ADVERTISEMENT

‘‘എന്താ എല്ലാവരും എന്റെ വാപ്പിച്ചിയോട് ഇങ്ങനെ ചോദിക്കുന്നേ?’’ ഒരു ഒൻപതുകാരിയുടെ നിഷ്കളങ്കമായ ചോദ്യം. തന്റെ വാപ്പച്ചിയുടെ വയറിലേക്ക് വിരൽ ചൂണ്ടി ‘ഇവനിതെത്രയാ മാസം’ എന്ന് ചിലർ ചോദിക്കുമ്പോൾ ആ ചോദ്യത്തിലെ പരിഹാസം മനസ്സിലാക്കാനുള്ള പ്രായം അവൾക്കായിരുന്നില്ല. അച്ഛനും അമ്മയും ആ ചോദ്യം അവഗണിക്കുമ്പോഴും അത്തരം ചോദ്യങ്ങൾ ആ കുഞ്ഞു മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി. ഇനിയും അങ്ങനെയുള്ള ചോദ്യങ്ങൾ അവളുടെ ചെവിയിലെത്തരുതെന്നു കരുതി ആ കുടുംബം പൊതുചടങ്ങുകൾ തന്നെ ഉപേക്ഷിച്ചു. പക്ഷേ ഒളിച്ചോട്ടമല്ല, ശാശ്വത പ്രതിവിധിയാണ് വേണ്ടതെന്ന് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തിരിച്ചറിഞ്ഞ അവർ ദൈവനിശ്ചയം പോലെ ഒരു വെയിറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നു. അന്ന് പരിഹസിച്ചു മാറ്റി നിർത്തിയവർ ഇന്ന് ഫിറ്റ്‌നസ് സീക്രട്ടിന്റെ രഹസ്യം ചോദിച്ച് പിന്നാലെയെത്തുന്ന കഥ പങ്കുവയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ തസ്നി നിജു.

 

ഈ ചിത്രങ്ങൾ ശരിക്കും സത്യമാണോ? അതോ എഡിറ്റ് ചെയ്തതോ?

ഭർത്താവിന്റെ ഉപ്പയ്ക്ക് ഹൃദ്രോഗമുണ്ട്. ഉമ്മ മരിച്ചത് പ്രമേഹരോഗബാധിതയായിട്ടാണ്. ഈ കാരണങ്ങളാൽ ഭർത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്ക എനിക്കുണ്ടായിരുന്നു. ഭർത്താവിനെ ചേർക്കാനായി ഒരു വെയിറ്റ്‌ലോസ് ഗ്രൂപ്പ് തിരയുന്ന സമയത്താണ് മകളുടെ സ്കൂളിന്റെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ കണ്ണുടക്കിയത്. ഒരു വെയിറ്റ്‌ലോസ് ബിഫോർ ആഫ്റ്റർ ഫോട്ടോയായിരുന്നു അത്. ആദ്യം ചിത്രം കണ്ടപ്പോൾ ചില സംശയങ്ങളാണ് മനസ്സിലുദിച്ചത്. ഈ ചിത്രങ്ങൾ ശരിക്കും സത്യമാണോ അതോ എഡിറ്റ് ചെയ്തതാണോ എന്നൊക്കെ തോന്നി. പക്ഷേ മനസ്സിനെ വല്ലാതെ അലട്ടിയിരുന്ന ഭയങ്ങളെക്കുറിച്ചോർത്തപ്പോൾ വെയിറ്റ്‌ലോസ് ഗ്രൂപ്പിൽ ചേരണമെന്ന ചിന്ത തന്നെ മുന്നിട്ടു നിന്നു. ഭർത്താവിന് 33 ഉം എനിക്ക് 28 വയസ്സുമാണുള്ളത്. ഞങ്ങൾക്ക് രണ്ടു പെൺമക്കളാണ്. മൂത്തയാൾക്ക് 9 വയസ്സും രണ്ടാമത്തെയാൾക്ക് 3 വയസ്സും. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകളൊക്കെ കേൾക്കുമ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ആധി വരും. ആ സമയത്താണ് ദൈവം മുന്നിൽ കൊണ്ടുവച്ചതു പോലെ ആ വെയിറ്റ്‌ലോസ് ചിത്രങ്ങൾ എന്റെ കണ്ണിൽപ്പെട്ടത്. അങ്ങനെ അതിൽ കണ്ട ഒരു നമ്പറിലേക്ക് വിളിക്കുകയും അവർ ആ ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ഒരു ലിങ്ക് അയച്ചു തരുകയും ചെയ്തു.

