ADVERTISEMENT

ഒരു കൊലപാതകിയുടെ കഥ പറയുന്ന ബോബ് ബിശ്വാസ് എന്ന ക്രൈം ത്രില്ലറിലൂടെ ബോളിവുഡിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍. ചിത്രത്തിലെ അഭിനയ മികവ് കൊണ്ടു  മാത്രമല്ല അതിനു വേണ്ടി രൂപത്തില്‍ വരുത്തിയ അമ്പരപ്പിക്കുന്ന മാറ്റം കൊണ്ടും അഭിഷേക് പ്രേക്ഷകരുടെ കൈയടി നേടി. കവിളുകൾ  ചാടി അല്‍പം തടിച്ച ലുക്കിലുള്ള അഭിഷേക് നിശ്ശബ്ദനായ കൊലയാളിയുടെ എല്ലാ ഭാവങ്ങളും ബോബ് ബിശ്വാസ് എന്ന കഥാപാത്രത്തിലേക്ക് പകരുന്നു. 

 

കഥാപാത്രത്തിന് കൂടുതല്‍ തനിമയും ഒറിജിനാലിറ്റിയും ലഭിക്കുന്നതിന് ഫാറ്റ് സ്യൂട്ടോ കൃത്രിമ മേക്കപ്പോ ഉപയോഗിക്കാതെ തടി കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു അഭിഷേക്. സംവിധായിക ദിയ അന്നപൂര്‍ണ ഘോഷും തിരക്കഥാകൃത്ത് സുജോയ് ഘോഷും ആദ്യം നിര്‍ദ്ദേശിച്ചത് കൃത്രിമ മേക്കപ്പ് ആയിരുന്നു. എന്നാല്‍ ആ മേക്കപ്പില്‍ ചലനങ്ങളൊക്കെ വളരെ അസ്വാഭാവികമായി തോന്നുന്നെന്നും കഥാപാത്രത്തിന്‍റെ തനത് ഭാവം നഷ്ടമാകുന്നെന്നും മനസ്സിലാക്കിയതോടെ തടി കൂട്ടാനുള്ള അഭിഷേകിന്‍റെ നിര്‍ദ്ദേശത്തെ ഇവർ  സ്വാഗതം ചെയ്തു. 

 

ചെറിയ കാലയളവിനുള്ളില്‍ ഭാരം കുറയ്ക്കുന്നതു പോലെതന്നെ വെല്ലുവിളി നിറഞ്ഞതാണ് ഭാരം വര്‍ധിപ്പിക്കുന്നതെന്നും അഭിഷേക് പറയുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരു എന്ന ചിത്രത്തിനു വേണ്ടിയും അടുത്തിടെ അഭിനയിച്ച ബിഗ് ബുള്‍ എന്ന ചിത്രത്തിനു വേണ്ടിയും തന്‍റെ ശരീരത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അഭിഷേക് തയാറായിരുന്നു. എന്നാല്‍ അതിനേക്കാള്‍ അധ്വാനം ബോബ് ബിശ്വാസിന്‍റെ കാര്യത്തില്‍ വേണ്ടി വന്നതായി അഭിഷേക് ചൂണ്ടിക്കാട്ടി . 

 

ഷൂട്ടിങ്ങിന്‍റെ സമയത്ത് 105 കിലോയോളം അഭിഷേകിന് ഭാരമുണ്ടായിരുന്നു. ഭാരം കൂടുന്നതോടെ കവിളില്‍ മാത്രമല്ല ഓരോ ചലനത്തിലും ഭാരക്കൂടുതല്‍ പ്രകടമാകുമെന്നും ശരീരഭാഷയില്‍ അത് പ്രതിഫലിക്കുമെന്നും  അഭിഷേക് പറയുന്നു. ഓടുമ്പോഴും  നടക്കുമ്പോഴുമെല്ലാം ഈ വ്യത്യാസം തിരിച്ചറിയാനാകും. ഇതാണ് ബോബ് ബിശ്വാസ് എന്ന കഥാപാത്രത്തിന് വേണ്ടിയിരുന്നതെന്നും അഭിഷേക് കൂട്ടിച്ചേര്‍ക്കുന്നു. 

 

കൊല്‍ക്കത്തയിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്. ഇവിടുത്തെ സന്ദേശ് അടക്കമുള്ള മധുര പലഹാരങ്ങള്‍ ഭാരം വര്‍ധിപ്പിക്കാന്‍ സഹായിച്ചു.എന്നാല്‍ ചിത്രത്തിന്‍റെ 80 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയായപ്പോഴേക്കും ലോക്ഡൗണിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടി വന്നു. പത്തോ പതിനഞ്ചോ ദിവസത്തെ ഷൂട്ടിനു വേണ്ടി ലോക്ഡൗണ്‍ കഴിയും വരെ ഭാരം അതേ പടി നിലനിര്‍ത്തേണ്ടി വന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നും അഭിഷേക് വെളിപ്പെടുത്തുന്നു. 

 

ഇതാദ്യമായല്ല സിനിമ താരങ്ങള്‍ കഥാപാത്രത്തിനു വേണ്ടി ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നത്. അമീര്‍ ഖാന്‍, രണ്‍ബൂര്‍ കപൂര്‍, വിദ്യ ബാലന്‍, കങ്കണ റാവത്ത്, അനുഷ്ക ഷെട്ടി തുടങ്ങിയ പലരും അദ്ഭുതകരമായ മാറ്റങ്ങള്‍ തങ്ങളുടെ ശരീരത്തിൽ  കഥാപാത്രത്തിനു വേണ്ടി നടത്തിയിട്ടുള്ളവരാണ്.

English Summary : Abhishek Bachchan Weighed Over 100 Kilos For His Role In Bob Biswas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com