ശരീരഭാരം കുറച്ച് സ്ലിമ്മാകുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് അതിനായി കഷ്ടപ്പെട്ടവര്‍ക്കെല്ലാം അറിയാം. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൈവരിക്കാന്‍ കഴിയുന്ന ഒന്നല്ല ഈ നേട്ടം. ഇതിനായി നാളുകള്‍ നീളുന്ന ഭക്ഷണനിയന്ത്രണവും വ്യായാമവുമെല്ലാം ആവശ്യമായി വന്നേക്കാം. ഭാരം കുറയ്ക്കാന്‍ എന്ത് ചെയ്യണം എന്ന് ഉപദേശിക്കാന്‍ ഒരു നൂറ് പേര്‍ നമുക്ക് ചുറ്റുമുണ്ടാകാം.
എന്നാല്‍ ഭാരം കുറയ്ക്കാനുള്ള പ്രയാണത്തില്‍ എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞു തരികയാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ രുജുത ദിവേകര്‍. ആരോഗ്യകരവും പ്രാദേശികമായ വിഭവങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍തന്നെ തയാറാക്കുന്നതുമായ ഭക്ഷണം കഴിച്ച് അമിതഭാരം കുറയ്ക്കാനാകുമെന്ന അഭിപ്രായക്കാരിയാണ് രുജുത. തന്‍റെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഭാരം കുറയ്ക്കലുമായി ബന്ധപ്പെട്ട ചില മിഥ്യ ധാരണകളെയും രുജുത തിരുത്തുന്നു.
1. ഇത് മാത്രമാക്കരുത് നിങ്ങളുടെ തൊഴില്‍
ഭാരം കുറയ്ക്കുന്നതും ഫിറ്റായിരിക്കുന്നതുമൊക്കെ നല്ല കാര്യം തന്നെ. പക്ഷേ മനസ്സില്‍ ഈ ഒരു ഒറ്റ വിഷയം മാത്രം ഇട്ട് കൊണ്ടു നടക്കരുത്. ഡയറ്റിങ്ങും വ്യായാമവുമൊക്കെ ഒരു വശത്ത് കൂടി നടന്നോട്ടെ. ജീവിതത്തിലെ മറ്റ് പ്രധാന കാര്യങ്ങളുമായി ബന്ധപ്പെട്ട് ദൈനംദിന വ്യവഹാരങ്ങള്‍ തുടരുക. ഭാരം കുറയ്ക്കല്‍ മാത്രം മനസ്സിലെ പ്രധാന വിഷയമായി കൊണ്ട് നടന്നാല്‍ എത്രയും വേഗം ഫലമുണ്ടാക്കാനുള്ള ത്വരയുണ്ടാകും. ഇത് നടക്കാതെ വന്നാല്‍ ദേഷ്യവും അരിശവുമൊക്കെ തോന്നാം.
2. കാത്തിരിപ്പ് കാലം പരാജയമായി കാണരുത്
ഭക്ഷണത്തിലും വ്യായാമത്തിലും ഒക്കെ വരുത്തുന്ന മാറ്റത്തിന്‍റെ പ്രതിഫലനങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷമായി തുടങ്ങാന്‍ ഒന്ന് മുതല്‍ മൂന്ന് മാസങ്ങള്‍ വേണ്ടി വന്നേക്കാം. ഇത്രയും കാലം കാത്തിരിക്കാതെ പെട്ടെന്ന് ഫലമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കാത്തിരിപ്പ് കാലത്തെ പരാജയമായി കണ്ട് നിരാശരാകാറുണ്ട്. ഒരു മാറ്റമുണ്ടാകാന്‍ ശരീരത്തിന് അല്‍പം സമയം നല്‍കണം.
3. വ്യായാമം ശിക്ഷയാക്കരുത്
ഭാരം കുറയ്ക്കാനായി നിങ്ങള്‍ ഓരോ ദിവസവും ചെയ്യേണ്ടി വരുന്ന ഒരു ശിക്ഷയായി വ്യായാമത്തെ കാണരുത്. ഈ മനോഭാവം വര്‍ക്ക് ഔട്ട് ആസ്വദിക്കുന്നതില്‍ തടസ്സമാകും. ഇഷ്ടപ്പെട്ട് ചെയ്താല്‍ മാത്രമേ ഏത് കാര്യത്തിനും ഫലമുണ്ടാകൂ എന്ന് മറക്കരുത്.
4. ഭക്ഷണം കഴിക്കുന്നത് കുറ്റമായി കാണരുത്
നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇടയ്ക്ക് കഴിക്കുന്നത് നാം ചെയ്യുന്ന ഒരു കുറ്റമായി കണ്ട് അതില്‍ കുറ്റബോധം തോന്നരുത്. ഫിറ്റായി ഇരിക്കാന്‍ മാത്രമല്ല ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ കൂടിയുള്ളതാണ് നമ്മുടെ ജീവിതം. ഇതിനാല്‍ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ ഒക്കെ വല്ലപ്പോഴും വയര്‍ നിറച്ച് കഴിക്കാം.
5. ഓരോ കാലറിയും ഓരോ കിലോയും എണ്ണാന്‍ നില്‍ക്കരുത്
ഡയറ്റിങ്ങോ, വ്യായാമമോ ഒക്കെ ആരംഭിച്ച ശേഷം ഓരോ ദിവസവും പോയി ഭാരം പരിശോധിക്കുന്നവരുണ്ട്. ഇതും തെറ്റായ മാര്‍ഗമാണ്. പയ്യെ തിന്നാല്‍ പനയും തിന്നാം എന്നതാണ് ഇവിടെ പിന്തുടരേണ്ട ആപ്തവാക്യം. നിരന്തരമായി കുറച്ച് കാലം പരിശ്രമം ചെയ്താല്‍ മാറ്റമേ ശരീരത്തില്‍ മാറ്റങ്ങള്‍ ദൃശ്യമാകൂ. കര്‍മം ചെയ്തു കൊണ്ടിരുന്നാല്‍ ഫലം പിന്നാലെ വന്നു കൊള്ളും.
Content Summary: 5 Don'ts For Weight Loss Journey