ADVERTISEMENT

ഫിറ്റ്‌നസും വര്‍ക്ക് ഔട്ടുമൊക്കെ കത്രീന കൈഫിനെയും കരീന കപൂറിനെയും ടൈഗര്‍ ഷ്രോഫിനെയുമൊക്കെ പോലുള്ള ബോളിവുഡ് നടീ നടന്മാരുടെ കുത്തകയൊന്നുമല്ല. നമ്മുടെ മലയാളത്തിലെ ന്യൂജനറേഷന്‍ നടീ നടന്മാരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പുലികളാണ്. ഉണ്ണി മുകുന്ദനും ടോവിനോയുമൊക്കെ ജിമ്മിലെ വര്‍ക്ക് ഔട്ട് വിഡിയോകളുമായി കളം നിറയുമ്പോള്‍ നടിമാരും ഒട്ടും പിന്നിലല്ല. ഞാന്‍ സ്റ്റീവ് ലോപസ്, ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള പോലെ ചുരുക്കം ചിത്രങ്ങള്‍ കൊണ്ടുതന്നെ മലയാളിയുടെ മനം കവര്‍ന്ന നടി അഹാന കൃഷ്ണയും ഫിറ്റ്‌നസിനെ വളരെ ഗൗരവത്തോടെ എടുക്കുന്ന മലയാള നടിമാരില്‍ ഒരാളാണ്. 

 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സ്ഥിരോത്സാഹമാണ് അഹാനയുടെ വിജയമന്ത്രം. ചെറിയ ചെറിയ വര്‍ക്ക് ഔട്ടുകള്‍ സ്ഥിരമായി ചെയ്താല്‍ ശരീര വടിവിന്റെ  കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന് അഹാന വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച തന്റെ വര്‍ക്ക് ഔട്ട് വിഡിയോയിലൂടെയും ഈ സന്ദേശം തന്നെയാണ് താരം നല്‍കുന്നത്. ഡംബെല്ലുകള്‍ ഉപയോഗിച്ചുള്ള വെയ്റ്റ് ട്രെയിനിങ്ങും സ്‌ട്രെച്ചിങ് വ്യായാമങ്ങളും പ്ലാങ്കും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു അഹാനയുടെ വര്‍ക്ക് ഔട്ട് വിഡിയോ. സര്‍ട്ടിഫൈഡ് ഫിറ്റ്‌നസ് കോച്ച് വിനീത് തുളസീധരന്‍ വിഡിയോ കോളിലൂടെ അഹാനയുടെ വര്‍ക്ക് ഔട്ടിന് മേല്‍നോട്ടം വഹിച്ചു. 

 

എത്ര തിരക്കുണ്ടെങ്കിലും ജിമ്മിലെ വര്‍ക്ക് ഔട്ട് ഒരിക്കലും മുടക്കാത്ത അഹാന ദിവസവും ഒന്നര മണിക്കൂറെങ്കിലും ഇതിനായി മാറ്റി വയ്ക്കുന്നു. കാര്‍ഡിയോ വ്യായമങ്ങളും നീന്തലും ക്രോസ്ഫിറ്റ് വ്യായാമങ്ങളുമെല്ലാം അഹാനയുടെ വര്‍ക്ക്ഔട്ടില്‍ ഉള്‍പ്പെടുന്നു. ഹുല ഹൂപ്‌സ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അഹാന ഇതിന്റെ വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വര്‍ക്ക് ഔട്ടിനൊപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധ പുലര്‍ത്തുന്ന അഹാന ചോറിന് പകരം ഉച്ചയ്ക്ക് ഗോതമ്പ് പുട്ട് പോലുള്ള പരീക്ഷണങ്ങളും നടത്താറുണ്ട്. അഹാനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരവും പുട്ടുതന്നെ. മൂന്നു നേരവും പുട്ടു കിട്ടിയാൽ ഏറെ സന്തോഷം.

 

വീട്ടിൽത്തന്നെ ജിം സെറ്റ് ചെയ്തിട്ടുള്ളതിനാൽ വർക്ഔട്ടുകൾ പലപ്പോഴും വീടിനുള്ളിൽ തന്നെയാകും. അച്ഛൻ കൃഷ്ണകുമാറും സഹോദരിമാരായ ദിയയും ഇഷാനിയുമെല്ലാം ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്നവരാണ്. 

English Summary : Fitness tisp of Ahaana Krishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com