സ്വന്തം ഡയറ്റും വർക്ഔട്ടും; 5 മാസം കൊണ്ടു കുറച്ചത് 31 കിലോ; ആർക്കും പിന്തുടരാം ഈ ഫോർമുല

HIGHLIGHTS
  • 5 മാസം കൊണ്ട് 31 കിലോ കുറച്ചു
  • സ്വന്തമായ ഫോർമുല ഉണ്ടാക്കിയത് വിജയം കണ്ടു
vipin kuriakose
SHARE

‘ഈ ശരീരം ഇങ്ങനെ പോയാൽ ശരിയാകില്ലല്ലോ, ഒന്നു മെരുക്കിയാലേ മുന്നോട്ടുള്ള ജീവിതം സുഗമമാകൂ..’– ഷാർജയിൽ വച്ച് വിപിൻ കുര്യാക്കോസിനു തോന്നിയ ഈ കാര്യം അദ്ദേഹത്തെ എത്തിച്ചത് 31 കിലോ ഭാരം കുറയ്ക്കുക എന്ന വിജയപാതയിലേക്കായിരുന്നു. ആ പാതയാകട്ടെ അൽപം കഠിനമായിരുന്നെങ്കിലും പാതി വഴിയിൽ ഭാര്യ കൂടി ചേർന്നപ്പോൾ വിപിൻ മനസ്സിൽ ഉറപ്പിച്ചു, തന്റെ പ്രയത്നം ഫലം കണ്ടു തുടങ്ങിയിരിക്കുന്നുവെന്ന്. സ്വന്തം ഡയറ്റും സ്വയം പ്ലാൻ ചെയ്ത വർക്ഔട്ടുമായി വിപിൻ ചാടിയിറങ്ങിയത് സെഞ്ച്വറി പിന്നിട്ട ശരീരഭാരത്തിൽ നിന്ന് 76 കിലോയിലേക്കായിരുന്നു. ആ വെയ്റ്റ്‌ലോസ് യാത്രയെക്കുറിച്ച് പാലക്കാട് വടക്കാഞ്ചേരി സ്വദേശിയും ഷാർജയിൽ ഉദ്യോഗസ്ഥനുമായ വിപിൻ മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

അലസമായ ജീവിതശൈലി എത്തിച്ചത് 107 കിലോയിൽ

‘എട്ടു വർഷമായി കുടുംബസമേതം ഷാർജയിലാണ് താമസം. ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ എൻജിനീയറാണ്. അലസമായ ജീവിതശൈലിയായിരുന്നു ഭാരം കൂടുന്നതിലേക്കു നയിച്ചതെന്നു പറയാം. ശരീരം ഇടയ്ക്ക് ചില സൂചനകൾ തന്നിരുന്നെങ്കിലും അതൊന്നും കണ്ടില്ലെന്നു നടിച്ച് ഞാൻ മുന്നോട്ടു പോയി.  വ്യായാമം തീരെ ഇല്ല. ആഹാരകാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. രാത്രിയിൽ സ്നാക്സ് കഴിക്കുന്ന ശീലവും ഉണ്ടായിരുന്നു. മധുരം കണ്ടാൽ പിന്നെ വിടില്ല. നോൺ വെജ് വിഭവങ്ങളോട് ഏറെ പ്രിയം. ആവശ്യത്തിലധികം ഫുഡും വ്യായാമമില്ലായ്മയും എല്ലാം എന്നെ എത്തിച്ചതാകട്ടെ 107 കിലോ എന്ന ഭാരസൂചികയിലും.

vipin-kuriakse02

കുറയ്ക്കാതെ പറ്റില്ലല്ലോ വിപിനേ...

കുറേക്കാലമായി മൂന്നു മാസം കൂടുംതോറും ബ്ലഡ് ടെസ്റ്റ് ചെയ്യുമായിരുന്നു. റിസൽട്ട് കാണുമ്പോൾ, ജീവിതശൈലീ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനു മുൻപുതന്നെ ചികിത്സ തുടങ്ങണം, ആദ്യഘട്ടമായി ശരീരഭാരം കുറയ്ക്കണം എന്നൊക്കെ ഡോക്ടർ പറയാറുമുണ്ട്. ആദ്യമൊന്നും ഇതത്ര കാര്യമാക്കിയില്ല എന്നതാണ് സത്യം. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതിനു മുന്നേ എത്തുന്ന മടി കാരണം ഒന്നും നടന്നില്ല. കഴിഞ്ഞ ഏപ്രിലിൽ വെയ്റ്റ് 107 ൽ എത്തി. ആ സമയത്ത് എനിക്ക് ചെറുതായി ബിപിയുടെ പ്രശ്നം വന്നു. കൊളസ്ട്രോളും ബോർഡർ ലൈനിൽ ആയി. ഉടനെ മരുന്ന് തുടങ്ങേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞു. 

