ചില സമ്മാനങ്ങളുണ്ട്. തികച്ചും അപ്രതീക്ഷിതമായി കിട്ടുന്ന, ഏറെ പ്രിയപ്പെട്ടവർ നൽകുന്ന, ഒരിക്കലും വിട്ടു കളയാതെ എന്നും ഹൃദയത്തോടും ചേർത്തു പിടിക്കാൻ ആഗ്രഹിക്കുന്ന ചിലത്. തൃശൂർ സ്വദേശി ശ്രീവിദ്യ പ്രവീണിന് അങ്ങനെ കിട്ടിയ ഒരു സമ്മാനമായിരുന്നു കല്യാണം കഴിഞ്ഞുള്ള ആദ്യ പിറന്നാളിന് ഭർത്താവ് സമ്മാനിച്ച ചുരിദാർ. ജീവിതാവസാനംവരെ ഇടയ്ക്കിടെ ഇട്ടുനടക്കണമെന്ന് ആഗ്രഹിച്ച ആ ചുരിദാർ, പക്ഷേ ഇടയ്ക്ക് ശരീരം ഒന്നു പറ്റിച്ചതോടെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്ക ശ്രീവിദ്യക്ക് ഉണ്ടായിരുന്നു. പക്ഷേ എന്തു വില കൊടുത്തും ആ മോഹം തിരികെപ്പിടിച്ചേ അടങ്ങൂ എന്ന ശ്രീവിദ്യയുടെ വാശി വിജയിക്കുകതന്നെ ചെയ്തു. ഒരു ചുരിദാർ കാരണം 13 കിലോ കുറച്ച കഥ പറയുകയാണ് ശ്രീവിദ്യ.
എന്തോരം കമന്റുകൾ കേട്ടിരിക്കുന്നു!
എവിടുന്നാണ് റേഷൻ, ഭർത്താവിനും മക്കൾക്കും കൂടി വല്ലതും കഴിക്കാൻ കൊടുക്ക്, വീട്ടിലുള്ളവരുടെ ഭക്ഷണവും നീയാണോ കഴിക്കുന്നത് തുടങ്ങി പല രീതിയിലുള്ള കമന്റുകളും വർഷങ്ങളോളം കേട്ടിട്ടുണ്ട്. ഇവരോടൊക്കെ ‘മനസ്സു നന്നായാൽ തടി വയ്ക്കും’ എന്ന മുട്ടുന്യായം പറഞ്ഞു ജയിക്കാറാണ് പതിവ്. എങ്കിലും മനസ്സിന്റെ ഒരു കോണിൽ ഞാനൊരു തടിച്ചി ആയല്ലോ എന്ന ഒരു വിഷമവും കിടപ്പുണ്ടാകും. പക്ഷേ ഈ തടി എന്റെ ആത്മവിശ്വാസത്തെ തകർക്കുന്ന രീതിയിലേക്ക് എത്താൻ തുടങ്ങിയതോടെ കണ്ടുകൊണ്ടിരിക്കാൻ തോന്നിയില്ല. അവിടുന്ന് മറ്റൊരു ജീവിതത്തിന്റെ തുടക്കമായിരുന്നെന്നു പറയാം

ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ
ശരീരഭാരം 76 കിലോയിലെത്തിയതോടെ ശാരീരികമായ ബുദ്ധിമുട്ടുകളും തേടിയെത്തി. പടി കയറുമ്പോഴും കുറച്ചു നടക്കുമ്പോഴും ഉണ്ടാകുന്ന കിതപ്പായിരുന്നു പ്രധാനം. കാലിൽ വേദനയും നീരും സാധാരണമായി. ഇത്തരം പ്രശ്നങ്ങൾ എന്റെ ആത്മവിശ്വാസത്തെയും ചെറിയ തോതിൽ ബാധിക്കാൻ തുടങ്ങി. അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ പറ്റുന്ന ഒരു ഫാറ്റ്ലോസ് ഗ്രൂപ്പിനെക്കുറിച്ചു പറഞ്ഞത്. അങ്ങനെ ഞാനും ആ ഗ്രൂപ്പിൽ എത്തി. പിന്നീടുള്ള എന്റെ നേട്ടവും മാറ്റവും മുഴുവൻ ആ ഗ്രൂപ്പിനും അതിലെ കൂട്ടുകാർക്കും കൊടുക്കാനാണിഷ്ടം. ഒരു കുടുംബം പോലെ എല്ലാവരും ഒരുമിച്ചു നിന്നതോടെ ആത്മവിശ്വാസം തിരികെപ്പിടിക്കാൻ എനിക്കു കഴിഞ്ഞു.
നാലു മാസം കൊണ്ട് കുറഞ്ഞത് 13 കിലോ
വളരെ കൃത്യമായ മാർഗനിർദേശങ്ങളായിരുന്നു ഗ്രൂപ്പിൽ നൽകിയത്. ദിവസവും ചെയ്യേണ്ട വർക്ഔട്ടുകളും അവയുടെ പ്രയോജനവും ഒരു ദിവസം വേണ്ട കാലറി അനുസരിച്ച് ഡയറ്റ് ക്രമീകരിക്കാനും അതിൽതന്നെ പ്രോട്ടീൻ ഉറപ്പാക്കാനുമെല്ലാം ഞാനും പഠിച്ചു. ഞാൻ വെജിറ്റേറിയൻ ആയതിനാൽ അതിനനുസരിച്ചുള്ള ഡയറ്റ് തയാറാക്കി. ഒരു ദിവസം കഴിക്കേണ്ട കാലറി എത്തിക്കുന്നതിൽ വീഴ്ച വരുത്താറില്ല. ഗ്രൂപ്പ് നിർദ്ദേശിക്കുന്ന തരത്തിൽ എന്നെ കൊണ്ട് കഴിയുന്ന വിധം മുടക്കം വരുത്താതെ വർക്കൗട്ട് ചെയ്തു. എപ്പോഴും ഗ്രൂപ്പുമായി ബന്ധം സൂക്ഷിച്ചു, അതാണ് എനിക്ക് മുന്നോട്ടു പോകാനുള്ള എനർജി തന്നതെന്നു പറയാം. ആഴ്ചയിൽ 400 ഗ്രാം മുതൽ 500 ഗ്രാം വരെ എന്ന രീതിയിൽ വെയ്റ്റ് കുറഞ്ഞു വന്നു. അങ്ങനെ അഞ്ചു മാസത്തിനുള്ളിൽതന്നെ എനിക്ക് 13 കിലോ കുറയ്ക്കാനായി. 76 ൽ നിന്ന ശരീരഭാരം 63 ൽ എത്തിച്ചു.

ഒരു ജാപ്പിയിൽ തുടങ്ങും എന്റെ ദിവസം
എന്നും പുലർച്ചെ നാലിന് എഴുന്നേൽക്കും. 6 മണിക്കുള്ളിൽ ബ്രേക്ഫാസ്റ്റ്, ലഞ്ച് എല്ലാം റെഡി ആക്കും. രാവിലെ ഒരു ജാപ്പിയിലായിരുന്നു (ചുക്കുകാപ്പിയുടെ ഒരു അകന്ന ബന്ധു) എന്റെ ദിവസം തുടങ്ങിയിരുന്നത്. 6 മണിക്ക് HIIT ചെയ്യും. അതിനു ശേഷം പ്രാതൽ. ഇഡലി, ദോശ, അപ്പം, ചപ്പാത്തി എന്നിങ്ങനെ വീട്ടിൽ ഉണ്ടാക്കുന്ന, എണ്ണ ഒഴിവാക്കിയ ആഹാരമേതെങ്കിലും. അത് 100 ഗ്രാം എന്നത് ഉറപ്പാക്കിയിരുന്നു. ശർക്കര വളരെക്കുറച്ചിട്ട ചായ അരക്കപ്പ് കുടിക്കും. പിന്നെ 11 മണിക്ക് ഓട്സ് പാലിൽ കുറുക്കി നേരിയ തോതിൽ ശർക്കരയോ തേനോ ചേർത്ത് കഴിക്കും. ഉച്ചയ്ക്ക് കൃത്യം ഒന്നിനുതന്നെ ചോറ് കഴിക്കും അതും 100 ഗ്രാമിൽ കൂടാതെ ശ്രദ്ധിച്ചിരുന്നു. ബാക്കി കറികളും ഉപ്പേരിയും 50 ഗ്രാം മുതൽ100 ഗ്രാം വരെ കണക്കാക്കി കഴിക്കും. ഊണ് കഴിഞ്ഞാൽ ഇത്തിരി മധുരം എന്ന ഒരു പൊട്ട സ്വഭാവം ഉണ്ടായിരുന്നു, അതു മാറ്റാനായി പഴം, പേരക്ക, ആപ്പിൾ, പപ്പായ എന്നിങ്ങനെ ഏതെങ്കിലും പഴവർഗം ഏകദേശം 100 ഗ്രാം അളന്നു കഴിച്ചു. ഇന്നു വരെ ഈ 100 ഗ്രാം വിട്ടിട്ട് ഒരു പരിപാടി എനിക്കില്ലാട്ടോ. വൈകിട്ട് പഞ്ചസാര ഇടാത്ത ചായ. കൂടെ മൊണാക്കോ, മേരിഗോൾഡ് ബിസ്കറ്റ് അല്ലെങ്കിൽ റസ്ക്. ഏതായാലും അത് 15 ഗ്രാമിൽ കൂടില്ല. 6 മണിക് ഒരു ജാപ്പിയും കുടുംബത്തിന്റെ കൂടെ കുറച്ചു നേരം ചെലവഴിക്കലും. 8 മണിക്ക് ഗോതമ്പ്, റാഗി, ഓട്സ് എന്നിവയിൽ ഏതെങ്കിലും ഒന്നുകൊണ്ടു ദോശ ഉണ്ടാക്കി കഴിക്കും. ഇതും 100 ഗ്രാമിൽ ഒതുക്കും. രാത്രി 9 നു ശേഷം നോ മൊബൈൽ, 9 മുതൽ 9.30 വരെ ബുക്ക് വായിക്കും, ഉറങ്ങും. മസിൽ ഗ്രൂപ്പിനുള്ള വർക്ഔട്ട് വൈകിട്ട് 4 നാണ് ചെയ്യുക. ആഴ്ചയിൽ 6 ദിവസം HIIT ,ആഴ്ചയിൽ ഒരു തവണ വീതം എല്ലാ മസിൽ ഗ്രൂപ്പിനുമുള്ള വർക്ഔട്ട്. ഇത്രയും പരമാവധി മുടങ്ങാതെ ചെയ്തിരുന്നു. ഉറക്കം 6 മണിക്കൂർ എങ്കിലും ഉറപ്പാക്കിയിരുന്നു. ശരീരഭാരം അനുസരിച്ചു വെള്ളം കുടിക്കുന്നതിനും കണക്ക് വച്ചിരുന്നു.
അലർജി പ്രശ്നങ്ങൾ മാറിക്കിട്ടി
സ്കിൻ അലർജി നന്നായി ഉള്ള ആളാണ് ഞാൻ. സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകൾ കഴിക്കേണ്ടി വന്നിട്ടുണ്ട്. ഗ്രൂപ്പിൽ കയറിയതോടെ കൃത്യമായി വെള്ളം കുടിക്കുന്നത് അലർജി കുറച്ചതായി തോന്നിയിട്ടുണ്ട്. കിതപ്പും കാലുവേദനയും കാലിലെ നീരും പൂർണമായും മാറി. ഇപ്പോൾ അത്തരം പ്രശ്നങ്ങൾ ഒന്നും എന്നെ അലട്ടുന്നില്ല. പറഞ്ഞാലും തീരാത്ത സന്തോഷമാണ് ഇപ്പോൾ. ഭാരം എത്ര വരെ കുറയ്ക്കണം എന്ന ഒരു ഗോൾ പോലും മുന്നിൽ വയ്ക്കാൻ എനിക്ക് ധൈര്യമായത് ഗ്രൂപ്പിൽ ചേർന്ന ശേഷമായിരുന്നു.
ഏറ്റവും സന്തോഷം തന്നത് ആ ചുരിദാർ

എന്റെ കല്യാണം കഴിഞ്ഞു വന്ന ആദ്യ പിറന്നാളിന് ഭർത്താവ് വാങ്ങിത്തന്ന ചുരിദാർ ഇഷ്ടക്കൂടുതൽ കാരണം ഞാൻ സൂക്ഷിച്ചു വച്ചിരുന്നു. അതു വീണ്ടും ധരിക്കാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടം ഏറെക്കാലം അലട്ടിയെങ്കിലും അതുപേക്ഷിക്കാൻ ഞാൻ തയാറല്ലായിരുന്നു. ഇടയ്ക്കിടെ എടുത്തു നോക്കിയിട്ട് ഭദ്രമായി തിരികെ വയ്ക്കും. ഇപ്പോൾ 18 വർഷത്തിനു ശേഷം എനിക്ക് വീണ്ടും ആ ചുരിദാർ ഇടാൻ സാധിച്ചു. 24–ാം വയസ്സിൽ കിട്ടിയ പിറന്നാൾ സമ്മാനമായ ചുരിദാർ അങ്ങനെ എന്റെ 44–ാം പിറന്നാളിന് ധരിച്ചു, എന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു ഇത്
അതിനുള്ള ഭംഗിയൊന്നും ഇല്ലാരുന്നെന്നേ...
വണ്ണംകുറഞ്ഞപ്പോൾ കൂടുതൽ പേരും പറഞ്ഞത് ഭംഗി പോയി എന്ന കമന്റ് ആണ്. എന്നാൽ എന്റെ സൗന്ദര്യം പോയേ എന്നു വിഷമിക്കാൻ മാത്രം ഭംഗിയൊന്നും പണ്ടും എനിക്കുണ്ടായിരുന്നില്ല എന്ന് ബോധ്യമുള്ളതുകൊണ്ട് അത്തരം കമന്റുകൾ എന്നെ തൊട്ടില്ല, പിന്നെ എന്റെ ആരോഗ്യമാണ് വലുതെന്നു കരുതുന്ന മക്കളും ഭർത്താവും കൂടെയുള്ളതുകൊണ്ട് ഇനിയും ഭാരം കുറച്ച് കല്യാണപ്പുടവയുടെ ബ്ലൗസ് ഇടാൻ കഴിയണം എന്ന ലക്ഷ്യത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Content Summary : Weight loss and fitness tips of Sreevidya Praveen