ADVERTISEMENT

ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്കുള്ള മാറ്റം പലര്‍ക്കും അല്‍പം വെല്ലുവിളി നിറഞ്ഞതാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ശരീരത്തില്‍ ഇക്കാലത്ത് പല വിധ മാറ്റങ്ങളും ഉണ്ടാക്കും. രൂപത്തിലും ശബ്ദത്തിലുമൊക്കെ പ്രകടമാകുന്ന മാറ്റം പലരിലും മാനസിക സമ്മർദം പോലും സൃഷ്ടിക്കാറുണ്ട്. പെട്ടെന്നുള്ള മൂഡ് മാറ്റങ്ങളും ഇക്കാലത്തിന്‍റെ പ്രത്യേകതയാണ്. ഇതിന് പുറമേയാണ് പഠനത്തിന്‍റെയും മറ്റും തിരക്കുകള്‍. ഇതിനെല്ലാം ഇടയില്‍ വ്യായാമം ചെയ്യാനൊന്നും പല കൗമാരക്കാര്‍ക്കും സമയമോ സാഹചര്യമോ ലഭിക്കാറില്ല. 

 

lack-of-exercise-can-up-disease-risk-for-teenagers-image-two
Representative Image. Photo Credit : Brocreative/Shutterstock.com

എന്നാല്‍ വ്യായാമം മറ്റുള്ളവര്‍ക്കെന്ന പോലെ കൗമാരക്കാര്‍ക്കും ആവശ്യമാണെന്നും ഇല്ലെങ്കില്‍ ഭാവിയില്‍ ഇവരെ കാത്തിരിക്കുന്നത് പലവിധ രോഗങ്ങളാണെന്നും കോര്‍പറേറ്റ് ലൈഫ് കോച്ചായ ഡോ. മിക്കി മെഹ്ത ദ് ഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മൊബൈലും ടിവിയും സോഷ്യല്‍ മീഡിയയും ഗെയിം സ്റ്റേഷനുമൊക്കെയായി ദീര്‍ഘനേരത്തെ ഇരിപ്പ് പല കൗമാരക്കാരെയും അമിതവണ്ണക്കാരാക്കി മാറ്റുന്നുണ്ടെന്ന് ഡോ. മിക്കി ചൂണ്ടിക്കാട്ടി. ആവശ്യത്തിന് ഉറക്കമില്ലായ്മ, പോഷകാഹാരക്കുറവ്, ജങ്ക് ഫുഡുകളോടുള്ള പ്രിയം, നിരന്തരമായ സമ്മര്‍ദം, ഹോര്‍മോൺ അസന്തുലിതാവസ്ഥ എന്നിവയെല്ലാം കൗമാരക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റ് ഘടകങ്ങളാണ്. 

lack-of-exercise-can-up-disease-risk-for-teenagers-image-three
Representative Image. Alena Ozerova/Shutterstock.com

 

വ്യായാമം ചെയ്യുന്നത് കൗമാരക്കാരിലെ രക്തയോട്ടം വർധിപ്പിക്കുമെന്നും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും ഡോ. മിക്കി പറഞ്ഞു. ഭാവിയിലെ മികച്ച ആരോഗ്യത്തിനും പ്രതിരോധശേഷിക്കുമെല്ലാം അടിത്തറയിടാന്‍ സാധിക്കുന്ന കാലഘട്ടമാണ് കൗമാരമെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. ഇക്കാലത്ത് ലഘുവായ കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നതും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കൗമാരക്കാരെ ഫിറ്റാക്കി വയ്ക്കുമെന്നും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യതകള്‍ കുറയ്ക്കുമെന്നും ഡോ. മിക്കി കൂട്ടിച്ചേര്‍ത്തു. 

 

ദിവസവും ഒരു മണിക്കൂര്‍ വീതം വ്യായാമമോ കായിക പ്രവര്‍ത്തനങ്ങളോ കൗമാരക്കാര്‍ക്ക് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. സൈക്ലിങ്, നീന്തല്‍ പോലുള്ള എയ്റോബിക് വ്യായാമങ്ങളും ഈ പ്രായത്തിലുള്ളവര്‍ക്ക് ഇണങ്ങുന്നതാണ്. വ്യായാമം കൗമാരക്കാരുടെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ മാതാപിതാക്കളും പ്രോത്സാഹനം നല്‍കണം. വീട്ടിലെ ചെറിയ ജോലികളിൽ അവരെ സഹകരിപ്പിക്കുകയും സജീവമായ ജീവിത ശൈലിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുകയും വേണം.

 

Content Summary : Lack of exercise can up disease risk for teenagers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com