30 കിലോ കുറച്ച് സമീറും 15 കിലോ കുറച്ച് നീതുവും; സ്വന്തം ഡയറ്റും വർക്ഔട്ടും ഫലം കണ്ട സന്തോഷത്തിൽ ദമ്പതികൾ

HIGHLIGHTS
  • സമീർ 130–ൽ നിന്ന് 30 കിലോ കുറച്ച് സെഞ്ച്വറിയിലെത്തി
  • നീതു 15 കിലോ കുറച്ച് 93–ൽ നിന്ന് 78–ൽ എത്തി
sameer neethu weight loss
SHARE

അമിത വണ്ണത്തിനൊപ്പം അനുബന്ധ അസുഖങ്ങള്‍ കൂടി തല പൊക്കുമ്പോഴാണ് പലരും തടി കുറയ്ക്കുന്നതിനെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നത്. എന്നാല്‍, തൃശൂര്‍ വാടനാപ്പള്ളി തൃപ്രയാര്‍ കുറുപ്പം വീട്ടില്‍ സമീറും ഭാര്യ നീതുവും ഇഷ്ട വസ്ത്രങ്ങള്‍ ഇടാന്‍ കഴിയാതെ വന്നപ്പോഴാണ് ട്രാന്‍സ്‌ഫര്‍മേഷനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. 

രണ്ട് വര്‍ഷം മുന്‍പ് സമീറിന്റെ ഭാരം 130ലും നീതുവിന്റെ ഭാരം 93ലും എത്തിയപ്പോള്‍ ഇരുവരും തങ്ങളുടെ അളവിന് കിട്ടുന്ന വസ്ത്രങ്ങള്‍ ധരിക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. കടയില്‍ ഇഷ്ടപ്പെട്ട ഡ്രസുണ്ടെങ്കിലും അതെല്ലാം തങ്ങളുടെ അളവിനില്ലാത്തത് ഇരുവരെയും വിഷമത്തിലാക്കി. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, തൈറോയ്ഡ് തുടങ്ങി ഒരു അസുഖവും ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തടി ഒരു പ്രശ്‌നമായി തോന്നിയിരുന്നുമില്ല. പക്ഷേ വസ്ത്രങ്ങള്‍ പണി തന്നു തുടങ്ങിയപ്പോള്‍ നാട്ടില്‍തന്നെ അബായ ഷോപ്പ് നടത്തുന്ന ഇരുവരും സംഗതി ഗൗരവമായെടുത്തു.   

neethu

സമീറാണ് ശരീരഭാര നിയന്ത്രണം ആദ്യം ആരംഭിച്ചത്. ട്രെഡ് മില്‍ വാങ്ങി വീട്ടില്‍തന്നെ വര്‍ക്കൗട്ട് നടത്തി. ചെറിയ രീതിയില്‍ ഭക്ഷണ നിയന്ത്രണവും. ഒന്നര മാസം കൊണ്ടുതന്നെ നല്ല രീതിയില്‍ മാറ്റം കണ്ടു. സമീറിന്റെ ഭാരം 130ല്‍ നിന്ന് 120 ആയി കുറഞ്ഞു. ഇത് നീതുവിനെയും വര്‍ക്കൗട്ടിലേക്ക് ആകര്‍ഷിച്ചു. 

ഭക്ഷണം ഉപേക്ഷിച്ചില്ല

നീതു മധുരപ്രിയയായിരുന്നെങ്കില്‍ സമീറിനു താത്പര്യം ബിരിയാണിയോടായിരുന്നു. ഉച്ചയ്ക്കും രാത്രിയും എന്തെങ്കിലും ഫ്രൈ മസ്റ്റായിരുന്നു ഇരുവര്‍ക്കും. എന്നാല്‍, ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ ഇരുവരും ഫ്രൈയോട് ആദ്യം ഗുഡ്‌ബൈ പറഞ്ഞു. ഭക്ഷണം ഒഴിവാക്കുന്നതിനു പകരം അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ മാറ്റി. അരിക്കു പകരം ഗോതമ്പും റാഗിയും ഉപയോഗിച്ചു. വെളുത്ത ചോറിന്റെ സ്ഥാനത്ത് ബ്രൗണ്‍ റൈസെത്തി. പഞ്ചസാരയ്ക്ക് പകരം ബ്രൗണ്‍ ഷുഗര്‍. ചിക്കനായാലും മീനായാലും കറി മാത്രം. നോ ഫ്രൈ. മൈദയും ഒഴിവാക്കി. രാത്രിയില്‍ ചോറ് ഒഴിവാക്കി ഫ്രൂട്ട്‌സ് കഴിക്കാന്‍ തുടങ്ങി. വെള്ളം ധാരാളം കുടിച്ചു. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചു. എനര്‍ജി ലെവലില്‍ തന്നെ വലിയ മാറ്റമാണ് വന്നതെന്ന് ഇരുവരും സമ്മതിക്കുന്നു. 

