ADVERTISEMENT

സൈക്ലിങ് ഇന്ന് മലയാളികളുടെ ജീവിതചര്യയുടെ ഭാഗമായിട്ടുണ്ട്. ആരോഗ്യത്തിനും സന്തോഷത്തിനുമെല്ലാം ഇന്ന് പലരും സൈക്ലിങ് തിരഞ്ഞെടുക്കുന്നു. അങ്കമാലി എളവൂർ സ്വദേശി അനീഷ് വർഗീസിന്റെ കാര്യവും തുടക്കത്തിൽ ഇതുപോലെയായിരുന്നു. പലയാളുകളും സൈക്കിൾ ചവിട്ടിപ്പോകുന്നത് കണ്ട് ഇഷ്ടപ്പെട്ടാണ് ഇദ്ദേഹവും ഒരു സൈക്കിൾ വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ ഇന്ന് ആ ഇഷ്ടം അദ്ദേഹത്തെ സൈക്ലിങ്ങിൽ മികവു തെളിയിക്കുന്നവർക്ക് ലഭിക്കുന്ന ബഹുമതിയിലേക്ക് ഉയർത്തി. തന്നെ സൂപ്പർ റാൻഡോണറാക്കിയ സൈക്കിൾക്കഥ പങ്കുവയ്ക്കുകയാണ് അനീഷ് വർഗീസ്.

മാർക്കറ്റിങ്ങിൽ നിന്ന് സൈക്ലിങ്ങിലേക്ക്

aneesh1

200, 300, 400, 600 കിലോമീറ്റർ റൈഡുകളുള്ള ദീർഘദൂര എൻഡുറൻസ് സൈക്ലിങ് ഒരു വർഷത്തിൽ പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്ന അംഗീകാരമാണ് സൂപ്പർ റാൻഡോണർ. ടൂർ ദെ ഫ്രാൻസ് എന്ന ലോകപ്രശസ്ത സൈക്ലിങ് ചാംപ്യൻഷിപ് നടത്തുന്ന ഓഡെക്സിന്റെ ഇന്ത്യാ ഘടകം സംഘടിപ്പിച്ച ഇവന്റിലാണ് അനീഷ് ഈ നേട്ടം കൈവരിച്ചത്. 

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ മാർക്കറ്റിങ് വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജരാണ് അനീഷ് വർഗീസ്. ഏഴെട്ടു വർഷം മുമ്പാണ് സൈക്കിൾ തന്റെ ജീവിതത്തിലേക്കു ചവിട്ടിക്കയറിയതെന്ന് അനീഷ് പറയുന്നു. തിരക്കേറിയ ജോലിക്കിടയിലും ഇതിന് എങ്ങനെ സമയം കണ്ടെത്തുന്നു എന്ന ചോദ്യത്തിന്, ഒരു കാര്യം തീരുമാനിച്ചാൽ അതു നേടിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുക എന്നതാണ് തന്റെ ഉത്തരമെന്ന് അനീഷ്. 

aneesh2

മാധ്യമപ്രവർത്തകനായ സുഹൃത്ത് മിക്കവാറും ചെന്നൈയിൽനിന്നു പോണ്ടിച്ചേരിയിലേക്ക് സൈക്കിൾ ചവിട്ടി പോകുമായിരുന്നു. അതു കണ്ടപ്പോഴാണ് തനിക്കും ഇതൊന്നു തുടങ്ങിയാലോ എന്ന ചിന്ത മനസ്സിൽ ഉദിച്ചത്. അദ്ദേഹത്തോടു തന്നെ സൈക്ലിങ്ങിനെക്കുറിച്ച് കൂടുതൽ ചോദിച്ചറിയുകയും ഒരു സൈക്കിൾ വാങ്ങുകയും ചെയ്തു. ആദ്യമായി സൈക്കിൾ വാങ്ങാൻ പോയപ്പോൾ ഉണ്ടായ അനുഭവവും വേറിട്ടതായിരുന്നുവെന്ന് ഇദ്ദേഹം. സാധാരണ നമ്മൾ 10000-12000 രൂപ ബജറ്റിലുള്ള സൈക്കിൾ വാങ്ങാൻ പ്ലാനിട്ടായിരിക്കും പോവുക. എന്നാൽ സ്പോർട്സ് സൈക്കിളുകൾക്ക് കുറഞ്ഞത് മുപ്പതിനായിരം രൂപയെങ്കിലും വില വരും. വില കൂടുതൽ ആയിരുന്നെങ്കിലും ഒരു സൈക്കിൾ കൂടെ കൂട്ടാൻ തീരുമാനിച്ചു. ആദ്യത്തേത് ഹൈബ്രിഡ് സൈക്കിളായിരുന്നു. ആദ്യമൊക്കെ എല്ലാ മലയാളികളെയും പോലെ ആരോഗ്യത്തിനു വേണ്ടിയാണ് സൈക്കിൾ ചവിട്ടി തുടങ്ങിയത്. രാവിലെ എഴുന്നേറ്റ് പല വഴികളിലൂടെ സൈക്കിൾ ചവിട്ടി പോയിട്ടുണ്ടെന്നും അങ്ങനെ ഒരിക്കൽ ചെറായിയിൽ എത്തിയപ്പോഴാണ് വഴിത്തിരിവായ കൂടിക്കാഴ്ച ഉണ്ടായതെന്നും അനീഷ്  പറയുന്നു. 

ചെറായിയിൽവച്ച് മുസിരിസ് സൈക്കിൾ ക്ലബ് അംഗങ്ങളെ കാണാനിടയായി. പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആ സൈക്കിൾ ക്ലബ്ബിൽ അംഗമായതോടെയാണ് തന്റെ സൈക്കിൾ ജീവിതം മാറിമറിഞ്ഞതെന്ന് അനീഷ് പറയുന്നു. ‘കുറച്ചു കിലോമീറ്ററുകൾ മാത്രം സഞ്ചരിച്ചിരുന്ന ഞാൻ അങ്ങനെ അവർക്കൊപ്പം കൂടി മുപ്പതും നാൽപതും നൂറും കിലോമീറ്ററുകൾ വരെ സൈക്കിൾ ചവിട്ടാൻ ആരംഭിച്ചു. ക്ലബ് സംഘടിപ്പിക്കുന്ന വിവിധ ഇവന്റുകളിൽ പങ്കാളിയായതോടുകൂടി സൈക്ലിങ്ങിനോടുള്ള അഭിനിവേശം കൂടിക്കൂടി വന്നു. അങ്ങനെയാണ് ബിആർഎമ്മിനെകുറിച്ച് അറിയുന്നതും അതിൽ പങ്കാളിയാകാൻ റജിസ്റ്റർ ചെയ്യുന്നതും.’

200, 300, 400, 600 കിലോമീറ്റർ റൈഡുകളുള്ള ദീർഘദൂര എൻഡുറൻസ് സൈക്ലിങ്ങാണ് റാൻഡോണറിങ് ബ്രെവേറ്റ്സ് ഡി റാൻഡോണേഴ്സ് മോൺസിയാക്സ് അഥവാ ബിആർഎം. ‌ലോകമെമ്പാടുമുള്ള ബിആർഎമ്മുകളുടെ നടത്തിപ്പ് നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന റാൻഡൊണറിങ്ങിന്റെ രാജ്യാന്തര ഭരണ സമിതിയാണ് ഓഡാക്സ് ക്ലബ് പാരിസിയൻ (എസിപി). ഈ സൈക്കിൾ റൈഡിങ് മത്സരമല്ല. നിശ്ചിത സമയത്ത് റൈഡ് പൂർത്തിയാക്കുക എന്നതാണ് മുഖ്യം. ഇന്ത്യയിലെ എല്ലാ ബ്രെവെറ്റ്‌സ് ഡി റാൻഡോണേഴ്‌സ് മോണ്ടിയോക്‌സ് (ബിആർഎം), ഓഡാക്‌സ് ഇവന്റുകൾ നടത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഓഡാക്‌സ് ക്ലബ് പാരിസിയൻ (എസിപി) അംഗീകരിച്ച റാൻഡോണിയർമാരുടെ അഖിലേന്ത്യാ സംഘടനയാണ് ഓഡാക്‌സ് ഇന്ത്യ റാൻഡോണേഴ്‌സ് (എഐആർ). ഇവിടെ ഒഡാക്സിന്റെ ഇവന്റുകൾ സംഘടിപ്പിക്കുന്നത് കൊച്ചിൻ ബൈക്കേഴ്സ് ക്ലബാണ്. 200, 300, 400 ഇവന്റുകളിൽ അനീഷ്  പങ്കെടുത്തത് കൊച്ചിൻ ബൈക്കേഴ്സ് ക്ലബ് നടത്തിയ പരിപാടിയിലാണ്. 600 കിലോമീറ്റർ ഇവന്റ് ട്രിവാൻഡ്രം ബൈക്കേഴ്സ് ക്ലബിലൂടെയുമാണ് പൂർത്തിയാക്കിയത്. 

aneesh3

അനക്കാതെ വച്ചിരുന്ന തന്റെ സൈക്കിൾ വീണ്ടും പൊടിതട്ടിയെടുത്തത് ഈ കൊറോണക്കാലത്ത് ആയിരുന്നുവെന്നും അങ്ങനെയാണ് നാല് ഘട്ടങ്ങളിലായി ഇവന്റ് പൂർത്തിയാക്കിയതെന്നും ഇദ്ദേഹം പറയുന്നു. 200, 300, 400, 600 കിലോമീറ്റർ ദൂരങ്ങളിലെ ഇവന്റുകളെല്ലാം പല റോഡുകളിലൂടെ പകലും രാത്രിയിലുമായിട്ടാണ് പൂർത്തീകരിക്കുക. നമ്മുടെ നാട്ടിലെ വഴികൾ സുഗഗമായ റൈഡിന് അനുയോജ്യമല്ലാത്തതിനാൽ കുറച്ച് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നും എന്നാലതൊന്നും സൈക്ലിങ്ങിനോടുള്ള പാഷൻ ഇല്ലാതാക്കിയിട്ടില്ലെന്നും അനീഷ്. നിരപ്പായ റോഡുകളിലൂടെ മാത്രമല്ല ക്ലൈംബിങ്ങും രാത്രിയിലെ സൈക്ലിങ്ങും ഇതിൽ ഉൾപ്പെടുന്നുണ്ട്. 600 കിലോമീറ്റർ ഇവന്റ് കായംകുളം മുതൽ കോഴിക്കോട് വരെയും തിരിച്ചും ഉള്ളതായിരുന്നു. ഒപ്പം ഒരു കോറൈഡർ കൂടി ഉണ്ടായിരുന്നു. മുസിരിസ് സൈക്കിൾ ക്ലബ്ബിലെ അംഗവും സുഹൃത്തുമായ വിഷ്ണുവിന്റെ പൂർണ പിന്തുണ കൂടി ഉണ്ടായിരുന്നതിനാലാണ് തനിക്കിത് പൂർത്തീകരിക്കാൻ സാധിച്ചതെന്ന് അനീഷ് പറയുന്നു. ‘അന്ന് രാത്രിയിലും റൈഡ് ഉണ്ടായിരുന്നതിനാൽ ഒരു ഘട്ടത്തിൽ എനിക്കതു പൂർത്തിയാക്കാൻ പറ്റുമോ എന്ന് പോലും സംശയിച്ചു. പക്ഷേ വിഷ്ണുവിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നതിനാൽ എനിക്കത് കംപ്ലീറ്റ് ചെയ്യാൻ സാധിച്ചു.’  

സീരിയസ് ഇവന്റുകളിലേക്കു പ്രവേശിച്ചപ്പോൾ അനീഷ് ആദ്യ സൈക്കിളായ ഹൈബ്രിഡിൽനിന്ന് റോഡ് ബൈക്കിലേക്കു മാറി.എൻഡുറൻസ് സൈക്ലിങ്ങിന്റെ നാല് ഘട്ടങ്ങളും പൂർത്തിയാക്കി സൂപ്പർ റാൻഡോണറാകുന്നവർക്ക് ഫ്രാൻസിൽ നടക്കുന്ന രാജ്യാന്തര സൈക്ലിങ് ഇവന്റിൽ പങ്കെടുക്കാം.1000 കിലോമീറ്റർ എന്ന അടുത്ത ലക്ഷ്യത്തിലേക്കുള്ള തയാറെടുപ്പിലാണ് അനീഷിപ്പോൾ. പൂർണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്.

aneesh4

ഒരു രസത്തിന് സൈക്കിൾ ചവിട്ടിത്തുടങ്ങി ഇത്രയും നേട്ടം കൈവരിച്ച അനീഷ് വർഗീസ് തെളിയിക്കുന്നത്, ആരോഗ്യത്തിനും കൗതുകത്തിനുമപ്പുറം സൈക്കിൾ റൈഡുകൾ വലിയ നേട്ടങ്ങൾക്കുകൂടി കാരണമാകുമെന്നാണ്. ഏതു മേഖലയിൽ ജോലി ചെയ്യുന്നവർക്കും പ്രഫഷനൽ സൈക്ലിങ് ചെയ്യാം എന്നു കൂടി മനസ്സിലാക്കി തരുന്നുണ്ട് ഇദ്ദേഹം. 

English Summary : Cycling Randonneuring Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com