ADVERTISEMENT

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ അടുത്ത കാലത്തായി ഏറ്റവും ഹിറ്റായ ഒന്നാണ് കെ-പോപ് ഡയറ്റ് എന്ന കൊറിയന്‍ ഭക്ഷണരീതി. അത്യന്തം സ്വാദിഷ്ടവും ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഈ ഭക്ഷണരീതി ഇത്രയും കാലം എവിടെയായിരുന്നു എന്നാണ് പലരുടെയും ചോദ്യം തന്നെ. മറ്റ് ഡയറ്റ് പ്ലാനുകളെ പോലെ അതി വേഗ ഫലം അല്ല കെ-പോപ്പ് വാഗ്ദാനം ചെയ്യുന്നത്. മറിച്ച് ഭക്ഷണ ക്രമത്തിൽ ഒരു  സന്തുലനം കാത്തു സൂക്ഷിച്ച് ഫിറ്റായും ആരോഗ്യത്തോടെയും ഇരിക്കാൻ  കെ-പോപ് ഡയറ്റ് നിർദ്ദേശിക്കുന്നു. ദക്ഷിണ കൊറിയയിലെ നിരവധി സെലിബ്രിറ്റികള്‍ ഈ ഡയറ്റ് പിന്തുടരുന്നവരാണ്. കെ-പോപ് ഡയറ്റിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ഇനി പറയുന്നവയാണ്.

 

1. പച്ചക്കറികളും പഴങ്ങളും

നിരവധി നിറങ്ങളില്‍പ്പെട്ട വൈവിധ്യമാര്‍ന്ന തരം ഫ്രഷ് പച്ചക്കറികള്‍ ഇല്ലാതെ കൊറിയന്‍ ഭക്ഷണം അപൂര്‍ണമാണ്. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറച്ച് മാത്രം അടങ്ങിയതും ഫൈബര്‍ അടക്കമുള്ള പോഷണങ്ങള്‍ ഉള്ളതുമായ പച്ചക്കറികളും പഴങ്ങളും ഭാരം കുറയ്ക്കാന്‍ സഹായകമാണ്. 

 

2. കൊഴുപ്പ് കുറഞ്ഞ, പ്രോട്ടീന്‍ കൂടിയ ഭക്ഷണങ്ങള്‍

വറുത്തതും പൊരിച്ചതും കൊഴുപ്പ് നിറഞ്ഞതുമായ ഭക്ഷണവിഭവങ്ങള്‍ കെ-പോപ് ഡയറ്റില്‍ ഇടം പിടിക്കുന്നില്ല. പകരം പ്രോട്ടീനും മറ്റ് അവശ്യ പോഷണങ്ങളും അടങ്ങിയ ഭക്ഷണങ്ങളിലാണ് കൊറിയക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിക്കനും കടല്‍ മീനുകളുമെല്ലാം കെ-പോപ് ഡയറ്റില്‍ ധാരാളമായി അടങ്ങുന്നു.  ലീന്‍ പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതും കൊഴുപ്പും കാലറികളും കുറഞ്ഞതുമായ സീഫുഡ് തടി കുറയ്ക്കാന്‍ അത്യുത്തമമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ കടല്‍ മത്സ്യങ്ങള്‍  ദീര്‍ഘനേരത്തേക്ക് വിശക്കാതെയിരിക്കാനും സഹായകമാണ്.

 

3. അമിതമായ പഞ്ചസാരയ്ക്ക് ഇടമില്ല

പരമ്പരാഗത കൊറിയന്‍ ഭക്ഷണത്തില്‍ പഞ്ചസാര ചേര്‍ന്ന കാന്‍ഡി, സ്നാക്കുകള്‍, പാനീയങ്ങള്‍ എന്നിവയ്ക്ക് ഇടമില്ല. ഉയര്‍ന്ന കാലറി അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ വണ്ണം കൂടാന്‍ കാരണമാകും. പോഷണമേതുമില്ലാതെ തടി മാത്രം വര്‍ധിപ്പിക്കുന്ന പഞ്ചസാര ചേര്‍ത്ത വിഭവങ്ങള്‍ കെ-പോപ് ഡയറ്റ് കര്‍ശനമായി വിലക്കുന്നു.

 

4. സംസ്കരിച്ച ഭക്ഷണത്തോടും ബൈ ബൈ

വീട്ടില്‍ ഉണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണവിഭവങ്ങളാണ് കെ-പോപ് ഡയറ്റിന്‍റെ കേന്ദ്ര ബിന്ദു. ഇവിടെ സംസ്കരിച്ച ഭക്ഷണവിഭവങ്ങള്‍ക്ക് സ്ഥാനമില്ല. റസ്റ്ററന്‍റുകളില്‍ നിന്നും കടകളില്‍ നിന്നും അനാരോഗ്യകരമായ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കൊറിയയിലെ ജനങ്ങള്‍ പരമാവധി ഒഴിവാക്കാറുണ്ട്. പല രാജ്യങ്ങളിലും അമിതവണ്ണത്തിന് കാരണമാകുന്നത് ഇത്തരം ഭക്ഷണമാണ്. പല രോഗങ്ങളിലേക്കും മാറാവ്യാധികളിലേക്കും അവ നയിക്കും. 

 

5.പുളിപ്പിച്ച ഭക്ഷണങ്ങള്‍

കൊറിയക്കാരുടെ ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം എപ്പോഴും കാണപ്പെടുന്ന ഒന്നാണ് കിംചി എന്ന പരമ്പരാഗത വിഭവം. കാബേജ്, റാഡിഷ്, ഗ്രീന്‍ ഒനിയന്‍ പോലുള്ള പച്ചക്കറികള്‍ പുളിപ്പിച്ചാണ് കിംചി ഉണ്ടാക്കുന്നത്. ഇവയ്ക്ക് മേല്‍ പഞ്ചസാര, ഉപ്പ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളക്, കുരുമുളക് പോലുള്ളവ വിതറിയ ശേഷമാണ് കഴിക്കാറുള്ളത്. പുളിപ്പിച്ച ഈ ഭക്ഷണവിഭവങ്ങളിലെ പ്രോബയോട്ടിക് വയറിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് ഭാരം പെട്ടെന്ന് കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായകമാണ്. 

 

6. വ്യായാമവും പ്രധാനം

നല്ല ഭക്ഷണശൈലിക്കൊപ്പം നല്ല ജീവിതശൈലിയും പിന്തുടരുന്നവരാണ് കൊറിയക്കാര്‍. നടത്തവും ഓട്ടവുമെല്ലാം ഇവരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ചെറിയ ദൂരങ്ങള്‍ക്കായി ഇവിടെയുള്ളവര്‍ വാഹനങ്ങള്‍ ഉപയോഗിക്കാറില്ല. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാ പ്രായത്തിലുമുള്ളവര്‍  കൊറിയയില്‍ സജീവമായ ജീവിതശൈലി പിന്തുടരുന്നു. കൊറിയന്‍ സിനിമകളിലും ബാന്‍ഡുകളിലുമൊക്കെ കാണുന്ന താരങ്ങളുടെ  ആകാരവടിവൊത്ത ശരീരം ഇവിടുത്തെ സാധാരണക്കാരിലും കാണാന്‍ സാധിക്കുന്നതിന്‍റെ രഹസ്യവും മറ്റൊന്നല്ല. 

English Summary : The basics of K-Pop diet and how it can help you lose weight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com