ADVERTISEMENT

ചെറുപ്പക്കാർ മുതൽ വൃദ്ധജനങ്ങൾ വരെ നല്ല മെലിഞ്ഞ്, ആരോഗ്യത്തോടെ, നല്ല ഫിറ്റ് ആയി ഇരിക്കുന്ന ഒരു ജനതയുണ്ട്. കൊറിയയിലെ സ്ത്രീകളാണ് പ്രായഭേദമന്യെ വണ്ണം വയ്ക്കാതെ ശരീരത്തിന്റെ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നത്. കൊറിയൻ ചലച്ചിത്രങ്ങളോ, ടിവി ഷോകളോ, സംഗീത ആൽബങ്ങളോ കണ്ടു നോക്കൂ തടികൂടിയ സ്ത്രീകളെ കാണാനാവില്ല. 13 കാരി മുതൽ 70 കാരി വരെ മെലിഞ്ഞ് ആകാരവടിവ് നിലനിർത്തിപ്പോരുന്നത് കാണാം. ലോകമാകെ ആകാംക്ഷയോടും അതിശയത്തോടെയും ആണ് കൊറിയൻ സ്ത്രീകളുടെ ഈ ഫിറ്റ്‌നസിനെ കാണുന്നത്. 

കൊറിയൻ സ്ത്രീകൾ വണ്ണം വയ്ക്കാതിരിക്കുന്നതിനു പിന്നിൽ അവരുടെ ഭക്ഷണം ഒരു പ്രധാന ഘടകമാണ്.  

∙ സമീകൃതാഹാരം 

സാധാരണ എല്ലാ ഡയറ്റ് പ്ലാനുകളും ഏതെങ്കിലും ഒരു ഭക്ഷണം ഒഴിവാക്കാൻ ആവശ്യപ്പെടും. എന്നാൽ കൊറിയൻ ഭക്ഷണ രീതി വളരെ നിയന്ത്രിതവും സമീകൃതവും ആണ്. കൊറിയൻ സ്ത്രീകൾ കഴിക്കാത്തതായി ഒന്നുമില്ല. പ്രോട്ടീൻ മുതൽ കാർബോഹൈഡ്രേറ്റ് വരെ എല്ലാം അടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതിയാണ് അവർ പിന്തുടരുന്നത്. കൊറിയക്കാർ ഏറ്റവും ശ്രദ്ധിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലാണ്. അവർ അമിതമായി ഭക്ഷണം കഴിക്കില്ല എന്നു മാത്രമല്ല, ശാരീരികപ്രവർത്തനം അവരുടെ ദിനചര്യയുടെ ഭാഗം തന്നെയാണ്. 

∙ പച്ചക്കറികൾ 

കൊറിയൻ ഭക്ഷണം കഴിച്ചിട്ടുണ്ടെകിൽ അറിയാം അവർ പച്ചക്കറികൾക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്ന്. മെലിഞ്ഞ ആരോഗ്യമുള്ള ശരീരത്തിനു പിന്നിൽ പ്രധാനമായും പച്ചക്കറികൾ ആണ്. മിക്ക പച്ചക്കറികളും നാരുകൾ ധാരാളം അടങ്ങിയതും കാലറി കുറഞ്ഞതും ആണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പച്ചക്കറികളിലെ നാരുകൾ വയറു നിറഞ്ഞതായി തോന്നിപ്പിക്കും. കാലറി കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യും. 

∙ പുളിപ്പിച്ച ഭക്ഷണങ്ങൾ 

കൊറിയൻ സ്ത്രീകളുടെ ഭക്ഷണരീതി നോക്കിയാൽ, എല്ലാ ഭക്ഷണത്തിന്റെയും കൂടെ ഒരു സൈഡ് ഡിഷ് ഉള്ളതായി കാണാം. അവയെല്ലാം പുളിപ്പിച്ച ഭക്ഷണങ്ങളായിരിക്കും (fermented foods). ഇവ ദഹനം മെച്ചപ്പെടുത്തുകയും ഉദരത്തിന് ആരോഗ്യമേകുകയും ചെയ്യും. കൂടാതെ പ്രതിരോധ ശക്തി വർധിപ്പിക്കുകയും ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യും. 

∙ വീട്ടിലുണ്ടാക്കിയ ഭക്ഷണം

കൊറിയൻ സ്ത്രീകളുടെ ഫിറ്റ്നസിനു പിന്നിൽ അവർ കഴിക്കുന്ന ഭക്ഷണം ആണ്. വീട്ടിലുണ്ടാക്കിയ ഭക്ഷണത്തെക്കാൾ മെച്ചപ്പെട്ടതായി മറ്റൊന്നുമില്ല. പ്രോസസ് ചെയ്‌ത അനാരോഗ്യ ഭക്ഷണങ്ങളും ഫാസ്‌റ്റ് ഫുഡും കഴിക്കുന്നത് ശരീരഭാരം കൂട്ടുമെന്നു മാത്രമല്ല നിരവധി രോഗങ്ങൾക്കും കാരണമാകും. കൊറിയൻ സ്ത്രീകൾ പുറത്തു നിന്നുള്ള ഭക്ഷണത്തെക്കാൾ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ഇഷ്‌ടപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് നല്ല ബോധ്യമുള്ള അവർ ആരോഗ്യ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നു. 

∙ കടൽ വിഭവങ്ങൾ 

കൊറിയയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് സീഫുഡ്. മത്സ്യം കൂടാതെ കൊറിയക്കാർ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് സീവീഡ് അഥവാ കടൽപ്പായൽ. സൂപ്പ് തുടങ്ങി എല്ലാ ഭക്ഷണങ്ങളിലും അവർ സീവീഡ് ചേർക്കും. വൈറ്റമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയതാണിത്. എളുപ്പത്തിൽ ദഹിക്കാനും ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാനും സീവീഡിന്റെ ഉപയോഗം സഹായിക്കും. 

∙ നടത്തം 

മിക്ക കൊറിയക്കാരും നടത്തം ഇഷ്‌ടപ്പെടുന്നു. പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നതിനു പകരം മിക്കവരും നടത്തം ആണ് ഇഷ്ടപ്പെടുന്നത്. ഇത്തരത്തിൽ ഊർജസ്വലമായ ഒരു ജീവിതരീതി പിന്തുടരുന്നത് തന്നെയാണ് കൊറിയൻ സ്ത്രീകളുടെ ആരോഗ്യം നിലനിർത്തുന്നത്. ശരീരഭാരം നിയന്ത്രിച്ച് ആരോഗ്യത്തോടെയിരിക്കുന്നതിനു പിന്നിൽ ശാരീരിക പ്രവർത്തനങ്ങളും പ്രധാന പങ്കു വഹിക്കുന്നു.

English Summary : The secret behind why Korean women DON'T gain weight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com