ADVERTISEMENT

ഉറക്കത്തിലുള്ള അനിയന്ത്രിതമായ കൂർക്കംവലി, സുഹൃത്തുക്കളുടെ ഇടയിൽ ‘പൊണ്ണൻ’ എന്നുള്ള വിശേഷണം, രക്തത്തിൽ അലിഞ്ഞു ചേർന്ന ക്രിക്കറ്റ് കളി വേണ്ടെന്നു വയ്ക്കേണ്ടി വരുമോ എന്ന ആശങ്ക, ഇതൊക്കെയാണ് സെഞ്ചുറി പിന്നിട്ട ശരീരഭാരത്തെ രണ്ടക്കത്തിൽ ഒതുക്കാനുള്ള തീരുമാനത്തിൽ പത്തനംതിട്ട കോന്നി സ്വദേശിയായ അനൂപ് കുമാറിനെ കൊണ്ടെത്തിച്ചത്. പക്ഷേ ഈ തീരുമാനത്തിന്റെ അവസാന ഫലം കണ്ട് മൂക്കത്തു വിരൽ വച്ചിരിക്കുകയാണ് ഈ കളിയാക്കിയവരൊക്കെയും. ഒരാൾക്ക് ഇങ്ങനെയൊക്കെ മാറാൻ പറ്റുമോ എന്നു ചോദിച്ചാൽ അനൂപ് പറയും നിങ്ങളാണ് എന്നെ ഇങ്ങനെയാക്കിയതെന്ന്. കളിയാക്കിയ എല്ലാവരോടുമുള്ള ഒരു മധുരപ്രതികാരമാണ് 110 കിലോയിൽനിന്ന് 82 കിലോയിലേക്കുള്ള തന്റെ യാത്രയെന്ന് ബഹ്റൈനിൽ ഉദ്യോഗസ്ഥനായ അനൂപ് മനോരമ ഓൺലൈനോടു പറഞ്ഞു. ആറു മാസത്തെ തന്റെ കഠിനപ്രയത്നത്തെക്കുറിച്ച് അനൂപ് പറയുന്നു.

 

ഞാൻ ഇങ്ങനെയായിരുന്നില്ല

 

anoop1

നാട്ടിൽനിന്ന് 10 വർഷം മുൻപ് ബഹ്റൈനിൽ എത്തുമ്പോൾ ഭാരം വെറും 75 കിലോ ആയിരുന്നു. വീക്കെൻഡ്‌സിലെ ജങ്ക് ഫുഡ് ഹോബിയായതോടെ തടി കയറാൻ തുടങ്ങി. വാരിവലിച്ചുള്ള കഴിപ്പ് തന്നെ ആയിരുന്നു ഭാരം കൂടാൻ കാരണം. പൊറോട്ട തരുന്ന കാലറി അറിയാതെ 4 എണ്ണമൊക്കെ ഒറ്റയിരിപ്പിനു കഴിക്കുമായിരുന്നു. കൂടെ കറികളും. സമയം തെറ്റിയുള്ള ഭക്ഷണവുമുണ്ടായിരുന്നു. പ്ലസ് ടു, കോളജ് കാലം മുതലേ ജിമ്മിങ് ഉണ്ടായിരുന്നു. പക്ഷേ റിസൽട്ട് കണ്ടുതുടങ്ങുമ്പോഴേക്കും എന്തെങ്കിലും കാരണം കൊണ്ട് മുടക്കം സംഭവിക്കും. അതോടെ, കുറഞ്ഞ തടി ഇരട്ടിയായി കൂടും. ഇതു പലതവണ അത് ആവർത്തിച്ചു.

 

അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. 2017 ൽ കല്യാണം കഴിഞ്ഞു, 2019 ൽ മോളുണ്ടായി. അതിനുശേഷം അവധിക്കു നാട്ടിലെത്തി മകളുടെ കൂടെ ഓടിക്കളിക്കാൻ നോക്കുമ്പോഴാണ് ബുദ്ധിമുട്ടു മനസ്സിലായത്. കിതപ്പും ക്ഷീണവും ഒക്കെയായി ആകെ ബുദ്ധിമുട്ട്. പിന്നെ ഉറങ്ങുമ്പോൾ നല്ല സൂപ്പർ കൂർക്കം വലി. അപ്പോഴും തടി കുറയ്ക്കണമെന്ന് ആലോചിച്ചു. പക്ഷേ നടന്നില്ല. ഭാര്യ എപ്പോഴും പറയുമായിരുന്നു ഒരു അളവിനേ കഴിക്കാവൂ എന്ന്. എവിടെ കേൾക്കാൻ, മുൻപിലെ പ്ലേറ്റ് കാലിയാക്കാൻ എനിക്ക് കുറച്ചു സമയമേ വേണ്ടിയിരുന്നുള്ളു.

