ADVERTISEMENT

‘എന്തിനാ ഷീജേ ഇനിയുമൊരു പരീക്ഷണം, നിന്റെ പരാക്രമങ്ങൾ ഞങ്ങളെത്ര കണ്ടിരിക്കുന്നു’– ശരീരഭാരം കുറയ്ക്കണം, അതിനെക്കാളുപരി കൈയിലെ അനാവശ്യ വണ്ണം കുറച്ചേ മതിയാകൂ എന്ന വാശിയുമായി ഇറങ്ങിത്തിരിച്ച ഷീജ ആദ്യം കേട്ട ഡയലോഗാണ് ഇത്. പക്ഷേ ഇഷ്ടവസ്ത്രം ധരിക്കുന്നതിനു തടസ്സമായി നിൽക്കുന്ന ഈ കൈവണ്ണം കുറച്ചിട്ടേ ഇനി തിരിഞ്ഞുനോക്കൂ എന്ന ഉറച്ച തീരുമാനത്തിലായിരുന്നു  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഉദ്യോസ്ഥയും വയനാട് സ്വദേശിയുമായ ഷീജ. ഒടുവിൽ വിജയം കൈവരിച്ചതിനെക്കുറിച്ചും ഓഫിസിലേക്കു കയറ്റാതെ സുരക്ഷാഉദ്യോഗസ്ഥൻ തടഞ്ഞ അനുഭവത്തെക്കുറിച്ചുമൊക്കെ ഷീജ പറയുന്നു.

 

എന്തൊരു കഷ്ടപ്പാടാന്നു നോക്കണേ...

69.4 കിലോ ആയിരുന്നു എന്റെ ശരീരഭാരം. അതൊന്നും എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. പക്ഷേ എന്റെ കൈയുടെ വണ്ണം, അത് പലപ്പോഴും എന്നെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഇഷ്ടവേഷമായ സാരി ഉടുക്കേണ്ടുന്ന അവസരങ്ങളിൽ. വളരെ കഷ്ടപ്പെട്ട് വർക്ഒൗട്ടും ഡയറ്റും പട്ടിണി കിട്ടകലുമൊക്കെ വഴി 5 കിലോ കുറച്ചു. പക്ഷേ അതിനുശേഷം ഭാരസൂചിക അനങ്ങിയിട്ടേ ഇല്ല. പല കാര്യങ്ങളും പരീക്ഷിച്ചു നോക്കിയിട്ടും അതാകട്ടെ 64.5–ൽ അങ്ങ് നിലയുറപ്പിച്ചു. 5 കിലോ കുറഞ്ഞെങ്കിലും കൈയിലെ വണ്ണം അതുപോലെതന്നെ നിൽക്കുന്നുണ്ടായിരുന്നു. ഈ സമയത്താണ് മനോരമ ഓൺലൈനിൽ ആരോഗ്യകരമായി ഭാരം കുറച്ചവരുടെ അനുഭവങ്ങൾ വായിക്കുന്നത്. അതു വായിച്ചപ്പോഴാണ് ഒരു കാര്യം എനിക്കു മനസ്സിലായത്, എന്റെ ഈ കാട്ടിക്കൂട്ടലുകൾ എല്ലാം അനാരോഗ്യകരമായിരുന്നെന്ന്. 

sheeja-2

 

തുടർന്ന് ഫാറ്റ് ലോസ് എന്ന ലക്ഷ്യത്തിനു വേണ്ടി ഞാൻ അഞ്ജു ഹബീബ് ഫിറ്റ്നസ് ആൻഡ് ഫാറ്റ് ലോസ് ഗ്രൂപ്പിൽ ചേർന്നു. ഇവിടെ ഞാൻ ആദ്യം ചോദിച്ച ചോദ്യം എന്റെ കൈവണ്ണം കുറയുമോ എന്നായിരുന്നു. ട്രെയിനർ 100 ശതമാനം ഉറപ്പു നൽകിയതോടെ അരയും തലയും മുറുക്കി ഞാൻ വീണ്ടും ഫിറ്റ്‌നസ് ലോകത്തേക്ക് കാലെടുത്തുവച്ചു. 

 

അതെല്ലാം എന്റെ മണ്ടത്തരം

വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുന്ന പ്രകൃതക്കാരിയായിരുന്ന ഞാൻ വണ്ണം കൂടുമെന്നോർത്ത് മിക്കപ്പോഴും വെജിറ്റബിൾ സാലഡ് ആയിരുന്നു കഴിച്ചിരുന്നത്. ജീവിതത്തിന്റെ നല്ല പങ്ക് ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ നഷ്ടപ്പെടുത്തുകയായിരുന്നുവെന്നു ഈ ഗ്രൂപ്പിൽ ചേർന്ന ശേഷമാണ് മനസ്സിലാക്കിയത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള ജീവിതശൈലി രോഗങ്ങളെ പടിക്കു പുറത്തിരുത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഈ ഉദ്യമത്തിനു ഞാനിറങ്ങിയത്. ഒപ്പം മനസ്സിനിഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ പറ്റണമെന്ന തീവ്ര മോഹവും.

 

ആവശ്യത്തിനുള്ളഭക്ഷണം കഴിക്കാത്തതു കൊണ്ടായിരുന്നു എന്റെ വെയ്റ്റ് കൂടിക്കൊണ്ടിരുന്നതെന്ന് ഈ ഗ്രൂപ്പിൽ ചേർന്നശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത്. എത്ര വർക്ഔട്ട് ചെയ്താലും വണ്ണം കൂടുന്നു, വെയ്റ്റ് കൂടുന്നു, ഭക്ഷണമോ വളരെ കുറച്ചും. ഗ്രൂപ്പിലെ നിർദ്ദേശങ്ങൾക്കനുസരിച്ചു ഭക്ഷണത്തിലും വ്യായാമത്തിലും മാറ്റം വരുത്തിയപ്പോൾ വന്നതോ ഒരൊന്നൊന്നര മാറ്റം.

 

sheeja-3

ആറു മാസം കുറഞ്ഞത് 8 കിലോ

ആറു മാസം കൊണ്ടു 64.5കിലോയിൽ നിന്ന് 56.5 ആയി കുറച്ചു. ഈ ശരീരഭാരം ഇപ്പോൾ നിലനിർത്തി പോരുന്നു എന്നത് അതിലേറെ സന്തോഷം. 

 

ജിമ്മും എയറോബിക്സും ഒക്കെ പയറ്റിയിട്ടും ഒരു ഫലവും ഇല്ലാത്തിരുന്നിടത്താണ് അതിശയകരമായ മാറ്റം എനിക്കുണ്ടായത്. ശരീരഭാരത്തിനനുസരിച്ചു വേണ്ട ഭക്ഷണം, HIIT, റസിസ്റ്റൻസ് ട്രെയിനിങ് എന്നിവ കൃത്യമായി ഫോളോ ചെയ്താണ് ആരോഗ്യകരമായ രീതിയിൽ ഞാൻ ഫാറ്റ് ലോസ് നേടിയെടുത്ത്. ഗ്രൂപ്പിൽ തന്നിരുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ചപ്പോൾ കൈവന്ന റിസൾട്ട് എന്നെത്തന്നെ അത്ഭുതപ്പെടുത്തി. പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം ആയിരുന്നു കഴിച്ചിരുന്നത്. 3 മണിക്കൂർ ഇടവേളയിൽ  5 നേരം, 3 നേരം മെയിൻ ഫുഡും 2 നേരം സ്നാക്സും. വറുത്തതും പൊരിച്ചതും ആയ ഫുഡ്‌, പഞ്ചസാര, ബേക്കറി തുടങ്ങിയവ പൂർണമായി ഒഴിവാക്കി. ചിക്കൻ ബ്രെസ്റ്റ്, മീൻ, സോയ, പാൽ, ഓട്സ്, പയർ വർഗങ്ങൾ, ഇലക്കറികൾ, മുട്ടയുടെ വെള്ള, ഫ്രൂട്സ്, നട്സ് തുടങ്ങിയവയായിരുന്നു പ്രധാനമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കൊഴുപ്പു കൂടിയ ഭക്ഷണം പരമാവധി കുറച്ചു.  ആഴ്ചയിൽ 6 ദിവസം HIIT, 3 ദിവസം ഓരോ മസിൽ ഗ്രൂപ്പിനുമുള്ള റസിസ്റ്റൻസ് ട്രെയിനിങ് എന്നിവ കൃത്യമായി ചെയ്തു. ആവശ്യമായ ഇടവേളകളിൽ വർക്ഔട്ട് ഇന്റൻസിറ്റി കൂട്ടികൊണ്ട് ഫാറ്റ് ലോസ് എന്ന ലക്ഷ്യത്തിലേക്ക് പതിയെപതിയെ പ്രയാണമാരംഭിച്ചു. അങ്ങനെ ഞാൻ സ്വപ്നം കണ്ട ഒരു പരിണാമം എനിക്കു സംഭവിച്ചു.

 

എന്നെക്കണ്ട് ഞെട്ടിയ അമ്മ

കുറയുന്ന ഓരോ ഗ്രാമും തന്നിരുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ലോകം കീഴടക്കിയ പ്രതീതിയും. വീട്ടിലേക്കു ഓരോ ദിവസവും വിളിച്ച് വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ലാത്ത അവസ്ഥ. ഈ ഗ്രൂപ്പിൽ ചേർന്നപ്പോൾ എന്റെ അമ്മ പറഞ്ഞത് ഇനിയുമൊരു പരീക്ഷണം വേണോയെന്നായിരുന്നു. അവരാരും എനിക്കു മാറ്റമുണ്ടാകുമെന്ന് വിശ്വസിച്ചതേയില്ല, കാരണം അവരെന്റെ പരാക്രമങ്ങൾ എത്ര കണ്ടിരിക്കുന്നു. പക്ഷേ ഗ്രൂപ്പിൽ ചേർന്ന് മൂന്നു മാസങ്ങൾക്കു ശേഷം എന്നെക്കണ്ട അവർ ഞെട്ടി. ഒരിക്കലും നടക്കില്ലെന്നോർത്തിരുന്ന അവർ എന്റെ മാറ്റത്തെ ഉൾക്കൊള്ളാൻ ആകെ ബുദ്ധിമുട്ടി. ഞാൻ മെലിഞ്ഞുപോയി എന്നും പറഞ്ഞായിരുന്നു പിന്നത്തെ അവരുടെ സങ്കടം.

 

ആരോഗ്യപ്രശ്നങ്ങൾ മാറിക്കിട്ടി

ഇരുന്നുള്ള ജോലിയായതുകൊണ്ട്  വൈകുന്നേരം ആകുമ്പോൾ കാലിൽ നീരിറങ്ങുമായിരുന്നു. ഇപ്പോൾ അത്തരം പ്രശ്നങ്ങളൊന്നുമില്ല. മൂന്നാം നിലയിലുള്ള ഓഫിസിലേക്ക് പടികൾ ഓടിക്കയറിയാലും കിതപ്പോ മടുപ്പോ ഒന്നുമില്ല. പിന്നെ വലതുകൈക്ക് partial muscle tare ഉള്ളത്കൊണ്ട് വെയ്റ്റ് എടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഡോക്ടർ നിർദ്ദേശിച്ച ബൈസെപ്സ് കേൾ ഒരുകിലോ ഡംബെൽ പോലും ഉപയോഗിച്ച് ചെയ്യാൻ ബുദ്ധിമുട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 5kg ഡംബെൽ ഉപയോഗിക്കാനാവുന്നുണ്ട് എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

 

ഒന്നുകിൽ ഡ്രിങ്സ്, അല്ലെങ്കിൽ എന്തോ രോഗം

ബോഡി ഷേമിങ് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭക്ഷണം ഒരുപാട് കഴിക്കുന്നത്കൊണ്ടാണെന്നും നിയന്ത്രിക്കണമെന്നും ഉപദേശിച്ചവർ ഏറെ. സത്യത്തിൽ ഞാൻ എന്തുമാത്രം കുറച്ചാണ് ഭക്ഷണം കഴിക്കുന്നതെന്നു എന്റെ വീട്ടിലുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ.

 

ഇപ്പോഴത്തെ മാറ്റംകണ്ട് പോസിറ്റീവായും നെഗറ്റീവായും പ്രതികരിച്ചവർ ഏറെയാണ്. വീട്ടുകാർ കട്ട സപ്പോർട്ടുമായി കൂടെ നിന്നു. ഭംഗി പോയെന്നും വണ്ണമുള്ളതായിരുന്നു നല്ലതെന്നും കുറെയേറെപ്പേർ പറഞ്ഞു. പ്രമേഹമോ മറ്റെന്തെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോയെന്നായിരുന്നു ചിലരുടെ ചോദ്യം. ഏതെങ്കിലും ഡ്രിങ്ക്സ് കഴിച്ചു മെലിഞ്ഞതാണോയെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. കിഡ്നിയും കരളുമെല്ലാം നശിച്ചുപോകുന്നെന്നു പറഞ്ഞവരും ഏറെ. ആരോഗ്യപരമായ രീതിയിൽ വ്യായാമവും ഭക്ഷണവും ക്രമപ്പെടുത്തിയാണ് കുറച്ചതെന്നു പറഞ്ഞിട്ട് വിശ്വസിക്കാൻ പറ്റാത്തവരാണ് ഏറെയും. ഏതോ കുറുക്കു വഴിയിലൂടെ ഏതോ ഡ്രിങ്ക്സ് കഴിച്ചു കുറച്ചതാണെന്ന് സ്വയം വിശ്വസിക്കുന്ന അവരോടു എനിക്കൊന്നേ പറയാനുള്ളൂ - വിജയത്തിലേക്കുള്ള വഴി ഒട്ടും എളുപ്പമല്ല. അതിനുപിന്നിൽ കഠിനാധ്വാനവും അൽമസമർപ്പണവും ഉണ്ട്. ഇപ്പോൾ എന്നെ തിരിച്ചറിയാൻ മറ്റുള്ളവർ നന്നേ ബുദ്ധിമുട്ടുന്നുണ്ട്, മാസ്ക് കൂടി ഉള്ളതുകൊണ്ട് പ്രത്യേകിച്ചും.പക്ഷേ ഞാനെല്ലാം ആസ്വദിക്കുന്നു. ഒരു ദിവസം സെക്യൂരിറ്റി എന്നെ സ്റ്റുഡന്റ് ആണെന്ന് കരുതി ഓഫീസിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞത് മറക്കാനാവാത്ത അനുഭവം. പ്രായം റിവേഴ്‌സ് ഗിയറിൽ പോകുന്നത് ആർക്കാണ് ഇഷ്ടപ്പെടാത്തത്.

Content Summary : Weight and fat loss tips and healthy diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com