 

niju-wweight-loss
നിജു

മകളുടെ മനസ്സിൽ നൊമ്പരമായി ആ പരിഹാസം

ഭർത്താവിന് 33 വയസ്സേയുള്ളൂവെങ്കിലും ഡ്രസ്കോഡിലൊന്നും തീരെ ശ്രദ്ധയില്ലായിരുന്നു. ആഘോഷങ്ങളിലൊക്കെ പങ്കെടുക്കുമ്പോൾ പിന്നിൽ നിൽക്കേണ്ട അവസ്ഥ. ഭർത്താവിനെ കാണുമ്പോൾ സുഹൃത്തുക്കളുൾപ്പടെ ഇവനിത് എത്രയാ മാസം എന്നൊക്കെ ചോദിച്ച്  വല്ലാതെ കളിയാക്കുമായിരുന്നു. മൂത്തമകൾക്ക് അതു കേൾക്കുമ്പോൾ വല്ലാത്ത വിഷമമാണ്. എന്താണ് എല്ലാവരും വാപ്പിയോടു മാത്രം ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്നു പറഞ്ഞ് അവൾ സങ്കടപ്പെടുമായിരുന്നു. അവളുടെ സങ്കടം കാണാൻ വയ്യാത്തതുകൊണ്ടാണ് ഞങ്ങളായി മുൻകൈയെടുത്ത് പൊതുപരിപാടികളിൽനിന്ന് മാറി വീട്ടിലെ ആഘോഷങ്ങളിലേക്കു തന്നെ ഒതുങ്ങിയത്. കഴിവതും പൊതുചടങ്ങുകളിലൊന്നും പങ്കെടുക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. അമിതഭാരം കൊണ്ട് കേൾക്കേണ്ടി വരുന്ന പരിഹാസങ്ങളെ ഞങ്ങൾ മുതിർന്നവർ അവഗണിച്ചിരുന്നെങ്കിലും മകൾക്ക് അത് ഏറെ വിഷമമുണ്ടാക്കി. അമിതഭാരം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ എങ്ങനെയും ഭാരം കുറച്ചേ മതിയാകൂ എന്നുറപ്പിച്ചു. ആ സമയത്ത് ഭർത്താവിന്റെ ഭാരം 106 കിലോ 900 ഗ്രാം ആയിരുന്നു. ഭാരക്കൂടുതൽ കാരണം ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചിൽ, നടുവേദന, ശ്വാസംമുട്ടൽ, ഉറങ്ങാനുള്ള ബുദ്ധിമുട്ട് അങ്ങനെ കുറേ അസ്വസ്ഥതകളുമുണ്ടായിരുന്നു. ശരീരത്തിന് എപ്പോഴും ഭയങ്കരചൂടായിരുന്നു. ദിവസം അഞ്ചു ചായവരെ കുടിക്കും, ഭക്ഷണം കഴിക്കുന്ന സമയത്തിലോ അളവിലോ ഒന്നും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പക്ഷേ ഗ്രൂപ്പിൽ ജോയിൻ ചെയ്ത് അഞ്ചുമാസം കൊണ്ട് ഭാരം കൃത്യം 81 കിലോയായി കുറഞ്ഞു. ഐഡിയൽ വെയിറ്റിലെത്താൻ ഇനി എട്ടുകിലോ കൂടി കുറച്ചാൽ മതിയാകും.

 

ഒരുമിച്ച് ഭാരം കുറയ്ക്കാമെന്നു പറഞ്ഞത് ഭർത്താവ്

 

വെയ്റ്റ്‌ലോസ് ഗ്രൂപ്പിൽ ഒരുമിച്ച് ജോയിൻ ചെയ്യാമെന്ന് പറഞ്ഞത് ഭർത്താവാണ്. അദ്ദേഹത്തിനു വേണ്ടിയാണ് വെയ്റ്റ് ലോസ് ഗ്രൂപ്പ് ഞാൻ അന്വേഷിച്ചതെങ്കിലും ഞങ്ങൾ ഒരുമിച്ചാണ് ഗ്രൂപ്പിൽ ജോയിൻ ചെയ്തത്. ഞങ്ങൾ വെയ്റ്റ്‌ലോസ് യാത്ര തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ കുട്ടികളും ജോയിൻ ചെയ്തു. ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്ന സമയത്ത് എനിക്ക് 93 കിലോയുണ്ടായിരുന്നു. എന്റെ ഉയരമനുസരിച്ച് എനിക്ക് 55 കിലോ ഭാരം മതിയായിരുന്നു. 39 കിലോയായിരുന്നു അമിതഭാരം. അതിൽനിന്ന് ഇപ്പോൾ ഏകദേശം 21 കിലോ ഭാരം കുറച്ചു. ഇനി ബാക്കികൂടി അധികം വൈകാതെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ ഇപ്പോൾ ആളുകൾ പറയുന്നത് ഇത് ഓക്കെയാണ് ഇനിയും ഭാരം കുറയ്ക്കണ്ട എന്നൊക്കെയാണ്. പക്ഷേ ഐഡിയൽ വെയ്റ്റിൽ എത്തുന്നതുവരെ ഈ യാത്ര തുടരാനാണ് ഞങ്ങളുടെ തീരുമാനം.

 

അനാരോഗ്യ ശീലങ്ങളോട് നോ പറഞ്ഞു

ഹൈസ്കൂൾ കാലഘട്ടത്തിലൊക്കെ എനിക്ക് അത്യാവശ്യം തടിയുണ്ടായിരുന്നു. 19 വയസ്സിലായിരുന്നു വിവാഹം. ആ സമയത്ത് ഡയറ്റ് നിയന്ത്രിച്ച് ഭാരം കുറച്ചിരുന്നു. പക്ഷേ ആദ്യ പ്രസവത്തോടെ തൈറോയ്ഡ് രോഗം സ്ഥിരീകരിച്ചു. അതിനു പുറമേ വെരിക്കോസ് വെയിൻ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളും തുടങ്ങി. ശ്രദ്ധ മുഴുവൻ കുട്ടികൾ, കുടുംബം തുടങ്ങിയ കാര്യങ്ങളിലേക്കായതിനാൽ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിച്ചതേയില്ല. അമിത ഭാരത്തിനൊപ്പം ആരോഗ്യപ്രശ്നങ്ങളും തലപൊക്കിയതോടെയാണ് വെയ്റ്റ്‌ലോസ് എന്ന ചിന്തയിലേക്കെത്തിയത്. പക്ഷേ വെയ്റ്റ് ലോസ് ജേണിയിൽ ചേർന്നതോടെ ജീവിതത്തിലെ കുറേ ശീലങ്ങൾ മാറ്റിയെടുക്കാൻ പറ്റി. ഇപ്പോൾ കൃത്യസമയത്ത് കൃത്യ അളവിലുള്ള ഭക്ഷണമാണ് കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായവയെ സ്വീകരിക്കാനും അനാവശ്യമായവയെ ഒഴിവാക്കാനും പഠിച്ചു. എപ്പോൾ കഴിക്കണം, എന്തു കഴിക്കണം, എത്ര ഗ്ലാസ് വെള്ളം കുടിക്കണം, എപ്പോൾ ഉറങ്ങണം എന്നൊക്കെയുള്ള കാര്യങ്ങളിൽ ചിട്ട വന്നു. 

 

thasni-weight-loss
തസ്നി

11 വർഷം ക്രിക്കറ്റും ബാഡ്മിന്റനും മുടങ്ങാതെ കളിച്ചു, കാലൊടിഞ്ഞു പക്ഷേ തടി കുറഞ്ഞില്ല

വെയ്റ്റ് ലോസ് ഗ്രൂപ്പിൽ പങ്കെടുക്കുന്നതിന് മുൻപ് 11 വർഷത്തോളം മുടങ്ങാതെ ക്രിക്കറ്റും ഷട്ടിലും കളിക്കുന്ന ശീലം ഭർത്താവിനുണ്ടായിരുന്നു. ദിവസവും രാവിലെയും വൈകിട്ടുമായി ആറു മണിക്കൂറോളം ക്രിക്കറ്റും ഷട്ടിലും കളിക്കുമായിരുന്നെങ്കിലും ശരീര ഭാരം മാത്രം കുറഞ്ഞില്ല. എക്സർസൈസ് കഴിഞ്ഞെത്തുന്നത് വിയർത്തൊലിച്ചായിരിക്കും. രണ്ട് പ്രാവശ്യം കാലൊടിഞ്ഞു, ഒരു പ്രാവശ്യം കൈക്കുഴ തെറ്റി അങ്ങനെയുള്ള നെഗറ്റീവ് കാര്യങ്ങൾ സംഭവിച്ചതല്ലാതെ ക്രിക്കറ്റും ഷട്ടിലും കളിച്ച് ഒരു ഗ്രാം പോലും ഭാരം കുറഞ്ഞില്ല. രാത്രി 11 മണിക്കാണ് ക്രിക്കറ്റും ഷട്ടിലുമൊക്കെ കളിച്ച ശേഷം വീട്ടിലെത്തുന്നത്. അതിനുശേഷമാണ് ആഹാരം. രാത്രി നാലു ചപ്പാത്തി, മുട്ട അല്ലെങ്കിൽ വെജിറ്റബിൾ കറി എന്ന രീതിയിലായിരുന്നു ഭക്ഷണ ക്രമം. 

 

ശരിയായ മാർഗനിർദേശങ്ങൾ കിട്ടി, തടി കുറയാൻ തുടങ്ങി

niju-tasni-215
നിജു, തസ്നി

അത്രയും ഇരുട്ടി ഭക്ഷണം കഴിക്കരുതെന്നോ വ്യായാമം ചെയ്ത് ക്ഷീണിച്ചു വന്നാലുടനെ ഭക്ഷണം കഴിക്കരുതെന്നോ ആ സമയത്ത് അറിയില്ലായിരുന്നു. ഭക്ഷണ ക്രമത്തിൽ വേണ്ട കൃത്യതയെക്കുറിച്ചും മറ്റും ശരിയായ മാർഗ നിർദേശങ്ങൾ വെയ്റ്റ്‌ലോസ് ഗ്രൂപ്പിലൂടെ മനസ്സിലാക്കാൻ സാധിച്ചത് വളരെ ഗുണം ചെയ്തു. നേരം തെറ്റി ഭക്ഷണം കഴിക്കുന്നതും വ്യായാമത്തിനു മുൻപും ശേഷവും ഉടൻ ഭക്ഷണം കഴിക്കുന്നതും തോന്നുന്ന സമയത്ത് വ്യായാമം ചെയ്യുന്നതും പോലെയുള്ള കാര്യങ്ങൾ ഒഴിവാക്കി. വെയ്റ്റ്‌ലോസ് ഗ്രൂപ് നിർദേശിച്ച വ്യായാമങ്ങൾ കൃത്യസമയത്ത് ചെയ്യാൻ ശ്രദ്ധിച്ചു. മുൻപ് മണിക്കൂറുകൾ ക്രിക്കറ്റും ഷട്ടിലും കളിച്ചിരുന്ന ഭർത്താവ് അതു മതിയാക്കി വ്യായാമം വെറും 20 മിനിറ്റിലേക്ക് ചുരുക്കി. രാവിലെ 20 മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന വ്യായാമങ്ങൾ ഒരിക്കലുമൊരു ഭാരമായി തോന്നാത്തതുകൊണ്ട് ദിവസവും രാവിലെ മുടങ്ങാതെ ചെയ്യുന്നുണ്ട്. പുലർച്ചെയുള്ള വ്യായാമത്തിൽനിന്ന് ലഭിക്കുന്ന എനർജി ദിവസം മുഴുവൻ നീണ്ടു നിൽക്കുന്നത് ശരിക്കും അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്.

 

ബോഡിയെ കറക്റ്റ് ചെയ്യണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം

കേന്ദ്രഗവൺമെന്റ് ഉദ്യോഗസ്ഥയായിരുന്നു ഞാൻ. പ്രസവത്തെത്തുടർന്ന് ജോലി രാജിവച്ച ശേഷം ഇപ്പോൾ ഭർത്താവുമായിച്ചേർന്ന് കേറ്ററിങ് വർക്കും ഇവന്റ് മാനേജ്മെന്റും ചെയ്യുകയാണ്. വെയിറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്ന ശേഷം സാധാരണ വെയിങ് മെഷീൻ, ഫാറ്റ്മോണിറ്റർ ഇവ വാങ്ങി. നമ്മുടെ ബോഡിയെ കറക്റ്റ് ചെയ്യണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം. വെയ്റ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നതിൽ പിന്നെ മുൻപ് ചെയ്തിരുന്ന മണിക്കൂറുകൾ നീണ്ട ഷട്ടിൽ കളിയും ക്രിക്കറ്റ് കളിയും ഭർത്താവ് പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ഗ്രൂപ് നിർദേശിച്ച വർക്കൗട്ട് മാത്രമാണ് ചെയ്യുന്നത്. എന്തു തിരക്കാണെങ്കിലും അതു മുടങ്ങാതെ ചെയ്യാൻ ശ്രദ്ധിക്കാറുമുണ്ട്. ഭാരം നന്നായി കുറഞ്ഞതോടെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സാധിക്കുന്നുണ്ട്. ചിലപ്പോൾ കുട്ടികൾ പറയും അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ ഞങ്ങൾ ധരിക്കണമെന്ന്. ഇപ്പോൾ അതൊക്കെ സാധിക്കുന്നതിന്റെ സന്തോഷമുണ്ട്.

 

തൈറോയ്ഡ് നിയന്ത്രണത്തിലായി, മരുന്ന് നിർത്തി

ഒരുമിച്ച് വെയ്റ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്ന ഞങ്ങളുടെ വെയ്റ്റ്‌ലോസ് ജേണി പക്ഷേ വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന് വളരെപ്പെട്ടെന്നു ഭാരം കുറഞ്ഞു. 45 ദിവസം കൊണ്ട് ഭർത്താവ് 19 കിലോ കുറച്ചു. പക്ഷേ എനിക്ക് 45 ദിവസം കൊണ്ട് 12 കിലോ ശരീരഭാരമേ കുറയ്ക്കാൻ സാധിച്ചുള്ളൂ.  എന്റെ തൈറോയ്ഡ് സാധാരണഗതിയിലാക്കാനും മരുന്നു നിർത്താനും സാധിച്ചത് വെയിറ്റ്‌ലോസ് ഗ്രൂപ്പിലൂടെയാണ്. എന്റെ ശരീരത്തിലെപ്പോഴും ഭയങ്കര ചൂട് അനുഭവപ്പെടുമായിരുന്നു. ഫാനില്ലാതെ ഒരു നിമിഷം പോലും ഇരിക്കാനാവാത്ത അവസ്ഥ. ഉറക്കത്തിനിടെ കറന്റ്  പോവുകയാണെങ്കിൽ ഞാൻ റൂമിനു പുറത്തു പോകുമായിരുന്നു. അത്രയ്ക്കായിരുന്നു ചൂട്. ശരീരഭാരം കൂടുതലായതുകൊണ്ടായിരുന്നു അങ്ങനെ അനുഭവപ്പെട്ടത് എന്നെനിക്കറിയില്ലായിരുന്നു. ഭാരം കുറഞ്ഞതോടെ ആ പ്രശ്നത്തെ എനിക്ക് അതിജീവിക്കാനായി. ഉറങ്ങുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യത വന്നു.

 

എന്താ മെലിഞ്ഞത്, ഷുഗറാണോ? അതോ മറ്റസുഖം വല്ലതും?

ഞാൻ പൊതുവേ പുറത്തേക്കധികം പോകാറില്ല. എന്തെങ്കിലും ആഘോഷങ്ങളോ ചടങ്ങുകളോ വരുമ്പോൾ മാത്രമാണ് പുറത്തു പോവുക. പക്ഷേ ഭർത്താവ് ജോലി സംബന്ധമായി പുറത്ത് ധാരാളമായി സഞ്ചരിക്കാറുണ്ട്. അദ്ദേഹത്തെ കണ്ടപ്പോൾ എങ്ങനെയാണ് തടി കുറഞ്ഞതെന്നൊക്കെ ആളുകൾ ചോദിക്കുമായിരുന്നു. എങ്ങനെയാണ് മെലിഞ്ഞത്, ഷുഗർ ആണോ എന്നൊക്കെ. ആളുകൾ പെട്ടെന്നു മെലിഞ്ഞാൽ മറ്റുള്ളവർ കരുതുക എന്തെങ്കിലും അസുഖം കൊണ്ടാണോ എന്നൊക്കെയാണ്. പക്ഷേ ഓരോരുത്തരുടെയും ഉയരത്തിന് അനുസരിച്ചുള്ള ശരീരഭാരം നിലനിർത്തണമെന്ന കാര്യത്തെക്കുറിച്ചൊന്നും ആളുകൾ വേണ്ടവിധം മനസ്സിലാക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. എല്ലാവരും നിസാര അസുഖം വന്നാൽപോലും ആശുപത്രിയിൽ പോകാറുണ്ട്. പക്ഷേ  ഉയരം, ഭാരം,  ഭക്ഷണരീതി എന്നിവയെക്കുറിച്ചൊന്നും തീരെ ശ്രദ്ധിക്കാറില്ല. അസുഖത്തിന് ഡോക്ടർ നൽകുന്ന മരുന്ന് മുടങ്ങാതെ കഴിക്കുമെന്നല്ലാതെ മറ്റൊന്നും ചെയ്യില്ല. പക്ഷേ നമ്മൾ തീർച്ചയായും നമ്മുടെ ഉയരം, ഭാരം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ഇവയെക്കുറിച്ചൊക്കെ അറിയണം. എത്രത്തോളം ഭക്ഷണവും വെള്ളവുമൊക്കെ നമ്മുടെ ശരീരത്തിനാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് മുന്നോട്ടു പോകണം. 

 

ജീവിതം മാറിയതിങ്ങനെ...

ചില ചിന്തകളാണ് എന്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയത്. മുൻപൊക്കെ ഒരു ദിവസം 150 രൂപയുടെയെങ്കിലും ബേക്കറിപ്പലഹാരങ്ങൾ വീട്ടിലുണ്ടാകുമായിരുന്നു. പക്ഷേ വെയിറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നതോടെ വളരെ അപൂർവമായി മാത്രമേ ബേക്കറിഫുഡ്സ് വാങ്ങാറുള്ളൂ. തുടർച്ചയായി വാങ്ങുന്ന ശീലം ഉപേക്ഷിച്ച് കുട്ടികൾ ആവശ്യപ്പെടുമ്പോൾ മാത്രം വാങ്ങി നൽകും. പക്ഷേ കുട്ടികൾക്ക് ബേക്കറിഫുഡ്സ് വേണമെന്ന് നിർബന്ധമില്ല. മുൻപ് ഭക്ഷണ കാര്യങ്ങളിൽ‌ നിർബന്ധങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതില്ല. വിശന്നാൽ വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിച്ച് വിശപ്പടക്കും. എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ച പാഠമിതാണ്.– നമ്മൾ തന്നെയാണ് നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നത്. ദൈവം നമ്മളെ ഭൂമിയിലേക്ക് അയയ്ക്കുന്നത് ശുദ്ധമായ ശരീരത്തോടും മനസ്സോടും കൂടിയാണ്. പക്ഷേ ചില ആഹാരങ്ങൾ വിഷമയമാണെന്ന് തിരിച്ചറിയാതെയാണ് മാതാപിതാക്കൾ അത് സ്നേഹത്തോടെ കുഞ്ഞുങ്ങൾക്ക് നൽകുന്നത്. എല്ലാവരും നല്ല കാര്യങ്ങൾ ചെയ്ത് നല്ല ഭക്ഷണം കഴിച്ച് ശരീരത്തെ നന്നായി സംരക്ഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

Content Summary : Weight loss tips of Thasni and Niju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com