ആ ‘തമാശകൾ’ പുച്ഛത്തോടെ ചിരിച്ചു തള്ളുന്നു, ഇത് ഷംനയുടെ മധുരപ്രതികാരം; കുറച്ചത് എട്ടു കിലോ, തിരികെ കിട്ടിയത് ആത്മവിശ്വാസം

shamna
ഷംന
SHARE

ശാരീരികമായും മാനസികമായും ഏറെ തളർന്നിരിക്കുന്ന സമയത്ത് പിടിച്ചു കയറാൻ ഒരു കച്ചിത്തുമ്പെങ്കിലും കിട്ടാതിരിക്കില്ല എന്നു പറയാറില്ലേ. അതാണ് ഷംനയുടെ ജീവിതത്തിലും സംഭവിച്ചത്. ശരീരഭാരം കൂടിയതോടെ കുടുംബസദസ്സുകളിലൊക്കെ ഒരു ചിരിക്കുള്ള വകയായി പലപ്പോഴും മാറിയിട്ടുണ്ട് ഷംന. അപ്പോൾ അതിനൊപ്പം ചിരിക്കേണ്ടിവരികയും ഒറ്റയ്ക്കിരിക്കുമ്പോൾ ഓർത്തു വിഷമിക്കുകയും ചെയ്തിരുന്ന ആ ഭൂതകാലത്തെ ഇപ്പോൾ പുച്ഛത്തോടെ ചിരിച്ചു തള്ളാനാണ് ഷംനയക്ക് ഇഷ്ടം. കാരണം ഇപ്പോൾ ശാരീരികമായി മാത്രമല്ല മാനസികമായും ഏറെ മുന്നിലാണ് താനെന്ന് കുവൈത്തിൽ താമസിക്കുന്ന ഷംന ഏറെ അഭിമാനത്തോടെ പറയുന്നു. എട്ടു കിലോ ഭാരം കുറഞ്ഞതിനേക്കാളേറെ, എന്നോ നഷ്ടപ്പെട്ടു പോയ ആത്മവിശ്വാസവും എന്തും ചെയ്യാൻ സാധിക്കുമെന്ന വിശ്വാസവും തിരികെ ലഭിച്ചതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് ഷംന കരുതുന്നു. പുതിയ ഷംനയിലേക്കുള്ള ആ മാറ്റത്തെക്കുറിച്ച് മനോരമ ഓൺലൈനോടു സംസാരിക്കുന്നു 

കിണറ്റിൽ ചാടാൻ തോന്നിയ ആ കാലം

മൂന്നാമത്തെ പ്രസവത്തിനു ശേഷം ശരീരഭാരം വല്ലാതെ കൂടി. സാധാരണരീതി വച്ച് കുഞ്ഞിന് ഒരു വയസ്സ് കഴിയുമ്പോഴേക്ക് ഭാരം പഴയ രീതിയിലേക്കു തിരിച്ചു പോവേണ്ടതാണ്. പക്ഷേ മൂന്നാമത്തെ പ്രസവം എന്നെ ചതിച്ചുവെന്നു പറയാം. ഏത് ഡയറ്റും എക്സർസൈസും പരീക്ഷിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. അതിനിടയിലായിരുന്നു കോവിഡിന്റെ വരവ്. കുവൈത്തിലാണെങ്കിൽ ലോക്ഡൗണും കർഫ്യൂവും ഒക്കെയായയി എല്ലാവരും വീട്ടിനുള്ളിൽ തന്നെയായി. ഉള്ളതുകൊണ്ട് ഓണം പോലെ എന്നു പറഞ്ഞപോലെ, എല്ലാ വിഷമങ്ങൾക്കും പരിഹാരം കുക്കിങ് പരീക്ഷണങ്ങൾ ആയിരുന്നു. പതുക്കെ ശരീരം പ്രതികരിച്ചു തുടങ്ങി; ഒപ്പം ചുറ്റുമുള്ളവരും. വീട്ടിൽ ഉണ്ടാക്കുന്നതൊക്കെ ഒറ്റയ്ക്ക് കഴിക്കുകയാണോ, അതോ ആരും കാണാതെ വീണ്ടും കഴിക്കാറുണ്ടോ എന്നു തുടങ്ങി പലവിധ തമാശകൾക്കും ഞാൻ ഒരു വിഷയമായി. പിന്നെ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ വിഷമത്തോടെ മാറ്റിവയ്ക്കേണ്ടി വന്നു. വലിയ കണ്ണാടിയിൽ നോക്കാനേ ഇഷ്ടമില്ലാതായി.

കുടുംബസദസ്സുകളിലൊക്കെ ഞാനവർക്ക് ചിരിക്കാനുള്ള ഒരു വകയായി. കൂടെയിരുന്ന് അവർ പറഞ്ഞ തമാശ കേട്ടു ചിരിച്ചിട്ട്  ഒറ്റയ്ക്കിരിക്കുമ്പോൾ അതോർക്കുന്ന സമയത്ത് എന്തോ ഒരു വല്ലാത്ത ഫീലിങ്ങാണ്. അവർ പറയുന്ന നിർദോഷമായ തമാശകൾ എന്നെ മാനസികമായി ഏറെ തളർത്തിയിട്ടുണ്ടെന്നതാണ് വസ്തുത. ഒന്നിനും സാധിക്കാതെ എന്നെത്തന്നെ സ്വയം കിണറ്റിലിടാൻ തോന്നിയ ഒരു കാലം എന്നു പറയാം.

വേദനകളുടെ കാലം

ഭാരം 74.5 കിലോയായിരുന്നു. കാണുന്നവരൊക്കെ പറയും, മുഖം ഭംഗിയുണ്ട്, പക്ഷേ ശരീരം ആകെ തടിച്ചിരിക്കുവാ, ആ മുഖത്തിന്റെ ഭംഗി കൂടി കളയുന്നു എന്നൊക്കെ. ഇതിനൊപ്പം കഴുത്തുവേദന, തോൾവേദന, ഇടയ്ക്കിടെ എത്തുന്ന നെ‍ഞ്ചു വേദന, വർഷങ്ങളായി കൂടെക്കൂടിയ വെരിക്കോസ് വെയ്ൻ ഉയർത്തുന്ന പ്രശ്നങ്ങൾ, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ. ഇതിനെക്കാളെല്ലാമുപരി വല്ലാത്തൊരു നിരാശാബോധവും പിടികൂടി. മനോരമ ഓൺലൈനിന്റെ സ്ഥിരം വായനക്കാരിയായ ഞാൻ അതിൽ വരുന്ന വെയ്റ്റ് ലോസ് സ്റ്റോറികൾ വിടാതെ ശ്രദ്ധിക്കുമായിരുന്നു. ഇങ്ങനെയൊക്കെ ചെയ്ഞ്ച് വരുമോ എന്നോർത്ത് അദ്ഭുതപ്പെട്ടിട്ടുമുണ്ട്. ആകെ തളർന്നിരുന്ന ഒരു ദിവസം എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു വെയ്റ്റ്‌ലോസ് സ്റ്റോറിയാണ് എനിക്ക് വഴികാട്ടിയായത്. അതു വായിച്ചതോടെ എനിക്കും വെയ്റ്റ് കുറയ്ക്കാൻ സാധിക്കുമെന്ന ഒരു ആത്മവിശ്വാസം എവിടെനിന്നോ കിട്ടിയതുപോലെ. എന്തായാലും  ഒന്നു ശ്രമിച്ചു നോക്കാമെന്നു കരുതി ഓൺലൈൻ വഴി ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ഞാനും ചേർന്നു. സത്യം പറഞ്ഞാൽ ശാരീരികമായ ഒരു മാറ്റത്തെക്കാളുപരി മനസ്സ് ശാന്തമാക്കാനുള്ള എന്തെങ്കിലും വഴിയായിരുന്നു ഞാൻ ആഗ്രഹിച്ചത്. 

shamana02

ഉയിർത്തെഴുന്നേൽപിന്റെ കാലം

ആ ഗ്രൂപ്പിലേക്ക് എന്നെ ആകർഷിച്ചത് ജിമ്മിലൊന്നും പോകാതെ വീട്ടിലിരുന്ന് എപ്പോൾ വേണമെങ്കിലും വർക്ഔട്ട് ചെയ്യാമെന്നതും വീട്ടിലുണ്ടാക്കുന്ന ആഹാരംതന്നെ കഴിക്കാമെന്നതുമായിരുന്നു. ഇതിനായി റസിസ്റ്റൻസ് ബാൻഡുകൾ വാങ്ങി. ഇതുകണ്ട് കളിയാക്കിയവരുമുണ്ട്. ‘ഈ റസിസ്റ്റൻസ് ബാൻഡ് വച്ച് എന്തു ചെയ്യാനാ, ഇതൊക്കെ കൊണ്ട് എങ്ങനെ വണ്ണം കുറയുമെന്നാ നീ പറയുന്നത്...’ എന്നൊക്കെ പറഞ്ഞ് നിരുത്സാഹപ്പെടുത്താനും തളർത്താനും നോക്കിയവർക്ക് രണ്ടു മാസം കൊണ്ട് എന്റെ ശരീരംകൊണ്ടുതന്നെ ഞാൻ മറുപടി കൊടുത്തു. വയറിലും ഇടുപ്പിന്റെയും തുടയുടെയും ഭാഗത്തുമൊക്കെയായിരുന്നു അമിതവണ്ണം ഫീൽ ചെയ്തിരുന്നത്. രണ്ടു മാസം കൃത്യമായി വർക്ഔട്ടും കാലറി കണക്കാക്കി ആഹാരവും കഴിച്ചതോടെ കാഴ്ചയിൽ വ്യത്യാസം പ്രകടമായിത്തുടങ്ങി. ഇപ്പോള്‍ ശരീരഭാരം എട്ടു കിലോ കുറഞ്ഞ് 66.5 കിലോയിലെത്തി. കളിയാക്കിയവരൊക്കെ നേരേ തിരിയാൻ തുടങ്ങി. എങ്കിലും ചിലർക്ക് പെട്ടെന്ന് അങ്ങോട്ട് അംഗീകരിക്കാനുള്ള ഒരു ബുദ്ധിമുട്ട്. അവർ വീണ്ടും പറഞ്ഞു, ശരീരം മെലിഞ്ഞു, ഇപ്പോൾ മുഖം വൃത്തികേടായി. മുഖത്തിന്റെ പഴയ ഭംഗിയങ്ങ് പോയി എന്നൊക്കെ. മുൻപാണെങ്കിൽ ഇതോർത്ത് ഞാൻ ആകെ ഡൗൺ ആയേനേ. എന്നാൽ ഇപ്പോൾ അവരോട് ‘പോയി പണി നോക്ക്, എന്റെ ഇഷ്ടം ഇതാണ്’ എന്നു പറയാൻ കഴിയുന്നു. എനിക്കു വേണ്ടിയിരുന്നതും ഇതുതന്നെയായിരുന്നു. 

ഇത് മീഡിയത്തിന്റെ കാലം

ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനോ അതിടാനോ പറ്റാത്ത ഒരു കാലം ഉണ്ടായിരുന്നു. വേണ്ടിയിരുന്നത് ഡബിൾ എക്സ്എൽ. തുണി എടുക്കാൻ പോകുമ്പോൾ ഭംഗിയുള്ള വസ്ത്രം കണ്ട് ആകൃഷ്ടയായി ആ ഭാഗത്തേക്കു പോകുമ്പോൾ കേൾക്കാമായിരുന്ന ഒരു സ്ഥിരം കമന്റുണ്ട് ആ ഭാഗത്തേക്കു നോക്കണ്ട അതൊക്കെ ചെറിയ സൈസ് ആണ് എന്നത്. എന്നാൽ ഇപ്പോൾ എന്റെ ഡ്രസ് സൈസ് മീഡിയം ആയി. എട്ടാം ക്ലാസിൽ പഠിക്കുന്ന മോൾക്കും എനിക്കും ഇപ്പോൾ ഒരേ വസ്ത്രം ഇടാമെന്നതും ഏറെ സന്തോഷം. മാത്രമല്ല, ഒരു ചുരിദാർ ഉണ്ടായിരുന്നു. ആറു വർഷം മുമ്പ് എനിക്കും ഭർത്താവിനും ഒരുപോലെ ഇഷ്ടപ്പെട്ട് വാങ്ങിയ ഒന്ന്. ഇടാൻ പറ്റാതെ ആയിട്ടും ഉപേക്ഷിക്കാൻ പറ്റാഞ്ഞത്. ആറു വർഷത്തിനിപ്പുറം കഴിഞ്ഞ വിവാഹ വാർഷികത്തിന് ആ ചുരിദാർ ധരിച്ച് ഭർത്താവിന് ഒരു വമ്പൻ സർപ്രൈസും ഞാൻ കൊടുത്തു.

നിറയെ പോസിറ്റിവിറ്റിയുമായി ഈ ഞാൻ

ശാരീരികമായ മാറ്റത്തെക്കാളുപരി ഞാൻ ആഘോഷിക്കുന്നത് എന്റെ മാനസിക മാറ്റത്തെയാണ്. എന്തും പോസിറ്റീവായി എടുക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. എന്നെക്കൊണ്ട് ഒന്നിനും സാധിക്കില്ലെന്നോ കൊള്ളില്ലെന്നോ ഉള്ള ചിന്ത മനസ്സിന്റെ ഏഴയലത്തേക്കു പോലും വരുന്നില്ല. ഒരു ഡോക്ടറെയും കാണാതെ, അലട്ടിയിരുന്ന പകുതി പ്രശ്നങ്ങൾക്കും പരിഹാരവുമായി. എനർജി ലെവലും കോൺഫിഡൻസ് ലെവലും നൂറ് കടന്നു പോയിരിക്കുന്നു. നീ എടുത്ത എഫർട്ടിനു ഫലം കണ്ടു, കുറച്ചൂടെ യങ് ആയി എന്നൊക്കെ കേൾക്കുന്നതിന്റെ ഒരു പ്രത്യേക സുഖവുമുണ്ട്. എന്തൊരു ബോറാണ് എന്ന് അന്നു പറഞ്ഞവരൊക്കെ ഇന്ന് അന്തംവിട്ട്‌ തിരിച്ചും മറിച്ചും തപ്പിയൊക്കെ നോക്കുമ്പോൾ ചെറിയൊരു അഹങ്കാരം ഇല്ലാതില്ല...

Content Summary : Weight loss tips of Shamna

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA