പുറത്താക്കിയത് 17 കിലോയും ഇൻസുലിനും; പ്രമേഹവും കൊളസ്ട്രോളും കുറച്ച രഹസ്യം പങ്കുവച്ച് നിഥിനും ഷംലയും

nithin weight loss
SHARE

ഭാര്യയും ഭർത്താവും ഭക്ഷണപ്രിയരാകുമ്പോൾ ശരീരഭാരം അറിയാതെ കൂടുന്നതു സ്വാഭാവികം. ഇതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. അതോടെ ഇരുവരും ഈ പ്രിയമൊന്നു നിർത്താമെന്നു തീരുമാനമെടുക്കുന്നു. ഫലമോ... പുതിയൊരുണർവോടെ പുത്തനൊരു ജീവിതവും. എറണാകുളം കോലഞ്ചേരി പട്ടിമറ്റം സ്വദേശികളായ നിഥിൻ താഹ മുഹമ്മദിന്റെയും ഷംല കുഞ്ഞലവിയുടെയും ജീവിതത്തിൽ സംഭവിച്ചതും ഇതാണ്. ഇരുവരും മനോരമ ഓൺലൈനോടു മനസ്സു തുറന്നപ്പോൾ...

സെഞ്ച്വറിക്ക് അടുത്തെത്തിയപ്പോൾ ട്വിസ്റ്റ്

2015 ൽ 98 കിലോ വരെയെത്തിയെങ്കിലും സെഞ്ച്വറി തികയ്ക്കാനുള്ള അവസരം നൽകിയിട്ടില്ലെന്നു പറഞ്ഞ് നിഥിൻ തുടങ്ങി. ‘98 ൽ നിന്ന് 95.5 കിലോ വരെ എത്തിയിരുന്നു. എങ്ങനെയൊക്കെ നോക്കിയിട്ടും സൂചി അങ്ങോട്ടോ ഇങ്ങോട്ടോ മാറാത്ത അവസ്ഥ. ആ സമയത്ത് ഷംലയുടെ ശരീരഭാരം 85 കിലോ ആയിരുന്നു. ഭാരം കുറയ്ക്കുകയും നല്ല ആരോഗ്യകരമായ ജീവിതരീതി പിന്തുടരുകയും ചെയ്യണമെന്നതായിരുന്നു ആഗ്രഹം. കാരണം മറ്റൊന്നുമല്ല, പ്രമേഹം പിടികൂടിയിരുന്നു. ഡോക്ടറെ കണ്ടപ്പോൾ നൽകിയ നിർദ്ദേശം ശരീരഭാരം കുറച്ച് ജീവിതശൈലി ക്രമീകരിക്കാനായിരുന്നു. അപ്പോഴേക്കും ഇൻസുലിൻ എടുത്തു തുടങ്ങിയിരുന്നു. ഇതിന് ഒരു പരിഹാരമായാണ് ഞങ്ങൾ ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തത്.

വഴികാട്ടിയായ ആ ഫാറ്റ് ലോസ് ഗ്രൂപ്പ്

ഇതിനായി ഞങ്ങൾ കണ്ടെത്തിയത് സോഷ്യൽ മീഡിയ വഴി അറിഞ്ഞ ഒരു ഫാറ്റ് ലോസ് ഗ്രൂപ്പ് ആയിരുന്നു. തടി കുറയ്ക്കാനാണ് ആ ഗ്രൂപ്പിൽ ചേർന്നതെങ്കിലും അനാവശ്യമായ ഫാറ്റ് കുറയ്ക്കുക, മസിൽസ് സ്ട്രെങ്തെൻ ചെയ്യുക, ബോഡി ഫിറ്റ് ആയിട്ടിരിക്കുക, ഫിറ്റ്നസ് ആണ് പ്രധാനം എന്നൊക്കെ മനസ്സിലാക്കുന്നത് ഇവിടെ എത്തിയപ്പോഴായിരുന്നു. വീട്ടിലിരുന്നുതന്നെ വ്യായാമം ചെയ്യാമെന്നതായിരുന്നു ഏറ്റവും വലിയ മേൻമ. ഇതിനാവശ്യമായ റെസിസ്റ്റന്റ് ബാൻഡുകൾ ആദ്യമേ വാങ്ങി. കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി മനസ്സിലാക്കാനായി ഒരു കിച്ചൻ സ്കെയിൽ വാങ്ങി. 

ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തെങ്കിലും തുടക്കം കുറച്ച് ബുദ്ധിമുട്ടായിരുന്നു. മുൻപ് ഞാൻ ജിമ്മിൽ പോയിട്ടുണ്ടെങ്കിലും ഇൻസ്ട്രക്ടേഴ്‌സ് ഒന്നും പറഞ്ഞു തന്നിരുന്നില്ല. അവിടെ ട്രെഡ് മില്ലിൽ കുറച്ചു നേരം നടക്കും. പിന്നെ ആരെങ്കിലും ചെയ്യുന്ന കാര്യങ്ങൾ കണ്ട് ചെയ്യും എന്നേ ഉണ്ടായിരുന്നുള്ളൂ. അതിന് കൃത്യമായ ഓർഡറോ എങ്ങനെയാണ് ചെയ്യേണ്ടതെന്ന കണക്കോ എണ്ണമോ ഒന്നും കൃത്യമായി അറിയില്ലായിരുന്നു. ഈ  ഗ്രൂപ്പിൽ ചേർന്നതിനു ശേഷമാണ് എങ്ങനെയാണ് വർക്ഔട്ടുകൾ ചെയ്യേണ്ടതെന്നൊക്കെ മനസ്സിലായത്. തുടക്കത്തിൽ ഓരോന്നും ചെയ്യാൻ നല്ല സമയമെടുത്തിരുന്നു. പല വർക്ക് ഔട്ടുകളും ചെയ്യാൻ പറ്റിയിരുന്നില്ല. പെർഫെക്ട് ആയി ചെയ്യാൻ പറ്റുന്നില്ല എന്നോർത്ത് വിഷമിച്ചിട്ടുണ്ട്. പക്ഷേ കാലറി കണക്കാക്കി പ്രോട്ടീൻ റിച്ചായ ഫുഡ് കഴിക്കാൻ ശ്രദ്ധിച്ചിരുന്നു. 

nithin2

സൂചിയിൽ മാറ്റം കണ്ടു തുടങ്ങി...

രണ്ടു മാസം കഴിഞ്ഞപ്പോൾത്തന്നെ നല്ല മാറ്റം ഉണ്ടായി. ഭാരം 82 കിലോയിലേക്ക് എത്തി. ഫോട്ടോയിൽ മാറ്റം കാണാൻ തുടങ്ങി. എന്റെ അത്രയും വേഗത്തിൽ ഭാര്യയുടെ ഭാരം കുറഞ്ഞില്ലെങ്കിലും ചെറിയ വ്യത്യാസമൊക്കെ വന്നു തുടങ്ങി. ഇതോടെ കൂടുതൽ ആവേശമായി. ഷംല പട്ടിമറ്റം മാർകോറിലോസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ബയോളജി ടീച്ചർ ആണ്. ഈ ബയോളജി ഭക്ഷണകാര്യത്തിൽ ഏറെ സഹായകമായി. എങ്ങനെയുള്ള ഭക്ഷണം കഴിക്കണം, ഓരോ ഭക്ഷണത്തിലെയും കാലറി, പ്രോട്ടീൻ, കാർബ്‌ എന്നിവ എത്രയാണ്, ആ ഭക്ഷണത്തിൽനിന്ന് എത്ര കാലറി ശരീരത്തിലെത്തും, ദിവസവും വേണ്ട കാലറി എത്ര തുടങ്ങിയ കാര്യങ്ങളൊക്കെ ഗ്രൂപ്പിന്റെ സഹായത്തോടെ മനസ്സിലാക്കി പ്രാബല്യത്തിൽ വരുത്തി തന്നത് ഷംല ആയിരുന്നു. മക്കളായ ഷെസ ആമിനയും നൈൽ മുഹമ്മദും എല്ലാ സപ്പോർട്ടുമായി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. 17. 5 കിലോ കുറഞ്ഞ് ഇപ്പോൾ ഞാൻ 78 കിലോയിലെത്തി. ഷംല 8 കിലോ കുറഞ്ഞ് 77 ലേക്കും.

ഇൻസുലിനിൽനിന്ന് മരുന്നിലേക്ക് ഉടനെത്തണം

2015 മുതൽ ഞാനൊരു ഡയബറ്റിക് രോഗി ആണ്. മരുന്ന്, ഇൻസുലിൻ ഒക്കെ ആയി ജീവിതം ഇങ്ങനെ പോകുകയായിരുന്നു. 2019 ആയപ്പോൾ ഷുഗർ നന്നായി കൂടി. ഡോക്ടറുടെ നിർദേശപ്രകാരമാണ് ജിമ്മിൽ പോയി തുടങ്ങിയത്. ലോക്ഡൗൺ തുടങ്ങിയ സമയത്ത് വീട്ടിൽ ഇരുന്നായിരുന്നു ജോലിയൊക്കെ. ജിമ്മിലും പോകാൻ സാധിച്ചില്ല. ആഹാരനിയന്ത്രണവും നടന്നില്ല. മരുന്നുകൾ കൃത്യമായി കഴിക്കാനും സാധിച്ചില്ല. അങ്ങനെ 2021 ഏപ്രിലിൽ ഷുഗർ നന്നായി കൂടി. ഫാസ്റ്റിങ്ങിൽ 300 ന് മുകളിലും ഭക്ഷണം കഴിച്ചു കഴിഞ്ഞ് 500 ന് മുകളിലും എത്തി. 

വർക്ക് ഔട്ട് ചെയ്‌തു കഴിഞ്ഞപ്പോൾ എന്റെ ഷുഗർ ലെവൽ നന്നായി കുറഞ്ഞു. വർക്ക് ഔട്ടും ഡയറ്റിങ്ങും തുടങ്ങിയതിൽ പിന്നെ ഒരിക്കൽ പോലും ഷുഗർ ലെവൽ കൂടിയിട്ടില്ല. ആദ്യം ഇൻസുലിൻ രാവിലെയും രാത്രിയും 30 യൂണിറ്റ് ആയിരുന്നു എടുത്തിരുന്നത്. അതിപ്പോൾ പടിപടി ആയി കുറഞ്ഞ് രാവിലെ 10 യൂണിറ്റ്, രാത്രി 8 യൂണിറ്റ് എന്നിങ്ങനെ ആയി. ഏപ്രിൽ കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം എന്നെ കണ്ടപ്പോൾ ഡോക്ടർക്കു പോലും മനസ്സിലായില്ല. ഡോക്ടർ പറഞ്ഞത്, നല്ല വ്യത്യാസം ഉണ്ട്, ഇങ്ങനെ പോയാൽ വൈകാതെ ഇൻസുലിൻ നിർത്താം, പകരം മരുന്ന് കഴിച്ചാൽ മതിയാകും എന്നാണ്. ഷുഗർ വളരെ കൺട്രോൾഡ് ആയിട്ടുണ്ട്. ഇതു കാരണം വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. 

വേണം ഒരു മോട്ടിവേഷൻ

വെയ്റ്റ് കുറയ്ക്കണം എന്ന ചിന്തയിലേക്ക് എന്നെ എത്തിച്ചത് പ്രമേഹം തന്നെയാണ്. അത് കുറയണം വെയ്റ്റ് കുറയണം, ആഹാരശീലങ്ങൾ നേരയാകണം, കുറച്ചു കൂടി ആരോഗ്യകരമായ ജീവിതരീതി നയിക്കണം എന്നൊക്കെയുള്ള ചിന്ത ഉണ്ടായിരുന്നു. ഞാനും ഭാര്യയും വെയ്റ്റ് കുറയ്ക്കുന്നതിനാൽ വർക്ക് ഔട്ടിലൊക്കെ പരസ്പരം തിരുത്താനും ഡയറ്റ് ചെയ്യുന്ന കാര്യത്തിൽ പരസ്‌പരം ചർച്ച ചെയ്‌ത്‌ ഓരോ കാര്യങ്ങൾ ഉണ്ടാക്കുവാനും അങ്ങനെ ഞങ്ങൾ തമ്മിലുള്ള ഒരു ബോണ്ട് കൊണ്ടു പരസ്‌പരം മോട്ടിവേറ്റ് ചെയ്യാനും സാധിച്ചു. ചില സമയത്ത് വെയ്റ്റ് കുറയുകയും ചില ദിവസം കൂടുകയുമൊക്കെ ചെയ്യുമായിരുന്നു. ആ സമയത്ത് ഡിപ്രഷൻ പോലുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഉള്ളപ്പോൾ പരസ്പരം മോട്ടിവേറ്റ് ചെയ്യും. ഭാര്യയ്ക്ക് കൊളസ്‌ട്രോൾ ബോർഡർ ലൈൻ ആയിരുന്നു. അതൊക്കെ കുറയണം എന്നുള്ള ആഗ്രഹമായിരുന്നു അവൾക്ക്. 

