ADVERTISEMENT

‘ആഹാ! എന്തു മനോഹരമായ നടക്കാത്ത സ്വപ്നം’. ചാടിയ വയറും അധികമായ ശരീരഭാരവുമൊക്കെ കുറച്ച് ഫിറ്റായിട്ടുതന്നെ കാര്യം, ഈ പ്രാവശ്യം എന്തായാലും പിന്തിരിയാൻ ഞാൻ ഒരുക്കമല്ല, ലക്ഷ്യത്തിലെത്തിയിട്ടേ ഇനി ഒരു തിരിഞ്ഞു നോട്ടമുള്ളു എന്ന മെർലിന്റെ അവകാശവാദത്തിന് ഭർത്താവ് നൽകിയ മറുപടി ഇതായിരുന്നു. വെറും രണ്ടു മാസം കൊണ്ട് എങ്ങനെ ഭർത്താവിനെയും മക്കളെയും ഞെട്ടിച്ചെന്നും നടക്കാത്ത സ്വപ്നം എങ്ങനെ പൂവണിഞ്ഞെന്നും അങ്ങ് യുഎസിലെ വാഷിങ്ടൻ ഡിസിയിലിരുന്ന് മെർലിൻ തോമസ് പറയുന്നു. കോട്ടയം പാലാ സ്വദേശിയായ മെർലിൻ ചങ്ങനാശേരിയുടെ മരുമകളാണ്. 20 വർഷമായി വാഷിങ്ടൻ ഡിസിയിൽ ഭർത്താവും മൂന്നു മക്കളുമായി താമസിക്കുകയാണ് ഐടി കമ്പനിയിൽ QA മാനേജരായ മെർലിൻ.

 

മെർലിൻ

മധുരം എന്റെ വീക്ക്നസ്

 

മെർലിൻ

‘‘മധുരം എന്റെ വീക്ക്നസ് ആയിരുന്നു. എത്ര മധുരം കിട്ടിയാലും വിടില്ല. ഭക്ഷണകാര്യത്തിലും അങ്ങനെ നിയന്ത്രണമൊന്നുമുണ്ടായിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒന്നു നടക്കാൻ പോകും എന്നതിലുപരി വ്യായാമം തീരെ ഇല്ലായിരുന്നു. പിന്നെ സി സെക്‌ഷനിലൂടെയായിരുന്നു മൂന്നു മക്കളുടെയും ജനനം. അതുകൂടി ആയപ്പോൾ നന്നായി വയറു ചാടിയിരുന്നു. അതിനൊപ്പം ശരീരഭാരം കൂടുന്നുണ്ടെന്നും അറിയാമായിരുന്നു. ഇതൊക്കെ കുറയ്ക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും നടത്തിയിട്ടുണ്ടെങ്കിലും എന്നെക്കൊണ്ട് സാധിക്കില്ലെന്നു മനസ്സിലാക്കി പാതിവഴിയിൽ ഉപേക്ഷിച്ച പാരമ്പര്യമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പ്രാവശ്യം വിജയത്തിലെത്തിയിട്ടേ തിരിഞ്ഞു നോട്ടമുള്ളു എന്നു പറഞ്ഞപ്പോൾ നടക്കാത്ത സ്വപ്നമെന്നായിരുന്നു ഭർത്താവിന്റെ കമന്റ്.

 

മെർലിൻ

വയറൊന്നു കുറഞ്ഞെങ്കിൽ...

 

104 സെന്റീമീറ്ററിലെത്തിയ വയറ് ഒന്നു കുറയ്ക്കണമെന്നതായിരുന്നു എന്റെ ആദ്യ ആഗ്രഹം. അതിന് ആശ്രയിച്ചത് ഒരു ഓൺലൈൻ ഫിറ്റ്ന്സ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിനെയായിരുന്നു. വലിയ ആഗ്രഹത്തോടെ ഈ ഗ്രൂപ്പിലൊക്കെ ചേർന്നെങ്കിലും എത്രകാലം ഞാൻ മുന്നോട്ടു കൊണ്ടുപോകുമെന്നോ ലക്ഷ്യത്തിലെത്തുമെന്നോ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഓരോ ദിവസം പിന്നിടുന്തോറും, ഇവിടെ ഞാൻ വിജയിക്കും എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന ഒരു ഫീലിങ്ങായിരുന്നു. ഓരോ ദിവസത്തെയും വർക്ഔട്ടുകളെ കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമെല്ലാം കൃത്യമായ നിർദേശങ്ങൾ കിട്ടിയപ്പോൾത്തന്നെ ഞാൻ പകുതി വിജയിച്ചിരുന്നു. കാരണം ഇതിനു മുൻപൊന്നും കാലറി നോക്കി കഴിക്കണമെന്നോ എന്തൊക്കെ വർക്ഔട്ടുകൾ ചെയ്യണമെന്നോ ഓരോ ശരീരഭാഗത്തിനും വേണ്ടി പ്രത്യേകം വർക്ഔട്ടുകൾ ചെയ്താലേ മൊത്തത്തിലുള്ള പ്രയോജനം ലഭിക്കൂവെന്നോ എനിക്ക് അറിയില്ലായിരുന്നു. മാത്രമല്ല ഏതു സമയത്തും ട്രെയ്നറെ ഓൺലൈൻ വഴി ബന്ധപ്പെട്ട് എന്തു സംശയവും ചോദിക്കാമെന്നതും എനിക്ക് വലിയൊരു സന്തോഷമായിരുന്നു.

 

മെർലിൻ

അദ്ഭുതത്തോടെ ഭർത്താവും മക്കളും

 

66.5 കിലോ ശരീരഭാരവും 104 സെന്റീമീറ്റർ വയറുമായാണ് ഞാൻ ഈ ഗ്രൂപ്പിൽ ചേരുന്നത്. രണ്ടു മാസം കൊണ്ട് 9.5 കിലോ കുറച്ച് 57 ലെത്തി. എന്റെ ഏറ്റവും വലിയ സന്തോഷം വയറു കുറഞ്ഞതാണ്. 20 സെന്റീമീറ്റർ കുറച്ച് 84 സെന്റീമീറ്ററായി. ഞാൻ എന്താണോ ആഗ്രഹിച്ചത് അതിലേക്ക് എത്തിച്ചേരാൻ സാധിച്ചു. രണ്ടു മാസംകൊണ്ട് എന്നിൽ വന്ന മാറ്റം കണ്ട് ഏറ്റവും അദ്ഭുതപ്പെട്ടത് ഭർത്താവും മക്കളുമാണ്. ശരീരഭാരം കൂടുന്നുണ്ടെന്ന് ഇടയ്ക്കിടെ അവർ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നെങ്കിലും എന്റെ പല കസർത്തുകളും കണ്ടിട്ടുള്ളതിനാൽ ഈ പ്രാവശ്യവും വലിയ മാറ്റമൊന്നും അവരാരും പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിൽവച്ചുള്ള എന്റെ HIIT, റസിസ്റ്റൻസ് വർക്ഔട്ടുകൾ കാണുമ്പോൾ ഇതൊക്കെ നമ്മൾ എത്ര കണ്ടതാ എന്ന ഭാവമായിരുന്നു. പക്ഷേ മാറ്റം പ്രകടമായിത്തുടങ്ങിയപ്പോൾ മുന്നോട്ടു പോകാൻ ഏറ്റവുമധികം പ്രോത്സാഹനം തന്നതും ഭർത്താവും മക്കളുമായിരുന്നു.

