77–ൽ നിന്ന് 61–ലേക്ക്; 16 കിലോ കുറച്ച രഹസ്യം വെളിപ്പെടുത്തി കുട്ടികളുടെ സ്വന്തം അശ്വതി മിസ്

aswathy
SHARE

ഓഫ്‌ലൈൻ ക്ലാസ്സു തുടങ്ങി, കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ എത്തിയ അശ്വതി മിസ്സിനെ കണ്ട കുട്ടികൾക്ക് ഒരു സംശയം, ഇതു നമ്മുടെ അശ്വതി മിസ് തന്നെയാണോ! ശബ്ദം മിസിന്റേതാണെങ്കിലും ആളാകെ മാറിപ്പോയരിക്കുന്നല്ലോ, ഇതിനിടയിൽ ഈ മിസ് ഞങ്ങളെ പഠിപ്പിച്ചിട്ടേ ഇല്ലെന്നു പറഞ്ഞവരുമുണ്ട്. എന്തായാലും അശ്വതി മിസ് അതൊന്നും തിരുത്താൻ പോയില്ല. മാസ്ക് കൂടി ആയപ്പോൾ അവർക്ക് തിരിച്ചറിയാൻ പറ്റാതെ പോയതാണെന്ന ആത്മഗതവുമുണ്ട്. കുട്ടികളെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ, കോവിഡിനു മുൻപു കണ്ട അശ്വതി മിസ് നല്ല തടിച്ചിട്ട് ആയിരുന്നെങ്കിൽ ഇപ്പോൾ എത്തിയതാകട്ടെ നേർ പകുതിയായിട്ടും. ഏറെ അഭിമാനത്തോടെ ഈ മാറ്റത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ആർ.അശ്വതി.

കോഴിക്കോടുകാരി തിരുവനന്തപുരത്ത് എത്തിയപ്പോൾ

സാധാരണ ശരീരപ്രകൃതിയുള്ള ഒരാൾ പെട്ടെന്ന് തടിക്കുമ്പോഴുള്ള അവസ്ഥ, അതായിരുന്നു എനിക്ക്. തനി കോഴിക്കോടുകാരിയായ ഞാൻ അവിടുത്തെ ഭക്ഷണരുചികളൊക്കെ ആസ്വദിച്ച് അങ്ങനെ കഴിഞ്ഞിരുന്നപ്പോഴാണ് റിസർച്ചിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയത്. ഈ സമയത്ത് 55 കിലോയായിരുന്നു ശരീരഭാരം. എന്റെ കോഴിക്കോടൻ രുചി എനിക്ക് അവിടെ നഷ്ടമാകുകയായിരുന്നു. പിന്നെ ജങ്ക് ഫുഡിന് എല്ലായിടത്തും ഒരേ ടേസ്റ്റ് ആയോണ്ട് അത് ആവശ്യത്തിനധികം ഉള്ളിലാക്കി അങ്ങ് ആത്മസംപ്തൃപ്തി അടഞ്ഞു. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ സമയത്തും ശരീരഭാരത്തിനു കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അത്, റിസർച്ചിന്റെ ടെൻഷൻ കൊണ്ടാണോ അതോ ഇനി പലപ്പോഴും ഫുഡ്‌ ദീർഘനേരം കഴിക്കാതിരുന്നിട്ട് പിന്നെയുള്ള ഭക്ഷണക്രമം കൊണ്ടാണോ എന്നൊന്നും അറിഞ്ഞുകൂടാ, പക്ഷേ ഒട്ടും ഹെൽത്തി ആയിരുന്നില്ല എന്ന കാര്യം ഇടയ്ക്കിടെ വന്ന സ്‌റ്റോമക് പ്രോബ്ലെംസും മറ്റ് അസുഖങ്ങളും മനസ്സിലാക്കി തരുന്നുണ്ടായിരുന്നു. 

കോഴിക്കോടൻ രുചിക്കൊപ്പം കൂടിയ ശരീരഭാരം

തീസിസ് സബ്‌മിഷൻ കഴിഞ്ഞു വീണ്ടും കോഴിക്കോടേക്ക് എത്തിയപ്പോൾ ആകെ മൊത്തം ഒരു ആക്രാന്തമായിരുന്നു. അധികദിവസങ്ങളിലും പുറത്തുനിന്നു കഴിക്കലും കോളേജ് കഴിഞ്ഞു വരുമ്പോൾ വൈകുന്നേരങ്ങളിൽ സ്ഥിരം ഫ്രൈഡ് സ്നാക്ക്സ് /ബേക്കറി അകത്താക്കലും ഒക്കെ തുടർന്നു. പെട്ടെന്നൊരുനാൾ സ്വിച്ച് ഇട്ടപോലെ ഭാരം കൂടാൻ തുടങ്ങി. 55–ൽ നിന്ന് 67 ലേക്ക് ശരീരഭാരം എത്തി. അതോടുകൂടി കാലുവേദനയും കാലിനു നീരുവരലും എല്ലാം തുടങ്ങി. ഇതിനിടയിൽ പ്രെഗ്നന്റ് ആയി. ഗർഭാവസ്ഥയിൽ 77 വരെ എത്തിയ ശരീരഭാരം പ്രസവം കഴിഞ്ഞതോടെ 70 ൽ എത്തി. പക്ഷേ കുഞ്ഞു വളരുന്നതിനനുസരിച്ചു എന്റെ ഭാരവും കൂടി കൂടി വന്നു. വീണ്ടും 77. 

