‘സംശയിക്കണ്ട ഉണ്ണീ... ഇത് ഫോട്ടോഷോപ്പല്ല, ഞാൻ തന്നെയാ...’: ജിനു ബെന്നിന്റെ വെയിറ്റ് ലോസ് കഥ

HIGHLIGHTS
  • തടി കൂട്ടാൻ 'സ്വന്തം' മെനു പരീക്ഷിച്ചപ്പോൾ മെലിഞ്ഞിരുന്ന ജിനു 'തടിയൻ' കുള്ളനായി
  • പുതുരുചി തേടിയുള്ള വീക്കെൻഡ് യാത്രകൾ വെയിങ് മെഷിനിന്റെ റീഡിങ് എഴുപത് കടത്തി
Jinu Before and After Weight loss
ജിനു ബെൻ വെയിറ്റ് ലോസ് പ്രോഗ്രാമിനു മുൻപും പിൻപും
SHARE

‘‘ശീലത്തിന് ഒരു ശീലമുണ്ട്... അത് നമ്മുടെ അനുവാദത്തിനുപോലും കാത്തുനിൽക്കാതെ നമ്മളെയും കൊണ്ട് അങ്ങ് പോകും...’’. അമൽ നീരദ് സംവിധാനം ചെയ്ത ‘കുള്ളന്റെ ഭാര്യ’യിൽ ദുൽഖർ സൽമാൻ പറയുന്ന ഈ ഡയലോഗ് ചിത്രത്തിലെ നായകനായ ജിനു ബെൻ വീണ്ടും ഓർത്തെടുത്തത് എട്ടു വർഷത്തിനിപ്പുറമാണ്. അങ്ങനെ ആദ്യ ലോക്ഡൗൺ കാലത്ത് അമിതഭക്ഷണമെന്ന ശീലത്തിന് ‘കട്ട്’ പറഞ്ഞ് ശരീരഭാരം കുറച്ചു. കഠിനമായ വ്യായാമമുറകളൊന്നുമില്ലാതെ, ഭക്ഷണം ക്രമീകരിച്ച്, ഉയരത്തിനൊത്ത ശരീരഭാരം കഴിഞ്ഞ ഒരു വർഷമായി നിലനിർത്തുന്നു ജിനു. ഈ മാറ്റത്തിന്റെ ഫോട്ടോ കണ്ടിട്ട് വിശ്വാസം വരാത്തവരോട് ജിനുവിനു പറയാനുള്ളത് ഇത്രമാത്രം – ‘സംശയിക്കേണ്ട ഉണ്ണീ... ഇത് ഞാൻ തന്നെയാണ്’. ഫിറ്റ്നസ് എന്നാൽ മസിൽ പെരുപ്പിക്കുന്നതല്ല, ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കുകയാണെന്നു ജിനു വ്യക്തമാക്കുന്നു.

സീൻ 1 

തടി കൂട്ടാൻ ‘സ്വന്തം’ മെനു

കുള്ളന്റെ ഭാര്യയിലേക്ക് തിരഞ്ഞടുക്കപ്പെട്ട ദിവസം സംവിധായകൻ അമൽ നീരദ് ഒരുകാര്യം മാത്രമാണ് പറഞ്ഞത് – മൂന്നു മാസം കൊണ്ട് ശരീര ഭാരം കൂട്ടണം. കുള്ളന്റെ പൊക്കക്കുറവ് എടുത്തുകാട്ടാൻ തടിച്ച ശരീരം അനിവാര്യമെന്ന് പറയുമ്പോഴും ഒരു മുന്നറിയിപ്പും അമൽ നൽകി – തടി കൂട്ടാൻ എളുപ്പമാണ്. പക്ഷേ കുറയ്ക്കാൻ വളരെ ബുദ്ധിമുട്ടാണ്. ആദ്യ സിനിമയിലെ കഥാപാത്രത്തിനായി ശരീരഭാരം കൂട്ടാൻ ജിനു പ്രയോഗിച്ച മാർഗമിതായിരുന്നു – പ്രാതൽ മുതൽ അത്താഴം വരെയുള്ള ഭക്ഷണത്തിന്റെ അളവ് കൂട്ടി. ഒരു ഉറപ്പിന് അത്താഴത്തിന് പതിവായി ഷവർമയും ചോക്കലറ്റ് മിൽക്ക് ഷേയ്ക്കും ! തുടർച്ചയായി രണ്ടു മാസം സ്വയം തീരുമാനിച്ച ഡയറ്റ് ശരിക്കും ‘ശരീര’ത്തിൽ പിടിച്ചു. ഷൂട്ടിങ്ങിന് ഒരാഴ്ച മുൻപ് കണ്ണാടി നോക്കിയപ്പോൾ കഥാപാത്രത്തിനു വേണ്ട രൂപമാറ്റം വന്നു കഴിഞ്ഞു. ചെറുപ്പം മുതൽ മെലിഞ്ഞിരുന്ന ജിനു അങ്ങനെ ‘തടിയൻ’ കുള്ളനായി. ഒറ്റ ഡയലോഗ് പോലും പറയാത്ത ആദ്യ സിനിമയിൽ ശരീരം കൊണ്ട് കഥ പറഞ്ഞ് പ്രേക്ഷക മനസ്സിലിടവും നേടി. സിനിമ തിയറ്ററുകളിൽനിന്നു പോയതിനു ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും ജിനുവിന്റെ ശരീരത്തിന്റെ തൂക്കം കൂടുകയല്ലാതെ കുറഞ്ഞില്ല. ഫെയ്സ്ബുക്കിന്റെ ഹൈദരബാദ് ക്യാംപസിലെ ജോലിക്കു ശേഷം ചെന്നൈയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹത്തിനു ശേഷം ജോലി സംബന്ധമായി ചെെെന്നയിൽ കുടുംബസമേതം സ്ഥിരതാമസമാക്കിയപ്പോഴും ഭക്ഷണകാര്യത്തിൽ നിയന്ത്രണമൊന്നും പാലിച്ചില്ല. ഔദ്യോഗിക വിരുന്നുകളും ഭാര്യ അശ്വതിയുടെ പാചകപരീക്ഷണങ്ങളും പുതുരുചി തേടിയുള്ള വീക്കെൻഡ് യാത്രകളും വെയിങ് മെഷിനിന്റെ റീഡിങ് എഴുപത് കടത്തി.

കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിൽ നിന്ന്
കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിൽ നിന്ന്

സീൻ 2 

‘പണി’യെടുക്കാത്ത ക്ലയന്റും ട്രെയിനറുടെ ക്ഷമയും

ആദ്യ ലോക്ഡൗൺ സമയത്ത് ജിനുവും കുടുംബവും സ്വദേശമായ കോട്ടയത്തായിരുന്നു. നാലു ചുവരിനുള്ളിലേക്ക് ലോകം ഒതുങ്ങിയപ്പോൾ ചെറിയ നടത്തം പോലും ഇല്ലാതെയായി. കുടവയർ ചാടിയതും നാലരവയസ്സുകാരൻ മകൻ ഡാനിയുടെ പിന്നാലെ ഒാടുമ്പോൾ കിതപ്പ് അനുഭവപ്പെട്ടതുമാണ് ആരോഗ്യത്തെക്കുറിച്ച് ഗൗരവമായി ജിനുവിനെ ചിന്തിപ്പിച്ചത്. പ്രകടമായി കാണുന്ന കുടവയർ എങ്ങനെ കുറയ്ക്കാമെന്നായിരുന്നു ജിനുവിന്റെ ആദ്യ ചിന്ത. ജിമ്മിൽ പോയി വർക്കൗട്ട് നടത്തി തടി കുറയ്ക്കാൻ പറ്റില്ല. പട്ടിണി കിടക്കാനും വയ്യാ. ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാമിൽ പരതുമ്പോഴാണ് ഫിറ്റ്നസ് ട്രെയിനർ ഡാനി മാപ്പാലയുടെ ‘ബോഡി ട്രാൻസ്ഫർമേഷൻ’ ഫോട്ടോ പോസ്റ്റിൽ കണ്ണുടക്കിയത്. പോസ്റ്റുകളിൽ പലതും കണ്ടപ്പോൾ സമാനമായ ശരീരപ്രകൃതിയുളളവരുടെ ശരീരത്തിന്റെ മാറ്റത്തിന്റെ നേർകാഴ്ചയാണ്. സുഹൃത്ത് ഫുഡ്ഹണ്ടർ സാബു വഴി അങ്ങനെ ഡാനിയിലേക്ക് എത്തുകയായിരുന്നു. ആദ്യ വിളിയിൽത്തന്നെ ഡാനിയോട് ജിനു ഫിറ്റനസ് നയം വ്യക്തമാക്കി – കുടവയർ കുറയ്ക്കണം, മസിൽ പെരുപ്പിക്കേണ്ട, കഠിനമായ വർക്കൗട്ടും പറ്റില്ല... ഡയറ്റിന്റെ കാര്യം വഴിയേ തീരുമാനിക്കാം ! തന്നെ പോലെയൊരു ക്ലയന്റിനെ ഒരു ഫിറ്റ്നസ് ട്രെയിനറും ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ലെന്നാണ് ആദ്യ ഫോൺ വിളിയെക്കുറച്ച് ജിനു പറയുന്നത്. ‘വേറെ ആരെങ്കിലുമായിരുന്നെങ്കിൽ അപ്പോൾത്തന്നെ ഫോൺ കട്ടു ചെയ്യുമായിരുന്നു. എല്ലാം ക്ഷമയോടെ കേട്ടിരുന്ന ശേഷം ഡാനിയുടെ മറുപടി വളരെ പോസറ്റീവായിരുന്നു – നമുക്ക് ശ്രമിക്കാം ! അങ്ങനെ ജനുവരി പതിനെട്ടിന് ജിനു ‘കുടവയർ’ ചിത്രം ഡാനിക്ക് അയയ്ച്ച് ഫിറ്റ്നസ് യാത്രയ്ക്ക് തുടക്കമിട്ടു, എത്ര ദിവസം തുടരുമെന്നറിയാതെ.

സീൻ 3

ഫിറ്റ്നസ് തുടങ്ങി, ദേഷ്യം പെട്ടെന്ന് കൂടി !

ഫിറ്റ്നസ് പ്രോഗാമുകൾക്ക് ഭാര്യയും ഭർത്താവും ഒരുമിച്ച് ചേരുന്നതിന്റെ രണ്ടു ഗുണങ്ങൾ ജിനു പറയുന്നു. ഒന്നാമതായി,  ഡയറ്റിലെ മാറ്റം നമ്മുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ വരുത്താനിടയുണ്ട്. പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിച്ചപ്പോൾ ആദ്യ ദിവസങ്ങളിൽ ജിനുവിന് പെട്ടെന്ന് ദേഷ്യം വരുമായിരുന്നു. അതെല്ലാം വീട്ടുകാർ കൂടി മനസ്സിലാക്കുമ്പോൾ അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. രണ്ടാമതായി, പാചകം വളരെ എളുപ്പമായിരിക്കും. 

രണ്ടാഴ്ചത്തേക്കു വേണ്ട ഡയറ്റ് ചാർട്ടാണ് ജിനുവിനായി ഡാനി ആദ്യം തയാറാക്കിയിരുന്നത്. എണ്ണയും പ്രോസസ്ഡ് പഞ്ചസാരയും ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാണ് ഡാനി ആദ്യമായി ആവശ്യപ്പെട്ടത്. എണ്ണപ്പലഹാരം എന്ത് കഴിച്ചാലും നെഞ്ചെരിച്ചിൽ അനുഭവപ്പെട്ടിരുന്ന ജിനുവിന് അത് വളരെ ആശ്വാസമായി. ആദ്യ ആഴ്ച പിന്നിട്ടപ്പോൾത്തന്നെ ജിനുവിന് ശരീരത്തിൽ പ്രകടമായ മാറ്റം കാണാൻ തുടങ്ങി. ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ജിനു നേരെ പോകുന്നത് വെയിങ് മെഷീനിലേക്കാണ്. 

