നടന്നതു കൊണ്ടു മാത്രം വയർ കുറയുമോ ? എന്തൊക്കെ ചെയ്യണം

belly fat
Photo Credit : Sirisab / Shutterstock.com
SHARE

വ്യായാമത്തിന്റെ ലോകത്തേക്ക് കാലെടുത്ത് വയ്‌ക്കുന്ന പലരും അവരവരുടെ ഫിറ്റ്നസ് യാത്ര ആരംഭിക്കുന്നത് നടന്നാണ്. അത് ചിലപ്പോൾ ഒരു പുതുവർഷ റെസല്യൂഷന്റെ ആവേശത്തിലുള്ള മോണിങ് വാക്കാവാം, വൈകിട്ട് നഗരത്തിലൂടേ നൂറാലോചനകളിൽ മുഴുകി അലയുന്നതാവാം, ആവേശപ്പുറത്ത് സ്വന്തമാക്കിയ ട്രെഡ്മില്ലിലെ ആദ്യദിവസങ്ങളാവാം, എന്തിനേറെ, ചങ്കിനോ പങ്കാളിക്കോ ഒപ്പം ആളൊഴിഞ്ഞ വീഥികളിലൂടെ സംസാരിച്ച് നടക്കുന്നത് പോലും അറിയാതെ ഈ വ്യായാമത്തിൽ കയറിക്കൂടുന്നുണ്ടേ.... ഇനിയിപ്പോ മഴ തുടങ്ങിയാൽ പുറത്തിറങ്ങി നടക്കാൻ പറ്റില്ലെന്ന് തോന്നിയാൽ പകരം വീട്ടിനുള്ളിലോ റെടസിലോ ഒക്കെ നടക്കാം... അധികം വലുപ്പമില്ലാത്ത മുറിയിൽ പോലും 8 ന്റെ ആകൃതിയിൽ നടക്കാം.

ഇത്രയ്ക്ക് ലളിതമായി ഭൂരിപക്ഷം പേർക്കും തുടങ്ങാൻ പറ്റുന്ന നടത്തം പക്ഷേ ഗുണങ്ങളുടെ കാര്യത്തൊലൊരു വമ്പൻ തന്നെയാണ്. ഹൃദയത്തിനെയും ശ്വാസകോശത്തിനെയും ഫിറ്റ് ആക്കുന്ന നല്ലൊരു കാർഡിയോ വർക്കൗട്ടാണ് നടത്തം. കൊളസ്ട്രോളും ബ്ലഡ് പ്രഷറും ഷുഗറും നിയന്തിക്കാൻ സഹായിക്കുന്നതിൽ നിന്ന് തുടങ്ങി പല ഗുരുതര രോഗങ്ങളിൽ നിന്നും നമ്മളെ അകറ്റി നിർത്താൻ നടത്തത്തിനു കഴിയും. ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും നടത്തത്തിന് പങ്കുണ്ട്. ഡിപ്രഷൻ ചികിത്സയിൽ സഹായിക്കാനും, മോശം മൂഡ് മെച്ചപ്പെടുത്താനും ഭക്ഷണത്തോടുള്ള ആർത്തി നിയന്ത്രിക്കാനുമെല്ലാം നടത്തം സഹായിക്കും. ദീർഘസമയം കസേരയിൽ ഇരുന്ന്‌ പണിയെടുക്കുന്നത് കൊണ്ടുണ്ടാവുന്ന ശാരീരിക വിഷമതകളെ കുറയ്‌ക്കാൻ ഇടയിൽ ഒന്നെണീറ്റ് ഏതാനും മിനിറ്റുകൾ നടക്കുന്നത് വളരെ നല്ലതാണ്.