aswathy02

ഇനി ഇങ്ങനെ പറ്റില്ല

കോളജിൽ എത്തിയാൽ ലാബ് സെക്ഷനു ദീർഘനേരം നിന്നു കഴിയുമ്പോൾ കാലിന് അസഹനീയ വേദന. ലാബ് ഉണ്ടെങ്കിൽ അടുത്ത ദിവസം ലീവെടുക്കേണ്ട അവസ്ഥ.  രാവിലെ എണീറ്റാൽ കാലു നിലത്തു കുത്താൻ പറ്റാത്ത പെയിൻ. ആയുർവേദവും അലോപ്പതിയും ഹോമിയോയുമെല്ലാം പരീക്ഷിച്ചിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അതോടെ വെയ്റ്റ് കുറച്ചേ പറ്റു എന്ന തീരുമാനത്തിൽ എത്തി.  ഈ സമയത്താണ് മോളുടെ ഒന്നാം പിറന്നാളിനു വേണ്ടി ഡ്രസ്സ്‌ എടുക്കാൻ പോയത്.  ഇഷ്ടപ്പെട്ട ഒരു ഡ്രസ്സും എനിക്ക് പാകമാവുന്നില്ല. പണ്ട് എക്സ്ട്രാ സ്മോളും സ്മോളും സൈസ് ഡ്രസ് തപ്പി നടന്ന ഞാൻ എക്സ്ട്രാ ലാർജ് ഡ്രസ്സും പാകമാവാതെ വിഷമിക്കുന്നു. കൂടാതെ കാണുന്നവരുടെ എല്ലാവരുടെയും 'വല്ലാതെ തടിച്ചല്ലോ, വൃത്തികേടായല്ലോ, ഇനി തടിയ്ക്കല്ലേ' എന്നൊക്കെയുള്ള കമന്റ്സും. പലരും ബോഡി ഷെയ്മിങ് നേരിട്ടതിനെപ്പറ്റി ഒക്കെ വിഷമത്തോടെ പറഞ്ഞു കേൾക്കുമ്പോഴും ഞാൻ ഓർത്തിരുന്നു, മറ്റുള്ളവർ എന്തു വേണെങ്കിലും പറഞ്ഞോട്ടെ എന്നു കരുതിയാൽ പോരെ, മൈൻഡ് ചെയ്യാതിരുന്നാൽ പോരെ എന്നൊക്കെ. പക്ഷേ ചെറിയ രീതിയിൽ എങ്കിൽ പോലും നേരിട്ട് അനുഭവത്തിൽ വന്നപ്പോൾ മനസ്സിലായി എത്രത്തോളം അത് നമ്മുടെ ടോട്ടൽ കോൺഫിഡൻസിനെയും മൈൻഡ്സെറ്റിനെയും ഒക്കെ ബാധിക്കുമെന്ന് (ആരും നമ്മളെ മനപ്പൂർവം വിഷമിപ്പിക്കാൻ പറയുന്നതായിരിക്കില്ല എങ്കിൽ പോലും). 

അവസാനം കുറച്ചത് 16 കിലോ

അങ്ങനെ മെന്റലി ആൻഡ് ഫിസിക്കലി ഞാൻ വെയ്റ്റ്‌ലോസ് എന്ന തീരുമാനത്തിന് നിർബന്ധിതയായി. അങ്ങനെ ഞാൻ അഞ്ജു ഹബീബ് ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നു. ആദ്യത്തെ മാസത്തിൽതന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ശരീരത്തിലും കാലിലും ഒക്കെ ഉണ്ടായിരുന്ന നീരും വേദനയും എല്ലാം പതിയെ കുറഞ്ഞു വന്നു. മൂന്നര മാസം ആയപ്പോഴേക്കും 10കിലോ കുറയ്ക്കാൻ പറ്റി. ഇപ്പോൾ ശരീരഭാരം 77 ഇൽ നിന്നു16 കിലോ കുറഞ്ഞ് 61 ൽ എത്തി. ഭാരത്തിനോടൊപ്പം പടിയിറങ്ങിപ്പോയത് നീരും കാലുവേദനയും കിതപ്പും അങ്ങനെ ഒരുപാട് ആരോഗ്യപ്രശ്നങ്ങളും കൂടിയാണ്. ഡ്രസ്സ്‌ സൈസ് എക്സ്സൽ/ഡബിൾ എക്സ്സൽ ഇൽ നിന്ന് മീഡിയത്തിൽ എത്തി. 

ഡയറ്റും വർക്ഔട്ടും

വീട്ടിൽ ഉണ്ടാക്കുന്ന അതേ ഭക്ഷണം തന്നെയായിരുന്നു കഴിച്ചത്. ദിവസവും വേണ്ട കാലറിക്കുള്ളിൽ ഭക്ഷണം നിർത്താൻ ശ്രമിച്ചിരുന്നു. പട്ടിണി കിടക്കാതെ, ഭക്ഷണം ആവശ്യത്തിന് കഴിച്ചുകൊണ്ട് ഫിറ്റ്നസ്/ഫാറ്റ്‌ലോസ് നേടിയെടുക്കാം എന്ന അറിവും കിട്ടി. ബേക്കറി /ഫ്രൈഡ് സ്നാക്ക്സ്, മധുരം എല്ലാം പൂർണമായും ഉപേക്ഷിച്ചിരുന്നു. ചെറുപയർ, കടല, മീൻ, ചിക്കൻ തുടങ്ങി പ്രോട്ടീൻ അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ചോറ് കഴിക്കുന്നതിന്റെ അളവ് കുറച്ചു. വീട്ടിൽതന്നെ ചെയ്യാൻ പറ്റിയിരുന്ന റസിസ്റ്റൻസ് ട്രെയിനിങ്ങും HIIT യും ആയിരുന്നു വർക്ഔട്ട് ആയി ചെയ്തത്. എല്ലാത്തിനും ഫുൾ സപ്പോർട്ട് ആയി കുടുംബം കൂടി നിന്നതോടെ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞു. ഇപ്പോൾ കാണുന്നവരൊക്കെ നല്ല മാറ്റം ഉണ്ടല്ലോ മെലിഞ്ഞല്ലോ എന്നൊക്കെ പറയുമ്പോൾ കുറവില്ലാത്ത സന്തോഷവും സംതൃപ്തിയും ഉണ്ട്‌. ചിലർ ഇനി മെലിയണ്ടാന്നും ക്ഷീണിച്ചു എന്നും ഒക്കെ പറയുന്നുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല. ബോഡി മാസ് ഇൻഡെക്സ് (BMI) നോർമൽ റേഞ്ചിൽ എത്തിയെങ്കിലും കുറച്ചുകൂടി ഹെൽത്തി റേഞ്ചിൽ എത്തിക്കേണ്ടതുണ്ട്. Fatloss ഉം കംപ്ലീറ്റ് അല്ല. അതിനു വേണ്ടി ശ്രമിക്കും. ഹെൽത്തി ഫുഡ്‌ ഹാബിറ്റ്സും വർക്ഔട്ടും ഫോളോ ചെയ്യാൻ ഇനിയങ്ങോട്ട് എന്തായാലും ശ്രദ്ധിക്കും.

ഭക്ഷണരീതി

∙ പ്രഭാത ഭക്ഷണം ഏതായാലും 2 അല്ലെങ്കിൽ ഒന്നര, കൂടെ ചെറുപയർ /കടല അങ്ങനെ ഏതെങ്കിലും പയറു വിഭവങ്ങൾ. പാൽചായ മധുരം ഇല്ലാതെ കഴിച്ചു.

∙ 11.30 യ്ക്ക് ഒരു എഗ്ഗ് വൈറ്റ് / ഏതെങ്കിലും ഫ്രൂട്സ് ആണ് മോർണിങ് സ്നാക്ക് ആയി കഴിച്ചിരുന്നത്.

∙ ഉച്ചയ്ക്ക് ചോറ് അളവ് കുറച്ച് കഴിച്ചു. കൂടെ മീനോ ചിക്കനോ എഗ്ഗ് വൈറ്റ് ഓംലെറ്റോ, പിന്നെ വെജിറ്റബിൾ ഉപ്പേരിയും. പപ്പടം ഒഴിവാക്കിയിരുന്നു.

∙ ഈവനിങ് സ്നാക്ക്സ് ആയി പീനട്സ്, ഫ്രൂട്ട്സ് മറ്റും കഴിക്കും. പാൽചായ ദിവസത്തിൽ ഒരിക്കലേ കുടിച്ചിരുന്നുള്ളു.

∙ രാത്രി ചപ്പാത്തിയോ റവ ഉപ്പുമാവോ റവ കഞ്ഞിയോ കഴിക്കും.

∙ 2-3 ലീറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കാറുണ്ട്.

English Summary : Weight loss tips of Dr. Adwathy

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA