാവില്ലേ’. ഇങ്ങനെ ചോദിച്ചുകഴിഞ്ഞ് അവൾ അവളുടെ വഴിക്ക് പോയെങ്കിലും ഇതെന്നെ നന്നായി സ്ട്രൈക്ക് ചെയ്തു. ആ ഏഴു വയസ്സുകാരിയുടെ ബുദ്ധി പോലും എനിക്ക് ഇല്ലാതായിപ്പോയല്ലോ എന്ന ചിന്ത ആകെ വിഷമത്തിലാക്കി. പിന്നെ എന്റെ ഭാര്യയുടെ ഒരുപാട് വർഷത്തെ ആഗ്രഹമാണ് ഞാൻ ഒന്ന് മെലിഞ്ഞു കാണണം. എന്നെ ഒന്ന് നല്ല ഫിറ്റ് ആയിട്ട് കാണണം എന്നുള്ളത്. 2018 ൽ  ഞാൻ 130 കിലോ വരെ എത്തിയിട്ടുണ്ട്.

പരിഹാസച്ചിരിയും പിന്തിരിപ്പൻ ഉത്തരങ്ങളും

ഈ ചോദ്യത്തിന് അടുത്ത ദിവസംതൊട്ടുതന്നെ എങ്ങനെ തടി കുറച്ച് ഫിറ്റ് ആകാം എന്നതായിരുന്നു ആലോചന മുഴുവൻ. ഒന്നുരണ്ട് സുഹൃത്തുക്കളോടു ചോദിച്ചെങ്കിലും അവർ ചിരിച്ച് പരിഹസിച്ച് നീ നടക്കണ വല്ല കാര്യവും ചോദിക്ക് , പറഞ്ഞു തരാം, വെറുതേ നടക്കാത്ത കാര്യത്തെക്കുറിച്ച് എന്തിന് ചിന്തിക്കുന്നു എന്നൊക്കെ പറഞ്ഞുള്ള പിന്തിരിപ്പൻ ഉത്തരങ്ങളായിരുന്നു നൽകിയത്. പക്ഷേ ഞാൻ മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കാൻ തയാറല്ലായിരുന്നു. അപ്പോഴാണ് സമൂഹമാധ്യമത്തിൽ ഒരു ഫാറ്റ്‌ലോസ് ഗ്രൂപ്പ് ഇൻഫർമേഷൻ വന്നത് ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾതന്നെ വിവരങ്ങൾ തപ്പിയെടുത്ത് ആ ഗ്രൂപ്പിൽ അഡ്മിഷനും എടുത്തിട്ടാണ് വിവരം വീട്ടിൽ പറഞ്ഞത്. അതോടെ കട്ട സപ്പോർട്ടുമായി ഭാര്യയും മോളും കൂടെനിന്നു.

പിന്നെ എന്റെ സാറേ... ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല

ഗ്രൂപ്പിലെ ആക്ടിവിറ്റികൾ തുടങ്ങിയിട്ട് പിന്നെ തിരിഞ്ഞു നോക്കാൻ സമയം കിട്ടീട്ടില്ലെന്നു പറഞ്ഞാ മതീലോ. 12 വർഷത്തിനുശേഷം ഞാനെന്റെ വ്യായാമം ആരംഭിച്ചു. രാവിലെ എഴുന്നേൽക്കാൻ മടിയുള്ള എന്നെ അലാം വച്ച് മോൾ സ്ഥിരമായി വിളിച്ചുണർത്തി. ഗ്രൂപ്പിൽ നൽകുന്ന നിർദേശങ്ങളും വർക്ഔട്ടും കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഭാര്യ ഉറപ്പുവരുത്തി. ദിവസവും വേണ്ട കാലറി അനുസരിച്ചുള്ള ആഹാരം മാത്രം നൽകി ഭാര്യ  മധുരപ്രതികാരം വീട്ടി. എങ്ങനെ വാരിവലിച്ച് കഴിച്ചിരുന്ന ഞാനായിരുന്നു, എന്റെ ഭക്ഷണത്തിന്റ പ്ലേറ്റ് കണ്ട് ആദ്യമൊക്കെ ഉള്ളിൽ സങ്കടം തോന്നിയെങ്കിലും എന്നെ ഒന്നു നന്നാക്കിയെടുക്കാൻ മകളും ഭാര്യയും പ്രയത്നിക്കുന്നതു കാണുമ്പോൾ ഈ സങ്കടമൊക്കെ അലിഞ്ഞില്ലാതായിപ്പോകും. 

രാവിലെ കഴിച്ചുകൊണ്ടിരുന്നത് മൂന്ന് മുട്ടയുടെ വെള്ള, വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം ആണ് ബ്രേക്ക് ഫാസ്റ്റിന് കഴിച്ചിരുന്നത്. പുട്ട് ആണെങ്കിൽ 100 ഗ്രാം പുട്ട്  അതിന്റെ കൂടെ 100 ഗ്രാം ചെറുപയർ / കടലക്കറി. അതു കഴിഞ്ഞ് പതിനൊന്നര ആകുമ്പോൾ ഒരു ഫ്രൂട്ട് (ആപ്പിൾ അങ്ങനെ എന്തെങ്കിലും) ഉച്ചയ്ക്ക് ചിലപ്പോൾ ഗോതമ്പ് കഞ്ഞി ആയിരിക്കും അതിന്റെ കൂടെ 150 ഗ്രാം ഫിഷ് / ചിക്കൻ/ വെജിറ്റബിൾസ് (ചീര തോരൻ, അവിയൽ, മുരിങ്ങയില തോരൻ) രാത്രിയിൽ ആണെങ്കിൽ ഫിഷ് 150 ഗ്രാം ചിലപ്പോൾ ഇലയിൽ പൊള്ളിച്ചതാകാം അതിന്റെ കൂടെ രണ്ട് ചപ്പാത്തി അല്ലെങ്കിൽ ഗോതമ്പ് നുറുക്ക് കൊണ്ടുള്ള കഞ്ഞി, കിടക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് പാൽ ഇതായിരുന്നു ഫോളോ ചെയ്‌തിരുന്നത്‌. ഓരോ ദിവസവും മാറി മാറി രാവിലെ ചിലപ്പോൾ മൂന്ന് ഇഡലി കഴിക്കും ചിലപ്പോൾ ഒരു സ്‌കൂപ് ചോറ് (100 ഗ്രാം). ശരിക്കു പറഞ്ഞാൽ ആദ്യത്തെ രണ്ട് ആഴ്ചകളിൽ കുറച്ച് ചോറു കഴിച്ചതല്ലാതെ ആറു മാസത്തോളം ചോറ് പൂർണമായും ഒഴിവാക്കി. ഗോതമ്പ് കഞ്ഞി, ചപ്പാത്തി, ഗോതമ്പ് പുട്ട്, ഓട്സ്, ഓട്സിന്റെ പുട്ട്  ഒക്കെയായിരുന്നു  പ്രധാനമായും കഴിച്ചിരുന്നത്. 

anoop2

അഞ്ചു മാസംകൊണ്ട് കുറച്ചത് 25 കിലോ

എന്തോ വലിയൊരു ഭാരം ശരീരത്തിൽ നിന്ന് ഇറങ്ങി പോയൊരു ഫീലിങ് ആയിരുന്നു 25 കിലോ കുറഞ്ഞു കഴിഞ്ഞപ്പോൾ. എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ പ്രയാസം. ജൂലൈയിൽ തുടങ്ങി ഡിസംബർ ആയപ്പോഴേക്കും 25 കിലോ കുറഞ്ഞു. 12 വർഷങ്ങൾക്കു ശേഷം ഷർട്ടിന്റെ സൈസ് 46 ൽ നിന്ന് 44 ആയി.  പിന്നെ മൂന്ന് വർഷം മുൻപ് തൈറോയ് പരിശോധിക്കുമ്പോൾ പിഎസ്എച്ചിന്റെ ലെവൽ 40 നു മുകളിൽ ആയിരുന്നു. അത് കുറഞ്ഞ് ഇപ്പോൾ ഏകദേശം 7 ൽ എത്തിക്കാൻ കഴിഞ്ഞു. ഇനി 95 കിലോയിൽ എത്തിക്കുക എന്നതാണ് ടാർഗറ്റ് ഇപ്പോൾ ക്ഷീണം ഇല്ല. ഉച്ചയുറക്കം ഇല്ല.  ലുക്കിലും നടത്തത്തിലും കാര്യങ്ങൾ സംസാരിക്കുന്നതിലും ഒക്കെ  കോൺഫിഡൻസ് ബൂസ്റ്റ് ചെയ്‌ത്‌ കിട്ടി എന്നതാണ് ഈ വെയ്റ്റ് ലോസ് കൊണ്ട് എനിക്ക് കിട്ടിയത്. 

എന്നാലും നീ ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞടാ...

വെയ്റ്റ് ലോസ്റ്റ് കണ്ടിട്ട് ഏറ്റവും കൂടുതൽ കമന്റ്സ് വന്നിരിക്കുന്നത് ഫ്രണ്ട്സിന്റെയും റിലേറ്റീവ്‌സിന്റെയും അടുത്ത് നിന്നാണ്. കാരണം ഒരാളും ഒരിക്കലും പ്രതീക്ഷിച്ചില്ല ഞാൻ ഇങ്ങനെ ചേഞ്ച് ആകുമെന്നുള്ളത്. എന്റെ പോളിസി എന്നു പറഞ്ഞാൽ നമ്മൾ ജീവിക്കുന്നത് നല്ല ഭക്ഷണം കഴിച്ച് ഹെൽത്തി ആയിട്ടിരിക്കുക എന്നതായിരുന്നു. എന്റെ തടി കണ്ടിട്ട് മറ്റുള്ളവർക്ക് എന്താണ് പ്രശ്‌നം നിങ്ങൾക്കെന്താ കുഴപ്പം എന്റെ തടിയല്ലേ എന്നുള്ള  ഒരു ചിന്താഗതി ആയിരുന്നു എനിക്ക്. അത് എല്ലാവർക്കും അറിയുകയും ചെയ്യാം. പല ആൾക്കാരും പറഞ്ഞു പറഞ്ഞു മടുത്തിട്ടുള്ളതാണ്. അസുഖം വരും, ഷുഗർ വരും കൊളസ്‌ട്രോൾ വരും എന്നൊക്കെ പറയും. പക്ഷേ എനിക്ക് ഇതുവരെ ഷുഗറോ കൊളസ്ട്രോളോ വന്നിട്ടില്ല. 36 വയസായി. ഈ പ്രായമായിട്ടും എനിക്ക് ഇതുവരെ ഈ അസുഖങ്ങൾ ഒന്നും വന്നിട്ടില്ലലോ എന്നൊരു കോൺഫിഡൻസായിരുന്നു എനിക്ക്. ഞാൻ വെയ്റ്റ് ലോസ് എടുക്കുന്നുണ്ടെന്ന് ഭാര്യയ്ക്കും മോൾക്കും മാത്രമേ അറിയുമായിരുന്നുള്ളൂ. പക്ഷേ ഞാനിത് ചെയ്തോ എന്നുള്ള അതിശയമായിരുന്നു എല്ലാവർക്കും. എല്ലാവരും അഭിനന്ദിച്ചു. 

ആരോഗ്യകരമായ ഒരു ജീവിത്തിന്റെ പ്രസക്തി ഏറ്റവും നന്നായി അറിയാവുന്ന ഒരാളാണ് ഇപ്പോൾ ഞാൻ. അനാരോഗ്യകരമായ ജീവിതശൈലിയാണ് പല രോഗങ്ങളുടെയും കാരണം. നമ്മൾ വിചാരിച്ചാൽ ഒന്നും മാറ്റം വരുത്താൻ സാധിക്കില്ലെന്നത് വെറും മിഥ്യാധാരണയാണ്. അതിന് ഏറ്റവുംനല്ല ഉദാഹരണമാണ് ഞാൻ. നമ്മൾ വിചാരിച്ചാൽ, ഒന്നു മനസ്സു വച്ചാൽ എന്തും നടക്കും. കഴിക്കാൻ വേണ്ടി ജിവിച്ച ഞാൻ ഇപ്പോൾ കാലറി നോക്കി, ഒരു ദിവസം വേണ്ട ആഹാരം മാത്രം കഴിക്കുന്നെങ്കിൽ എന്റെ ശരീരം എനിക്കുവന്ന പോസിറ്റിവിറ്റി അത്രത്തോളമുണ്ടെന്നു മനസ്സിലാക്കുക.

English Summary : Weight loss tips of Anoop Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com