ADVERTISEMENT

കോവിഡ് കാലത്ത് ലോക്ഡൗണും മറ്റുമായി വ്യായാമം ഉള്‍പ്പെടെയുള്ള സകലതും താളം തെറ്റി വണ്ണം കൂടിയ പലരെയും നമുക്കറിയാം. എന്നാല്‍ ഇതേ കോവിഡ് കാലഘട്ടത്തില്‍ ഭക്ഷണം നിയന്ത്രിച്ചും പടിപടിയായി വ്യായാമം ചെയ്തും ഒന്നര വര്‍ഷം കൊണ്ട് 58 കിലോ ഭാരം കുറച്ച ഒരാളെ പരിചയപ്പെടാം. നിവേദിത് ഗജപതി എന്ന 32 കാരനാണ് അമിതവണ്ണത്തോടും അനാരോഗ്യകരമായ ജീവിതശൈലിയോടും വിടപറഞ്ഞ് കോവിഡ് കാലത്ത് ഫിറ്റ്‌നസ് റോള്‍ മോഡലായത്. 2020 ജനുവരിയില്‍ 126.6 കിലോ ഭാരമുണ്ടായിരുന്ന നിവേദിതിന് ഇന്ന് വെറും 69 കിലോ മാത്രം. 

 

ഏതെങ്കിലും പുതുവര്‍ഷ പ്രതിജ്ഞയെ തുടര്‍ന്നോ കീറ്റോ പോലുള്ള ഡയറ്റ് പ്ലാന്‍ ഉപയോഗപ്പെടുത്തിയോ ജിമ്മില്‍ പോയോ ഒന്നുമല്ല നിവേദിത് ഇത് സാധ്യമാക്കിയത്. പടിപടിയായി ജീവിതത്തില്‍ വരുത്തിയ ശാസ്ത്രീയമായ മാറ്റങ്ങളാണ് ട്രാവല്‍ കണ്ടന്റ് റൈറ്ററായ നിവേദിതിനെ 69 കിലോയിലേക്ക് എത്തിച്ചത്. 2020 ജനുവരിയില്‍ ഒരു കിലോ മീറ്റര്‍ തികച്ച് നടക്കാന്‍ വയ്യാത്ത പരുവത്തിലായിരുന്നു നിവേദിത്. അമിതവണ്ണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളൊക്കെ തല പൊക്കി തുടങ്ങിയിരുന്നു. തുടര്‍ന്നാണ് വണ്ണം കുറച്ചേ പറ്റൂ എന്ന തീരുമാനം ഈ ചെറുപ്പക്കാരന്‍ എടുത്തത്. 

 

ദീര്‍ഘകാല പദ്ധതികളൊന്നും മനസ്സിലുണ്ടായിരുന്നില്ല. ഓരോ ദിവസവും ഇതിനായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തു. ഭാരം കുറയ്ക്കാനായി ആദ്യം സ്വീകരിച്ച ജീവിതശൈലി മാറ്റങ്ങള്‍ ഇനി പറയുന്നവയായിരുന്നു

 

1. ദിവസവും കൃത്യ സമയത്ത് ഉറങ്ങാനും 6-7 മണിക്കൂര്‍ ഉറങ്ങാനും തുടങ്ങി

2. സമയത്തിന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. മൂന്ന് പ്രധാന ഭക്ഷണം എന്ന പതിവ് മാറ്റി ആറു നേരം കുറഞ്ഞ അളവിലുള്ള ഭക്ഷണം കഴിച്ച് വിശന്നിരിക്കേണ്ട അവസ്ഥ ഒഴിവാക്കി

3. ആരോഗ്യകരമായ ഭക്ഷണവിഭവങ്ങളുപയോഗിച്ച് ഭക്ഷണത്തോടുള്ള അനാരോഗ്യകരമായ ആര്‍ത്തി ഒഴിവാക്കി

 