‘ക്ലാസ് ടീച്ചർക്ക് ഹോം വർക്ക് സമർപ്പിക്കുന്ന കുട്ടിയെ പോലെയായിരുന്നു ദിനചര്യ. രാവിലെ ശരീരഭാരം നോക്കി വെയിറ്റ് രേഖപ്പെടുത്തി ഡാനിക്ക് വാട്സപ് ചെയ്യും. ഡാനിയുടെ തംസപ് ഉടനെ ലഭിക്കും. അതായിരുന്നു ശരിക്കുമുളള മോട്ടിവേഷൻ. ഡയറ്റ് എനിക്ക് മടുക്കാതിരിക്കാൻ ഡാനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഭക്ഷണക്രമം മാറ്റി പരീക്ഷിച്ചു. അപ്പോഴേയ്ക്കും ഭാര്യ അശ്വതിയും വെയ്റ്റ് ലോസ് കോഴ്സിന് ഒപ്പം കൂടി. രണ്ടു പേർക്കും വ്യത്യസ്തമായ പരീശീലന രീതിയാണ് ഡാനി നിർദേശിച്ചത്. മൂന്നാം മാസം മുതൽ ചെറിയ വർക്കൗട്ട് വിഡിയോകൾ അയച്ചു തന്നു. വിഡിയോ തന്ന ദിവസം ഇത് എത്ര തവണ കാണണമെന്നായിരുന്നു എന്റെ ചോദ്യം. ഒരുപക്ഷേ കരിയറിൽ ഡാനിയോട് ആദ്യമായി ഒരു ക്ലയന്റ് ചോദിച്ച ചോദ്യമായിരിക്കുമിത്. വർക്കൗട്ട് ചെയ്യാൻ ഡാനി എന്നെ ഒരിക്കലും നിർബന്ധിച്ചില്ല. സൈക്കിളിങ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. രണ്ടു ദിവസം സൈക്കിളിങ് നടത്തിയെങ്കിലും മടി കാരണം ഉപേക്ഷിക്കുകയായിരുന്നു. എനിക്ക് മടുപ്പായെന്ന് തോന്നുമ്പോൾ ഡാനി പുതിയ ഡയറ്റ് പ്ലാൻ നിർദേശിക്കും. അതോടെ ഞാൻ വീണ്ടും ഉഷറാകും. അങ്ങനെ അഞ്ചു മാസത്തെ കൃത്യമായ ഡയറ്റ് കൊണ്ടു മാത്രം ശരീരഭാരം 56 എന്ന സംഖ്യയിൽ എത്തി. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നല്ലൊരു ഫിറ്റ്നസ് ട്രെയിനറും കൃത്യമായ ഡയറ്റുമുണ്ടെങ്കിൽ കഠിനമായ വ്യായാമമൊന്നുമില്ലാതെ ഭാരം കുറയ്ക്കാം. അവനവന്റെ ശരീരത്തിന് അനുയോജ്യമായ വ്യായാമവും ഡയറ്റും കൊണ്ട് ശരീരത്തെ ടോൺ ചെയ്തെടുക്കുക, ആരോഗ്യത്തോടെയിരിക്കുക’

ജിനുബെൻ
ജിനു ബെൻ വെയിറ്റ് ലോസ് പ്രോഗ്രാമിനു ശേഷം

ബാക്കി കഥ ഇനി ഡാനി പറയും...

വെയ്റ്റ് ലോസ് പ്രോഗാമിൽ ജിനുവിനെ ബോറടിപ്പിക്കാതെ നോക്കുകയെന്നതായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളി. ഏതൊരു വെയ്റ്റ് ലോസ് പ്രോഗ്രാമിന്റെ വിജയം ട്രെയിനറും ക്ലയന്റും തമ്മിലുള്ള ബന്ധമാണ്. തീരെ വർക്കൗട്ട് ഇല്ലാതെ ബോഡി ട്രാൻസ്ഫോർമേഷൻ സാധ്യമാക്കിയത് ഞങ്ങൾ തമ്മിലുള്ള പോസറ്റീവ് കെമിസ്ട്രിയാണ്. പ്രോസസഡ് ഷുഗറും ജങ്ക് ഫുഡും പൂർണമായി ഒഴിവാക്കുകയെന്നതായിരുന്നു ആദ്യ പടി. ഒപ്പം ജിനുവിനായി തയാറാക്കിയ സ്പെഷൽ ഡയറ്റ് പ്ലാനും. ഒരോ രണ്ടാഴ്ച കൂടുമ്പോഴും പ്ലാൻ മാറ്റുമായിരുന്നു. ജിനുവും ഭാര്യ അശ്വതിയും ഒരുമിച്ച് വെയിറ്റ് ലോസ് പ്രോഗ്രാമിനു വന്നതും എന്റെ ജോലി ഇരട്ടിയാക്കി. രണ്ടു പേർക്ക് വ്യത്യസ്തമായ രീതിയിൽ ഡയറ്റ് പ്ലാൻ വേണ്ടി വന്നു. ഡയറ്റ് പ്ലാനിൽ ഫാറ്റ്, പ്രൊട്ടീൻ, വൈറ്റമിൻ, കാർബോഹൈഡ്രേറ്റ് എന്നിവ സമീകൃതമായി ക്രമീകരിച്ചു. രണ്ടാഴ്ച പിന്നിട്ടപ്പോൾത്തന്നെ ജിനുവിന്റെ ശരീരത്തിൽ മാറ്റം പ്രകടമായി തുടങ്ങി. വയർ മാത്രം കുറയ്ക്കുകയല്ല പകരം ശരീരം പൂർണമായി ടോൺ ചെയ്തെടുക്കുന്ന രീതിയാണ് അവലംബിച്ചത്. ക്യത്യമായി ഡയറ്റ് പാലിച്ച ജിനുവിനോട് വീക്കെൻഡിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ നിർദേശം നൽകിയെങ്കിലും ജിനു അതിന് വഴങ്ങിയില്ല. ഇപ്പോഴും ഡയറ്റ് പാലിക്കുന്നതാണ് ജിനുവിന്റെ ഫിറ്റ്നസിന്റെയും ബോഡി ട്രാൻസ്ഫർമേഷന്റെയും രഹസ്യം. 

ഫിറ്റ്നെസ് ട്രെയിനർ ഡാനി മാപ്പാല
ഫിറ്റ്നെസ് ട്രെയിനർ ഡാനി മാപ്പാല

സിക്സ് പായ്ക്കല്ല ഫിറ്റ്നസ്

ശരീരഭാരം കുറയ്ക്കണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും കഠിനമായ വർക്കൗട്ടുകളെക്കുറിച്ച് ഒാർക്കുമ്പോൾ പിൻവാങ്ങും. പലരും മറ്റുള്ളവരുടെ ശരീരത്തിന്റെ മാറ്റം കണ്ടിട്ട് ഫിറ്റ്നസ് പ്രോഗ്രാമുകൾക്ക് തുടക്കമിടും. കുറച്ച് നാളുകൾ കൊണ്ട് പെട്ടെന്ന് തടി കുറയുമെന്ന് കരുതുന്നത് തെറ്റാണ്. മികച്ച ഫലത്തിന് ക്ഷമയോടെ കാത്തിരിക്കുകയാണ് അഭികാമ്യം. ചിലർ ഇന്റർനെറ്റിൽ പരതി സ്വയം ട്രെയിനിങ് നടത്തി ശരീരത്തിന് കേട് വരുത്തും. ബോഡി ട്രാൻഫർമേഷനും ഫിറ്റ്നസ് ട്രെയിനറുടെയും ന്യൂട്രീഷനിസ്റ്റിന്റെയും മാർഗനിർദേശം ആവശ്യമാണ്. ഓരോരുത്തരുടെയും ശരീരസ്ഥിതി വ്യത്യസ്തമായതിനാൽ ഒരോരുത്തർക്കും അനുയോജ്യമായ ഡയറ്റ് പ്ലാനും വർക്കൗട്ടും ആവശ്യമാണ്. 

ആദ്യമാസങ്ങളിൽ ഒരോരുത്തരുടെയും ബോഡി വെയിറ്റ് കൊണ്ട് തന്നെയാണ് ശരീരം ക്രമപ്പെടുത്തുക. ലളിതമായ വ്യായാമമുറകളിൽ തുടങ്ങി ക്രമേണ വർക്കൗട്ടുകളിലേക്ക് പുരോഗമിക്കുന്ന രീതിയാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ മസിലുകൾക്ക് ഏൽക്കുന്ന ചെറിയ ക്ഷതങ്ങൾ ശരീരവേദനയായി മാറി ഫിറ്റ്നസ് പ്രോഗ്രാമിൽനിന്നു പിൻവാങ്ങാൻ കാരണമാകും. വാരിവലിച്ച് ഭക്ഷണം കഴിച്ചിട്ട് കഠിനമായി വർക്കൗട്ട് ചെയ്താൽ ബോഡി ടോണായി നല്ല ഷെയ്പ് വരുമെന്ന് കരുതുന്നവരും കുറവല്ല. സിനിമാതാരങ്ങളെ പോലെ സിക്സ് പായ്ക്ക് നേടുന്നതാണ് ആരോഗ്യമെന്ന് കരുതുന്നതും തെറ്റാണ്. ബോഡി ബിൽഡിങ്, ശരീര സൗന്ദര്യ മൽസരങ്ങൾക്ക് പോകുന്നവർക്ക് മാത്രമല്ലേ സിക്സ് പായ്ക്കിന്റെ ആവശ്യമെന്ന് ആരും ഒാർക്കാറില്ല.

പ്രോട്ടീൻ പൗഡർ കഴിച്ചാൽ തടിവയ്ക്കുമെന്ന് കരുതുന്നതാണ് മറ്റൊരു തെറ്റ്. ഭക്ഷണത്തിൽനിന്ന് ശരീരത്തിന് കിട്ടുന്ന പ്രൊട്ടീനാണ് ഏറ്റവും നല്ലത്. തടി കുറയ്ക്കാൻ എളുപ്പത്തിലുളള ഫോർമുല തേടി പലരും മെസേജ് ഇടാറുണ്ട്. സത്യം പറഞ്ഞാൽ മൂന്ന് കാര്യം പാലിച്ചാൽ ഏതൊരു ശരീരവും ആരോഗ്യത്തോടെ ട്രാൻസ്ഫോം ചെയ്തിടക്കാം –  പോഷക സമ്പൂർണ്ണമായ ഡയറ്റ്, ആവശ്യത്തിനുള്ള വ്യായാമം, കൃത്യമായ അളവിൽ വെള്ളം ഒപ്പം ആവശ്യത്തിന് ഉറക്കം. കൃത്യമായ ഇടവേളകളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം ദിവസവും, മറ്റ്  ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ രണ്ടര ലീറ്റർ വെളളം കുടിക്കണം. ഓരോരുത്തരുടെയും ശരീര പ്രകൃതിക്കനുസരിച്ച് ട്രെയിനർ നിർദേശിക്കുന്ന ഡയറ്റ് കൃത്യമായി പാലിക്കുക. അത്താഴം നേരത്തേ കഴിച്ച് കുറഞ്ഞത് ഏഴു മണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക.

ആരോഗ്യതാളം തെറ്റിച്ചൊരു ലോക്ഡൗൺ

ലോക്ഡൗൺ കാലയളവിൽ പലരുടെയും ജീവിതം വീടുകളിലേക്ക് ഒതുങ്ങിയതോടെ വ്യായാമത്തിനുള്ള സാധ്യത കുറഞ്ഞു. ജിമ്മുകളിൽ വർക്കൗട്ട് ചെയ്തിരുന്നവർ പോലും വ്യായാമം കുറച്ചപ്പോൾ ശരീരഭാരം ക്രമാതീതമായി കൂടി. ഒപ്പം അനാരോഗ്യകരമായ ഭക്ഷണ രീതിയും ഗുണത്തെക്കാൾ ദോഷമാണ് ശരീരത്തിന് ചെയ്യുക. ഡ്രൈഫ്രൂട്ട് കഴിച്ചാൽ തടികുറയുമെന്ന് കരുതി ധാരാളം കഴിക്കുന്നവർ തടികുറയുന്നില്ലെന്ന് പരാതി പറയുന്നത് കേൾക്കാറുണ്ട്. അതിന് കാരണം ഡ്രൈഫ്രൂട്ടിന്റെ നിലവാരമില്ലായ്മയാണ്. വിപണയിൽ ലഭിക്കുന്ന ഡ്രൈഫ്രൂട്ടുകളിൽ പലതും ഷുഗർ ഡിപ്ഡാണ്. ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറച്ചാലും ഇത്തരം ഡ്രൈഫ്രൂട്ടുകളിലുളള മധുരം ശരീരഭാരം കൂട്ടുമെന്നത് പലരും അറിയുന്നില്ല. ഒാൺലൈനിലൂടെ ഫിറ്റ്നസ് ക്ലാസ് സംഘടിപ്പിക്കുന്നതിന് പരിമതികളുണ്ട്. ജിമ്മുകൾ വീണ്ടും തുറക്കുമ്പോൾ എല്ലാം പഴയത് പോലെയാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഫിറ്റ്നസ് ഗൗരവമായി എടുക്കുന്നവർ ക്ലബുകളിലേക്ക് മടങ്ങിയെത്തുമ്പോൾ പലരും വീടുകളിൽ മിനി ജിംനേഷ്യം ഒരുക്കുന്നതാണ് പുതിയ പ്രവണത. ട്രെയിനറുടെ കൃത്യമായ മാർഗനിർദേശമില്ലാതെ പരിശീലനം നടത്തുന്നതും ചിലപ്പോൾ ദോഷം ചെയ്യും. സമാനമനസ്കർ ഒരുമിച്ചു ഫിറ്റ്നസ് പ്രോഗ്രാമുകൾക്ക് ചേരുന്നത് നല്ലതാണെങ്കിലും ചിലപ്പോൾ ഒരാളുടെ പിൻമാറ്റം മറ്റൊരാളെയും പിൻവാങ്ങാൻ പ്രേരിപ്പിക്കാം. രണ്ടു പേർക്കും ഒരു പോലെ ഫലം ലഭിക്കണമെന്ന് വാശിയും പിടിക്കരുത്. കാരണം രണ്ടു പേരുടെയും ശരീരസ്ഥിതി വിഭിന്നമാണ്. മറ്റൊരു പ്രധാന കാര്യം ഫിറ്റനസ് ട്രെയിനറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക, ഒാൺലൈനിൽ ട്രെയിനറെ പറ്റിച്ചാൽ നഷ്ടം വെയ്റ്റ് ലോസ് ചെയ്യുന്ന വ്യക്തികൾക്ക് തന്നെയാണ്.

ജിനു കുടുംബത്തോടൊപ്പം
ജിനു,ഭാര്യ അശ്വതി, മകൻ ഡാനി

ഫിറ്റ്നസ് യാത്രയിൽ ജിനുവിന് പറയാനുള്ളത്

ശരീരഭാരം കുറയ്ക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടെങ്കിലും എവിടെ തുടങ്ങണമെന്നാണ് എല്ലാവരുടെയും പ്രശ്നം. നല്ലൊരു ട്രെയിനറും ഓരോരുത്തരുടെയും ശരീരത്തിന് ചേർന്നൊരു ഡയറ്റ് പ്ലാനുമുണ്ടെങ്കിൽ ഘട്ടം ഘട്ടമായി ശരീരഭാരം കുറയ്ക്കാം. ഫിറ്റ്നസ് യാത്ര തുടങ്ങാൻ എല്ലാവർക്കും മടിയുണ്ടെങ്കിലും ദിനചര്യകൾക്കൊപ്പം ഫിറ്റ്നസിനായി ശരീരത്തെ ട്യൂൺ ചെയ്യുകയാണ് ഏറ്റവും നല്ല പ്രതിവിധി. മസിൽ പെരുപ്പിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് പകരം ആരോഗ്യത്തോടെയിരുന്ന് സ്വയം നമ്മളെ ബോധ്യപ്പെടുത്തുകയല്ലേ ഏറ്റവും നല്ലത്. കുടവയർ കുറയ്ക്കുന്നതും മസിൽ പെരുപ്പിച്ച് കാണിക്കുന്നതും മാത്രല്ല ഫിറ്റ്നസ്, ഏത് ജോലിയും അനായാസം ചെയ്യാൻ സാധിക്കുന്നതിന് ശരീരത്തെ ടോൺ‍ ചെയ്യുന്നതാണ് യഥാർഥ ഫിറ്റ്നസ് മന്ത്രം. 

Content Summary : 'Fitness is not just about toned abs': Actor Jinu Ben reveals how a healthy diet, right training helped him shed pounds

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA