ADVERTISEMENT

നമ്മുടെ നാട്ടിലൊക്കെ പലരും ആരോഗ്യത്തെ കുറിച്ചും ശരീരത്തെ കുറിച്ചും ഏറ്റവും കൂടുതല്‍ ബോധവാന്മാരാകുന്നത് വിവാഹത്തോട് അടുപ്പിച്ചാണ്. കല്യാണ തീയതിക്ക് മുന്‍പ് തിരക്കിട്ട് വണ്ണം കുറയ്ക്കാന്‍ ഓടുന്നവരെയും കാര്യമായി ഡയറ്റ് ചെയ്യുന്നവരെയുമൊക്കെ ചുറ്റിലും കാണാം. പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ബോളിവുഡും ഒരു താരവിവാഹത്തിന് ഒരുങ്ങുകയാണ്. സ്ക്രീനിലെ മിന്നും താരങ്ങളായ കത്രീന കൈഫും വിക്കി കൗശലുമാണ് അടുത്ത മാസം വിവാഹിതരാകുന്നത്. ഇതിനുള്ള തയാറെടുപ്പുകളിലാണ് ഇരുവരും. കത്രീനയുടെ ഡയറ്റ് പ്ലാനുകളെ കുറിച്ച് അറിയാന്‍ ഇതിലും നല്ല സമയമില്ലെന്ന് പറയാം. എന്നാല്‍ മറ്റു പലരെയും പോലെ കല്യാണത്തിനു വേണ്ടി ശരീരം പ്രത്യേകിച്ച് രൂപപ്പെടുത്തേണ്ട ആവശ്യം കത്രീനയ്ക്കില്ല.  കൃത്യമായ ഡയറ്റ് പ്ലാനിലൂടെയും വ്യായാമത്തിലൂടെയും സിനിമ രംഗത്തെ ഏറ്റവും ടോണ്‍ഡ് ആയ ശരീരം നിലനിര്‍ത്തുന്ന നടികളിലൊന്നാണ് കത്രീന. 

 

വിവാഹത്തിനൊരുങ്ങുന്ന കത്രീനയുടെ ഡയറ്റ് രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ജീവിതശൈലിയില്‍ തികഞ്ഞ അച്ചടക്കം പാലിക്കുന്ന കത്രീന തന്‍റെ ശരീരത്തിന് യോജിക്കുന്ന ഡയറ്റ് പ്ലാന്‍ ട്രെയ്നര്‍മാരുടെയും ഡയറ്റീഷന്മാരുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തി അത് കര്‍ശനമായി പിന്തുടരുന്നു. കൊഴുപ്പ് കത്തിച്ചു കളയുന്നതിനൊപ്പം വര്‍ക്ക് ഔട്ടുകള്‍ക്ക് ഊര്‍ജ്ജം പകരുന്ന തരത്തിലുള്ള പോഷകസന്പുഷ്ടമായ ഡയറ്റാണ് താരത്തിന്‍റേത്. എണ്ണയും സ്പൈസും വളരെ കുറഞ്ഞതും പാലുത്പന്നങ്ങള്‍ അടങ്ങാത്തതുമായ ഗ്ലൂട്ടന്‍ രഹിത ഡയറ്റാണ് മീലുകളാണ് ഇതിന്‍റെ പ്രത്യേകത. 

 

വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ആഹാരവിഭവങ്ങള്‍ തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയിലും താരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഭക്ഷണത്തിനിടയിലെ ചെറു സ്നാക്കുകള്‍ കഴിക്കാറില്ല. മുട്ട, സൂപ്പുകള്‍, ക്വിനോവ പാന്‍കേക്കുകള്‍, ഇഡ്‌ലി, ദോശ, സുച്ചിനി എന്നിങ്ങനെ നീളുന്നു കത്രീനയുടെ ഇഷ്ട വിഭവങ്ങള്‍. പഞ്ചസാര പൂര്‍ണമായും  ഭക്ഷണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന കത്രീന ധാരാളമായി ഫൈബര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ സഹായകമായ ഡീറ്റോക്സ് ഡ്രിങ്കുകളാണ് കത്രീനയുടെ ഡയറ്റിലെ മറ്റൊരു രഹസ്യം. പെരുഞ്ചീരകവും, മല്ലിയും കറുത്ത മുന്തിരിയുമൊക്കെ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് അരിച്ചെടുക്കുന്നതാണ് ഈ ഡീറ്റോക്സ് പാനീയങ്ങള്‍. 

 

ശരീരം അഴകോടെയും ഒതുക്കത്തോടെയും വയ്ക്കുന്നതിന് കുറുക്കുവഴികളൊന്നും കത്രീന തേടാറില്ല. ശുദ്ധമായ ഭക്ഷണം കഴിച്ചും ഭക്ഷണത്തിനൊപ്പം വ്യായാമത്തിനും വര്‍ക്ക്ഔട്ടുകള്‍ക്കും തുല്യപ്രാധാന്യം നല്‍കിയുമാണ് കത്രീന ശരീര സൗന്ദര്യം നിലനിര്‍ത്തുന്നത്.

English Summary : Fitness secret of Katrina Kaif

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com