അരി, പഞ്ചസാര, എണ്ണ എന്നിവയെല്ലാം ആദ്യ ഘട്ടത്തില്‍ ഭാരം കുറയ്ക്കാനായി നിവേദിത് ഒഴിവാക്കി. ഒരു കട്ടന്‍ കാപ്പി കുടിച്ചു കൊണ്ട് ദിവസം ആരംഭിച്ച നിവേദിത് പ്രഭാത ഭക്ഷണത്തില്‍ ഓട്‌സ്, ദോശ, തിന ദോശ എന്നിവ ചമ്മന്തിയോടൊപ്പം ഉള്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒന്നോ രണ്ടോ ചപ്പാത്തി മാത്രം പച്ചക്കറി ധാരാളമായി അടങ്ങിയ കറിയോ പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഭുര്‍ജി പോലുള്ള വിഭവത്തോടോ ഒപ്പം കഴിച്ചു. കറിയും ഒരു ബൗള്‍ മാത്രം. അത്താഴത്തിന് ഒരു ബൗള്‍ സൂപ്പോ അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത പച്ചക്കറികളോ കഴിച്ചു. 

 

വര്‍ക്ക്ഔട്ടുകള്‍ ആരംഭിച്ചത് നടന്നു കൊണ്ടായിരുന്നു. ആദ്യമൊക്കെ ഒരു കിലോമീറ്റര്‍ തികച്ചു നടക്കാന്‍ സാധിച്ചില്ല. പതിയെ പതിയെ അത് 4-5 കിലോമീറ്ററിലേക്ക് ഉയര്‍ത്തി. നടത്തം പതിവായപ്പോള്‍ ഒറ്റയടിക്ക് 15 കിലോമീറ്റര്‍ ഓടാനോ നടക്കാനോ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തി. ഇപ്പോള്‍ ശരീരത്തെ ശക്തിപ്പെടുത്താനും അയഞ്ഞ ചര്‍മത്തെ മുറുക്കാനും ജിമ്മില്‍ വെയ്റ്റ് ട്രെയിനിങ്ങ് ചെയ്യുന്നുണ്ട്. വര്‍ക്ക്ഔട്ടിന് മുന്‍പ് കട്ടന്‍ കാപ്പിയോ ചൂടു വെള്ളമോ കുടിക്കും. വര്‍ക്ക്ഔട്ടിന് ശേഷം ബദാമോ പഴങ്ങളോ കഴിക്കും. 

 

സ്ഥിരപ്രയത്‌നമാണ് നിവേദിത് പങ്കുവയ്ക്കുന്ന ഭാരം കുറയ്ക്കാനുള്ള രഹസ്യം. മറ്റുള്ളവര്‍ പറയുന്നത് കേട്ട് സ്വാധീനിക്കപ്പെടരുതെന്നും സ്വന്തം ശരീരത്തിന് താങ്ങാനാകുന്ന രീതിയില്‍ പതിയെ പതിയെ മാത്രമേ ഭക്ഷണത്തില്‍ മാറ്റം വരുത്താവൂ എന്നും നിവേദിത് പറയുന്നു. 

 

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി ആദ്യ മൂന്ന് മാസത്തില്‍ 30 കിലോ കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് ഈ ട്രെന്‍ഡ് തുടരാതെ വന്നപ്പോള്‍ കൂടുതല്‍ ഭാരം കുറയ്ക്കാന്‍ ഡയറ്റിലും വര്‍ക്ക് ഔട്ട് രീതിയിലും മാറ്റം വരുത്തി. 69 കിലോയില്‍ എത്തിയ ശേഷം അത് നിലനിര്‍ത്താന്‍ കഠിനമായി പ്രയത്‌നിക്കുന്നുണ്ടെന്നും നിവേദിത് ചൂണ്ടിക്കാട്ടി. തന്റെ ശാരീരിക പരിവര്‍ത്തനത്തിന്റെ കഥ ചിത്രങ്ങള്‍ സഹിതം നിവേദിത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 2022ല്‍ അടുത്ത ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ അതൊരു സിക്‌സ് പായ്ക്ക് ശരീരത്തിന്റേതാകുമെന്നാണ് നിവേദിതിന്റെ പ്രതീക്ഷ. 

English Summary : Weight loss tips of  Nivedith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com