ADVERTISEMENT

മക്കള്‍ രണ്ടായപ്പോഴാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ എലിസബത്ത് തടി വയ്ക്കാന്‍ തുടങ്ങിയത്. ജോലിയും മക്കളെ നോക്കലും വീട്ടുകാര്യങ്ങളും ഒക്കെയായി തന്റെ ആരോഗ്യത്തെക്കുറിച്ച് അടുത്തകാലം വരെ എലിസബത്ത് ചിന്തിച്ചിട്ടേയില്ല. പക്ഷേ സുഹൃത്തുക്കളുമൊത്ത് ഒരു യാത്ര പോയപ്പോള്‍ എടുത്ത ചിത്രം കണ്ട് മകള്‍ പറഞ്ഞപ്പോഴാണ് തന്റെ ശരീരം എത്രത്തോളം തടിച്ചുവെന്ന് എലിസബത്ത് ചിന്തിച്ചു തുടങ്ങിയത്. തടി കുറയ്ക്കാനുള്ള ഉദ്യമത്തിന് ഭാര്യയ്ക്ക് കൂട്ടായി ഭര്‍ത്താവ് കൂടി എത്തിയപ്പോള്‍ 74ല്‍ നിന്ന് എലിസബത്തിന്റെ ഭാരം 62ലെത്തി. അതായത് ആറുമാസത്തിനുള്ളില്‍ കുറച്ചത് 12 കിലോ. 2021 മഹാമാരിയുടെ കാലഘട്ടമാണെങ്കിലും എലിസബത്തിനിത് മാറ്റങ്ങളുടെ കൂടി വര്‍ഷമാണ്. ഭാരം കുറച്ച് ഒന്നു കൂടി സുന്ദരിയായതിന്റെ, ഇഷ്ടവസ്ത്രം ധരിക്കുന്നതിന്റെ ഒക്കെ സുന്ദരമായ വര്‍ഷം. ആ യാത്രയെക്കുറിച്ച് പറയുമ്പോള്‍ തന്നെ മസ്‌കറ്റിലെ സിവില്‍ ഡിഫന്‍സ്‌ട്രെയിനിങ് വിഭാഗത്തില്‍ ലാംഗ്വേജ് അധ്യാപികയായ എലിസബത്ത് സജു വര്‍ഗീസിന്റെ കണ്ണില്‍ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. 

ക്രെഡിറ്റ് കുടുംബത്തിന്

രണ്ടാമത്തെ മകള്‍ ജനിക്കുന്നതുവരെ ഞാന്‍ നല്ല മെലിഞ്ഞിട്ടായിരുന്നു. പക്ഷേ തുടര്‍ന്ന് തൈറോയിഡ് പ്രശ്നം കൂടി വന്നതോടെ ഞാന്‍ ഭയങ്കരമായി തടിച്ചു. ഒരു സമയവും വെറുതേയിരിക്കുന്ന ആളല്ല ഞാന്‍. എപ്പോഴും എന്തെങ്കിലും ജോലിയില്‍ മുഴുകിയിരിക്കും. അധ്യാപനത്തിനൊപ്പം ബേക്കിങ് പാഷനായി കൊണ്ടുനടന്നിരുന്നു. നല്ല മധുരപ്രിയയായിരുന്നു. രാവിലെ 6.45ന് ജോലിക്ക് പോകണം. അതിനു മുന്‍പുതന്നെ വീട്ടിലെ ജോലികളെല്ലാം തീര്‍ത്തിരിക്കും. തുടര്‍ന്ന് വൈകിട്ടെത്തിയാല്‍ ബേക്കിങ്ങും മറ്റുമായി തിരക്കിലാവും. അതുകൊണ്ടുതന്നെ ശരീരത്തിന് ആവശ്യത്തിലധികം വ്യായാമം കിട്ടുന്നുണ്ടെന്ന തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മൂത്ത മകളാണ് എന്റെ ശരീരം വളരെ തടിച്ച് അമ്മച്ചി ലുക്കായെന്ന് പറഞ്ഞത്. ഇതെന്നെ മാറ്റി ചിന്തിപ്പിച്ചു. ആയിടയ്ക്ക് ഹസ്ബന്റാണ് ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ് ലോസ് ഗ്രൂപ്പിനെക്കുറിച്ച്  പറഞ്ഞത്. അവരുടെ ഫിറ്റ്നസ് രീതികളോട് താത്പര്യം തോന്നി. മനോരമ ഓൺലൈനിൽതന്നെ പ്രസിദ്ധീകരിച്ച ഒരു അധ്യാപികയുടെ വെയ്റ്റ് ലോസ് ജേണിയെക്കുറിച്ച് വായിച്ചതോടെ ഞാനും ഈ ഗ്രൂപ്പിന്റെ ഭാഗമാകാൻ തീരുമാനിച്ചു. 

ഡബിള്‍ എക്സ് എല്ലില്‍ നിന്ന് മീഡിയത്തിലേക്ക്

മൂന്നു മാസം കൊണ്ടുതന്നെ നല്ല മാറ്റം ഫീല്‍ ചെയ്തു. ഏറ്റവും വലിയ സന്തോഷം തോന്നിയത് വസ്ത്രങ്ങളുടെ അളവ് ഡബിള്‍ എക്സ് എല്ലില്‍ നിന്ന് മീഡിയത്തിലേക്ക് എത്തിയപ്പോഴായിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാമല്ലോ. ഇതോടൊപ്പം എന്റെ തൈറോയ്ഡ്, എച്ച് ബി ലെവലും നോര്‍മലായി. ശരീരഭാരം കുറയുക എന്നതിനെക്കാള്‍ ആകാരഭംഗി തിരികെ കിട്ടുകയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അതും നടന്നു. കൊഴുപ്പ് പൂര്‍ണമായി മാറിയ ഫ്ളാറ്റി ബെല്ലിയാണ് എന്റെ അടുത്ത ലക്ഷ്യം. അതിലേക്കുള്ള യാത്രയിലാണ് ഞാന്‍. 

