ADVERTISEMENT

കൊറിയന്‍ സിനിമകള്‍ക്കും സീരിസുകള്‍ക്കുമൊക്കെ നമ്മുടെ നാട്ടില്‍ ആരാധകരേറെയാണ്. ചലച്ചിത്ര മേളകളില്‍ കിം കി ഡുക്ക് പടങ്ങള്‍ക്കായി ഇടിച്ചു കയറിയ നമ്മുടെ നാട്ടുകാര്‍ ഇന്ന് നെറ്റ്ഫ്‌ളിക്‌സിലെ സ്‌ക്വിഡ് ഗെയിം അടക്കമുള്ള കൊറിയന്‍ ടിവി ഷോകള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ സിനിമയിലും സംഗീതത്തിലും ഫാഷനിലും സംസ്‌കാരത്തിലും മാത്രമല്ല ആരോഗ്യകാര്യങ്ങളിലും കൊറിയക്കാര്‍ മാതൃകയാണ്. 

 

ഭാരം കുറയ്ക്കാനുള്ള കൊറിയന്‍ ഭക്ഷണക്രമമായ കെ-പോപ് ഡയറ്റ് ഇന്ന് ആഗോള തലത്തില്‍ തന്നെ പ്രശസ്തമാണ്. കൊറിയക്കാരുടെ മനോഹരമായ ചര്‍മത്തിന്റെ രഹസ്യം അവരുടെ ആരോഗ്യകരമായ ജീവിതശൈലിയും ഇത്തരം ഡയറ്റ് പ്ലാനുകളുമാണെന്ന് പറയപ്പെടുന്നു. 

 

ഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും ഉത്തമമായ കെ-പോപ് ഡയറ്റ് ലോകമെങ്ങും നിരവധി പേര്‍ ഇന്ന് പിന്തുടരുന്നു. ഭക്ഷണക്രമത്തില്‍ ഒരു സന്തുലനം കാത്തുസൂക്ഷിക്കാനാണ് കൊറിയന്‍ ഡയറ്റ് ആവശ്യപ്പെടുന്നത്. പരമ്പരാഗത കൊറിയന്‍ രുചികള്‍ അടങ്ങിയ ഈ ഡയറ്റ് ഫൈബര്‍ ധാരാളം അടങ്ങിയതും കൊഴുപ്പോ മധുരമോ ഉപ്പോ അധികം ചേര്‍ക്കാത്തതുമാണ്. ഭക്ഷണത്തോടൊപ്പം കൃത്യമായ ഒരു വ്യായാമ ക്രമവും കെ-പോപ് ഭാരം കുറയാന്‍ നിര്‍ദ്ദേശിക്കുന്നു. ദക്ഷിണ കൊറിയയിലെ നിരവധി സെലിബ്രിറ്റികള്‍ ഈ ഡയറ്റ് പിന്തുടരുന്നവരാണ്. 

 

കൊറിയന്‍ ഡയറ്റ് പ്രകാരം പച്ചക്കറികളും മുട്ടയും മീനും ഇറച്ചിയും ചോറും ഗോതമ്പ് അടങ്ങാത്ത ന്യൂഡില്‍സുമെല്ലാം ഭക്ഷണക്രമത്തില്‍ ധാരാളം ചേര്‍ക്കാവുന്നതാണ്. പുളിപ്പിച്ചുണ്ടാക്കുന്ന ഇഡ്ഡലിയും ദോശയുമെല്ലാം ഈ ഭക്ഷണക്രമത്തില്‍ അനുവദനീയമാണ്. എന്നാല്‍ ഇനി പറയുന്ന ഭക്ഷണ വിഭവങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് കെ-പോപ് ഡയറ്റ് നിര്‍ദ്ദേശിക്കുന്നു 

 

1. പാലും യോഗര്‍ട്ട്, ഐസ്‌ക്രീം പോലുള്ള പാലുത്പന്നങ്ങളും

2. ബ്രഡ്, പാസ്ത, ഗോതമ്പ് ഉപയോഗിച്ചുള്ള ഭക്ഷ്യോത്പന്നങ്ങള്‍.

3. വറുത്തതും എണ്ണ അധികം ചേര്‍ന്നതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് അധികമുള്ള ഇറച്ചി

4. ശീതള പാനീയങ്ങള്‍, മിഠായി, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍

 

ഇതോടൊപ്പം ഹോട്ടല്‍ ഭക്ഷണത്തോടും കേക്കും പേസ്ട്രിയും അടക്കമുള്ള ബേക്കറി വിഭവങ്ങളോടും ഗുഡ്‌ബൈ പറയണമെന്ന് കൊറിയന്‍ ഭക്ഷണക്രമം നിര്‍ദ്ദേശിക്കുന്നു. ചായക്കൊപ്പമാണെങ്കില്‍ പോലും സ്‌നാക്‌സ് കഴിക്കുന്നതും കെ-പോപ് നിരുത്സാഹപ്പെടുത്തുന്നു. 

 

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കൊറിയന്‍ ഡയറ്റ് ഹൃദ്രോഗത്തെയും പ്രമേഹത്തെയുമെല്ലാം അകറ്റി നിര്‍ത്താനും സഹായിക്കുന്നു. സംസ്‌കരിച്ച ഭക്ഷണ വിഭവങ്ങള്‍ അധികം പ്രോത്സാഹിപ്പിക്കാത്ത കെ-പോപ് ഡയറ്റ് രക്ത സമ്മര്‍ദവും കൊളസ്‌ട്രോളുമൊക്കെ കുറയ്ക്കാനും സഹായകമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇവ ഉത്തമമാണ്.

English Summary : Healthy Korean diet for weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com