ഞങ്ങളുടെ ഡയറ്റ്

ഷുഗർ ഉള്ളതുകൊണ്ട് ആപ്പിളും പേരയ്ക്കയും ഒഴികെ മറ്റു ഫ്രൂട്സ് ഒന്നും കഴിക്കരുത് എന്നു ഡോക്ടർ പറഞ്ഞിരുന്നു. ഷംല മാങ്ങയും ഓറഞ്ചും ഒക്കെ കഴിച്ചിരുന്നു. മധുരം, ബേക്കറി സാധനങ്ങൾ, പൊരിച്ച സാധനങ്ങൾ, ജങ്ക് ഫുഡ് ഇവയെല്ലാം പൂർണമായും ഒഴിവാക്കി. പ്രോട്ടീൻ കിട്ടാൻ വേണ്ടി ആഹാരത്തിൽ മുട്ട, സോയ ചങ്ക്‌സ്, കപ്പലണ്ടി, ചിക്കൻ, മീൻ എന്നിവ  കൂടുതൽ ഉൾപ്പെടുത്തി. കൂടാതെ പ്രോട്ടീൻ പൗഡർ വാങ്ങി ഉപയോഗിച്ചു. ബ്രേക്ക് ഫാസ്റ്റ് സ്‌മൂത്തി രൂപത്തിലാക്കി. രാവിലെ പാൽ, ആപ്പിൾ, ഓട്സ് വറുത്തോ പച്ചയ്‌ക്കോ സ്‌മൂത്തി ഉണ്ടാക്കി കഴിക്കും. ഷംല ആപ്പിളിനു പകരം മാങ്ങ, റോബസ്റ്റ പഴം എന്നിവ ഉപയോഗിച്ചു സ്മൂത്തി ഉണ്ടാക്കി കഴിക്കും. രാവിലത്തെ വർക്ക് ഔട്ടിനു ശേഷം ഇങ്ങനെയുള്ള പ്രോട്ടീൻ ഷേക്ക് ആണ് കുടിക്കുന്നത്. 

ഉച്ചയ്ക്ക് ചിക്കൻ ബ്രെസ്റ്റും ഗോതമ്പും കൂടി ചേർത്തുള്ള ഒരു അറേബ്യൻ  വിഭവമായിരുന്നു. അതു പോലെ ചിക്കൻ ബ്രെസ്റ്റും ഓട്സും കൂടി ചേർത്ത് കഴിക്കുമായിരുന്നു. ചിക്കൻ വേവിച്ച് അതിലേക്ക് ഓട്സ് ഇട്ട് നന്നായി ഇളക്കി  ഇതു രണ്ടും മാത്രമായി കഴിക്കും. രാത്രിയിൽ മുട്ട പുഴുങ്ങി മുട്ടയുടെ വെള്ളയും കാരറ്റും സോയ ചങ്ക്‌സും വേവിച്ചത് എല്ലാം കൂടി കാലറിയുടെ കൃത്യം കണക്ക് നോക്കി ആ കണക്കിനനുസരിച്ച് കഴിക്കുമായിരുന്നു. അങ്ങനെയാണ് ഡയറ്റ് പൊയ്ക്കൊണ്ടിരുന്നത്. ഷംലയ്ക്ക് മുട്ട ഇഷ്ടമില്ലാത്തതിനാൽ വൈകിട്ടും സ്മൂത്തിയോ ഫ്രൂട്സോ ആണ് കഴിച്ചിരുന്നത്. ഇപ്പോഴും ഈ രീതി തുടരുന്നുണ്ട്. 

