ഇടിക്കൂട്ടിലെ ഇന്ത്യൻ താരം ദ ഗ്രേറ്റ് ഖാലിയുടെ കരുത്തിന്‍റെ രഹസ്യം ഈ രണ്ട് ആഹാരങ്ങള്‍

the-great-khali
SHARE

കളിക്കു മുന്‍പുതന്നെ വിജയിയെ നിശ്ചയിക്കുന്ന വിനോദാധിഷ്ഠിത ഗുസ്തി മത്സരമാണ് ലോകമെങ്ങും ആരാധകരുള്ള വേള്‍ഡ് റെസ്‌ലിങ് എന്‍റര്‍ടെയ്ന്‍മെന്‍റ്. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുടെ അടിസ്ഥാനത്തില്‍ റിങ്ങിലെത്തുന്ന ഗുസ്തിക്കാര്‍ ഇടിച്ചും ഇടി വാങ്ങിയും കണ്ണുരുട്ടിയും നെഞ്ചത്തിടിച്ചും പഞ്ച് ഡയലോഗുകള്‍ പറഞ്ഞും കാണികളെ രസിപ്പിക്കുന്നു. അണ്ടര്‍ടേക്കറും ജോണ്‍ സീനയും റാന്‍ഡി ഓര്‍ട്ടനുമൊക്കെ അരങ്ങു വാണ ഡബ്യുഡബ്യുഇ യിലെത്തിയ ആദ്യ ഇന്ത്യന്‍ താരമായിരുന്നു ദലീപ് സിങ് റാണ എന്ന ദ ഗ്രേറ്റ് ഖാലി. 

ഇടിക്കൂട്ടിലെത്തും മുന്‍പ് പഞ്ചാബ് പൊലീസില്‍ എഎസ്ഐ ആയിരുന്ന ഖാലി നിരവധി സിനിമകളിലും ടിവി ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഖാലിയുടെ ഭീമാകാരമായ ശരീരം കാണുമ്പോൾ  എന്താകും ഈ ഗുസ്തിക്കാരന്‍ ദിവസവും അകത്താക്കുകയെന്ന് ആരും ഒരു നിമിഷം ചിന്തിക്കും. അടുത്തിടെ തന്‍റെ  കരുത്തിന്‍റെ രഹസ്യം ഖാലിതന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയും മീനുമാണ് തന്‍റെ ആഹാരക്രമത്തിന്‍റെ മുഖ്യ  വിഭവങ്ങളെന്ന് ഖാലി പറയുന്നു. ദിവസവും 60 മുതല്‍ 70 മുട്ടകള്‍ വരെ ഖാലി അകത്താക്കാറുണ്ട്. മുട്ട തിന്നുമ്പോൾ  കൊളസ്ട്രോള്‍ ഇല്ലാത്ത മുട്ടയുടെ വെള്ള തിന്നണമെന്നും ഖാലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ഓർമപ്പെടുത്തി. 

ആധുനിക ഭക്ഷണങ്ങളില്‍ പലപ്പോഴും കാണാറില്ലാത്ത എല്ലാത്തരം പോഷണങ്ങളും അടങ്ങിയ സൂപ്പര്‍ ഫുഡാണ് മുട്ടയെന്ന് ന്യൂട്രീഷനിസ്റ്റും ന്യൂട്രസി ലൈഫ് സ്റ്റൈല്‍ സ്ഥാപകയുമായ ഡോ. രോഹിണി പട്ടീല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരു മുട്ടയില്‍ ആറ് ശതമാനം  വൈറ്റമിന്‍ എ, ഏഴ് ശതമാനം വൈറ്റമിന്‍ ബി5, ഒന്‍പത് ശതമാനം വൈറ്റമിന്‍ ബി12, ഒന്‍പത് ശതമാനം ഫോസ്ഫറസ്, 15 ശതമാനം വൈറ്റമിന്‍ ബി12, 22 ശതമാനം സെലീനിയം എന്നിവ അടങ്ങിയിരിക്കുന്നു. മുട്ടയുടെ വെള്ളയില്‍ 10 ശതമാനം പ്രോട്ടീനും 90 ശതമാനം ജലവുമാണുള്ളത്. 

ശരീരത്തിനാവശ്യമായ ഒന്‍പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയ പരിപൂർണ പ്രോട്ടീന്‍ ഭക്ഷണമാണ് മുട്ടയുടെ വെള്ളയെന്ന് ന്യൂട്രീഷനിസ്റ്റ് ലവനീത് ബത്രയും അഭിപ്രായപ്പെടുന്നു. കൊളസ്ട്രോളോ കൊഴുപ്പോ കാര്‍ബോഹൈഡ്രേറ്റോ പഞ്ചസാരയോ ഒന്നും ഉള്‍പ്പെടാത്ത മുട്ടയുടെ വെള്ള കാലറി പേടിയില്ലാതെ കഴിക്കാന്‍ പറ്റിയ വിഭവമാണ്. മുട്ടയ്ക്ക് പുറമേ ദിവസവും രണ്ട് ലീറ്റര്‍ പാലും ഖാലി കഴിക്കാറുണ്ട്. ചിക്കന്‍, ചോറ്, പരിപ്പ് എന്നിവയൊക്കെയാണ് ഖാലിയുടെ മറ്റ്  ഇഷ്ട വിഭവങ്ങള്‍. ഫിറ്റ്നസിന് കുറുക്ക് വഴികളില്ലെന്നും ദിവസവും ഇതിനായി അധ്വാനിക്കണമെന്നും ഖാലി കൂട്ടിച്ചേര്‍ക്കുന്നു.

English Summary : The Great Khali’s diet and fitness secret

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA