എത്ര ശ്രമിച്ചിട്ടും ഭാരം കുറയുന്നില്ലേ? തെറ്റു പറ്റിയത് ഈ 5 കാര്യങ്ങളിലാകാം

weight loss
SHARE

നിങ്ങൾക്ക് പാളി പോയത് ഇവിടെയാകും. കാലറി വെട്ടിക്കുറച്ചും ഭക്ഷണം നിയന്ത്രിച്ചുമൊക്കെ കഷ്ടപ്പെട്ട് തടി കുറയ്ക്കും. കുറച്ച് ആഴ്ചകൾക്ക് ശേഷം കാണാം പോയ തടിയൊക്കെ പഴയതു പോലെ തിരിച്ചു വരുന്നത്. ഭാരം കുറയുകയും വീണ്ടും കൂടുകയും ചെയ്യുന്ന ഈ വെയ്റ്റ് സൈക്ലിങ് ചുരുളിക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം. 

ഭാരം കുറയ്ക്കാൻ കുറുക്ക് വഴികളൊന്നും ഇല്ലെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. നല്ല ഭക്ഷണക്രമം, ആരോഗ്യകരമായ മാനസികാവസ്ഥ, നല്ല ഉറക്കം, കുടുംബത്തിന്റെയും കൂട്ടുകാരുടെയുമൊക്കെ പിന്തുണ, വ്യായാമം എന്നിവയെല്ലാം ഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ തീർച്ചയായും ഉൾപ്പെട്ടിരിക്കണം. ഇവയൊന്നും ഉൾപ്പെടാത്ത ഭാരം കുറയ്ക്കലിന് സ്ഥിരത ഉണ്ടാകില്ല എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പലപ്പോഴും തെറ്റ് പറ്റുന്നത് ഇനിയുള്ള കാര്യങ്ങളിലാണെന്ന് ദ് ഹെൽത് സൈറ്റിൽ പ്രസിദ്ധീകരിച്ച േലഖനം ചൂണ്ടിക്കാട്ടുന്നു. 

1. ഹ്രസ്വകാല മനോഭാവം 

ഭാരം കുറയ്ക്കുന്നത് അടുത്തമാസം നടക്കാൻ പോകുന്ന കല്യാണത്തിനോ അഭിമുഖ പരീക്ഷയ്ക്കോ വേണ്ടിയാകരുത്. അതിന് എപ്പോഴും ഒരു ദീർഘകാല സമീപനം വേണം. ഇല്ലെങ്കിൽ കുറഞ്ഞ ഭാരം വീണ്ടും തിരികെ വന്നു കൊണ്ടേയിരിക്കും. ഹ്രസ്വകാല സമീപനം രണ്ടാഴ്ച നീളുന്ന ഫലമേ പലപ്പോഴും നൽകാറുള്ളൂ.  

2. മധ്യദൂര സമീപനത്തിന്റെ അഭാവം

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത് ഈ മട്ടിലാണ് പലരുടെയും ഭാരം കുറയ്ക്കൽ ചിന്താഗതി. ഒരാഴ്ച അതികഠിനമായ ഡയറ്റിങ് നടത്തുകയും കാലറി വെട്ടിക്കുറയ്ക്കുകയുമൊക്കെ ചെയ്തിട്ട് തൊട്ടടുത്ത ദിവസം കാണാം കണ്ണിൽ കണ്ടതെല്ലാം വെട്ടിവിഴുങ്ങുന്നത്. ഈ രണ്ട് അറ്റങ്ങളും ഒഴിവാക്കി മധ്യദൂര സമീപനം സ്വീകരിക്കേണ്ടത് അമിതഭാരം സ്ഥായിയായി കുറയ്ക്കാൻ അത്യാവശ്യമാണ്. 

3. പിന്തുണയുടെ അഭാവം

നിങ്ങൾക്ക് ചുറ്റുമുള്ള കുടുംബം, സുഹൃത്തുക്കൾ തുടങ്ങിയവരുടെ പിന്തുണയും സഹകരണവും സുസ്ഥിര ഭാരം കുറയ്ക്കൽ പദ്ധതിയിൽ അത്യാവശ്യമാണ്. നെഗറ്റീവായ കമന്റുകളും പരിഹാസവുമൊക്കെ ലക്ഷ്യത്തിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിച്ചേക്കാം. നിങ്ങളുടെ ഭക്ഷണനിയന്ത്രണവുമായി കുടുംബവും കൂട്ടുകാരും സഹകരിക്കാത്ത പക്ഷം അവർ അതിനെ താളം തെറ്റിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. തുറന്ന സംഭാഷണങ്ങൾ ഈ വിഷയത്തിൽ നിങ്ങളുടെ ചുറ്റുമുള്ളവരുമായി നടത്തേണ്ടതാണ്.

4. സമ്മർദവും മോശം മാനസികാരോഗ്യവും

നിരന്തരമായ സമ്മർദവും മോശം മാനസിക ആരോഗ്യവുമെല്ലാം ഭാരം കുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങളെ താറുമാറാക്കും. വയർ അറിയാതെ കഴിക്കാനും ഒന്നുംതന്നെ കഴിക്കാതിരിക്കാനും സമ്മർദം കാരണമാകും. നല്ല ഉറക്കവും ഭാര നിയന്ത്രണത്തിന് അത്യാവശ്യമാണ്. 

5. മരുന്നുകളും സപ്ലിമെന്റുകളും

ഭാരം കുറയ്ക്കാനുള്ള ഏറ്റവും മോശം മാർഗമാണ് അതിനായി മരുന്നുകളും സപ്ലിമെന്റുകളും കഴിക്കുക എന്നത്. അവ അനാരോഗ്യകരവും ദീർഘകാലത്തേക്ക് ഫലം ചെയ്യാത്തതുമാണ്. ചിലതരം കാലറികൾ വെട്ടിക്കുറച്ചും നിത്യവും വ്യായാമം ചെയ്തുമല്ലാതെ സ്വന്തമാക്കുന്ന ഭാരക്കുറവിന് ഒരിക്കലും സ്ഥിരതയുണ്ടാകില്ല.

Content Summary: Unable To Lose Weight? Know What You Are Doing Wrong

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}