nithin3

രൂപം മാറി, ചെറുപ്പം ആയി

വെയ്റ്റ് ലോസിനു ശേഷം വന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്  നമ്മുടെ രൂപം മാറി കുറച്ചു കൂടി ചെറുപ്പം ആയി എന്ന ഒരു ഫീലിങ് ആണ്. ഞങ്ങളെ കാണുമ്പോൾ പത്തു വയസ്സ് കുറഞ്ഞതു പോലെ ഉണ്ടല്ലോ എന്നു പറയും. കൈയും കാലു ഒക്കെ നന്നായി ടോൺഡ് ആയി. ഫാറ്റ് പോയി വയറൊക്കെ ഒതുങ്ങി. സ്റ്റാമിന കൂടി. മുൻപ് സൈക്കിൾ ചവിട്ടുമ്പോൾ ബുദ്ധിമുട്ടുണ്ടായിരുന്നു. വെയ്റ്റ് കുറച്ചപ്പോൾ സൈക്കിളിൽ പോകാൻ വളരെ ഈസി ആയി. മുൻപ് രണ്ടു കിലോമീറ്റർ വരെ സൈക്കിൾ ചവിട്ടിയിരുന്ന എനിക്ക് ഇപ്പോൾ ഒരു മണിക്കൂർ കൊണ്ട് 25 കിലോമീറ്റർ ഒക്കെ ചവിട്ടാൻ പറ്റും. അതേപോലെ കുറച്ചു കൂടി ഈസി ആയി ഇരുന്ന് ഡ്രൈവ് ചെയ്യാൻ പറ്റുന്നു. മറ്റൊരു പ്രധാന കാര്യം കോൺഫിഡൻസ് വളരെയധികം കൂടിയെന്നതാണ്. നേരത്തേ ഏതു കാര്യം ചെയ്യുമ്പോഴും എന്നെക്കൊണ്ട് പറ്റുമോ എന്ന് ചിന്തിച്ചിരുന്നു. ഇപ്പോൾ എന്തും എനിക്ക് ചെയ്യാൻ പറ്റും എന്നൊരു ആത്മവിശ്വാസം തോന്നാറുണ്ട്. ഞാൻ അറച്ചു നിന്നിട്ടുള്ള പല കാര്യങ്ങളും എന്തായാലും ചെയ്യണം എന്ന് തോന്നാറുണ്ട്.

ഞങ്ങൾക്ക് രണ്ടാൾക്കും മാറ്റം വന്നുതുടങ്ങിയപ്പോൾ എന്താ ചെയ്യുന്നത് എന്നുള്ള അന്വേഷണവും പ്രോത്സാഹനവും ഒക്കെ ബന്ധുക്കളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. പിന്നെ ലോക്ഡൗൺ ആയതു കൊണ്ട് എങ്ങും പോകാതെ കൃത്യമായി എല്ലാ വർക്ക് ഔട്ടുകളും ചെയ്യാനും പറ്റി. 

ലോക്ഡൗണ്‍ തന്ന പണി

ലോക്ഡൗണിൽ വീട്ടിലായതുകൊണ്ട് ഭാരം കുറഞ്ഞെങ്കിലും പുറത്തിറങ്ങാത്തതുകൊണ്ട് വസ്ത്രത്തിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടായില്ല. അങ്ങനെ ഇരുന്നപ്പോഴാണ് ഒരു ദിവസം കസിന്റെ കൂടെ പുറത്തു പോകേണ്ടി വന്നത്. പാന്റുകൾ ഒന്നും ചേരുന്നില്ല, ഉപയോഗിച്ചിരുന്നത് 36–38 സൈസ് ആയിരുന്നു. ഷർട്ടുകൾ അയഞ്ഞു തൂങ്ങി വേറൊരു കോലം ആയി. അവസാനം ഒരു കടയിൽ ചെന്ന്  32 - 34 വെയിസ്റ്റിലുള്ള ഒരു പാന്റ് എടുത്തു. അതു പാകമെന്നു കണ്ടതോടെ എന്തെന്നില്ലാത്ത സന്തോഷമായി. പക്ഷേ പാകമുള്ള ഷർട്ട് കിട്ടിയില്ല. അവസാനം കസിന്റെ തന്നെ ഷർട്ടുമിട്ടാണ് പോയത്. അന്ന് ആ ഷർട്ടും പാന്റും ഇട്ട് ഒരു ഫോട്ടോ എടുത്തു,  വണ്ണം ഉള്ളപ്പോഴുള്ള ഒരു ഫോട്ടോയും വണ്ണം കുറഞ്ഞ സമയത്തെ ആ ഫോട്ടോയും കൂടി വാട്‍സ് ആപ്പിലും ഫെയ്സ് ബുക്കിലും ഇട്ടു. നേരത്തെ ഞാൻ ഇടുന്ന പോസ്റ്റുകൾക്ക് വലിയ റിയാക്‌ഷൻ ഒന്നും കിട്ടാറില്ലായിരുന്നു. പക്ഷേ ഈ ഒരു സ്റ്റോറിക്ക് ഒരുപാട് റിയാക്‌ഷൻ കിട്ടി. ഒരുപാട് പേർ എന്താ ചെയ്‌തത്‌ എന്ന് ചോദിച്ചു. ഇതാരാ, പത്തു വയസ്സ് കുറഞ്ഞതു പോലെ ഉണ്ടല്ലോ എന്നു പറഞ്ഞ് എല്ലാവരും അഭിനന്ദിച്ചു. എനിക്കുതന്നെ അദ്ഭുതമായിപ്പോയി.

English Summary : Weight loss tips of Nithin and Shamla

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA