ഫ്രാന്‍സില്‍ ആരംഭിച്ച എഴുപത്തിയഞ്ചാമത് കാന്‍ ചലച്ചിത്രമേളയില്‍ ഏവരുടെയും ശ്രദ്ധ കവര്‍ന്ന് തമന്ന ഭാട്ടിയ. ഡിനൈര്‍മാരായ ഗൗരിയും നൈനികയും രൂപപ്പെടുത്തിയ തമന്നയുടെ വസ്ത്രത്തിനൊപ്പം തന്നെ ചുവന്ന പരവതാനിയില്‍ ആത്മവിശ്വാസത്തോടെ നടന്നെത്തിയ താരത്തിന്‍റെ ഫിറ്റ്നസും ചര്‍ച്ചയായി.
അഴകളവുകളാൽ ആരെയും അസൂയപ്പെടുത്തുന്ന തമ്മന്നയുടെ ഫിറ്റായ ശരീരത്തിന്‍റെ രഹസ്യം നടി പിന്തുടരുന്ന കൃത്യവും കര്‍ശനവുമായ വ്യായാമ മുറകളാണ്. തമന്നയുടെ വ്യായാമക്രമത്തിന്‍റെ ഒരു മുഖ്യ ഭാഗമാണ് സ്ട്രെച്ചിങ് വ്യായാമങ്ങള്‍. ഇത് ഏറ്റവും ഫലപ്രദമായി പേശികളെ ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ പരുക്കേല്‍ക്കാനുള്ള സാധ്യത കുറച്ച് പ്രകടനം മെച്ചപ്പെടുത്താനും സ്ട്രെച്ചിങ് വ്യായാമത്തിലൂടെ തമന്നയ്ക്ക് സാധിക്കുന്നു. ശരീരഭാരം തന്നെ വ്യായാമത്തിന് ഉപയോഗപ്പെടുത്തുന്ന ബോഡിവെയ്റ്റ് വ്യായാമങ്ങളും തമന്ന പിന്തുടരാറുണ്ട്. മൗണ്ടന്‍ ക്ലൈബര്‍ പോലുള്ള ബോഡിവെയ്റ്റ് വ്യായാമങ്ങള്‍ അടി മുതല്‍ മുടി വരെ ശരീരത്തിന്‍റെ എല്ലാ ഭാഗത്തിനും വര്‍ക്ക്ഔട്ടിന്‍റെ ഫലം ചെയ്യുന്നു.
രണ്ട് കൈകളും ഉപയോഗിച്ചുള്ള ഡംബെല്‍ സ്വിങ്ങിങ്ങാണ് തമന്ന നിത്യവും പിന്തുടരുന്ന മറ്റൊരു വ്യായാമം. പുറം ഭാഗത്തിനെ ശക്തിപ്പെടുത്തുന്ന ഈ വ്യായാമം ഗ്രിപ്പ് മെച്ചപ്പെടുത്തുകയും തോളിലെ പേശികളെ ബലവത്താക്കുകയും ചെയ്യുന്നു. ഒരു കയ്യില്‍ ഡംബെല്‍ പിടിച്ച് മറ്റേ കൈ നിലത്ത് കുത്തി നിന്നുള്ള വണ്‍ ആം ഡംബെല്‍ റോയാണ് തമന്നയുടെ മറ്റൊരു വ്യായാമം. ഇത് തോളുകളെയും കൈകളുടെ മുകള്‍ഭാഗത്തെയും കരുത്തുറ്റതാക്കുന്നു. ശരീരത്തിന്‍റെ മുകള്‍ ഭാഗത്തും കീഴ് ഭാഗത്തുമുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിന് തമന്ന പിന്തുടരുന്ന വ്യായാമ ക്രമമാണ് സ്ട്രെയ്റ്റ് ബാര്‍ ക്ലീന്‍ ആന്‍ഡ് പ്രസ്.
കൈയില്‍ ഡംബെല്‍ പോലുള്ള ഭാരമുള്ള വസ്തുക്കള്‍ പിടിച്ച് കൊണ്ടുള്ള വെയ്റ്റഡ് സ്ക്വാട്ടുകളും തമന്ന പരിശീലിക്കാറുണ്ട്. തമന്ന വെയ്റ്റഡ് സ്ക്വാട്ട് ചെയ്യുന്ന ഒരു ഇന്‍സ്റ്റാഗ്രാം വിഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. കാലിലെ പേശികളെ ശക്തിപ്പെടുത്തുന്നതാണ് ഈ വ്യായാമം. യോഗയും മെഡിറ്റേഷനും ചെയ്യാനും തമന്ന സമയം കണ്ടെത്തുന്നു. ഇതും ശാരീരിക, മാനസിക ആരോഗ്യത്തിന് ഉത്തമമാണ്.
Content Summary : Tamannaah Bhatia's fitness