ഒരാഴ്ചത്തെ വെയ്റ്റ് ലോസ് യാത്ര പങ്കുവച്ച് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. 93.1 കിലോ ശരീരഭാരം ഉണ്ടായിരുന്ന സാന്ദ്ര സ്വന്തം വർക്ഒൗട്ടും ഡയറ്റും വഴിയാണ് ഒരാഴ്ചകൊണ്ട് മൂന്നു കിലോ കുറച്ചത.് തന്റെ വെയ്റ്റ് ലോസ് യാത്ര എത്ര വരെ പോകുമെന്ന് അറിയാൻ സാധിക്കില്ലെന്നും വിജയകരമായി പൂർത്തിയായാൽ ഡയറ്റ് എല്ലാവർക്കുമായി പങ്കുവയ്ക്കുമെന്നും സാന്ദ്ര പറയുന്നു.
ടെൻഷനോ സ്ട്രെസോ വന്നാൽ വെറുതേ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സ്വഭാവമാണ് തനിക്കുള്ളത്. മധുരം ഏറെ ഇഷ്ടവുമാണ്. ഒരാഴ്ചത്തെ ഡയറ്റിൽ ഇടയ്ക്ക് ഐസ്ക്രീമും പോപ്കോണും കഴിക്കുകയും ചെയ്തു. അവ ഒഴിവാക്കിയിരുന്നെങ്കിൽ ചിലപ്പോൾ കുറച്ചുകൂടി വ്യത്യാസം ഉണ്ടാകുമായിരുന്നു.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോലെ ഉച്ചയ്ക്ക് ഒരു നേരമാണ് നന്നായി ഭക്ഷണം കഴിക്കുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് എല്ലാവരും പറയുന്നതെങ്കിലും തനിക്ക് ബ്രേക്ഫാസ്റ്റ് നിർബന്ധമല്ലെന്നും പക്ഷേ ഉച്ചയ്ക്ക് നന്നായി കഴിച്ചേ മതിയാകൂ എന്നും സാന്ദ്ര പറയുന്നു. അതിനാൽത്തന്നെ രാവിലെ എന്തെങ്കിലും ഫ്രൂട്ട്സോ നട്സോ വളരെ കുറച്ചു മാത്രം കഴിക്കും. രാത്രി ഭക്ഷണം മിക്കവാറും കഴിക്കാറില്ല. രാവിലെ ഡാൻസും വൈകുന്നേരം യോഗയുമാണ് ഇപ്പോൾ വർക്ഔട്ടായി ചെയ്യുന്നത്.– യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ സാന്ദ്ര പറയുന്നു.
Content Summary : Sandra Thomas's weight loss journey