ADVERTISEMENT

കണ്ണാടിയിൽ നോക്കി സ്വന്തം രൂപം ഇഷ്ടപ്പെടാതെ ഹൃദയം തകർന്നു നിന്ന ഒരു ഭൂതകാലം തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അശ്വതി കൃഷ്ണന് ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ആ ഭൂതകാലത്തിലേക്കു ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ എല്ലാം അതിലേറെ നല്ലതിനായിരുന്നെന്ന് അശ്വതി പറയും. പ്രസവത്തോടെ കൂടിയ ശരീരഭാരം കാരണം കുഞ്ഞിനെയും അമ്മയെയും കാണാൻ വന്നവരുടെ പരിഹാസശരങ്ങൾക്കു മുന്നിൽ പല തവണ മുറിവേറ്റു വീണിട്ടുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഇടാനോ സെൽഫിയെടുക്കാനോ പോലും പറ്റാതെയായി. തിരുവനന്തപുരത്ത് റവന്യു ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായ അശ്വതിക്കു പറയാനുള്ളത് സ്വയം വെറുക്കുന്നതിൽ നിന്നു സെൽഫ് ലവ്വിലേക്കുള്ള തന്റെ യാത്രയെപ്പറ്റിയാണ്.

 

∙ ഗർഭകാലത്തു കുതിച്ചുയർന്ന ഭാരം

വലിയ വണ്ണമുളള ഒരാളായിരുന്നില്ല ഞാന്‍. 163  സെന്റിമീർ ഉയരത്തിനനുസരിച്ച് 63 കിലോ ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളു. ഗർഭകാലത്താണ് പതിയെ ഭാരം കൂടിത്തുടങ്ങിയത്. ആ സമയത്ത് കുഞ്ഞിന്റെ ആരോഗ്യം മാത്രമായിരിക്കുമല്ലോ നമ്മുടെ മുൻഗണന. അതുകൊണ്ടുതന്നെ ഭാരത്തിലുണ്ടായ മാറ്റം കാര്യമാക്കിയില്ല. കുഞ്ഞിന്റെ വളർച്ചയ്ക്കെന്ന പേരിൽ എല്ലാവരും ഭക്ഷണം കഴിപ്പിക്കും. അപ്പോഴത്തെ സന്തോഷത്തിലും, പ്രസവം കഴിഞ്ഞാൽ ഭാരം കുറയ്ക്കാമെന്ന വിശ്വാസത്തിലും ഞാൻ നന്നായി ഭക്ഷണം കഴിച്ചു. പ്രസവത്തോടടുത്തപ്പോഴേക്കും 87 കിലോ ആയി ഭാരം. പ്രസവം കഴിഞ്ഞതും കുഞ്ഞിന്റെ 3–4 കിലോ കുറഞ്ഞതല്ലാതെ എന്റെ ശരീരഭാരത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. സി സെക്‌ഷൻ ഡെലിവറിയായിരുന്നതു കൊണ്ടു വ്യായാമം ചെയ്യാൻ പറ്റില്ലായിരുന്നു. ഫുൾ റെസ്റ്റ്. അപ്പോഴേക്കും ഗർഭ കാലത്തെ പഴയ വെയ്റ്റിലേയ്ക്കു പോയി. 

 

aswathi2

∙ തളർത്തിക്കളഞ്ഞ ഡയലോഗുകൾ

കോവിഡ് സമയത്തായിരുന്നു പ്രസവം. അതുകൊണ്ട് അധികം സന്ദർശകരൊന്നുമുണ്ടായില്ല. എന്നാൽ വന്നവരിൽ ചിലരെങ്കിലും കളിയാക്കുമായിരുന്നു. 'കുഞ്ഞ് തീരെ ചെറുതും അമ്മ ഒരുപാട് തടിച്ചിട്ടും' എന്നൊക്കെ പറയാൻ തുടങ്ങി. മാനസികമായി അതെന്നെ ഒരുപാട് ബാധിച്ചു. അപ്പോഴും കുറച്ചു കഴിഞ്ഞ് ഭാരമൊക്കെ കുറയ്ക്കാമെന്ന പിന്തുണയുമായി ഭർത്താവ് രാജീവ് എന്നെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. 

 

45–ാമത്തെ ദിവസം ആശുപത്രിയിൽ ചെക്കപ്പിനായി ചെന്നപ്പോൾ ഡോക്ടറുടെ ചോദ്യം എന്നെ വല്ലാതെ ഞെട്ടിച്ചു. 'വയറുണ്ടല്ലോ'?  'ദൈവമേ ഡെലിവെറി കഴിഞ്ഞ ആൾക്കാർക്കൊന്നും അപ്പോ വയറുണ്ടാവാറില്ലേ? എല്ലാവരുടെയും വയറ് പെട്ടന്നു സീറോ സൈസിലേക്കൊക്കെ പോവോ? ' എന്നായി എന്റെ സംശയം.

കുറച്ചു കഴിഞ്ഞു എക്സർസൈസൊക്കെ ചെയ്ത് തുടങ്ങണമെന്നു ഡോക്ടർ ഉപദേശിച്ചു. പക്ഷേ വ്യായാമം ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ആളുകളുടെ കളിയാക്കലുകൾ എന്റെ ആത്മ വിശ്വാസം തകർക്കുകയും, എന്നെക്കൊണ്ട് വണ്ണം കുറയ്‌ക്കാൻ പറ്റില്ലെന്നുള്ള ചിന്തയിലേക്ക് അതെന്നെ എത്തിക്കുകയും ചെയ്തു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമനുഭവപ്പെട്ടു തുടങ്ങി. കുഞ്ഞിനെപ്പോലും എടുക്കാൻ പറ്റിയിരുന്നില്ല. കണ്ണാടിയിൽ നോക്കിയാൽ എനിക്ക് എന്നെ ഇഷ്ടപ്പെടാത്ത രീതിയിലേക്കു കാര്യങ്ങൾ മാറി.

 

∙ ഫോട്ടോ ഇഷ്ടത്തിൽ നിന്ന് ഫോട്ടോ പേടി  

aswathi3

ഇതിനൊക്കെ മുൻപ് ഫോട്ടോ ഫ്രീക്കായിരുന്നു ഞാൻ. സെൽഫിയെടുക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. പഴയ ഫോട്ടോകളിലെ എന്നെ കാണുമ്പോള്‍ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഞാനാണ് അതെന്നു ഫീൽ ചെയ്തുകൊണ്ടേയിരുന്നു. പ്രെഗ്നൻസി ഫോട്ടോ ഷൂട്ട് നടത്തുകയും ഡെലിവറിയുടെ അന്നു പോലും ധാരാളം സെൽഫികൾ എടുക്കുകയും ചെയ്‌ത ആളാണ് ഞാൻ. പക്ഷേ ഡെലിവറിക്കു ശേഷം മൂന്നു നാലു മാസത്തോളം ഒറ്റ ഫോട്ടോ പോലും എന്റെ ഫോണിലില്ല. കുഞ്ഞിന്റെ ഫോട്ടോകൾ മാത്രമേ എടുത്തിരുന്നുള്ളു. എന്റെ ഫോട്ടോ എടുക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. മറ്റാരെങ്കിലും ക്ലിക്ക് ചെയ്ത ഫോട്ടോയിലൊക്കെ എന്നെ കാണുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നിത്തുടങ്ങി.

ഇനിയൊരിക്കലും പാകമാവില്ലെന്നു തോന്നിയതോടെ ഡ്രസുകളൊക്കെ പലർക്കും കൊടുത്തു. പ്ലസ് സൈസ് ഡ്രെസുകൾ ഓർഡർ ചെയ്തു തുടങ്ങി. ഡ്രസുകളൊന്നും ഷെയ്പ് ചെയ്യാനുള്ള ധൈര്യമില്ലാതായി. 

 

∙ നാല് മാസത്തെ പരിശ്രമം, 87ൽ നിന്ന് 63ലേക്ക്

ആ സമയത്താണ് ഫെയ്‌സ്ബുക്കിലൂടെ യോഗ ക്ലാസിനെപ്പറ്റി കേട്ടത്. എന്റെ സങ്കടം കണ്ട് ഭർത്താവാണ് ക്ലാസ് അറ്റൻഡ് ചെയ്യാൻ പറഞ്ഞത്. അപ്പോൾ മകനു ഒരു നാലു മാസം ആയിട്ടേ ഉള്ളു.  ഓൺലൈനായിട്ടു പോലും ഒരു കൂട്ടം ആൾക്കാർക്കിടയിൽ നിന്നു യോഗ ചെയ്യാനുള്ള കോൺഫിഡൻസ് എനിക്കുണ്ടായിരുന്നില്ല. ഗ്രൂപ്പ് ആയിട്ടു ക്ലാസ് വേണ്ടെന്നു പറഞ്ഞതു കൊണ്ട് ഒറ്റയ്ക്കായിരുന്നു എന്നെ യോഗ പരിശീലിപ്പിച്ചിരുന്നത്. ആ സമയത്ത് തറയിലിരിക്കാനോ ശ്വാസമെടുക്കാനോ പോലും എനിക്കു പറ്റുന്നുണ്ടായിരുന്നില്ല.  പഠനകാലത്ത് യോഗ ക്ലാസിനു പോയിട്ടുണ്ട്. ആദ്യ ദിവസംതന്നെ പത്മാസനത്തിലിരിക്കൂ എന്നൊക്കെ പറയും. ചെയ്യാൻ പറ്റാത്തവരുണ്ടെങ്കില്‍ ഇതു ചെയ്യേണ്ട മാറി നിൽക്കാൻ പറയും. പക്ഷേ ഇവിടെ അങ്ങനെ ആയിരുന്നില്ല. ഒരു കാര്യം നമുക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ പല സ്റ്റെപ്പുകളിലൂടെ അതിലേക്ക് എത്തിക്കും. പതിയെ ശരീരം അനങ്ങാൻ തുടങ്ങി, അൽപ്പം സമയമെടുത്തിട്ടാണെങ്കിലും ഭാരം കുറയുന്നത് എനിക്കു മനസ്സിലായി. പിന്നെ എല്ലാ ദിവസവും ക്ലാസ് അറ്റൻഡ് ചെയ്യാൻ തുടങ്ങി, സിസ്റ്റമാറ്റിക് ആയിട്ടാണ് എല്ലാം ചെയ്‌തത്. 

 

കുഞ്ഞിനു ഫീഡ് ചെയ്യുന്നതു കൊണ്ട് ഭക്ഷണ നിയന്ത്രണങ്ങൾ കൊണ്ടു വരുകയെന്നത് ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും കഴിവതും പോഷകാഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഒരു നാല് മാസം കൊണ്ട് 87ൽ നിന്ന് 63 എന്ന ഐഡിയൽ വെയിറ്റിലേക്ക് എത്താനായി. അനുഭവിച്ച സന്തോഷത്തിനു കയ്യും കണക്കുമില്ല. പഴയ ഡ്രെസുകളെക്കാളും ചെറിയ സൈസിലേക്കു പോകാൻ കഴിഞ്ഞു. കളിയാക്കിയവർ തന്നെ അയ്യോ മെലിഞ്ഞു പോയല്ലോ എന്നു സഹതപിക്കാനും തുടങ്ങി. നല്ല ചെയ്ഞ്ചാണെന്നു പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. മകനു ഒരു വയസ്സാകുന്നതിനു മുൻപ് തന്നെ നോർമൽ വെയിറ്റിലേക്കു മാറാൻ കഴിഞ്ഞു. ഫുൾക്രെഡിറ്റും യോഗയ്ക്ക്.

 

∙ ക്വാണ്ടിറ്റിയിലല്ല ക്വാളിറ്റിയിലാണ് കാര്യം

കുഞ്ഞിനു ഫീഡിങ് ഉള്ളതുകൊണ്ടുതന്നെ ഭക്ഷണത്തിൽ ഒരുപാട് നിയന്ത്രണങ്ങളൊന്നും വരുത്തിയിട്ടില്ല. എല്ലാ ഭക്ഷണവും കഴിക്കും, അതിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നു കൂടി ഉറപ്പു വരുത്തും. രാത്രി എട്ടു മണിക്കു മുന്നേ ആഹാരം കഴിക്കും. ക്വാണ്ടിറ്റിയിലല്ല ക്വാളിറ്റിയിലാണ് കാര്യമെന്ന് എപ്പോഴും ഓർക്കുകയും ചെയ്യും.

 

∙ യോഗ സമ്മാനിച്ച ബോണസുകൾ

ജീവിതത്തിൽ ഒരുപാട് കാര്യങ്ങളെയും പോസിറ്റീവ് ആയി കാണാൻ ശ്രമിക്കുന്ന ഞാൻ ഭാരം കൂടി മാനസികമായി തകർന്നതോടെ എന്തിനും നെഗറ്റീവ് ആയി എടുക്കാൻ തുടങ്ങി. കാര്യങ്ങളെ പോസിറ്റീവായി കാണാനും മനസ്സു തുറന്നു ചിരിക്കാനും പഠിപ്പിച്ചത് യോഗയാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലും സമാധാനത്തോടെ പരിഹാരം കാണാൻ ഇപ്പോൾ കഴിയാറുണ്ട്. 

 

ഈ മാറ്റം കണ്ട് ഒരുപാടു പേർ ചോദിക്കാറുണ്ട്, എങ്ങനെയാണ് വണ്ണം കുറച്ചതെന്ന്. ശരിക്കും മെലിഞ്ഞുവെന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. രാവിലെ എഴുന്നേറ്റു കുളിച്ചു കഴിഞ്ഞാൽ  5 മണി മുതൽ 6 മണി വരെ യോഗ ചെയ്യും. വണ്ണം കുറച്ചതിനെക്കാളുപരി എന്നെ സന്തോഷത്തോടെയിരിക്കാൻ യോഗ സഹായിച്ചു. ഇപ്പോൾ ഹെൽത്തി ആയിട്ടിരിക്കാനും പറ്റുന്നുണ്ട്. ഓഫിസിലും വീട്ടിലും ആക്‌ടീവാണ്. സെൽഫ് ലൗ എന്ന മൂല്യമാണ് പ്രധാനം. നമുക്കു വേണ്ടി അൽപ്പം സമയം ദിവസവും കണ്ടെത്തണം. ഇനിയും വണ്ണം കുറയ്ക്കേണ്ടതായിട്ടുണ്ട്. യോഗയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം.

Content summary: Weight loss tips of Aswathi Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com