 

ക്രിക്കറ്റ് ഇല്ലാതെ എന്ത് ജീവിതം!

 

2021 ലെ അവധി കഴിഞ്ഞു തിരിച്ചെത്തി ക്രിക്കറ്റ് കളിക്കാൻ പോയപ്പോൾ പന്തിന്റെ പുറകെ ഓടാനും മറ്റും നല്ല ബുദ്ധിമുട്ട്. കാലിന്റെ മുട്ടിനു പെട്ടെന്നു വന്ന കലശലായ വേദന കളി നിർത്താൻ കാരണമായി. ഡോക്ടറെ കണ്ടപ്പോൾ ലിഗ്മെന്റ് പ്രോബ്ലം ആണെന്നും തടി കുറയ്ക്കൽ മാത്രമാണ് പരിഹാരം എന്നും പറഞ്ഞു കുറെ ഗുളിക എഴുതിത്തന്നു, ഒപ്പം ഫിസിയോതെറാപ്പിയും നിർദേശിച്ചു. ഗുളിക കഴിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടും വേദന കുറയട്ടെ എന്ന് കരുതി കഴിച്ചെങ്കിലും ഫലം കണ്ടില്ല.

anoop3

വീക്കെൻഡിലെ ക്രിക്കറ്റ് കളി ഒഴിവാക്കാൻ പറ്റാത്തതാണ്. അതിനെയും ബാധിക്കുന്നു എന്നു മനസ്സിലായി. അതുമല്ല പല കൂട്ടുകാരും ആ കാലയളവിൽ തടി കുറച്ചതും ശ്രദ്ധിച്ചു, ഞാൻ മാത്രമാണോ അപ്പോൾ ശരീരം ശ്രദ്ധിക്കാത്തത് എന്ന കുറ്റബോധവും ഉണ്ടായി, വാശിയായി. 

 

ഞാനത്ര തടിയനാണോ!

 

ഉയരം 183 സെ.മീ ഉള്ളതുകൊണ്ട് കണ്ണാടി  നോക്കിയാൽ എനിക്ക് സ്വയം അത്ര തടി ഉണ്ടായിരുന്നതായി തോന്നിയില്ല. ശരീരഭാരം 100–105 കിലോ ഒക്കെ ആയത് ഓർമ ഉണ്ട്. 110–115 എത്തിയത് അറിഞ്ഞിരുന്നില്ല. ഫിസിയോതെറാപ്പിസ്റ്റാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഒന്നു ശ്രമിച്ചു നോക്കാൻ പറഞ്ഞത്. ഇതോടൊപ്പം, വായ ഒന്നു കൺട്രോൾ ചെയ്താൽമതി എന്നുള്ള കളിയാക്കലുകളും കേട്ടു. ഇതുകൂടി ആയപ്പോൾ ഉറപ്പിച്ചു, ഇനി തടി കുറിച്ചിട്ടു തന്നെ കാര്യം എന്ന്.

anoop-family

 

കോവിഡിനും തോൽപിക്കാനായില്ല...

 

സ്വന്തമായി റിസർച്ച് നടത്തി, ഏതൊക്കെ ഡയറ്റ് ചെയ്താലും ഫലിക്കാത്ത ഞാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഒന്ന് ട്രൈ ചെയ്തു നോക്കാം എന്നു കരുതി. ഡിസംബർ 27 ന് ആരംഭിച്ചു. Intermittent Fasting + Calorie Deficit ആയിരുന്നു ഡയറ്റ്. രാവിലെ 8 തൊട്ട് വൈകിട്ട് 2–3 വരെയാണ് ഫുഡ്. ആദ്യം 16:8 അഡ്ജസ്റ് ആകാൻ പാടായിരുന്നു, പക്ഷേ ആവശ്യം നമ്മുടേത് ആയതുകൊണ്ട് മുന്നോട്ടു പോയി. രണ്ടു മൂന്നു ദിവസം കൊണ്ട് അതുമായി പൊരുത്തപ്പെടാൻ തുടങ്ങി.

 

ഫെബ്രുവരി 11 നു കോവിഡ് പിടിച്ചു വീട്ടിലായി. ഡയറ്റ് തുടങ്ങി അതുവരെ ഭാരം നോക്കാതിരുന്ന ഞാൻ കോവിഡ് പിടിച്ചതോടെ ഡയറ്റ് നിർത്താം, റിസൾട്ട് കാണുന്നില്ലല്ലോ എന്നു ചിന്തിച്ച് വെറുതെ വെയ്റ്റ് നോക്കിയപ്പോൾ ഭാരം 110 ൽ നിന്ന് 101 ൽ എത്തിയിരിക്കുന്നു. ഞാൻ തന്നെ ഞെട്ടിപ്പോയി, ഒന്നു കൂടി നോക്കി ഉറപ്പിച്ചു. കാഴ്ചയിൽ വലിയ മാറ്റം ഉണ്ടായിരുന്നില്ല, എങ്കിലും ഭാരം കുറഞ്ഞത് ഒരു പ്രചോദനമായി. റിസൾട്ട് കണ്ടുതുടങ്ങിയപ്പോൾ ആവേശമായി.

 

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഒരു സംഭവാട്ടാ....

anoop4

 

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആയതുകൊണ്ട് കഴിഞ്ഞ ആറു മാസമായി രാത്രി ആഹാരം കഴിക്കില്ല, ക്ഷീണം തോന്നിയാൽ ഉപ്പിട്ട നാരങ്ങാ വെള്ളമോ  കോഫിയോ കുടിക്കും.

രാവിലെ ഓട്സ്, പഴം, ബദാം, പീനട്ട് ബട്ടർ ഒക്കെ ഇട്ട് സ്മൂത്തി ഉണ്ടാക്കി കുടിക്കും, പിന്നെ 3 പുഴുങ്ങിയ മുട്ടയും. ഇടയ്ക്കു വിശന്നാൽ ബദാം 10  എണ്ണം കഴിക്കും.

2 ചപ്പാത്തി + വെജിറ്റബിൾ സലാഡ് ആണ് അവസാനത്തെ ഫുഡ് (ഉള്ളി, കാരറ്റ്, കുക്കുംബർ, തക്കാളി ഇതെല്ലം ഒരെണ്ണത്തിന്റെ പകുതിയും, നാരങ്ങാ ഒലിവ് ഓയിൽ എന്നിവയും ഉപ്പും അതിലേക്കു ചേർക്കും, സ്പ്രിങ് ഒനിയൻ ഇലയും ചേർക്കും). ഓറഞ്ച് കഴിച്ചിരുന്നു.

ഭാരം കുറയുന്നെന്നു കണ്ടതോടെ ആറു മാസം ആയപ്പോഴേക്കും ചിക്കൻ ചെസ്റ്റ് കൂടി ചേർത്തു. ദിവസം 5 ചായ കുടിച്ചിരുന്ന ഞാൻ ഒറ്റ ചായ ആക്കി, അതും ഒരു സ്പൂൺ പഞ്ചസാര ഇട്ട്. ബാക്കി 4 എണ്ണം കാപ്പി ആക്കി മധുരം ഇല്ലാതെയുമാക്കി. പഞ്ചസാര ആണ് ഏറ്റവും വലിയ വില്ലൻ. ഓഫിസിൽ ഇരുന്നുള്ള ജോലി ആയതുകൊണ്ട് 4–5 ലീറ്റർ വെള്ളം കുടിക്കും.

ആഴ്ചയിൽ 5 ദിവസം ഇത് ഫോളോ ചെയ്തു. വെള്ളി, ശനി ദിവസങ്ങളിൽ പുട്ട്, കടല, പയർ, ചിക്കൻ കറി, ബീഫ് കറി അങ്ങനെ മാറ്റിപ്പിടിക്കും. ചോറ് പൊതുവേ കഴിക്കാറില്ല, പകരം ചപ്പാത്തി കഴിക്കും. കറികളുടെ ഗ്രേവി തടി കൂട്ടുമെന്നതുകൊണ്ട് അത് ആവശ്യത്തിനേ എടുക്കാറുള്ളു. ആഴ്ചയിൽ ഒരു ദിവസം ഒരു നേരം ഇഷ്ട്മുള്ളത് കഴിക്കാം, എന്നുകരുതി ശരീരത്തിന് ഗുണം ഇല്ലാത്തതു കഴിക്കാറില്ലായിരുന്നു. വെയ്റ്റ് ലോസ് ആണ് ചെയ്തത്. അപ്പോൾ മസിൽ ലോസ് ഉണ്ടാകും, അത് കാര്യമാക്കേണ്ടതില്ല കാരണം ഫാറ്റ് പോയിക്കഴിഞ്ഞ് പ്രോട്ടീൻ കൂടുതലുള്ള ആഹാരം കഴിച്ചു മസിൽ കൊണ്ടുവരാവുന്നതേ ഉള്ളു.

 

ശരീരത്തിലെ ഫാറ്റ് സ്റ്റോർഡ് എനർജി ആണ്. ഫാസ്റ്റിങ് ഉള്ള 16 മണിക്കൂറിൽ ബോഡിക്ക് എനർജി ആവശ്യമുണ്ട്, അപ്പോൾ ബോഡി ഫാറ്റിൽനിന്ന് പിടിക്കാൻ തുടങ്ങും. അങ്ങനെ പതിയെ തടി കുറയും. കഴിക്കുന്ന ഭക്ഷണം കാലറി നോക്കി അതിൽ കുറവേ കഴിക്കാൻ പാടുള്ളു.

 

ദിവസവും കുറഞ്ഞത് രണ്ട് കിലോമീറ്റർ നടക്കുമായിരുന്നു. ഒരു ദിവസം 20 മിനിറ്റ് എങ്കിലും ശരീരം അനങ്ങുന്ന രീതിയിൽ എന്തെങ്കിലും വ്യായാമം ചെയ്യണം. എല്ലാവരും കൂടുതൽ സമയം വർക്ഔട്ടും ആഹാരത്തിൽ ശ്രദ്ധിക്കാതെ ഇരിക്കലുമാണ് കണ്ടുവരുന്നത്, ഫുഡ് ആണ് മെയിൻ, തടി കുറയ്ക്കലിൽ 75% റോൾ ഭക്ഷണത്തിനും 25% വ്യായാമത്തിനുമാണ്.

 

പുഷ് അപ്പ് ആയിരുന്നു പ്രധാന വ്യായാമം, പുഷ്-അപ്പിനെ വെറും വാം അപ് എക്സസൈസ് ആയാണ് എല്ലാവരും കാണുന്നത്. ആദ്യമൊക്കെ വോൾ പുഷ്അപ്പിൽ തുടങ്ങി, 5 എണ്ണമൊക്കെ അടിക്കാൻ പാടായിരുന്നു. ഇപ്പോൾ ദിവസം 60–70 പുഷ്അപ് വരെ എടുക്കും. 

 

ഫുഡിൽ എന്തൊക്കെ വേണമെന്നറിയാതെ ജിമ്മിൽ കളഞ്ഞ പൈസ ഉണ്ടായിരുന്നെകിൽ ഇപ്പോൾ ഒരു ജിം തുടങ്ങാമായിരുന്നുവെന്ന് തോന്നാറുണ്ട്.

 

കളിയാക്കലുകൾ എന്തുമാത്രം കേട്ടിരിക്കുന്നു

 

സ്കൂൾ കാലം തൊട്ടു ‘പൊണ്ണൻ’ എന്ന ഇരട്ടപ്പേര് കൂടെ ഉണ്ടായിരുന്നു, നാട്ടിലും അതുതന്നെ. ഡിഗ്രി ഒക്കെ ആയപ്പോൾ അതിന്റെ വേറെ വകഭേദങ്ങളായി. പച്ചവെള്ളം കുടിച്ചാൽ തടി കയറുന്നവൻ എന്നാണ് എന്നെ എല്ലാവരും കളിയാക്കിയിരുന്നത്. ഒരു പരിധിവരെ ഞാനും അങ്ങനെതന്നെ വിശ്വസിച്ചു. അപ്പുറത്തിരിക്കുന്നവൻ ഫുഡ് കഴിച്ചാൽ ഇപ്പുറത്ത് ഇരിക്കുന്ന എനിക്ക് തടി കൂടും എന്നുള്ള കളിയാക്കലുകൾ വേറെ. കൂട്ടുകാരുമൊത്തു കാറിൽ പോയാൽ എന്നെ സ്ഥലക്കുറവ് കാരണം മുന്നിൽ ഇരുത്തും. ജിമ്മിൽ പോയിട്ട് തടി കുറഞ്ഞില്ലേൽ അതിനും കളിയാക്കൽ, കണ്ടാൽ നല്ല പ്രായം തോന്നുന്നു എന്ന കമന്റ് വേറെ. ‌ചിലരുണ്ട്, തടി കൂടുമ്പോൾ മാത്രം അഭിപ്രായം പറയും. എന്നാൽ ഇപ്പോൾ കുറഞ്ഞപ്പോൾ ഒന്നും മിണ്ടാൻ ഇല്ല. ടി ഷർട്ട് ഇടുമ്പോഴായിരുന്നു ഏറ്റവും വൃത്തികേട് ഉണ്ടായിരുന്നത്. 

 

തടി കുറയ്ക്കാൻ ശ്രമിച്ചാലും കുറയില്ല, കാരണം എന്തെങ്കിലും  അസുഖം ആകും വിചാരിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. അങ്ങനെ കളിയാക്കിയവർക്കെല്ലാം നന്ദി, അവർക്കുള്ള മറുപടിയാണ് ഇൗ തടി കുറയ്ക്കൽ, ഇപ്പോൾ ഫ്ലാറ്റ് വയർ കാണുമ്പോൾ അസൂയ ആകുന്നു എന്നാണ് എല്ലാരും പറയുന്നത്.

 

ഇതെന്റെ മധുരപ്രതികാരം

 

ഭാരം കുറഞ്ഞു തുടങ്ങിയതോടെ മുട്ടിന്റെ വേദനയും പതിയെ കുറയാൻ തുടങ്ങി, ഇപ്പോൾ നല്ല മാറ്റമുണ്ട്. മൊത്തത്തിൽ ഒരു ഉണർവ് ആയി. ആദ്യത്തെ മൂന്നു മാസം കാഴ്ചയിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അഞ്ചു മാസം ആയതോടെ ഡ്രസ്സ് എല്ലാം ലൂസ് ആവാൻ തുടങ്ങി. ആൾക്കാർ ശ്രദ്ധിക്കാനും ചിലരൊക്കെ ചോദിക്കാനും തുടങ്ങിയിരുന്നു. ആറും മാസം ആയതോടെ എല്ലാ വശത്തുന്നും പ്രശംസകൾ വന്നു തുടങ്ങി, എങ്ങനെ സാധിച്ചു എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ടായി. ഇന്നേവരെ മെസേജ് അയക്കാത്തവർ വരെ, വാട്സാപ് സ്റ്റാറ്റസ് ഇട്ടപ്പോൾ റിപ്ലൈ  അയച്ചു. തടി കുറച്ചതിൽ ഏറ്റവും വിഷമം അമ്മയ്ക്കാണ്, നീ ചോറ് ശരിക്കു കഴിക്കുന്നില്ലേ, ആകെ ക്ഷീണിച്ചു പോയല്ലോ എന്ന പരാതിയായിരുന്നു അമ്മയ്ക്ക്. ഇപ്പോൾ ഓഫിസിലും കൂട്ടുകാർക്കിടയിലും ഞാൻ ആണ് ഡയറ്റീഷൻ.

 

ഇപ്പോൾ ദൂരെ നിന്നു കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നവരുണ്ട്. എങ്ങനെ സാധിച്ചു, ഡയറ്റ് പറഞ്ഞുതരാമോ എന്നാണ് എല്ലാരും കാണുമ്പോൾ ചോദിക്കുന്നത്. എപ്പോൾ ഞാൻ ജിമ്മിൽ ചേർന്നാലും, ഇനി തടി കൂടരുതെന്ന് വൈഫ് പറയും, പക്ഷേ കൂടുമെന്ന് എനിക്കും അവൾക്കും അറിയാം. പക്ഷേ ഇപ്പോഴത്തെ  ഈ മാറ്റം കണ്ട് അവളും ഞെട്ടി ഇരിക്കുകയാണ്.

 

ഇതൊക്കെ എനിക്കു സാധിക്കുമോ?

 

മനോരമ ഓൺലൈനിന്റെ സ്ഥിരം വായനക്കാരനായ ഞാൻ ഇതിൽ വരുന്ന വെയ്റ്റ് ലോസ് ആർട്ടിക്കിളുകൾ വായിക്കുമ്പോൾ ഇതൊന്നും എന്നെക്കൊണ്ടു നടക്കില്ല എന്ന് കരുതിയിരുന്നു, എല്ലാവരുടെയും എഫർട്ട് കണ്ടപ്പോൾ പ്രചോദനമായി. ഇപ്പോൾ നോർമൽ വെയ്റ്റ് നിലനിർത്തുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, കഴിക്കുന്ന ആഹാരത്തിന്റെ കാലറി ശ്രദ്ധിക്കുക, കൂടെ ക്വാളിറ്റി ഫുഡ്‌സ് കഴിക്കുക.

കഴിക്കുന്ന പ്ലേറ്റിൽ എല്ലാം അടങ്ങിയിരിക്കണം, പകുതി ഭാഗം പച്ചക്കറികൾക്ക് കൊടുക്കണം, കൂടെ ഫ്രൂട്ട്സും. എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റും– ഞാൻ ഗ്യാരന്റി.

Content Summary: Weight loss and fitness tips of Anoop

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com