ADVERTISEMENT

ഇഷ്ടമേഖലയായ മോഡലിങ് ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയമാണ് ഇടുക്കി സ്വദേശിയും ഹയർ സെക്കൻഡറി ടീച്ചറുമായ സൗമ്യയെ ഫിറ്റ്നസിന്റെ ലോകത്തേക്ക് എത്തിച്ചത്. വിവാഹത്തിനു മുമ്പ് 49 കിലോ ആയിരുന്ന സൗമ്യയുടെ ശരീരഭാരം പ്രസവം കൂടി കഴിഞ്ഞതോടെ 65 കിലോയിലേക്ക് കുതിച്ചു കയറുകയായിരുന്നു. പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുന്ന സൗമ്യയോട് അതിലൊരു പ്രസിദ്ധീകരണത്തിന്റെ കവർ ചിത്രമാകാമോ എന്ന് അന്വേഷണം വന്നപ്പോൾ ആത്മവിശ്വാസക്കുറവു തോന്നി. തടിച്ചിരിക്കുന്ന താൻ കവർചിത്രത്തിന് അനുയോജ്യയാകുമോ എന്നൊരു ഉൾഭയം. എന്നാൽ അങ്ങനെയങ്ങു പിന്തിരിയാൻ ഒരുക്കമല്ലാതിരുന്ന സൗമ്യ, കവർചിത്രത്തിനു മോഡൽ ആയെന്നു മാത്രമല്ല ഉണ്ടായിരുന്ന അധികഭാരത്തെ പടിയിറക്കി വിടുകയും ചെയ്തു, അതും രണ്ടു നേരം ഇഷ്ടഭക്ഷണമായ ചോറു തന്നെ കഴിച്ച്. ആറു കിലോ ശരീരഭാരം കുറച്ച കഥ സൗമ്യ പങ്കുവയ്ക്കുന്നു.

 

soumya2

‘‘ഇഷ്ടമുള്ള വേഷമൊക്കെ ധരിച്ച് ഒരുങ്ങി നടക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. കല്യാണത്തിനു മുൻപ് 49 കിലോ ആയിരുന്നു ശരീരഭാരം. എന്നാൽ പ്രസവം കഴിഞ്ഞതോടെ 65 കിലോയെത്തി. നന്നായി തടിച്ചു എന്ന ഫീലിങ് എനിക്കുതന്നെ ഉണ്ടായിരുന്നു. ഭാരം കുറച്ച് ഫിറ്റാകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ആഹാരം നിയന്ത്രിച്ചു നോക്കിയെങ്കിലും അതുകൊണ്ടു മാത്രം ഒരു മാറ്റവും ഉണ്ടായതുമില്ല. അപ്പോഴാണ് ഒരു സുഹൃത്ത് പറഞ്ഞത് എന്തെങ്കിലും വർക്ഔട്ടുകൾ കൂടി ചെയ്താലേ വ്യത്യാസം ഉണ്ടാകൂവെന്ന്. എന്റെ മനസ്സിലാണെങ്കിൽ വർക്ഔട്ട് എന്നു പറഞ്ഞാൽ ജിമ്മിലെത്തിയുള്ള വ്യായാമങ്ങളായിരുന്നു. ഇടുക്കിയിൽ എന്റെ വീടിനടുത്ത് ജിം സൗകര്യങ്ങളൊക്കെ തീരെ കുറവുമാണ്.

 

soumya3

ഈ സമയത്താണ് വീട്ടിലിരുന്നുതന്നെ വർക്ഔട്ട് ചെയ്യാവുന്ന ഒരു ഫിറ്റ്നസ് പ്രോഗ്രാമിനെക്കുറിച്ച് അറിയുന്നത്. സമൂഹമാധ്യമത്തിലെ ഒരു ഗ്രൂപ്പ് വഴി അവർ നിർദേശങ്ങൾ നൽകും. ആഹാരരീതിയും ദിവസവും ചെയ്യേണ്ട വർക്ഔട്ടുകളുമൊക്കെ അവർ അറിയിക്കും. ഏറ്റവും ആകർഷകമായി തോന്നിയത് ഭാരം കുറയ്ക്കാൻ വേണ്ടി പ്രത്യേക ഡയറ്റ് നോക്കേണ്ടതില്ല എന്നതായിരുന്നു. വീട്ടിലുണ്ടാക്കുന്ന അതേ ആഹാരം അളവ് കുറച്ച്, പ്രോട്ടീൻ ഉറപ്പുവരുത്തി, ദിവസവും വേണ്ട കാലറി കണക്കാക്കി കഴിക്കുക. ഉദ്യോഗസ്ഥയായതുകൊണ്ട് ഇതെനിക്ക് ഏറെ പ്രയോജനകരമായി. കിട്ടുന്ന സമയത്തിനനുസരിച്ച് വീട്ടിൽത്തന്നെ റസിസ്റ്റൻസ് ബാൻഡ് ഉപയോഗിച്ച് വർക്ഔട്ട് ചെയ്യാമെന്നതും സൗകര്യമായി.