ഭാരം 120 ആയപ്പോള്‍തന്നെ സമീര്‍ വര്‍ക്കൗട്ടിനായി ജിമ്മില്‍ പോയി തുടങ്ങി. നീതു വീട്ടില്‍ തന്നെയാണ് വര്‍ക്കൗട്ട് ചെയ്യുന്നത്. ആര്യ ബാലകൃഷ്ണന്റെ വിഡിയോസ് കണ്ടും വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. വര്‍ക്കൗട്ട് ഒരിക്കലും മുടക്കാത്തതാണ് തങ്ങളുടെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് ദമ്പതികളുടെ അഭിപ്രായം. 

sameer-neethu2

തടിയുണ്ട്

ഞങ്ങള്‍ രണ്ടു പേരും തുടക്കം മുതല്‍ ഒരല്‍പ്പം തടിച്ച ശരീരപ്രകൃതിയുള്ളവരായിരുന്നു. വിവാഹത്തിന് വേണ്ടി ഭര്‍ത്താവ് തടി കുറച്ചിരുന്നെങ്കിലും അത് മികച്ച ഡയറ്റ് പിന്തുടര്‍ന്നല്ലായിരുന്നു. ജോലിയുടെ ഭാഗമായി ഇരുവരും വിദേശത്തായിരുന്നു. അന്ന് കൂടുതല്‍ ജങ്ക് ഫുഡ് കഴിച്ചു. ഇരുവരും തടിച്ചു. രണ്ട് പ്രസവം കൂടി കഴിഞ്ഞതോടെ പിന്നെ പറയുകയും വേണ്ട. അന്നൊന്നും ഇത് ഒരു പ്രശ്‌നമായി തോന്നിയിട്ടില്ല. ആരും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ജോലി മതിയാക്കി നാട്ടില്‍ സെറ്റിലായ ശേഷമാണ് തടി കൂടുന്നത് ഒരു പ്രശ്‌നമായി തുടങ്ങിയത്. ഇപ്പോള്‍ ഞങ്ങള്‍ സന്തോഷത്തിലാണ് എന്നും നീതു പറഞ്ഞു.   

കൊറോണ കൊണ്ടുപോയ മൂന്നു മാസം

sameer-neethu3

ഇതിനിടെ 2020 നവംബറില്‍ ഇരുവര്‍ക്കും കൊറോണ പിടിപെട്ടു. ഇതോടെ വര്‍ക്കൗട്ടിനും ഡയറ്റിനും മൂന്നുമാസത്തെ ഇടവേള വന്നു. റമദാന്‍ നൊയമ്പിനും ഡയറ്റും എക്‌സര്‍സൈസും ഒഴിവാക്കി. അതല്ലാതെ തങ്ങളുടെ ശരീരഭാര നിയന്ത്രണത്തില്‍ ഇളവു വരുത്താന്‍ രണ്ടുപേരും തയാറായില്ല. ഫലമോ സമീറിന്റെ ഭാരം നൂറിലെത്തുകയും നീതുവിന്റെ വെയിറ്റ് 78 ആവുകയും ചെയ്തു. അച്ഛനെയും അമ്മയെയും കണ്ട് മൂത്തമകന്‍ പത്തു വയസുകാരന്‍ ഈസയും ഇവര്‍ക്കൊപ്പം കൂടി. നാലു കിലോയാണ് ഈസ കുറച്ചത്. ഇവര്‍ക്ക് പിന്തുണയുമായി ആറു വയസുകാരി ലെയ് ഹയുമുണ്ട്. ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ എന്തും നടക്കുമെന്നാണ് ഇരുവരും തങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് കാട്ടിത്തരുന്നത്.

English Summary : Weight loss tips of Sameer and Neethu

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA