ചുമ്മാ നടന്നും ഓടിയും ട്രെഡ്മില്ലില്‍ അണച്ചും വര്‍ക്ഔട്ട് ചെയ്തിരുന്ന അറുബോറന്‍ രീതികളൊക്കെ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനായി. കാലറി കത്തിക്കാനും സ്ലിമ്മാകാനും സംഗീതവും നൃത്തച്ചുവടുകളും താളമേളങ്ങളുമെല്ലാം സമന്വയിപ്പിച്ച ചടുലമായ വര്‍ക്ഔട്ടുകളാണ് ന്യൂജനറേഷന്‍ തിരഞ്ഞെടുക്കുന്നത്. സുംബ ഡാന്‍സിനും സല്‍സയ്ക്കുമൊക്കെ പിന്നാലെ ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത് പഞ്ചാബിന്റെ തനത് നൃത്ത രൂപമായ ഭാംഗ്രയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ മസാല ഭാംഗ്രയാണ്.
ഭാംഗ്ര നൃത്തം പഞ്ചാബിന്റെ കാര്‍ഷിക സമൂഹങ്ങള്‍ക്കിടയില്‍ ഉടലെടുത്ത നാടന്‍ നൃത്തരൂപമാണെങ്കിലും മസാല ഭാംഗ്രയുടെ വരവ് അമേരിക്കയില്‍ നിന്നാണ്. അമേരിക്കയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജ സരിന ജയിനാണ് 1999ല്‍ മസാല ഭാംഗ്രയ്ക്ക് രൂപം കൊടുത്തത്.
ശരിയായ രീതിയില്‍ ചെയ്താല്‍ ഒറ്റ സെഷന്‍ കൊണ്ടുതന്നെ 500-800 കാലറി കുറയ്ക്കാന്‍ മസാല ഭാംഗ്രയിലൂടെ സാധിക്കുമെന്ന് ഭാംഗ്ര കൊറിയോഗ്രാഫറും ഫിറ്റ്‌നസ് ട്രെയ്‌നറുമായ ബല്‍ജീത് സിങ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ശരീരത്തിന് മൊത്തത്തില്‍ ഉപകാരപ്രദമായ ഈ ഡാന്‍സ് വര്‍ക് ഔട്ട് കൈകള്‍, ബൈസപ്‌സ്, തോളുകള്‍, തുട, കാലിന്റെ പിന്‍ഭാഗം എന്നിവിടങ്ങളിലെ പ്രത്യേക പേശികളെയും ലക്ഷ്യം വയ്ക്കുന്നു.
കോവിഡ് ലോക്ഡൗണ്‍ സമയത്ത് ഭാംഗ്ര വര്‍ക്ഔട്ടിന് ആവശ്യക്കാര്‍ ഏറെയായിരുന്നെന്നും നിരവധി വെര്‍ച്വല്‍ സെഷനുകള്‍ ഈ കാലഘട്ടത്തില്‍ നടത്തിയെന്നും ഡല്‍ഹിയിലെ ഭാംഗ്ര പരിശീലനകനായ അങ്കിത് രജാവത്തും പറയുന്നു. ശരീരത്തെ ശക്തിപ്പെടുത്താനും കരുത്ത് വര്‍ധിപ്പിക്കാനും ഈ കാര്‍ഡിയോ വര്‍ക്ഔട്ട് സഹായിക്കുമെന്നും അങ്കിത് കൂട്ടിച്ചേര്‍ത്തു.
Content Summary : Bhangra workouts are a new trend for fitness