soumya4

 

ചോറ് എനിക്ക് ഒഴിവാക്കാനാവാത്തതായിരുന്നു. വീട്ടിൽ ഉച്ചയ്ക്കും രാത്രിയും ചോറായിരുന്നു എല്ലാവർക്കും വേണ്ടത്. അതിനാൽ ഞാനും രണ്ടു നേരവും ചോറാണ് കഴിച്ചത്. പക്ഷേ അളവ് കുറച്ച് കറികൾക്കു കൂടുതൽ പ്രാധാന്യം നൽകി. കറികളുടെ കൂടെ സൈഡ് ഡിഷായിരുന്നു ചോറ് എന്നു പറയാം. ഇതുകണ്ട് ഭർത്താവും മക്കളും പറയുമായിരുന്നു ‘അമ്മ ചോറു കൂട്ടി കറിയാണ് കഴിക്കുന്നതെ’ന്ന്. ദിവസവും ഒരു മണിക്കൂർ വർക്ഔട്ട് കൂടി ആയതോടെ കാര്യമായ വ്യത്യാസങ്ങൾ വന്നുതുടങ്ങി. 

 

ഇതു തുടങ്ങുന്നതിനു മുൻപ് നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു, അതുപോലെ ബ്രീതിങ് പ്രശ്നവും. എന്നാൽ വർക്ഔട്ട് തുടങ്ങിയതോടെ ഈ പ്രശ്നങ്ങളെല്ലാം പൂർണമായും മാറി. കുറഞ്ഞത് ആറു കിലോയാണെങ്കിലും തടി ഉണ്ടായിരുന്നപ്പോൾ ഒരു സ്വാതന്ത്ര്യക്കേട് ഞാൻ അനുഭവിച്ചിരുന്നു. പക്ഷേ ഇപ്പോൾ ഇഷ്ടമുള്ള വേഷങ്ങൾ ധരിച്ച് നടക്കുമ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു. എനർജി ലെവലും കൂടി. എന്നെക്കൊണ്ട് സാധിക്കുമോ എന്നുള്ള സംശയമില്ലാതെ എല്ലാ കാര്യത്തിലും മുന്നിട്ടു നിൽക്കാൻ സാധിക്കുന്നുണ്ട്. 

 

പ്രസവം കഴിഞ്ഞ സമയത്ത് ഒരു ദിവസം എന്റെ ഒരു സുഹൃത്ത് കണ്ടപ്പോൾ ‘എന്താ സൗമ്യേ ഇത്, ഭയങ്കരമായിട്ട് വണ്ണം വച്ചിരിക്കുന്നല്ലോ’ എന്നു ചോദിച്ച് നിർത്താതെ ചിരിക്കുകയായിരുന്നു. അന്നെനിക്ക് നല്ല വിഷമം തോന്നി. ഇതായിരുന്നു ഞാൻ തടിച്ചിയാണെന്ന തോന്നൽ എന്നിൽ ആദ്യം ഉണ്ടാക്കിയ കമന്റ്. വർഷങ്ങൾക്കു ശേഷം എന്നെക്കണ്ട പലരും പറഞ്ഞു, സൗമ്യ നന്നായി തടിച്ചു പോയല്ലോ എന്ന്. എന്നാൽ ഇപ്പോൾ അവരൊക്കെ പറയുന്നത് ഇനി മെലിയരുതേ എന്നാണ്. കോവിഡിന്റെ അവധിയൊക്കെ കഴിഞ്ഞ് സ്കൂളിൽ ചെന്നപ്പോൾ കുട്ടികളും പറഞ്ഞും ടീച്ചർ ആകെ മാറിപ്പോയെന്ന്. ഇനി വണ്ണം കുറയ്ക്കരുത്, ഇപ്പോൾ ഒട്ടും വണ്ണമില്ല എന്നായിരുന്നു സഹപ്രവർത്തകരുടെ കമന്റ്.’’

Content Summary: Weight loss tips of Soumya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com