ADVERTISEMENT

85 കിലോ ആയിരുന്ന ശരീരഭാരത്തെ 72 ലേക്ക് എത്തിച്ച് ആത്മവിശ്വാസവും പോസിറ്റിവിറ്റിയുമാർജിച്ച, വിടാതെ ഒപ്പം കൂടിയിരുന്ന രോഗങ്ങളെ പടിക്കു പുറത്താക്കിയ കഥയാണ് തിരുവനന്തപുരം സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ പാർവതിക്കു പറയാനുള്ളത്. അതിനു പാർവതിയെ സഹായിച്ചത് സ്വപ്നത്തിൽപോലും ചിന്തിച്ചിട്ടില്ലാത്ത യോഗയും. പാർവതി എന്ന പേരിൽനിന്ന് പർവതം എന്ന പേരിലേക്ക് എങ്ങനെ എത്തപ്പെട്ടെന്നും യോഗ എങ്ങനെ ജീവിതം മാറ്റിമറിച്ചെന്നും പറയുകയാണ് പാർവതി.

 

68 ൽ നിന്ന് 77 ലേക്ക്

പ്രസവം വരെ എന്റെ  ശരീരഭാരം 68 കിലോ ആയിരുന്നു. ആദ്യ പ്രസവം കഴിഞ്ഞതോടെ അത് 77 ൽ എത്തി. പിന്നെ അധികം താഴേക്കു വന്നില്ല. ഒരു വർഷത്തെ ഇടവേളയിൽ രണ്ടാമത്തെ പ്രസവം കഴിഞ്ഞതോടെ ശരീരഭാരം 85 ൽ എത്തി. കാണുന്നവരെല്ലാം പാർവതി എന്ന പേരു മാറ്റി പർവതം എന്നു പറഞ്ഞ് കളിയാക്കാൻ തുടങ്ങി. ഭർത്താവ് നന്നായി മെലിഞ്ഞിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ അമ്മയാണോ എന്ന ചോദ്യവും പലവട്ടം കേട്ടിട്ടുണ്ട്. 

 

ഈ കളിയാക്കലുകളൊക്കെ എന്നെ നെഗറ്റീവായി ബാധിക്കാൻ തുടങ്ങിയിരുന്നു. മുലയൂട്ടുന്നതുകൊണ്ടുതന്നെ ഭക്ഷണ നിയന്ത്രണം സാധ്യമായിരുന്നില്ല. പിന്നെയുള്ള ഏകവഴി വ്യായാമം മാത്രമായിരുന്നു. ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യാൻ പറ്റുന്ന സാഹചര്യവുമായിരുന്നില്ല. അതിനാൽ വീട്ടിലിരുന്ന് ചില വർക്ഔട്ടുകളൊക്കെ ചെയ്തു നോക്കിയെങ്കിലും ഫലം കണ്ടില്ല. 80 കിലോ വരെ കഷ്ടപ്പെട്ട് എത്തിച്ചെങ്കിലും പിന്നെ ഭാരസൂചി അനങ്ങിയിട്ടില്ല.

 

ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ കാലം

വീടിനു പുറത്തേക്കോ ഫങ്ഷനുകൾ‌ക്കോ പോകുമ്പോൾ അമിതവണ്ണം എന്നെ അലട്ടിയിരുന്നു. എന്റെ ശരീരത്തിൽ ഞാൻതന്നെ അധികശ്രദ്ധ കൊടുത്തുതുടങ്ങി. കണ്ണാടിയിൽ നോക്കാനോ ഫോട്ടായോ സെൽഫിയോ എടുക്കാനോ ഭയമായിരുന്നു. മൊത്തത്തിൽ പറഞ്ഞാൽ ഒരു നെഗറ്റിവിറ്റിയും എല്ലാവരോടും ദേഷ്യവും. 

 

parvathi2

നിലത്തിരുന്നിട്ട് എഴുന്നേൽക്കുമ്പോൾ നടു നിവർന്നു വരില്ലായിരുന്നു. 90 വയസ്സുള്ള അമ്മൂമ്മമാരെ പോലെ ആയിരുന്നു കൈകളൊക്കെ കുത്തി ഞാൻ എണീറ്റിരുന്നത്. ആറു മാസം പ്രായമുള്ള കുഞ്ഞിനെയെടുത്ത് ഞാൻ നടക്കുമ്പോൾ പെട്ടെന്ന് അച്ഛനോ അമ്മയോ എന്റെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങും. കാരണം കുഞ്ഞിനെ എടുത്ത് കിതച്ച് ‌ഞാൻ നടക്കുന്നതു കാണുമ്പോൾ അവർക്ക് ഒരു ശ്വാസംമുട്ടൽ പോലെയായിരുന്നു. എനിക്കാകട്ടെ അതൊട്ട് ഫീൽ ചെയ്യുന്നുമുണ്ടായിരുന്നില്ല. ഇതിനൊപ്പം മുട്ടുവേദന, നടുവേദന, കൊളസ്ട്രോൾ, മുടി കൊഴിച്ചിൽ, ക്രമമല്ലാത്ത ആർത്തവം, അസഹനീയമായ മെൻസ്ട്രുവൽ പെയ്ൻ ഇങ്ങനെ ഓരോ പ്രശ്നവും. 

 

കാണുന്നവർക്കെല്ലാം, ഒരുപാട് വണ്ണം വച്ചല്ലോ എന്ന ചോദ്യം മാത്രം. പ്രസവം കഴിഞ്ഞപ്പോൾ പോലും ഗർഭിണി ആണോ എന്ന ചോദ്യം എത്ര പ്രാവശ്യം കേട്ടിരിക്കുന്നു. അതൊക്കെ ശരിക്കും നാണക്കേടായിരുന്നു. ഇതൊക്കെ കേട്ട് കോൺഫിഡൻസ് ലെവൽ ഒട്ടുമേ ഇല്ലാതായി. മറ്റുള്ളവർക്കു മുന്നിൽ നിൽക്കാൻ പോലും തോന്നാത്തൊരു അവസ്ഥ ആയിരുന്നു.

 

ഒന്നു യോഗ പരീക്ഷിച്ചാലോ...

അപ്പോൾ ഒരു സുഹൃത്താണ് യോഗ ചെയ്തു നോക്കാൻ നിർദേശിക്കുന്നത്. യോഗ ചെയ്ത് ഭാരം കുറയ്ക്കാമെന്നത് എന്റെ ചിന്തയിൽ പോലും ഇല്ലായിരുന്നു. തീരെ പ്രതീക്ഷയില്ലാതെയാണ് യോഗ ക്ലാസിൽ ചേർന്നത്. എന്റെ ശരീരത്തെ മറ്റുള്ളവരുടെ മുന്നിൽ പ്രസന്റ് ചെയ്യാൻ നാണക്കേടാണ്, ഇതിനൊരു പരിഹാരം വേണമെന്നാണ് ഞാൻ ട്രെയ്നറോടു പറഞ്‍ത്. ‘ശരിയാക്കാം’ എന്നു ഗുരു പറഞ്ഞെങ്കിലും എനിക്കത് വെറും വാക്കായാണ് തോന്നിയത്. ഞാൻ എത്ര കാലംകൊണ്ടു ശ്രമിക്കുന്നതാ ഒന്നും നടക്കുന്നില്ല. പിന്നെയല്ലേ യോഗ ചെയ്ത് ശരിയാക്കുന്നത് എന്ന ചിന്തയായിരുന്നു അപ്പോഴും മനസ്സിൽ.

 

അദ്ഭുതപ്പെടുത്തിയ മാറ്റം

ക്ലാസ് തുടങ്ങി രണ്ടു ദിവസം ആയപ്പോൾ ഞാൻ വിചാരിച്ചു, ദൈവമേ എനിക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഇതിനു ചേരാൻ. ആസനയൊക്കെ ചെയ്തു തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന മുട്ടുവേദനയും നടുവേദനയും കലശലായി. സഹിക്കാൻ കഴിയാത്ത വേദന, മസിൽ പെയ്ൻ, സ്റ്റെപ് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയൊക്കെ ആയിരുന്നു. എന്നെക്കൊണ്ട് നടക്കില്ല, കളഞ്ഞിട്ടു പോകാം എന്നുതന്നെ ഉറപ്പിച്ചിരുന്നു. പക്ഷേ അടുത്ത ദിവസവും രാവിലെ ആയപ്പോൾ ക്ലാസിനു കയറിയേ പറ്റൂ എന്നു മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരാഴ്ച പിന്നിട്ടപ്പോൾ വേദന എന്ന സംഭവമേ ഇല്ലാതായി. എനിക്കുതന്നെ വ്യത്യാസം തോന്നിത്തുടങ്ങി. ആദ്യമൊക്കെ മെഡിറ്റേഷൻ ചെയ്യുമ്പോഴൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല, മനസ്സിൽക്കൂടി പല കാര്യങ്ങൾ മിന്നിമാഞ്ഞുകൊണ്ടിരുന്നു. പക്ഷേ ഒരാഴ്ച കഴിഞ്ഞതോടെ ഏകാഗ്രത കിട്ടി.  80 കിലോ ആയിരുന്ന ശരീരഭാരം 78ൽ എത്തി. എനിക്കുതന്നെ അദ്ഭുതമായി. പാകമല്ലാതിരുന്ന കുർത്തകളൊക്കെ പാകമായി. 

 

നല്ല ആഹാരശീലം, മാറ്റം കൃത്യം

ഒരാഴ്ച കഴിഞ്ഞപ്പോൾ, ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾകൂടി പറഞ്ഞുതന്നു. മധുരം പൂർണമായും ഒഴിവാക്കി. രാവിലെ ഡ്രൈഫ്രൂട്ട് കഴിച്ചായിരുന്നു ദിവസം ആരംഭിച്ചിരുന്നത്. യോഗ പ്രാക്ടീസിനു ശേഷം 8.30 ആകുമ്പോഴേക്കും വീട്ടിലുണ്ടാക്കുന്ന പ്രഭാതഭക്ഷണം കഴിക്കും. ദോശ ആണെങ്കിൽ അതിൽ കുറച്ച് കാരറ്റ് ഒക്കെ ഇട്ടായിരുന്നു കഴിച്ചിരുന്നത്. കൊളസ്ട്രോൾ കൂടിയതുകൊണ്ടുതന്നെ നോൺ വെജ് കഴിക്കുന്നതിന്റെ അളവ് കുറച്ചു. ഉച്ചയ്ക്ക് കഴിക്കുന്ന ചോറിന്റെ അളവ് കുറച്ച് പകരം ഇലക്കറികളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തി. വെള്ളംകുടി വളരെ കുറവായിരുന്നു. ഇപ്പോൾ 2 മുതൽ 3 ലീറ്റർ വെള്ളം വരെ കുടിക്കുന്നുണ്ട്. പ്രഭാതഭക്ഷണം സമയത്തിനു കഴിച്ചു തുടങ്ങിയതോടെ അതുവരെയുണ്ടായിരുന്ന ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ മാറിക്കിട്ടി. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആഴ്ചയിൽ ഒരു ദിവസം എടുക്കും. അന്ന് പഴങ്ങളും പച്ചക്കറികളും മാത്രമാണ് കഴിക്കുന്നത്. 

 

ഒരു മാസം കഴിഞ്ഞപ്പോൾ 5 കിലോ കുറഞ്ഞു. ഇതിനെക്കാളുപരി ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടുതന്നെ മാറി. 15 മിനിറ്റ് മെഡിറ്റേഷൻ കഴിയുമ്പോഴേക്കും ഉള്ളിൽ ഒരു വലിയ സമാധാനം ലഭിക്കുന്ന ഫീലിങ് ആയിരുന്നു. നമുക്ക് എന്തൊക്കെ കഴിവുകളുണ്ടെന്നും, ഉള്ളതിൽ നമ്മൾ എത്ര സംതൃപ്തരാകണമെന്നുമൊക്കെ മനസ്സിലാക്കിയത് യോഗയ്ക്കു ചേർന്ന ശേഷമാണ്. വെയ്റ്റ് കുറയുന്നതിനെക്കാൾ  നല്ല ആഹാരശീലങ്ങളെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞുവെന്നതും ജീവിതത്തിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ സാധിച്ചതുമാണ് എന്റെ ഏറ്റവും വലിയ വിജയം. 

 

രണ്ടു മാസം പിന്നിട്ടപ്പോൾ ശരീരഭാരം 72 കിലോയിലേക്ക് എത്തി. ഇപ്പോൾ പല ആസനങ്ങളും വളരെ ഈസിയായി ചെയ്യാൻ പറ്റും. ശരീരം നല്ല വഴക്കമുള്ളതായി. ചില ആസനങ്ങൾ ഞാൻ ചെയ്യുന്ന ഫോട്ടോ കാണുമ്പോൾ, ഇതൊക്കെ ഞാൻ ചെയ്തതുതന്നെയാണോ എന്നു ചിന്തിച്ചു പോകും. സത്യം പറഞ്ഞാൽ എന്റെ ശരീരത്തിന് ഇത്രയും ഒരു മാറ്റം ഞാൻ പ്രതീക്ഷിച്ചിരുന്നേ ഇല്ല. ഒരു കുഞ്ഞിനെ എടുത്ത് നടക്കാൻ ബുദ്ധിമുട്ടിയ ഞാൻ ഇപ്പോൾ രണ്ടുപേരെയും ഒരുമിച്ച് എടുത്ത് നടക്കുന്നുണ്ട്. ഒരു പ്രീഡയബറ്റിക് സ്റ്റേജിലേക്ക് എത്താൻ പാകത്തിലായിരുന്ന പ്രമേഹം നോർമൽ ആയി. കൊളസ്ട്രോളും നോർമൽ‌ ലെവലിലെത്തി. ആർത്തവചക്രം ക്രമമാകുകയും ആർത്തവ വേദന തീരെ ഇല്ലാതാകുകയും ചെയ്തു. വർഷങ്ങളായി എന്നെ അലട്ടിയിരുന്ന മറ്റൊരു പ്രശ്നമായിരുന്നു കൈയിൽ വന്ന ഒരു ഫംഗൽ അണുബാധ. എന്തൊക്കെ മരുന്ന് കഴിച്ചിട്ടും മാറാതിരുന്ന ഈ പ്രശ്നം ശരീരഭാരം കുറഞ്ഞതോടെ അപ്രത്യക്ഷമായി. വ്യായാമത്തിലും ഭക്ഷണക്രമത്തിലും വന്ന മാറ്റമാകാം ഇതിനു പിന്നിലെന്ന് ഞാൻ വിശ്വസിക്കുന്നു. 

 

ടൺ കണക്കിന് മോട്ടിവേഷൻ

ആദ്യം വീട്ടിൽ എല്ലാവരും കളിയാക്കൽ ആയിരുന്നു. എട്ടുമാസം ഞാൻ തനിയെ വർക്ഔട്ട് ചെയ്തു. ജംപിങ് ജാക്സ് ഒക്കെ ഒക്കെ 10 തവണ ചെയ്തു കഴിയുമ്പോൾ ഭയങ്കരമായി കിതയ്ക്കും. മുട്ടുവേദന, നടുവേദന എന്നൊക്കെ പറഞ്ഞ് ഞാനതങ്ങ് നിർത്തി. ഒരു ഭൂലോക മടിച്ചി എന്നാണ് എന്നെക്കുറിച്ച് എല്ലാവരും പറഞ്ഞിരുന്നത്. യോഗയ്ക്കു ചേർന്നെന്നു പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കൽ ആയിരുന്നു. എന്തിനുള്ള പുറപ്പാട്, നീ ഇതൊന്നും ചെയ്യാൻ പോകുന്നില്ല, രണ്ടു ദിവസം രാവിലെ എഴുന്നേറ്റിട്ട് മൂന്നിന്റെ അന്നു നിർത്തും എന്നൊക്കെയായിരുന്നു പ്രതികരണം.  എന്നെക്കുറിച്ച് എനിക്ക് വലിയ കോൺഫിഡൻസ് ഇല്ലാത്തതിനാൽ ഞാനും എതിർത്തില്ല. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ അവർക്കുതന്നെ സംശയം. ഇവൾ നന്നായിപ്പോയല്ലോ എന്നായി പറച്ചിൽ. വണ്ണം കുറഞ്ഞു തുടങ്ങിയെന്ന് എല്ലാവരും പറഞ്ഞുതുടങ്ങിയപ്പോൾ പിന്നെ ഭർത്താവും അച്ഛനും അമ്മയും മോട്ടിവേഷനായി. അമ്മയാണെങ്കിൽ രാവിലെ എനിക്കുവേണ്ട ഓട്സ് ഒക്കെ ഉണ്ടാക്കി എപ്പോഴും പ്രശംസിച്ചുകൊണ്ടിരിക്കും. എന്റെ സ്വഭാവത്തിൽതന്നെ വന്ന മാറ്റം കണ്ട് ഭർത്താവകട്ടെ യോഗ ചെയ്യാൻ തീരുമാനമെടുത്തു കഴിഞ്ഞു. അമ്മച്ചി ആയി എന്നു പറഞ്ഞ് എന്നെ കളിയാക്കിയിരുന്ന സഹോദരൻ നിന്നെ കണ്ടിട്ട് ആളറിയാത്ത പോലെ മാറ്റം വന്നു, സൂപ്പറാ എന്നു പറഞ്ഞ് അനുമോദിക്കുന്നു. ഭർത്താവിന്റെ അച്ഛനും പറയുന്നുണ്ട് പാറുവിൽനിന്ന് ഇത്രേം ഒരു മാറ്റം ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല എന്ന്. എന്നോടു സംസാരിക്കുമ്പോൾതന്നെ മാറ്റം പ്രകടമാണെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ പറയുന്നുണ്ട്. മാത്രമല്ല എന്റെ പോസിറ്റിവിറ്റിയും ശരീരത്തിൽ വന്ന വ്യത്യാസവുമൊക്കെ കണ്ട് നിരവധി പേർ യോഗ ചെയ്യാൻ മുന്നോട്ടു വന്നിട്ടുണ്ട്. ഇവരുടെയൊക്കെ ജീവിതത്തിലും ഞാൻ കാരണം ഒരു പോസിറ്റിവിറ്റി ഉണ്ടാകുന്നതല്ലേ എന്റെ ഏറ്റവും മികച്ച വിജയം.

Content Summary: Weight loss Yoga; Fitness and weight loss tips of Parvathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com