ഇങ്ങനെ ധാരാളം ഗുണങ്ങൾ നൽകുന്ന നടത്തം പലപ്പോഴും ഫാറ്റ് കുറയ്‌ക്കാനുള്ള ഒരു വഴിയായിക്കൂടെ പലരും കാണാറുണ്ട്. ഇതിൽ കുറേ ശരികളുണ്ടെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉദ്ദേശിച്ച ഫലം കിട്ടാതിരിക്കുകയും, കിട്ടിയ ഫലം വളരെ വേഗം നഷ്ടപ്പെടുകയും ചെയ്യും. അതെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നമുക്കെല്ലാവർക്കും ശരീരത്തിലെ പ്രവർത്തനങ്ങളെല്ലാം നടന്നുപോകാൻ ഒരു നിശ്ചിത അളവ് ഊർജ്ജം ആവശ്യമാണ്. ഈ ഊർജ്ജം ലഭിക്കാൻ വേണ്ട ഭക്ഷണമാണ് സാധാരണ നമ്മളെല്ലാവരും കഴിക്കേണ്ടത്. എന്നാൽ ഈ വേണ്ടതിലും കൂടുതൽ ഊർജ്ജം ലഭിക്കുന്നത്ര ഭക്ഷണം കഴിക്കുമ്പോൾ അധികമായി ലഭിക്കുന്ന ഊർജ്ജം ശരീരം കൊഴുപ്പായി ശേഖരിച്ച് വയ്ക്കും. ഇങ്ങനെ ശേഖരിച്ച് വയ്ക്കുന്ന കൊഴുപ്പാണ് കുടവയറിന്റെ രൂപത്തിലും, ഇടുപ്പിലും തുടയിലും കയ്യിന്റെ പിന്നിലുമൊക്കെയായി കാണുന്നതും ഒപ്പം നൂറായിരം ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഉണ്ടാക്കി വയ്‌ക്കുന്നതും.

ശരീരത്തിന് ആവശ്യമായ ഊർജ്ജത്തിനേക്കാൾ കുറവ് ഊർജ്ജം നൽകുക എന്നതാണ് വയർ കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം. ഉദാഹരണത്തിന്, ശരീരത്തിന് ആകെ വേണ്ടത് 2000 കാലറിയാണെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന ഊർജ്ജം ഒരു 1500 കാലറിയിലോ മറ്റോ ആക്കി നിർത്താം. അങ്ങനെയെങ്കിൽ ബാക്കി വേണ്ടി വരുന്ന 500 കാലറി ശരീരത്തിൽ ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പിൽ നിന്നും എടുത്തുപയോഗിക്കും. ലളിതമായ ഭാഷയിൽ ഇങ്ങനെയാണ് കുടവയർ ഇല്ലാതാവുന്നത്. എങ്കിൽ ഇക്കൂട്ടത്തിൽ നടത്തം കൂടെ ഉണ്ടെങ്കിലോ...!

കുടവയർ കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ അര മണിക്കൂർ വീതമുള്ള നടത്തം ആഴ്ചയിൽ മൂന്നു മുതൽ അഞ്ച് വരെ തവണ ചെയ്യാം. ഇത് പതിയെ ഒരു മണിക്കൂർ വരെ ആക്കാം. ആദ്യത്തെ ആഴ്ചതന്നെ ഇതെല്ലാം എത്തിക്കണമെന്ന വാശിയൊന്നും വേണ്ട. ശരീരത്തിന് അതിന്റേതായ സമയം കൊടുത്തുതന്നെ ചെയ്യണം. ബുദ്ധിമുട്ടുള്ളവർക്ക് പത്തോ ഇരുപതോ മിനിറ്റ് ദൈർഘ്യമുള്ള ചെറിയ സെഷനുകളായി തുടങ്ങാം, എന്നിട്ട് പതിയെ സമയം കൂട്ടിക്കൊണ്ടുവരാം. നടക്കാനിറങ്ങുമ്പോൾ ഒരു ബാക്ക്പാക്കിൽ അല്പം ഭാരം നിറച്ച് മുതുകിലിട്ടാൽ നടത്തത്തിന്റെ തീവ്രത കൂടും. ഒരു വ്യക്തിയുടെ ഉയരം, പ്രായം, ലിംഗഭേദം, എത്ര വേഗത്തിലാണ് നടക്കുന്നത്, ഏത് പ്രതലത്തിലാണ് നടക്കുന്നത്, ശരീരത്തിന്റെ മെറ്റബോളിക് റേറ്റ് എന്നിങ്ങലെ പല ഘടകങ്ങളെ ആശ്രയിച്ച്‌ ആ വ്യക്തി നടക്കുമ്പോൾ ഉപയോഗിക്കപ്പെടുന്ന ഊർജ്ജവും വ്യത്യാസപ്പെടും. ഒരു വ്യക്തി ഒരു മണിക്കൂർ കൊണ്ട് ഏതാണ്ട് 200 കാലറി ഊർജ്ജം നടക്കാൻ ഉപയോഗപ്പെടുത്തിയാൽ ഭക്ഷണത്തിൽ വരുത്തുന്ന കുറവിനു പുറമേ അത്രയും ഊർജ്ജം കൂടെ ശരീരത്തിൽ ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പിൽ നിന്ന് ഉപയോഗിക്കുമല്ലോ.... ഇങ്ങനെ ശ്രദ്ധയോടെ ഉപയോഗപ്പെടുത്തിയാൽ ഉറപ്പായും കുടവയർ കുറയ്‌ക്കാൻ സഹായിക്കുന്ന ഒന്നാണ് നടത്തം.

എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. നടത്തം മാത്രമാണ് ആകെ ചെയ്യുന്ന വ്യായാമമെങ്കിൽ അത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുമെങ്കിലും ശരീരത്തിലെ എല്ലാ പ്രധാന മസിലുകൾക്കും വേണ്ട വ്യായാമം ഇവിടെ ലഭിക്കുന്നില്ല. ഇതിന് റെസിസ്റ്റൻസ് ട്രെയിനിങ് ചെയ്യുകയാണ് വഴി. നടത്തം എവിടെയും സാധിക്കും, എന്നാൽ റസിസ്റ്റൻസ് വർക്കൗട്ടുകൾ ചെയ്യാൻ ജിമ്മിൽ പോവേണ്ടീ വരുമല്ലോ എന്നാണോ ഇപ്പോൾ ആലോചിച്ചത്? അങ്ങനെ ഒരു നിർബന്ധവുമില്ല. വീട്ടിൽ നിന്ന് തന്നെ കയ്യിൽ കിട്ടുന്ന എന്ത് ഭാരവും, വാട്ടർ ബോട്ടിലോ ബാക് പാക്കോ ഒക്കെ ഉപയോഗിച്ച് റസിസ്റ്റൻസ് ട്രെയിനിങ് ചെയ്യാം. സ്വന്തം ശരീരഭാരം മാത്രം ഉപയോഗിച്ചുതന്നെ ചെയ്യാൻ പറ്റുന്ന നൂറുകണക്കിന് റസിസ്റ്റൻസ് വർക്കൗട്ടുകളുണ്ട്. പുഷ് അപ്, പുൾ അപ്, സ്ക്വാട്ട്, ലഞ്ചസ്, ഗ്ലൂട് ബ്രിഡ്ജ്, അബ് ക്രഞ്ചസ്, റഷ്യൻ ട്വിസ്റ്റ് എന്നിവയൊക്കെ ഇങ്ങനെ ചെയ്യാൻ പറ്റുന്ന വർക്കൗട്ടുകളാണ്. മാത്രമല്ല, നടക്കാനിറങ്ങുമ്പോൾ ഇവയെല്ലാം കൂട്ടത്തിൽ ഉൾപ്പെടുത്തിയാൽ നടത്തം വളരെ രസകരമാവുകയും ചെയ്യും.

ഫിറ്റ്നസിന്റെ ലോകത്തേക്ക് ആദ്യമായി കടന്നു വരുന്ന ഒരാൾക്ക് വളരെ എളുപ്പം ജീവിതത്തിന്റെ ഭാഗമാക്കാവുന്ന ഒരു വ്യായാമം എന്ന രീതിയിൽ നടത്തം നല്ലൊരു ചോയ്സാണ്. വർക്കൗട്ട് മുടങ്ങുന്ന ദിവസങ്ങളിൽ ചെയ്യുന്ന ഫില്ലർ ആയും ഇത് ഉപയോഗിക്കാം. നടത്തം മാത്രമായി ചെയ്താൽ കുടവയർ കുറയാൻ സാധ്യതയുണ്ടെങ്കിലും അത് വളരെ പെട്ടെന്ന് പഴയതു പോലെ തിരിച്ചു വരാം. എന്നാൽ കൃത്യമായ റസിസ്റ്റൻസ് ട്രെയിനിങ്ങിന്റെയും ഡയറ്റിന്റെയും ഒപ്പം നടത്തം കൂടെ ഉൾപ്പെടുത്താൻ പറ്റിയാൽ അതൊരു നല്ല പാക്കേജായി കുടവയറിനെ സ്ഥിരമായി ഓടിച്ച് വിടാമെന്ന് മാത്രമല്ല, അടിമുടി ഫിറ്റ് ആയ ശരീരം നിലനിർത്തുകയും ഒരുപാട് ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുകയും ചെയ്യാം. എന്നാൽപ്പിന്നെ നമുക്കങ്ങോട്ട് നടക്കുകയല്ലേ.... 

English Summary : Can you lose belly fat by walking?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA