ADVERTISEMENT

കുടവയർ ഉള്ള ഒരാളുടെ ഉദരഭാഗത്ത് കൊഴുപ്പ് അടിയുന്നത് കുറയ്ക്കുന്നതിനുവേണ്ടിയുള്ള ഏതാനും ടിപ്സ് താഴെ പറയുന്നു. 

 

∙ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്

ശരീരഭാരം കുറയ്ക്കുന്നതിൽ ഏറ്റവും പ്രധാനമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. ഇതു പലരീതിയിൽ ചെയ്യാം. 24 മണിക്കൂർ ഉപവാസം അഥവാ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപവാസമെടുക്കുന്ന രീതിയാണ് ഒന്ന്. രണ്ടാമത്തെ രീതി 16–8 ഉപവാസമാണ്. അതായത് എല്ലാ ദിവസവും 16 മണിക്കൂർ ഉപവസിക്കുക, എന്നിട്ട് 8 മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിച്ചു തീർക്കുക. രാവിലെ 9 മണിക്കു പ്രാതൽ കഴിച്ചാൽ അവസാനഭക്ഷണം വൈകുന്നേരം 5 മണിക്ക് മുൻപ് കഴിക്കുക. അതിനുശേഷം ഒന്നും കഴിക്കരുത്. 

 

∙ അലിയുന്ന നാരുകൾ കഴിക്കുക

വെള്ളത്തിൽ ലയിക്കുന്ന തരം നാരുകൾ വെള്ളവുമായി ചേർന്നു ജെൽ രൂപത്തിലാകുന്നതുകൊണ്ട് ദഹനവ്യവസ്ഥയിലൂടെ ഇതു നീങ്ങുന്നത് വളരെ മെല്ലെയാണ്. അതുകൊണ്ട് ലയിക്കുന്ന തരം നാരുകളുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്നവർക്കു വിശപ്പ് വളരെ കുറവായിരിക്കും. ഇത് അനാവശ്യമായുള്ള അമിതഭക്ഷണം കുറയ്ക്കുകയും അങ്ങനെ അമിതഭാരം ഉണ്ടാകാതെ തടയുകയും ചെയ്യുന്നു. പച്ചക്കറികളിലും പഴവർഗങ്ങളിലും ധാരാളം അലിയുന്ന നാരുകളുണ്ട്. 

 

∙ പോർഷൻ നിയന്ത്രണം വേണം

അന്നജം കുറഞ്ഞ പച്ചക്കറികൾ ഒഴികെ ബാക്കി എല്ലാ ഭക്ഷണവും അളവു വച്ച്  കഴിക്കുക. 

 

∙ ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള എപ്പിഗാലോക്യാറ്റെക്കിൻ ഗാലേറ്റ് (EGCG) എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നതിനൊപ്പം ഇതു ദിവസേന ഒന്നോ രണ്ടോ ഗ്ലാസ്സ് കുടിക്കുന്നത് വളരെ നല്ലതാണ്. 

 

∙ കാലറിയുടെ മേൽ വേണം ശ്രദ്ധ

ഏതു രീതിയിൽ ഉള്ള അധിക കാലറികളും കൊഴുപ്പായി രൂപാന്തരപ്പെട്ടു ശരീരത്തിനുള്ളിൽ ശേഖരിക്കപ്പെടും. അതുകൊണ്ട് ദിവസേന കഴിക്കുന്ന കാലറി എത്രയെന്നു ശ്രദ്ധ വയ്ക്കണം. ദിവസവും മൂന്നു സ്പൂൺ പഞ്ചസാര കഴിക്കുന്ന വ്യക്തി അതിൽ നിന്ന് ഒരു സ്പൂൺ ഒഴിവാക്കിയാൽ തന്നെ 150 കാലറി കുറയ്ക്കാം. സാധാരണ കഴിക്കുന്ന കാലറിയിൽ നിന്ന് 500 കാലറി ദിവസേന കുറയ്ക്കുമ്പോൾ തന്നെ ശരീരഭാരം കുറഞ്ഞു തുടങ്ങും. അതായത് നിങ്ങൾ 2000 കാലറിയാണ് കഴിക്കുന്നതെങ്കിൽ 1500 കിലോ കാലറിയുള്ള ഒരു മീൽ പ്ലാൻ തുടങ്ങുക. 

 

∙ പ്രോട്ടീൻ ധാരാളമുള്ള ഡയറ്റ്

പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണം ഉദരഭാഗത്തു കൊഴുപ്പ് അടിയുന്നതു തടയുകയും വിശപ്പിനു ശമനം വരുത്തുകയും മെറ്റബോളിക് പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇറച്ചി, മീൻ, മുട്ട, പാലും പാലിന്റെ ഉൽപന്നങ്ങളും, പയർ, പരിപ്പ്, കടല വർഗങ്ങൾ, നട്സ് തുടങ്ങിയവയിൽ ധാരാളം പ്രോട്ടീനുണ്ട്. 

 

∙ കാർബോഹൈഡ്രേറ്റ് കുറയ്ക്കാം

മൈദ പോലെ റിഫൈൻഡ് കാർബോഹൈഡ്രേറ്റ് നിത്യേന കഴിക്കുന്നവർ അവ നിർത്തുക. എന്നിട്ട് പകരം സംസ്കരിക്കാത്ത കാർബോഹൈഡ്രേറ്റ് (മുഴുധാന്യങ്ങൾ) മിതമായി കഴിക്കുക. 

 

∙ ആപ്പിൾ സിഡർ വിനഗർ

1–2 േടബിൾ സ്പൂൺ (15–30 ml) ആപ്പിൾ സിഡർ വിനഗർ വെള്ളത്തിൽ കലർത്തി നേർപ്പിച്ചു കുടിക്കാവുന്നതാണ്. പല്ലിന്റെ ഇനാമൽ നശിച്ചു പോകാതിരിക്കാൻ വേണ്ടി ഇതു കുടിച്ചതിനുശേഷം ഉടനെ വായ കഴുകുക. 

 

∙ പ്രോബയോട്ടിക് ഭക്ഷണം

പ്രോബയോട്ടിക്സ് എന്നു പറയുന്നത് ഒരുതരം ശരീരസൗഹൃദകാരികളായ ബാക്ടീരിയ ആണ്. ഇവയ്ക്ക് നമ്മുടെ ശരീരത്തിൽ പ്രവർത്തനശേഷി പല രീതിയിൽ വർധിപ്പിക്കാൻ കഴിയും. അതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ലാക്ടോബാസിലസ് കുടുംബത്തിൽ പെട്ട ബാക്ടീരിയകളാണ് ഏറ്റവും നല്ലത്. തൈര്, മോരുംവെള്ളം എന്നിവയിൽ നിന്ന് ഇതു ലഭിക്കും.

Content Summary : Simple ways to lose belly fat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com