ADVERTISEMENT

‘ഈ ബേക്കറിയിലെ പലഹാരം മുഴുവൻ ദിവ്യയാണോ കഴിക്കുന്നത്?’ ഈ ചോദ്യം എത്ര പേരിൽ നിന്ന് എത്ര തവണ കേട്ടിട്ടുണ്ടാകുമെന്ന് ചോദിച്ചാൽ അറിയില്ല. പക്ഷേ അവർക്കെല്ലാം ഒരു മികച്ച മറുപടി നൽകാൻ ഇപ്പോൾ സാധിച്ചു. 13 കിലോയ്ക്കൊപ്പം 21 സെന്റീമീറ്റർ വയറും കുറച്ചു. ഇതല്ലേ ശരിക്കും ഒരു മധുരപ്രതികാരമെന്നു ചോദിക്കുന്നു തൃശൂർ വേലൂർ സ്വദേശി ദിവ്യ ബിജോയ്. 12–ാം വയസ്സിൽ കൂടെക്കൂടിയ തൈറോയ്ഡിനൊപ്പം തുടങ്ങിയതാണ് ദിവ്യയുടെ ഭാരം കൂടുതലും. അന്നൊന്നും അത്ര കാര്യമായെടുക്കാതിരുന്ന ഈ ശരീരഭം കുറയ്ക്കണമെന്ന തോന്നൽ വളരെ പെട്ടന്നുണ്ടായതെങ്ങനെയെന്നു ദിവ്യ പറയുന്നു

 

56–ൽ നിന്ന് 78 ലേക്ക്; ഞാൻ അറിഞ്ഞതേ ഇല്ല

divya-bijoy

ചെറുപ്പം മുതലേ കുറച്ച് തടിച്ചുരുണ്ട പ്രകൃതമായിരുന്നു ഞാൻ. 12 –ാം വയസ്സിൽ കൂടെക്കൂടിയ തൈറോയ്ഡ് തടികൂടാൻ സഹായിച്ചു കൊണ്ടേയിരുന്നു. അപ്പോഴും ബോഡിഷേപ്പ് നിലനിർത്താനും തടി കൂടാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. ചോറും മധുരവും ഏറെ പ്രിയപ്പെട്ടതായിരുന്നു. തടി കൂടിയിട്ടും ഇവ രണ്ടും കുറയ്ക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഞാൻ കാണിച്ചിരുന്നില്ല. 2006 ല്‍ പ്രസവം കഴിഞ്ഞിട്ടും 56 കടക്കാതിരുന്ന വെയ്റ്റ് എപ്പോഴാണ് എങ്ങനെയാണ് 78 ൽ എത്തിയതെന്നറിഞ്ഞില്ല. വീട്ടിൽ പലപ്പോഴും ബാക്കി വരുന്ന ഭക്ഷണം പുറത്തേക്കല്ല വയറിലേക്കാണ് കളഞ്ഞിരുന്നത്. കൊറോണയും ലോക്ഡൗണും കൂടിയായപ്പോൾ ഭക്ഷണനിയന്ത്രണം ഒട്ടും ഇല്ലാതായി. തടികൂടി വരുന്നൂന്ന് പലപ്പോഴും ഭർത്താവ് ഓർമിപ്പിച്ചപ്പോഴൊന്നും ആ വാക്കുകൾക്ക് ചെവി കൊടുത്തില്ല. അസഹ്യമായ അലർജിയും ആരോഗ്യപ്രശ്നങ്ങളും കൊണ്ട് നട്ടം തിരിഞ്ഞിരുന്നതിനാൽ തടി കൂടി വരുന്നതൊന്നും ശ്രദ്ധിച്ചില്ല. 

 

2021 ഓഗസ്റ്റിൽ അനിയന്റെ  എൻഗേജ്മെന്റിനായി നാലു വർഷങ്ങൾക്കു ശേഷം സാരി ഉടുക്കേണ്ടി വന്നു. അന്ന് എടുത്ത ഫോട്ടോ കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എത്ര തടിച്ചാലും സാരി ഉടുക്കുമ്പോൾ ബോഡി ഷേപ്പ് കിട്ടുമെന്നായിരുന്നു എന്റെ വിചാരം. പക്ഷേ ആ വിചാരം തെറ്റാണെന്ന് മനസ്സിലായി. അന്നു തന്നെ ഞാൻ ഭർത്താവിനോട് പറഞ്ഞു ഈ തടി ഞാൻ കുറയ്ക്കുമെന്ന്. നീ പഴയ 56 കിലോയിൽ എത്തുമെന്ന് പ്രോത്സാഹിപ്പിച്ച് ഭർത്താവും സപ്പോർട്ടു നൽകി. 

 

divya-bijoy02

തൈറോയ്ഡ്, പിസിഒഡി ഉള്ളതുകൊണ്ട് ഞാൻ എത്ര ഭക്ഷണം കുറച്ചാലും തടി കുറയ്ക്കാൻ നല്ല പ്രയാസമായിരുന്നു. രണ്ടോ മൂന്നോ കിലോ കുറയും, പിന്നെ ഭക്ഷണം കഴിച്ചാൽ വീണ്ടും കൂടും. ഭക്ഷണം ഉണ്ടാക്കാൻ എനിക്ക് നല്ല ഇഷ്ടമാണ്. യൂട്യൂബിൽ കയറി കുക്കിങ് വിഡിയോസ് കണ്ട് അതുണ്ടാക്കി കഴിക്കലാണ് ഹോബി. പിന്നെ മധുരം, ചോറ് ഒഴിവാക്കാറേയില്ല. ചോറുണ്ണാതെ എന്ത് മലയാളി എന്ന എന്റെ വിശ്വാസവും തടി കൂടാൻ നല്ല പോലെ സഹായിച്ചിട്ടുണ്ട്. 

 

78–ൽ തുടങ്ങി, ഇപ്പോഴും തുടരുന്നു

 

ഭാരം കുറയ്ക്കാനായി ഞാൻ ഔരു ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നു. 78 കിലോ ആയിരുന്നു ആ സമയത്തെ ശരീരഭാരം. 106 സെ.മീറ്റർ വയറും.  മൂന്നു മാസത്തെ വർക്ഔട്ടും ഡയറ്റും കൊണ്ട് 6കിലോ കുറഞ്ഞു. ഇതോടെ ആത്മവിശ്വാസം ഇരട്ടിയായി. 6 മാസം കൊണ്ട് 13 കിലോ ശരീരഭാരവും 21 സെന്റീമീറ്റർ വയറും കുറയ്ക്കാൻ സാധിച്ചു. ഇപ്പോൾ 65 കിലോയിലെത്തിയെങ്കിലും ഭർത്താവ് പറഞ്ഞ 56 കിലോയിലേക്ക് എത്തിയിട്ടേ ഇനി ഒരു തിരിഞ്ഞു നോട്ടമുള്ളു. ഓരോ കുർത്തി ഇടുമ്പോഴും അമ്മ തടി കുറഞ്ഞു ഇനിയും ഷേപ്പ് ചെയ്യൂ എന്ന് പറഞ്ഞ് മോളും കട്ടയ്ക്ക് കൂടെ നിൽക്കുന്നുണ്ട്.

 

ഓരോ കിലോ കുറയുന്തോറും ഡയറ്റും വർക്കൗട്ടും കൂടുതൽ ആവേശത്തോടെ എടുക്കാൻ തുടങ്ങി. കഴിക്കുന്നതെന്തും അളന്നും കാലറി നോക്കിയും എടുക്കുന്നത് ഒരു ഹരമായി. എന്ത് കയ്യിൽ കിട്ടിയാലും അതിന്റെ ന്യൂട്രീഷൻ ഫാക്ട് ആണ് ഇപ്പോൾ ആദ്യം നോക്കുന്നത് ഇപ്പോൾ. ഇനി കുറയില്ലെന്ന് കരുതിയ തടി കുറഞ്ഞ് 10 വയസ്സ് കുറഞ്ഞ പോലെയുണ്ടെന്ന് മറ്റുള്ളവർ പറഞ്ഞ് കേൾക്കുമ്പോഴുള്ള ഒരു മനസ്സുഖമില്ലേ അത് വല്ലാത്തൊരു ഫീലിങ് ആണ് തരുന്നത്. 

divya-bijoy03

 

പട്ടിണി കിടന്നാൽ തടി കുറയില്ല

ആദ്യമൊക്കെ തടി കുറക്കുകയെന്നാൽ പട്ടിണി കിടക്കലായിരുന്നു. ബ്രേക്ക് ഫാസ്റ്റും ഡിന്നറും കഴിക്കാതെ ഒരു നേരം വയറുനിറയെ കഴിച്ച് ബാക്കി നേരം പട്ടിണി കിടക്കും. തടി കുറയും എന്നാൽ ഇരട്ടിയായി തിരിച്ച് വരും. എന്നാൽ ഗ്രൂപ്പിൽ ചേർന്നതിനുശേഷമാണ് പട്ടിണി കിടന്നല്ല ആഹാരം കഴിച്ചാണ് ഭരം കുറയ്ക്കേണ്ടതെന്ന സത്യം മനസ്സിലാക്കിയത്.  ഒരു നേരം പോലും ഭക്ഷണം ഒഴിവാക്കിയില്ല എന്നു മാത്രമല്ല മൂന്നു നേരത്തെ ഭക്ഷണം അഞ്ചു നേരം വരെയാക്കി. പക്ഷേ എന്ത് കഴിക്കാനെടുത്താലും കൃത്യമായി അളന്നെടുത്ത് അതിലെ പ്രോട്ടീനും കാർബോയും കാലറിയുമെല്ലാം മനസ്സിലാക്കി മാത്രമാണ് കഴിച്ചിരുന്നത്. അരി ഭക്ഷണം നല്ല പോലെ ഒഴിവാക്കി. മധുരം പാടെ നിർത്തി. ഒരു നേരം ഫ്രൂട്ട്സും വെജിറ്റബിൾസും മാത്രം കഴിക്കും. ചോക്ലേറ്റ്, കോഫി രണ്ടും എന്റെ വീക്ക്നെസ്സായിരുന്നു. തോന്നുമ്പോഴൊക്കെ കഴിക്കും. രണ്ടും നിർത്തി പകരം ഫ്രൂട്ട്സും ഡേറ്റ്സും ഗ്രീൻടീ അല്ലെങ്കിൽ ബ്ലാക്ക് ടീ എന്നിവ ശീലമാക്കി. വെജിറ്റബിൾ സാലഡ്, ചിക്കൻ, മുട്ട, മീൻ ഇവയിൽ ഏതെങ്കിലും ഒന്നും നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. വെള്ളം കുടിക്കാൻ നല്ല മടിയായിരുന്നു. ഗ്രൂപ്പിൽ ചേർന്ന ശേഷം 3 ലീറ്റർ െവള്ളം നിർബന്ധമായും കുടിക്കും. ഇപ്പോഴും തുടരുന്നു. എത്ര സമയമില്ലെങ്കിലും ഏത് സാഹചര്യത്തിലായാലും HIIT, Resistance training മുടങ്ങാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. എല്ലാ ദിവസവും ചെയ്തിട്ടേ കിടക്കൂ എന്ന് നിർബന്ധമായിരുന്നു. 

 

വെയ്റ്റ്കുറഞ്ഞതോടെ കൂടിയത് എന്റെ കോൺഫിഡൻസ് ലെവലാണ്. കുറേ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു, ടീഷർട്ടും കാപ്രീസും ഷോർട്ട് ടോപ്പും ഇടണമെന്നുള്ളത്. അതൊക്കെ ഇപ്പോൾ സാധിച്ചു. ഡ്രസ്സ് സൈസ് XL ൽ നിന്ന് മീഡിയത്തിൽ എത്തി നിൽക്കുന്നു. സ്മോൾ സൈസ് എത്തിക്കുക എന്നതാണ് ലക്ഷ്യം. XL ആയിരുന്ന ഡ്രസ്സ് ഓരോ പ്രാവശ്യം ഇടുമ്പോഴും ഷേപ്പ് ചെയ്ത് ഇടേണ്ടി വരുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.

 

ബേക്കറിയിലെ മധുരത്തിൽ തുടങ്ങി ഇപ്പോൾ അസുഖത്തിൽ അവസാനിക്കുന്ന ബോഡി ഷേമിങ്

 

തടി കൂടിയപ്പോൾ നല്ല രീതിയിൽ ബോഡി ഷേമിങ്ങും കേൾക്കേണ്ടി വന്നിട്ടുണ്ട്. തടികൂടിവരികയാണെന്ന് പബ്ലിക്കായി അപമാനിക്കപ്പെട്ട അവസരങ്ങളുമുണ്ട്. ബേക്കറിയിലെ മധുരം മുഴുവൻ ഞാൻ കഴിക്കുകയാണോന്ന് ചോദിച്ചവരുണ്ട്. തടി കുറയ്ക്കുമെന്ന് നിശ്ചയം പറഞ്ഞപ്പോൾ പോലും ഇത് കുറേ കണ്ടതാ കേട്ടതാ എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയവരുമുണ്ട്. ബോഡി ഷേമിങ് നടത്തുന്നവർ നമ്മൾ തടി കുറയ്ക്കുമ്പോൾ ഒരു നല്ല വാക്ക് പറയാൻ പലപ്പോഴും മനസ്സ് കാണിക്കാറില്ല. എന്നിരുന്നാലും കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചവർ‍ ഏറെയുണ്ട്. 

 

കുറച്ച് നാളുകൾക്ക് ശേഷം കണ്ട കുറേപ്പേർ തടി കുറഞ്ഞതു കണ്ട് എങ്ങനെയാണ് എന്താണ് ചെയ്തത് എന്നൊക്കെ ചോദിക്കുമ്പോൾ നമുക്ക് വിശ്വാസമാകും തടി കുറഞ്ഞുവെന്ന്. അവർക്കൊക്കെ ഡയറ്റും വർക്കൗട്ടും ചെയ്തിട്ടാണെന്ന് പറഞ്ഞു കൊടുക്കും. എന്തെങ്കിലും അസുഖമാണോയെന്ന് ചോദിച്ചവർ പോലുമുണ്ട്. ഇനി തടി കുറയ്ക്കണ്ട ഭംഗി പോകുമെന്ന് പറഞ്ഞവരുമുണ്ട്. പ്രോത്സാഹിപ്പിച്ചവരാണ് ഏറെയും. 

 

തടി ഉണ്ടായിരുന്നപ്പോൾ നടക്കുവാനും നിൽക്കുവാനും ബുദ്ധിമുട്ടും നല്ല ക്ഷീണവും ആയിരുന്നു. കിതച്ചിട്ട് വീട്ടിലെ കോണി കയറാൻ തന്നെ പറ്റില്ലായിരുന്നു. കുറച്ചു നേരം നടക്കുമ്പോഴേക്കും കിതച്ച് വയ്യാതായിരുന്നു. തൈറോയ്ഡ് ലെവൽ കൂടിയും കുറഞ്ഞും നിന്നിരുന്നു. ഇപ്പോൾ ദിവസവും രാവിലെയും വൈകിട്ടും ഒരു കിതപ്പുമില്ലാതെ അരമണിക്കൂർ നടക്കുന്നുണ്ട്. പിന്നെ കോണിയൊക്കെ ഓടി കയറും. മുൻപ് എന്തെങ്കിലും മുകളിൽ നിന്ന് എടുക്കാൻ മോളെ വിടുമായിരുന്നു. കിതപ്പ് മാറിയതോടെ ആ പരിപാടി നിർത്തി. എത്ര തവണ വേണമെങ്കിലും കോണിപ്പടികൾ ഓടി കയറാൻ പറ്റുന്നുണ്ട് എനിക്ക്. ഏറ്റവും സന്തോഷം വർഷങ്ങളായി ഒരു നയന്ത്രണവുമില്ലാതെ പോയിരുന്ന തൈറോയ്ഡ് ലെവൽ ഇപ്പോൾ നോർമലായിരിക്കുന്നു എന്നതിലാണ്.

Content Summary : Belly fat and weight loss tips of Divya Bijoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com