അപ്രതീക്ഷിതമായി കിട്ടിയ ഗിഫ്റ്റ് കാര്യങ്ങളെല്ലാം മാറ്റി

മേയിലെ വെഡിങ് ആനിവേഴ്സറിക്ക് ഭാര്യ അഞ്ജു സമ്മാനമായിത്തന്നത് ഒരു ആപ്പിൾ വാച്ചായിരുന്നു. തികച്ചും അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം എന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. അതിലുള്ള വർക്ക് ഔട്ടിന്റെ റിപ്പോർട്ടും മറ്റു കാര്യങ്ങളും കണ്ടപ്പോൾ തീർച്ചയായും വെയ്റ്റ്‌ലോസ് വർക്കൗട്ട് തുടങ്ങാമെന്നു തീരുമാനിച്ചു. എന്റെ ജീവിത ശൈലിതന്നെ മാറ്റി. ഇതിന്റെ ഭാഗമായി ആദ്യം മാറ്റിയത് എന്റെ ബെഡ് ടൈം ആയിരുന്നു. രാവിലെ 7 മണിക്കാണ് ഓഫിസ് ഡ്യൂട്ടി. രാവിലെ നടക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി  ബെഡ് ടൈം 8–4  ആക്കി. വൈകിട്ട് 8 മണിക്ക് ഞാൻ കിടക്കും. കറക്റ്റ് 8 മണിക്കൂർ ഉറക്കം കിട്ടാൻ പാകത്തിന്  4 മണിക്ക് എഴുന്നേൽക്കും. തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നി എങ്കിലും മുടങ്ങാതെതന്നെ തുടര്‍ന്നു. അത് ജീവിതത്തിലെ ഒരു മാറ്റത്തിന് കാരണമായി. 

vipin-kuriakse03

5 മാസം കൊണ്ടു കുറച്ചത് 31 കിലോ

107 കിലോ ഭാരത്തിൽ നിന്നായിരുന്നു തുടക്കം. മേയിൽ തുടങ്ങിയ സ്വന്തം ഡയറ്റും വർക്ഔട്ടും അഞ്ചുമാസം കൊണ്ട് എന്നെ എത്തിച്ചത് 76 കിലോയിലേക്കായിരുന്നു. 5 മാസം കൊണ്ട് 31 കിലോ കുറച്ചു. അതോടെ ആളാകെ മാറിപ്പോയെന്നു പറയാം. വളരെയധികം പോസിറ്റീവ് എനർജി വന്നു. പണ്ട് എന്തോ ഒരു ഭാരവും കൊണ്ടായിരുന്നു ഞാൻ നടന്നിരുന്നതെന്നു മനസ്സിലായത് ഇപ്പോഴാണ്. ഇപ്പോൾ എന്തും ചെയ്യാൻ പറ്റും എന്നൊരു കോൺഫിഡൻസ് വന്നു. എന്ത് ഗോൾ ആയാലും അത് അച്ചീവ് ചെയ്യാൻ പറ്റും എന്ന് തോന്നി. എല്ലാ ബ്ലഡ് റിപ്പോർട്ടുകളും നോർമൽ ആയി. ബിപി വളരെ നോർമൽ ആണ്. ഡോക്ടർതന്നെ അദ്ഭുതപ്പെട്ടുപോയി, എങ്ങനെയാണ് ഇത്രയും കുറച്ചതെന്നു ചോദിച്ചു. അത് വളരെയധികം പോസിറ്റീവായ ഒരു ഫീൽ തന്നു. 

ഡയറ്റും വർക്ഒൗട്ടും സ്വന്തമായുണ്ടാക്കിയ ഫോർമുലയും

ഡയറ്റും വർക്ഒൗട്ടും എന്നൊക്കെ ഇതിനെ പറയാൻ പറ്റുമോ എന്നൊന്നും അറിയില്ല. ഭക്ഷണകാര്യത്തിൽ കൂടുതൽ വ്യത്യാസം ഒന്നും വരുത്തിയില്ല. സ്വീറ്റ്സും സ്നാക്സും ആദ്യ മാസങ്ങളിൽ ഒഴിവാക്കി. പിന്നീടത് കുറച്ചു. ഫുഡ് എല്ലാം നോർമൽ ആയി കഴിക്കും. പക്ഷേ കഴിക്കേണ്ട വിധത്തിൽ കഴിച്ചു. കൃത്യമായ ഫുഡ് കൃത്യസമയത്തു കഴിച്ചു. പ്രാതൽ 7–8 മണിക്കുള്ളിൽ, ലഞ്ച് 12–1 മണിക്കുള്ളിൽ, ഡിന്നർ 6 മണിക്കും. പിന്നെ വർക്ക് ഔട്ട് രാവിലെ ഒരുമണിക്കൂർ 10 മിനിറ്റ് എടുത്ത് 7 കിലോമീറ്റർ നടക്കും. 15 മിനിറ്റ് ബ്രീത്തിങ് എക്സർസൈസും ചെയ്തു. ഒരു ചെറിയ ഫോർമുല ഉണ്ടാക്കി  FEWAR. F- Food- അത് കൃത്യ സമയത്തു പാലിച്ചു. E= Exercise– ദിവസവും 7 കിലോമീറ്റർ നടക്കും, 15 മിനിറ്റ് യോഗ.W– Water തുടക്കത്തിൽ 4– 5 ലീറ്റർ വെള്ളം കുടിക്കുമായിരുന്നു. ഇപ്പോൾ 3–4 ലീറ്റർ വെള്ളം കുടിക്കും. A- Asleep- യാതൊരു തടസ്സവുമില്ലാതെ 8 മണിക്കൂർ ഉറക്കം, R- Relax- റിലാക്സ്, പ്രയർ. ഇതായിരുന്നു എന്റെ പോളിസി. ഇതിലെ അഞ്ചു ലെറ്റേഴ്സും പൂർണമായി ഉപയോഗിച്ചു. 

vipin-kuriakse04

സപ്പോർട്ടായി എത്തിയ ഭാര്യ

ഞാൻ വർക്ക് ഔട്ട് സ്റ്റാർട്ട് ചെയ്തപ്പോൾ ഫാമിലിയിൽനിന്ന് അധികം സപ്പോർട്ട് ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ െവയ്റ്റ് കുറഞ്ഞതു കണ്ട് അവരും അതിലേക്ക് വന്നു. ഭാര്യയുടെ 15 കിലോ കുറഞ്ഞു. കെജി–2 വിദ്യാർഥിയായ മാകൻ അഡോൺ സ്നാക്സ് ഒക്കെ ഒഴിവാക്കി. ഇരുവരും എക്സർസൈസ് ചെയ്യാനും എല്ലാകാര്യത്തിലും സപ്പോര്‍ട്ട് ആയി ഇപ്പോൾ കൂടെയുണ്ട്. 

എന്നെ കണ്ട് അദ്ഭുതപ്പെട്ടവർ

എന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് അദ്ഭുതപ്പെട്ട ഒരുപാട് പേരുണ്ട്. കോവിഡ് കാരണം ആരെയും കാണാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. ചർച്ചിലൊന്നും പോകാൻ പറ്റിയിരുന്നില്ല. ചർച്ച് ഓപ്പൺ ആയപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടുപോയി എങ്ങനെയാണ് ഈ ഒരു വ്യത്യാസം വന്നതെന്നും എന്താണ് ഇതിന്റെ സീക്രട്ട് എന്നും എങ്ങനെയാണ് ഇത് കുറച്ചതെന്ന് പലരും അദ്ഭുതത്തോടെ ചോദിക്കുകയും ചെയ്തു. പലര്‍ക്കും എന്നെക്കണ്ടിട്ട് മനസ്സിലായില്ല. ഞാൻ മാസ്ക് മാറ്റുമ്പോഴാണ് എല്ലാവർക്കും മനസ്സിലായത്. കാരണം അത്രയ്ക്കും വ്യത്യാസം മുഖത്ത് എടുത്തു കാണിക്കുമായിരുന്നു.  

English Summary : Weight loss tips of Vipin Kuriakose

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA