ADVERTISEMENT

കോവിഡ് ലോക്ഡൗൺ ജിതീഷിന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം വലുതായിരുന്നു. ഭാരം കൂടി വയറും ചാടി ‘ഭീകര’രൂപത്തിലെത്തിയതും അതുപോലെതന്നെ അതു കുറച്ചതുമെല്ലാം ലോക്ഡൗൺ കാലത്തുതന്നെ. സ്വിറ്റ്സർലൻഡിൽ വിപ്രോയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ജിതീഷ് വർക് ഫ്രം ഹോം ശരിക്കും ആസ്വദിച്ചപ്പോഴാണ് ഭാരം ഒറ്റയടിക്ക് 98 ൽ എത്തിയത്. ഇതൊന്നും ശ്രദ്ധിക്കാതെ ജങ്ക്ഫുഡ് ആസ്വദിച്ചുകൊണ്ടിരുന്ന ജിതീഷിനെ വീണ്ടുവിചാരത്തിലെത്തിച്ചത് ഫോർമൽ ഡ്രസ് ധരിച്ച് ഒന്നു പുറത്തു പോകേണ്ടി വന്നപ്പോഴാണ്. പിന്നെ അവിടുന്നുണ്ടായ മാറ്റമാകട്ടെ ആരെയും അദ്ഭുതപ്പെടുത്തുന്നതും. ഈ മാറ്റത്തിന്റെ കഥ പറയുകയാണ് ജിതീഷ്.

ലോക്ഡൗണിൽ മാറി മറിഞ്ഞ ജീവിതം

അത്യാവശ്യം തടിയുള്ള പ്രകൃതമായിരുന്നു എനിക്ക്. കോവിഡ് ആയതോടെ വർക് ഫ്രം ഹോമിലേക്കു മാറി. ഈ സമയത്ത് കുറച്ച് ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങി. ജങ്ക് ഫുഡ് കഴിച്ച്, സിസ്റ്റത്തിനു മുമ്പിൽ 15 മണിക്കൂർ വരെയൊക്കെ തുടര്‍ച്ചയായി ഇരുന്ന് വർക്ക് ചെയ്തു. ഇതോടെ വളരെ നന്നായി വണ്ണം കൂടി. കൂട്ടിന് നല്ല കുമ്പയും. വർക്ക് ഫ്രം ഹോം ആയതു കൊണ്ടും പുറത്തൊന്നും പോകാത്തതു കൊണ്ടും വീട്ടിലെ ഡ്രസ് ആണ് കൂടുതലും ധരിച്ചിരുന്നത്. ഒരിക്കൽ ്പുറത്തുപോകാൻ ഫോർമൽ ഡ്രസ് ഇട്ടപ്പോഴാണ് അവസ്ഥ എത്രത്തോളം മോശമാണെന്ന ബോധോദയം ഉണ്ടായത്. വെരുതേ ഒന്നു വെയ്റ്റ് ചെക്ക് ചെയ്തപ്പോൾ സെഞ്ചുറി അടിക്കാറായിരുന്നു– 98 കിലോ. എന്നാൽ പിന്നെ ഫുഡ് കൺട്രോൾ ചെയ്യാമെന്നു വിചാരിച്ചു. പക്ഷേ അതിൽ വലിയ വ്യത്യാസമൊന്നും വന്നില്ല. രണ്ടു കിലോ കുറഞ്ഞു 96 ൽ എത്തി. 

ആഹാ... എന്നോടാണോ കളി

jidhessh02

അങ്ങനെയങ്ങ് തോറ്റുകൊടുക്കാൻ ഞാൻ തയാറല്ലായിരുന്നു. എന്തെങ്കിലും ചെയ്ത് ഈ തടി കുറയ്ക്കണമെന്നു ചിന്തിച്ചു നിന്ന സമയത്താണ് മനോരമ ഓൺലൈനിന്റെ സ്ഥിരം വായനക്കാരനായ എനിക്ക് അതിനുള്ള വഴി അവിടുന്നുതന്നെ തുറന്നു കിട്ടിയത്. അതിൽ പ്രസിദ്ധീകരിച്ച ഒരു വെയ്റ്റ് ലോസ് സ്റ്റോറിയുടെ പിറകേ പോയ എനിക്ക് പിന്നെ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. അവരെ കോണ്ടാക്ട് ചെയ്തപ്പോഴാണ് ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ് ലോസ് ഗ്രൂപ്പിൽ ചേർന്നാണ് തടി കുറച്ചതെന്ന് അറിഞ്ഞത്. ഇതോടെ ഞാനും ആ ഗ്രൂപ്പിന്റെ ഭാഗമായി

ജിതീഷേ... നീ വിചാരിക്കുന്നതൊന്നുമല്ല ശരി

ജങ്ക് ഫുഡ് ഉപേക്ഷിച്ച് ആഹാരം കഴിക്കുന്നതു കുറച്ചാൽ തടിയും വയറുമൊക്കെ പമ്പ കടന്ന് ഞാൻ വീണ്ടും സുന്ദരക്കുട്ടപ്പനാകുമെന്ന ധാരണയായിരുന്നു എനിക്ക്. പക്ഷേ ഈ ഗ്രൂപ്പിൽ ചേർന്നപ്പോഴാണു മനസ്സിലായത്, ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള എന്റെ ധാരണകളെല്ലാം തെറ്റായിരുന്നെന്ന്. വെറും പൂജ്യത്തിൽനിന്ന് പിന്നെ ഞാനങ്ങ് തുടങ്ങുകയായിരുന്നു. വെറുതേ ആഹാരം കഴിക്കുന്നതിലല്ല കാര്യം. അതിന്റെ കാലറി കണക്കാക്കി ഒരു ദിവസം നമുക്കു വേണ്ട കാലറിക്കുള്ളിൽ ഡയറ്റ് ക്രമീകരിക്കാൻ തുടങ്ങി. ഭക്ഷണം പ്രോട്ടീൻ റിച്ചാണെന്ന് ഉറപ്പാക്കി. വയർ കുറയ്ക്കാൻ വേണ്ടി മാത്രമുള്ളതല്ലാതെ ശരീരത്തിന്റെ എല്ലാ ഭാഗത്തിനു വേണ്ടിയുമുള്ള വർക്ഔട്ടുകൾ ട്രെയ്നർ നിർദേശിച്ചതനുസരിച്ച് കൃത്യമായി ചെയ്തു. 

ഫലം കണ്ടു തുടങ്ങി മകനേ...

ആഹാരം കൃത്യമായി അളന്ന്, കാലറി മനസ്സിലാക്കി കഴിക്കാൻ തുടങ്ങിയപ്പോൾത്തന്നെ കാര്യമായ മാറ്റം വന്നുതുടങ്ങി. ഡയറ്റ് പുനഃക്രമീകരിച്ചപ്പോഴാണ് എത്ര അധികം ജങ്ക് ഫുഡ് ആണ് കഴിച്ചിരുന്നതെന്നു മനസ്സിലായത്. ഷുഗറും ജങ്ക് ഫുഡും ഒഴിവാക്കി. പുറത്ത് ആയിരുന്നതു കൊണ്ടും റൂം ഷെയർ ചെയ്യുന്നതു കൊണ്ടും ഡയറ്റിനായി പ്രത്യേകം ഫുഡ് തയാറാക്കിയിരുന്നില്ല. നോർമൽ ഫുഡ്തന്നെ അളവ് കുറച്ച് എണ്ണയും ഉപ്പും ഒക്കെ കുറച്ച്, ഒരുപാട് മസാല ചേര്‍ക്കാതെ കഴിച്ചു തുടങ്ങി. പറഞ്ഞ കാലറിയിൽ കഴിച്ചു തുടങ്ങിയപ്പോൾത്തന്നെ മാറ്റം വന്നു. അതുകണ്ടപ്പോൾ വലിയ ഇൻസ്പിറേഷൻ ആയി. 

അങ്ങനെ 3 മാസം അവര്‍ പറഞ്ഞതു പോലെ ഫോളോ ചെയ്തു. ഗ്രൂപ്പിൽ ജോയിൻ ചെയ്തപ്പോൾ വെയ്റ്റ് 96 ആയിരുന്നു. മൂന്ന് മാസം ആയപ്പോൾ വെയ്റ്റ് 80 കിലോ ആയി. ഏകദേശം 15 കിലോ കുറച്ചു. പ്രധാന പ്രശ്നം വയറായിരുന്നു. ഇപ്പോള്‍ നല്ല മാറ്റം ഉണ്ട്. നല്ല ഷേപ്പിൽ ആയി. എല്ലാവരും പറഞ്ഞു നല്ല മാറ്റം ഉണ്ടെന്ന്. ഡ്രസെല്ലാം ഫിറ്റാകാൻ തുടങ്ങി. എക്സര്‍സൈസ് ചെയ്യുന്നതിന്റെയും നല്ല ഫുഡ് കഴിക്കുന്നതിന്റെയും എനർജി വർക്കിലും പഴ്സനൽ ലൈഫിലും പ്രതിഫലിക്കാൻ തുടങ്ങി. 

ഇനി അങ്ങോട്ട് ജിമ്മിലും

jidhessh03

വെയ്റ്റ് കുറച്ച് ഒന്നു ഫിറ്റ് ആയപ്പോൾ ജിമ്മിൽ ജോയിൻ ചെയ്തു. അതിനുമുൻപു റൂമിൽതന്നെയായിരുന്നു എന്റെ വർക്ഔട്ട്. ജിം ട്രെയ്നറുടെ ഗൈഡൻസ് കൂടി വന്നപ്പോള്‍ നല്ല റിസൾട്ട് വന്നു. മസിൽസിലും മൊത്തത്തിലുള്ള പവറിലും ടോണിലും നല്ല വ്യത്യാസം വന്നു. എന്റെ മാറ്റം കണ്ട് എല്ലാവരും ജിമ്മിൽ ജോയിൻ ചെയ്തു. മുമ്പ് കളിയാക്കിയവരും നമ്മുെട ചേഞ്ച് കണ്ട് സ്റ്റാർട്ട് ചെയ്തു. കഴിഞ്ഞ ഒന്നര മാസമായി ഇപ്പോൾ രാവിലെയും വൈകിട്ടും ജിമ്മിൽ പോകുന്നുണ്ട്. നടക്കുന്നുണ്ട്. നല്ല പോലെ ഡയറ്റ് ഫോളോ ചെയ്യുന്നുണ്ട്. ഷുഗർ കംപ്ലീറ്റ് ആയി ഒഴിവാക്കിയിരിക്കുകയാണ്. ഒരിക്കലും ആ പഴയ ജങ്ക് ഈറ്റിങ്ങിലേക്ക് പോകരുതെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. ഇപ്പോഴത്തെ എന്റെ വെയ്റ്റ് 75 കിലോ ആണ്. ഏകദേശം 20 കിലോയോളം കുറയ്ക്കാൻ പറ്റി. 115–116 സെന്റീമീറ്റർ ആയിരുന്ന വയറ് ഇപ്പോൾ 94 cm ആണ്. 

പരിഹസിച്ചവർ പിന്നാലെ നടക്കുന്നത് ഒരു രസമല്ലേ...

ശരീരഭാരം കൂടുന്നതു കാണുമ്പോൾ പോസിറ്റീവായി നമ്മളോട് നീ ഇത് കുറയ്ക്കണമെന്നു പറയുന്നവരുമുണ്ട്. അതുപോലെ ഇതൊരവസരമായി കണ്ട് കഴിയാവുന്നത്ര കളിയാക്കി നമ്മുടെ കോൺഫിഡൻസ് ലെവൽ മുഴുവൻ നശിപ്പിക്കുന്നവരുമുണ്ട്. ഇതുരണ്ടും എനിക്ക് എസ്പീരിയൻസ് ചെയ്യാൻ സാധിച്ചു. ഒറ്റയ്ക്കുള്ള താമസമായതുകൊണ്ട് എന്റെ ഭക്ഷണകാര്യത്തിൽ അമ്മയ്ക്കും ഭാര്യയ്ക്കും എപ്പോഴും ആശങ്കയാണ്. വിളിക്കുമ്പോഴെല്ലാം ഇവർക്ക് ഇതുതന്നെയായിരുന്നു കൂടുതലും പറയാനുണ്ടായിരുന്നതും. ഭാരം കൂടുന്നതു കണ്ടപ്പോൾ ഇരുവരും അത് ഓർമിപ്പിക്കുകയും ചെയ്തു. അമ്മ എപ്പോഴും പറയും മോനേ... നീ വല്ലാതെ തടിക്കുകയാ, ആഹാരമൊക്കെ ഒന്നു ശ്രദ്ധിക്കണമെന്ന്. ഭാര്യയാകട്ടെ എന്തെങ്കിലുമൊക്കെ വ്യായാമം ചെയ്യാനും പറയുന്നുണ്ടായിരുന്നു. 

വീക്കെൻഡുകളിൽ സുഹൃത്തുക്കൾക്കൊപ്പം ഔട്ടിങ്ങിനു പോകുമ്പോൾ ഏറെ വിഷമിച്ചിട്ടുണ്ട്. മൗണ്ടൻ ക്ലൈമ്പിങ്ങിലെല്ലാം വളരെ ബുദ്ധിമുട്ടി. സുഹൃത്തുക്കൾ കയറി പോകുമ്പോൾ ഞാൻ മാത്രം കിതച്ച് ക്ഷീണിച്ച് നിൽക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അവരെക്കാൾ വേഗത്തിൽ കയറുന്നത് ഞാനാണ്. ഇപ്പോൾ അവരെല്ലാം എന്റെ ടിപ്സ് ചോദിച്ച്, ഞാൻ നൽകുന്ന നിർദേശങ്ങൾക്ക് കാതോർക്കുന്നു.

മനസ്സിലാകാതെ സഹപ്രവർത്തകർ

വർക്ക് ഫ്രം ഹോം തുടങ്ങിയതിൽ പിന്നെ ജോലിക്ക് ഓഫിസിൽ പോകാത്തതു കൊണ്ട് ഒന്നര വർഷത്തിനു മേലെയായി ആരെയും കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഒരു െഗറ്റ് ടുഗദർ ഉണ്ടായിരുന്നു. സഹപ്രവർത്തകർക്ക് എന്നെ കണ്ടിട്ട് മനസ്സിലായില്ല. അവരെല്ലാവരും എന്നോട് എങ്ങനെ മെലിഞ്ഞു, എന്താണ് ടിപ്സ് എന്നൊക്കെ ചോദിച്ചു. എന്ത് ഡയറ്റ് ആണ് എന്നൊക്കെ ചോദിച്ച് ഓരോരുത്തർ വിളിക്കുന്നുമുണ്ട്. യൂറോപ്പിലെ ആള്‍ക്കാർ ഹെൽത്ത് കോൺഷ്യസ് ആണ്. അങ്ങനെയുള്ളവര്‍ നമ്മളോട് ചോദിക്കുമ്പോൾ ഒരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യാറുണ്ട്. അതൊരു അച്ചീവ്മെന്റായി എനിക്ക് തോന്നാറുണ്ട്.

ലോക്ഡൗണിന്റെ കടമ്പകൾ കഴിഞ്ഞതോടെ ഭാര്യയും സ്വിറ്റ്സർലൻഡിലെത്തി. ഇപ്പോൾ ഭക്ഷണകാര്യങ്ങളെല്ലാം ഭാര്യയുടെ മേൽനോട്ടത്തിലാണ്. അതുകൊണ്ട് ആ ഭാഗം എനിക്കു നോക്കേണ്ടി വരുന്നില്ല. കഴിക്കേണ്ട കാലറിയെല്ലാം കണക്കാക്കി കൃത്യസമയത്ത് ഓരോ ആഹാരവും വീട്ടിൽതന്നെ ഉണ്ടാക്കി കിട്ടുന്നുണ്ട്. വണ്ണം കുറയ്ക്കാൻ പറഞ്ഞുകൊണ്ടിരുന്ന അമ്മ ഇപ്പോൾ പറയുന്നത് മോനേ നീ ഇനി മെലിയണ്ട എന്നാണ്. കുറച്ചുകൂടി ഒന്നു ഫിറ്റ് ആകണമെന്നുണ്ട്. അതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

English Summary : Belly fat and weight loss tips of Jidheesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com