 

ഇങ്ങനെയൊക്കെ മാറാൻ സാധിക്കുമോ എനിക്ക്

 

ഡയറ്റും വർക്ഔട്ടുമൊക്കെ തുടങ്ങി രണ്ടു മാസം പിന്നിട്ട ശേഷമാണ് ഞാൻ വെയ്റ്റും വയറിന്റെ ചുറ്റളവുമൊക്കെ നോക്കിയത്. അതിനു മുൻപ് മാറ്റം കണ്ടു തുടങ്ങിയെന്നു ഭർത്താവും സഹപ്രവർത്തകരുമൊക്കെ പറഞ്ഞെങ്കിലും എനിക്ക് സ്വയം പരിശോധിക്കാൻ തോന്നിയിരുന്നില്ല. പക്ഷേ രണ്ടു മാസത്തിനു ശേഷമുള്ള എന്നെ കണ്ടപ്പോൾ ഞാൻതന്നെ അദ്ഭുതുപ്പെട്ടു. എനിക്ക് ഇതൊക്കെ സാധിക്കുമല്ലേ എന്ന ചിന്തയായിരുന്നു ആദ്യം മനസ്സിലേക്കെത്തിയത്. ചിന്താഗതിതന്നെ മാറിപ്പോയി. പോസിറ്റീവ് എനർജിയും കോൺഫിഡൻസ് ലെവലുമൊക്കെ അങ്ങ് കൂടി. 

 

ബിപിയും കയാക്കിങ്ങും

 

ശരീരഭാരം കുറയ്ക്കണമെന്ന ഉറച്ച തീരുമാനം എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് ചില ആരോഗ്യപ്രശ്നങ്ങളായിരുന്നു. ഭാരം കൂടിയതോടെ ബിപിയും കൂടി. മരുന്ന് കഴിച്ചാൽ ആജീവനാന്തം കഴിച്ചേ മതിയാകൂ. അതിനു താൽപര്യമില്ലാത്തതുകൊണ്ടുതന്നെ ഭാരം കുറച്ചാൽ മാറ്റം ഉണ്ടാകുമോ എന്നറിയാനായി ഒന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതി. അദ്ഭുതമെന്നു പറയട്ടെ, ഭാരവും കൊഴുപ്പുമൊക്കെ നഷ്ടമായതോടെ എന്റെ ബിപിയും നോർമലായി. ഇടയ്ക്കിടെ കയാക്കിങ്ങും സൈക്ലിങ്ങുമൊക്കെയായി ആഘോഷിക്കുന്ന ഒരു കുടുംബമാണ് എന്റേത്. ഭാരം ഇങ്ങനെ കൂടിക്കൊണ്ടിരുന്നാൽ ഇത് രണ്ടും എനിക്ക് അസാധ്യമാകും എന്ന ചിന്തയുമുണ്ടായി. സൈക്ലിങ്ങിനിടയിലുള്ള ചെറിയ ബുദ്ധിമുട്ട് അതിന്റെ മുന്നറിയിപ്പായാണ് എനിക്കു തോന്നിയത്. ഇതു രണ്ടും ചെയ്യാൻ സാധിക്കാത്ത എന്നെ എനിക്ക് സങ്കൽപിക്കാനേ സാധിക്കില്ല. അപ്പോൾ പിന്നെ മുന്നിലുള്ള ഏകവഴി അനാവശ്യ ഭാരം കുറയ്ക്കുക മാത്രമായിരുന്നു. ലക്ഷ്യം മുന്നിലുണ്ടായപ്പോൾ മാർഗവും തേടിയെത്തി, ഞാനൊന്നു മനസ്സു കൂടി സമർപ്പിച്ചപ്പോൾ വിജയം കൈപ്പിടിയിലൊതുങ്ങി. പിന്നെ 10 ഉം 15 ഉം വർഷം മുൻപുള്ള ഡ്രസൊക്കെ ഇട്ട്  ഇപ്പോൾ വലിയ ഗമയിൽ നടക്കുമ്പോൾ ആ പഴയ മെർലിൻ ആയി തോന്നുന്നു. 

Content Summary : Weight loss tips of  Merlin Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com