മാറ്റിനിറുത്തിയില്ല, അളവു കുറച്ചു

ഭക്ഷണം ഒഴിവാക്കുകയല്ല കഴിക്കുന്നതിന്റെ അളവു കുറയ്ക്കുകയാണ് ആദ്യം ചെയ്തത്. പ്രോട്ടീന്‍ റിച്ച് ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി. ആദ്യ മൂന്നു മാസം ഭക്ഷണമെല്ലാം അളവു നോക്കി കാലറി കണക്കാക്കിയായിരുന്നു കഴിച്ചിരുന്നത്. ആ കടമ്പ വിജയകരമായി പൂര്‍ത്തിയാക്കി. ഇപ്പോള്‍ എന്തും മിതമായി കഴിക്കാം. പ്രശ്നമില്ല. മധുരവും ചോറും തുടക്കത്തില്‍ ഒഴിവാക്കിയിരുന്നു. സോയ ഉത്പന്നങ്ങള്‍, മീന്‍ തുടങ്ങിയവ കഴിക്കുന്നതിന്റെ അളവ് കൂട്ടി. സ്നാക്സിന് പകരം യോഗര്‍ട്ട് പോലുള്ളവ പരീക്ഷിച്ചു.  വലിയൊരു കൂട്ടായ്മയ്ക്കൊപ്പം വെയ്റ്റ് ലോസ് യാത്ര ആരംഭിച്ചതിനാല്‍ ഒരിടത്തും മടുപ്പ് തോന്നിയിരുന്നില്ല. ഭാരം കുറയുന്നതിന്റെ ആത്മവിശ്വാസവും കൂട്ടിനുണ്ടായിരുന്നു. വീട്ടില്‍തന്നെ വ്യായാമം ചെയ്യാമെന്നതായിരുന്നു മറ്റൊരു ആകര്‍ഷണീയത. ഭാരനിയന്ത്രണത്തിലെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. വെയ്റ്റ് കുറഞ്ഞപ്പോള്‍ ഭയങ്കരമായി ക്ഷീണിച്ചുപോയെന്ന് പറഞ്ഞവരുണ്ട്. അതൊന്നും ശ്രദ്ധിക്കാതിരുന്നാല്‍ മതി. ഇളയ മകള്‍ പറയുന്നത് ഇനി ഭാരം കുറയ്ക്കണ്ട എന്നാണ്. പക്ഷേ ഈ ശരീര രീതി നിലനിറുത്തിക്കൊണ്ടു പോകാന്‍ ഞാന്‍ ആജീവനാന്തം പരിശ്രമിക്കും. ആരോഗ്യകരമായ ശരീരം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. 

elizabeth2

ഭക്ഷണ രീതി

 ∙ പ്രഭാത ഭക്ഷണം എന്തായാലും ഒരെണ്ണം. അതിനാപ്പം പയറ്, സോയ തുടങ്ങിയതെന്തെങ്കിലും. 

 ∙ പത്തു മണിക്ക് സ്നാക്കായി ഒരു യോഗര്‍ട്ട്

 ∙ ഉച്ചയ്ക്ക് ചപ്പാത്തിയോ പ്രോട്ടീന്‍ ബ്രെഡോ. ഒപ്പം വെജിറ്റബിള്‍, പിന്നെ ഇത്തിരി ഫ്രൂട്ട്സ്

 ∙ രാത്രി ഒരു ചപ്പാത്തിയും ചിക്കനോ മീനോ ഒപ്പം കഴിക്കും

 ∙ ദിവസവും രണ്ട് മുതല്‍ മൂന്നു ലീറ്റര്‍ വരെ വെള്ളം കുടിക്കും. 

 രാവിലെ യോഗയും മസില്‍ സ്ട്രെങ്തനിങ് എക്‌സര്‍സൈസും ചെയ്യും. വൈകിട്ട് ഒരല്പനേരം കാര്‍ഡിയാക് എക്സര്‍സൈസ്. ജീവിതം ഹാപ്പി

പടിക്കെട്ടുകള്‍ ഓടിക്കയറുക, കൂടുതല്‍ നേരം നില്‍ക്കാന്‍ കഴിയുക. നടക്കാന്‍ കഴിയുക ഇതൊക്കെ തന്നെയാണ് വെയ്റ്റ് ലോസിലൂടെ ഞാന്‍ നേടിയ ഗുണങ്ങള്‍. പിന്നെ മുന്‍പ് ഞാന്‍ പഠിപ്പിച്ചിരുന്ന ഇന്ത്യന്‍ സ്‌കൂളിലെ കുട്ടികള്‍ എന്റെ ഫെയ്സ്ബുക്ക് ചിത്രങ്ങള്‍ കണ്ട് ടീച്ചര്‍ക്ക് ഒരു മാറ്റവുമില്ലെന്ന് പറഞ്ഞതാണ് ഏറ്റവും വലിയ അഭിനന്ദനം. എന്റെ യാത്ര മറ്റൊരാള്‍ക്ക് പ്രചോദനമാകുമെങ്കില്‍ അതിനെക്കാള്‍ പുണ്യം വേറെയില്ല.

English Summary : Weight loss tips of Elizabeth 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com