95 കിലോയിൽ നിന്ന് 62–ലേക്ക്; സംഗീതയുടെ മേക്ക്ഓവറിനു പിന്നിലെ ആ രഹസ്യം അറിയാം

sangeetha
സംഗീത
SHARE

ഒരാൾ തടി വയ്ക്കുമ്പോൾ ‘അയ്യോ, വല്ലാണ്ടങ്ങ് തടിച്ചു വൃത്തികേടായല്ലോ, ആഹാരമൊക്കെ കുറച്ചു കുറയ്ക്കൂ കേട്ടോ, പറ്റുവാണേൽ എങ്ങനേലും ഒന്നു ഭാരം കുറയ്ക്കാൻ നോക്ക്’ ഇങ്ങനെവരും സമൂഹത്തിന്റെ ഉപദേശം. ഈ ഉപദേശമൊക്കെ കേട്ട് തടി ഒന്നു കുറച്ചാലോ, ഉടൻ വരും അടുത്ത കമന്റ്: ‘ഇതെന്താ ഇങ്ങനെ മെലിയാൻ, കോലം കെട്ട് ഭംഗിയൊക്കെ അങ്ങു പോയി, കുറച്ച് കവിളൊക്കെ വച്ചിരുന്നപ്പോൾ ആ മുഖത്തു നോക്കാൻ ഒരു ഐശ്വര്യമൊക്കെ ഉണ്ടായിരുന്നു, ഇപ്പഴത്തെ പിള്ളേരുടെ ഓരോരോ കാര്യങ്ങളേ, കുറച്ചൂടെയൊക്കെ ഒന്ന് തടി വയ്ക്കാൻ നോക്കൂ.’ ഇതു രണ്ടും ആവോളം കിട്ടിയിട്ടുണ്ട് എംജി സർവകലാശാലയിൽ പിജി ചെയ്യുന്ന ബേപ്പൂർ സ്വദേശി സംഗീതയ്ക്ക്. പക്ഷേ ഇതിലൊന്നിലും തളരാത്ത സംഗീത ആകെ ആശങ്കയിലായിപ്പോയത് താൻ ഏറ്റവും കോൺസൻട്രേറ്റ് ചെയ്യുന്ന, ആസ്വദിക്കുന്ന ഈ ഇഷ്ടമേഖല തന്നെ ചതിച്ചപ്പോഴാണ്. പിന്നെ ഒരു പോരാട്ടമായിരുന്നു അതു തിരിച്ചെടുക്കാൻ. ആ വിശേഷങ്ങൾ സംഗീതതന്നെ പറയട്ടെ:

എന്നെ ചതിച്ച ആ ലോക്ഡൗൺ

അത്യാവശ്യം തടിയും ഉയരവുമൊക്കെയായി ഇങ്ങനെ ജീവിതം അടിച്ചുപൊളിച്ച് മുന്നോട്ടു പോകുന്നതിനിടയിലാണ് കോവിഡ് മഹാമാരി എത്തുന്നതും സർക്കാർ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതുമൊക്കെ. ആഹാ കൊള്ളാമല്ലോ. എങ്ങും പോകാതെ വീട്ടിലിരുന്ന് ആവോളം ഭക്ഷണമൊക്കെ കഴിച്ച് ലോക്ഡൗൺ ഞാനങ്ങ് ആഘോഷമാക്കി. ഇടയ്ക്കിടെ ഓരോ പുതിയ പാചപരീക്ഷണവും നടത്തി. സ്വയം നടത്തുന്ന പരീക്ഷണം ആകുമ്പോൾ അതും ആസ്വദിക്കണമല്ലോ. അങ്ങനെ എല്ലാ ആസ്വാദനവും കൂടിയായപ്പോൾ 95 കിലോയിലേക്ക് എത്തി.

ഡിപ്രഷനു വേണോ ഇതിലും വലിയ കാര്യം

sangeetha02

ഞാൻ ഏറ്റവുമധികം ശ്രദ്ധിക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ എന്റെ ഡ്രസിങ്ങിലാണ്. വെയ്റ്റ് കൂടിയതോടെ ഒരു ഡ്രസും പറ്റുന്നില്ല. ഡിപ്രഷനു മറ്റെന്തെങ്കിലും കാരണം വേണോ? ഇതിനിടയ്ക്ക് കാണുന്നവരൊക്കെ പറഞ്ഞു തുടങ്ങി വല്ലാണ്ടങ്ങ് തടിച്ചല്ലോ എന്ന്. ഇടി വെട്ടിയവന്റെ തലയിൽ പാമ്പു കടിച്ച അവസ്ഥ. ഈ കമന്റ് പറയുന്നവർക്ക് അറിയില്ലല്ലോ മറ്റുള്ളവരുടെ ഉള്ള് പിടയുന്നത്. ഡ്രസിങ് എന്നെ ചതിച്ചതോടെ എങ്ങനെയെങ്കിലും തിരിച്ച് പഴയ അവസ്ഥയിലേക്ക് എത്തിയേ മതിയാവൂ എന്ന ഉറച്ച തീരുമാനമങ്ങെടുത്തു.

പിന്നെ എല്ലാം ശടപടേന്ന്

മുൻപ് വെക്കേഷൻ സമയത്തൊക്കെ സമയം പോകാനായി വെറുതേ ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യുമായിരുന്നെങ്കിലും ഒന്നും കാര്യമായെടുത്തിരുന്നില്ല. എന്നാൽ ലോക്ഡൗണിനു ശേഷം ജിമ്മുകൾ തുറന്നതോടെ ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജിമ്മിൽ പോയി സീരിയസായി വർക്ഔട്ടുകൾ തുടങ്ങി. കൂടുതലും കാർഡിയോ ആയിരുന്നു ചെയ്തിരുന്നത്. ട്രെയിനറുള്ള സമയത്ത് എക്യുപ്മെന്റ്സ് ഇല്ലാതെ കുറേ എക്സർസൈസ് ഒക്കെ ചെയ്യിപ്പിക്കുമായിരുന്നു. ആദ്യമൊക്കെ ഇതൊന്നും എന്നെക്കൊണ്ട് സാധിക്കില്ലെന്നു തോന്നിയിരുന്നെങ്കിലും ട്രെയിനർ നൽകിയ മോട്ടിവേഷനിൽ എല്ലാ വർക്കൗട്ടുകളും ഭംഗിയായങ്ങ് ചെയ്തു.

ജിമ്മിൽ പോകാൻ സാധിക്കാത്തപ്പോൾ വീട്ടിൽ ഒരു മണിക്കൂറൊക്കെ നടക്കുമായിരുന്നു. ജിമ്മിൽ പോയില്ലെങ്കിലും ഉള്ള െവയ്റ്റ് മെയിന്റെയ്ൻ ചെയ്തു പോകണം എന്നുണ്ടായിരുന്നു. അതിനാൽ വീട്ടിൽ വച്ച് എക്യുപ്മെന്റ്സ് ഇല്ലാതെയുള്ള എക്സർസൈസൊക്കെ ചെയ്തിരുന്നു. ഒപ്പം ഡയറ്റുകളും തന്നിരുന്നു. ചേഞ്ചിനനുസരിച്ച് ഇടയ്ക്കിടെ ഡയറ്റുകൾ മാറ്റിയിരുന്നു. ഷുഗറും റൈസും കുറച്ചു. പ്രോട്ടീൻ കൂടുതലുള്ള ഫുഡും ഫ്രൂട്ട്സും ജ്യൂസുകളും ആയിരുന്നു കഴിച്ചിരുന്നത്. ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തി, കറി, സാലഡ്. പതിനൊന്നു മണിയാകുമ്പോൾ ഒരു ജ്യൂസ്, ഉച്ചയ്ക്ക് 1 കപ്പ് റൈസ് ചിക്കന്‍ കറി എന്നിവ കഴിക്കും. രാത്രിയിൽ സാലഡ്. ഇങ്ങനെയായിരുന്നു ഡയറ്റ്. ഒടുവിൽ 95–ൽ നിന്ന് 33 കിലോ കുറച്ച് 62 കിലോയിലേക്ക് എത്തി. ഒരു വർഷത്തെ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഇപ്പോഴുള്ള ഞാൻ.

കമന്റുകൾക്കാണോ പഞ്ഞം

തടി കുറഞ്ഞു തുടങ്ങിയപ്പോൾ പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ ഒത്തിരി കിട്ടി. രണ്ടും ഞാൻ ഇരുകയ്യും നീട്ടിയങ്ങ് സ്വീകരിച്ചു. നന്നായി വണ്ണം കുറഞ്ഞു, നല്ല ഭംഗിയുണ്ട്, ഒരു പാട് മാറ്റം വന്നു എന്നൊക്കെ ഒരുഭാഗത്തുനിന്നു കേൾക്കുമ്പോൾ, കുറയ്ക്കാൻ പറഞ്ഞവർതന്നെ തടിയുള്ളപ്പോഴായിരുന്നു കാണാൻ രസം എന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാനതൊന്നും ശ്രദ്ധിക്കാറില്ല. എനിക്കു നല്ലതെന്നു തോന്നുന്നത്, എന്റെ ആരോഗ്യത്തിനു വേണ്ടത്, അതിനു മാത്രമേ ശ്രദ്ധ കൊടുക്കുന്നുള്ളു. നന്നായി, നല്ല ഭംഗി വച്ചു, മെലിഞ്ഞതാണ് നല്ലത് എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളുമുണ്ട്. ഇപ്പോൾ കുറച്ചു കൂടി കോൺഫിഡൻസ് ആയില്ലേ എന്നൊക്കെ ചോദിച്ച് അവർ എന്റെ ആ ലെവലും കൂട്ടിത്തന്നു.

sangeetha03

തടി കുറയ്ക്കാൻ പോകുന്നൂന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ആദ്യം ഇഷ്ടമല്ലായിരുന്നു. മെലിഞ്ഞു പോയല്ലോ എന്നുള്ള സങ്കടമായിരുന്നു. ഇപ്പോൾ നല്ലതാണെന്ന് പറയുന്നുണ്ടെങ്കിലും വീട്ടിൽ അച്ഛനും അമ്മയും ഏട്ടനും മാത്രമേ നീ എന്തിനാ മെലിഞ്ഞത് എന്ന് ആത്മാർഥമായി ചോദിച്ചിട്ടുള്ളൂ. 

ശ്രമിച്ചാൽ നടക്കാത്തത് ഒന്നുമില്ലെന്നേ...

നമ്മൾ ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്ന് എനിക്കു മനസ്സിലായൊരു കാര്യമാണ്. ഞാനും വിചാരിച്ചിരുന്നു എനിക്കിത് പറ്റില്ല എന്ന്. എനിക്ക് മെലിയാൻ പറ്റില്ല, ഞാൻ എന്നും ഇങ്ങനെ ആയിരിക്കും എന്നൊക്കെ വിചാരിച്ച് കുറേ വിഷമിച്ചു. പക്ഷേ കുറച്ചു ഹാർഡ് വർക്ക് ചെയ്താൽ നടക്കുമെന്ന് എനിക്കു പിന്നീടു മനസ്സിലായി.

Content Summary : Weight loss and fitness tips of Sangeetha

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS