ADVERTISEMENT

‘‘രണ്ടു വർഷം മുൻപുള്ള ജീൻസും ടോപ്പുമൊക്കെ ഇപ്പോൾ ഇടുമ്പോൾ ഉണ്ടല്ലോ, ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയിൽ നിവിൻ പോളി പറയുന്നതു പോലുള്ള അനുഭവമാ... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല. കാരണം കബോർഡിനുള്ളിൽ അനക്കമില്ലാതെ ഇരിക്കുന്ന ആ ഇഷ്ടവസ്ത്രങ്ങൾ കണ്ട് എന്തുമാത്രം സങ്കടപ്പെട്ടിട്ടുണ്ടെന്നോ? ഔട്ടിങ് ഒക്കെ വരുമ്പോൾ എടുത്തുനോക്കിയിട്ട് എത്ര പ്രാവശ്യം തിരിച്ചു വച്ചിട്ടുണ്ടെന്നോ. എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറം ആ വസ്ത്രങ്ങളൊക്കെ ധരിച്ച് പുറത്തിറങ്ങുമ്പോൾ ഉള്ളിലുള്ള ആനന്ദവും കോൺഫിഡൻസുമൊക്കെ പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറമാ.’’ സ്വീഡനിലിരുന്ന് ഗുരുവായൂർ സ്വദേശി മനീഷ തെക്കൂട്ട് ഇതു പറയുമ്പോൾ അറിയാം ശരീരഭാരം കൂടിയതിന്റെ പേരിൽ അവർ അനുഭവിച്ച വിഷമം. സുമോ ഗുസ്തി എന്നു ഭർത്താവ് മനോജ് സ്നേഹത്തോടെ വിളിക്കുമ്പോഴും അദ്ദേഹം പറയുമായിരുന്നു ഇതൊന്നും ഒരു തടിയല്ലെന്നും നല്ല ഭക്ഷണം കഴിച്ച് നല്ലതുപോലെ ജീവിക്കണമെന്നുമൊക്കെ. എന്നിരുന്നാലും താൻ ഒരു തടിച്ചിയാണെന്ന് മനീഷയുടെ മനസ്സ് എപ്പോഴും മന്ത്രിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ, രണ്ടു മാസം കൊണ്ട് എട്ടു കിലോയും 16 സെന്റീമീറ്റർ വയറും കുറച്ച്, നഷ്ടപ്പെട്ടിരുന്ന ആത്മവിശ്വാസം ഇരട്ടിയായി തിരിച്ചെടുത്തിരിക്കുകയാണ് മനീഷ. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യവുമായി എത്തുന്നവർക്കായി ആ രഹസ്യം മനോരമ ഓൺലൈനിലൂടെ പങ്കുവയ്ക്കുകയാണ് മനീഷ.

 

അദൃശ്യ ശക്തിയായി അച്ഛൻ

ഈ മാറ്റത്തിനു പിന്നിലുള്ള സകല ക്രെഡിറ്റും എന്റെ അച്ഛനുള്ളതാണ്. അച്ഛൻ ഒരു അദൃശ്യ ശക്തിയായി എന്റെ കൂടെ ഉള്ളതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നുതന്നെയാണ് ‍ഞാൻ വിശ്വസിക്കുന്നതും. പ്രസവം കഴിഞ്ഞതോടെയാണ് ശരീരഭാരം കൂടാൻ തുടങ്ങിയത്. ആദ്യത്തെ പ്രസവത്തിൽ ഉണ്ടായ ശരീരഭാരം ഞാൻ കുറച്ചത് 6 വർഷത്തിനു ശേഷമാണ്. ഇതിനിടയിൽ അച്ഛന്റെ മരണം സംഭവിച്ചു. നാട്ടിൽ നിന്ന് ആകെ ഡിപ്രഷനിലാണ് ഞാൻ തിരികെ എത്തിയത്. ആ സമയത്താണ് സമൂഹമാധ്യമത്തിൽ ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പ് കാണുന്നത്. ഇതിനു മുൻപും പലപ്പോഴും ഇങ്ങനെയുള്ള ഗ്രൂപ്പുകൾ കാണാറുണ്ടെങ്കിലും കാര്യമാക്കാറില്ലായിരുന്നു. പക്ഷേ ഈ സമയത്ത് എന്റെ ഉള്ളിലിരുന്ന് ആരോ അതിൽ ജോയിൻ ചെയ്യാൻ പറയുംപോലെ തോന്നി. അത് എന്റെ അച്ഛൻതന്നെയാണ്. കാരണം 10 കിലോ ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞതിനപ്പുറം ഒരു നല്ല ജീവിതരീതി പിന്തുടരാൻ എനിക്കു തുണയായത് ഈ ഗ്രൂപ്പായിരുന്നു.

 

നാട്ടിലെ ഭക്ഷണം വീക്ക്നസ് ആയപ്പോൾ

ഭാരം കുറഞ്ഞ ശേഷമാണ് വീണ്ടും ഗർഭിണിയാകുന്നത്. ആദ്യത്തെ അഞ്ചാറു മാസം ശരീരഭാരം കൂടിയതേ ഇല്ല. ഡോക്ടർ തന്നെ ഒടുവിൽ എന്നോടു പറഞ്ഞു എക്സർസൈസ് ഒന്നും ചെയ്യരുതെന്ന്. വാസ്തവത്തിൽ ആ സമയത്ത് ഞാനൊരു വ്യായാമവും ചെയ്യുന്നുണ്ടായിരുന്നില്ല. എന്നും കുറച്ചു നടക്കുമെന്നു മാത്രം. ആ സമയത്താണ് കോവിഡ് എത്തുന്നത്. അതോടെ വർക്ഫ്രം ഹോമായി. ഒപ്പം ശരീരഭാരം കൂടി 86 കിലോ വരെയെത്തി. പക്ഷേ കുഞ്ഞിന്റെ ചോറൂണിനായി നാട്ടിലെത്തിയപ്പോൾ ഒരു നിയന്ത്രണവുമില്ലാതെ ഇഷ്ടംപോലെ ആഹാരം കഴിച്ചു. മൂന്നു വർഷത്തിനു ശേഷം നാട്ടിൽ വരുമ്പോൾ ഇവിടുത്തെ ഭക്ഷണത്തിന് എന്തു നിയന്ത്രണം വയ്ക്കാനാണ്. ഫലമോ, പോയ ശരീരഭാരം അതുപോലെ തിരിച്ചുവന്നു. നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സ്നേഹരൂപേണ ഓർമിപ്പിക്കുന്നുണ്ടായിരുന്നു നന്നായി തടി വച്ചെന്ന്. അപ്പോൾ എനിക്ക് ടെൻഷനാകും, ദൈവമേ ഇതു ഞാനെങ്ങനെ കുറയ്ക്കുമെന്ന ചിന്ത വരും. ഡ്രസ് സൈസാകട്ടെ എക്സ്എല്ലും ഡബിൾ എക്സ്എല്ലുമൊക്കെ ആയി.

 

ശരിയായ ജീവിതശൈലിയും ഭക്ഷണക്രമവും

 

ഈ സമയത്താണ് ആ ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ഞാൻ വീണ്ടും ചേരുന്നത്. ആ ഗ്രൂപ്പിൽനിന്ന് എനിക്കു കിട്ടിയത് ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഭക്ഷണക്രമവുമാണ്. പുതിയ കുറേ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഗ്രൂപ്പിൽ നൽകുന്ന നിർദേശങ്ങളനുസരിച്ച് വർക്ഔട്ടുകൾ കൃത്യമായി ചെയ്തു. ആഴ്ചയിൽ അഞ്ചു ദിവസം HIIT, മസിൽ ഗ്രൂപ്പുകൾക്കായുള്ള വ്യായാമം, ഒരു ദിവസം റെസ്റ്റ്. ഈ വർക്ഔട്ടുകളെല്ലാം ഞാൻ സ്ഥിരമായി ചെയ്യുന്നുണ്ടായിരുന്നു. ജിമ്മിലൊന്നും പോകാതെ വീട്ടിനുള്ളിൽ ഇരുന്ന് എങ്ങനെ വർക്ഔട്ട് ചെയ്യാമെന്നും വീട്ടിലുള്ള സാധാനങ്ങൾ നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുമുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഞാൻ. 

 

ഡയറ്റ് എങ്ങനെ ക്രമീകരിക്കണമെന്ന നിർദേശം അവർ നൽകും. നമ്മുടെ വീട്ടിലുണ്ടാക്കുന്ന ആഹാരത്തിനനുസരിച്ച് ആ ഡയറ്റ് നോക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഇഷ്ടമുള്ള ആഹാരം എന്തും കഴിക്കാം ഒന്നും ഒഴിവാക്കേണ്ടി വരാഞ്ഞതിനാൽതന്നെ ഡയറ്റ് നോക്കുകയാണെന്ന ഫീലിങ്ങേ ഉണ്ടായില്ല. ആകെക്കൂടി ചെയ്തിട്ടുള്ളത് കാലറി മനസ്സിലാക്കി, പ്രോട്ടീൻ, കാർബോ, ഫാറ്റ് കോംബോ ഉണ്ടാക്കി കഴിക്കുക മാത്രമായിരുന്നു. കഴിച്ചിരുന്ന ചോറിന്റെ അളവൊക്കെ കുറച്ച് കറികൾക്കു കുറച്ചുകൂടി പ്രാധാന്യം നൽകി. ശരിയായ ജീവിതക്രമവും ഭക്ഷണശൈലിയും എന്റെ ശരീരത്തിലും മാറ്റങ്ങൾ കൊണ്ടുവന്നു.

 

രണ്ടു മാസം കഴിഞ്ഞതോടെ, 80 കിലോ ഉണ്ടായിരുന്ന ശരീരഭാരം 72 ലേക്ക് എത്തി. 16 സെന്റീമീറ്റർ വയർ കുറഞ്ഞു. അതിനെക്കാൾ സന്തോഷമായത് കബോർഡിനുളിളിൽ എന്നെ നോക്കി പരിഹാസച്ചിരി ചിരിച്ചിരുന്ന ഇഷ്ട വസ്ത്രങ്ങളെ നോക്കി ഞാൻ ചിരിക്കാൻ തുടങ്ങിയതിലാണ്. കാലിന്റെ മുട്ടു വരെ മാത്രം കയറിയിരുന്ന ജീൻസൊക്കെ എന്റെ ശരീരത്തിലേക്കു കയറുമ്പോഴുള്ള സന്തോഷം, ശരിക്കും എന്തു പറയണമെന്ന് അറിയില്ല. പുറത്തു പോകാൻ, ജനക്കൂട്ടത്തെ അഭിമുഖീകരിക്കാൻ മടി കാണിച്ചിരുന്ന എനിക്ക് ഇപ്പോൾ എന്നും ഔട്ടിങ്ങിനു പോയാലോ എന്ന ചിന്തയാണ്.

 

നെടുവീർപ്പെട്ട് അമ്മ, ഓർമപ്പെടുത്തി അനിയൻ

 

ശരീരഭാരം കുറയ്ക്കണമെന്ന തീരുമാനമെടുത്തപ്പോൾ ഏറ്റവുമധികം മോട്ടിവേറ്റ് ചെയ്തത് അമ്മയും സഹോദരനും നാത്തൂനുമാണ്. ‘ചേച്ചീ, തടി കുറഞ്ഞാൻ നമുക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളൊക്കെ സന്തോഷത്തോടെ ഇട്ടോണ്ട് നടക്കാൻ പറ്റുമെന്ന് നാത്തൂനും മനീ തടി കൂടിയാൽ രോഗങ്ങൾ പിറകേ വരുമെന്ന് സഹോദരനും തടി ഉള്ള എന്നെക്കണ്ടെ നെടുവീർപ്പെട്ട് അമ്മയും’ മോട്ടിവേഷൻ നൽകി. ഗ്രൂപ്പിൽ ചേർന്ന് വർക്ഔട്ടുകൾ ചെയ്തുതുടങ്ങിയപ്പോൾ നിനക്കു സാധിക്കും, നീ തടി കുറച്ചിരിക്കുമെന്ന് പറഞ്ഞ് കട്ട സപ്പോർട്ടുമായി ഭർത്താവും ഉണ്ടായിരുന്നു.

 

ഇതെന്ത് അദ്ഭുതമാ...

ഇവിടെ സ്വീഡനിലുള്ളവർക്ക് ഈ തടിയൊന്നും ഒരു പ്രശ്നമേ അല്ല. അതുകൊണ്ടുതന്നെ ബോഡി ഷെയ്മിങ് അനുഭവിക്കേണ്ടി വന്നിട്ടുമില്ല. പക്ഷേ ഇപ്പോൾ തടി കുറച്ചപ്പോൾ എല്ലാവരും ചോദിക്കുന്നുണ്ട്, ആ വയർ എവിടെപ്പോയി, ഫാറ്റ് എങ്ങനെ കുറച്ചു എന്നൊക്കെ. സ്ട്രെസ് കാരണം മെലിഞ്ഞു പോയതാണോ എന്നു ചോദിക്കുന്നവരുമുണ്ട്. ഇതൊന്നുമല്ല, ശരിയായ ഭക്ഷണക്രമവും ജീവിതശൈലി ക്രമീകരണവുമാണ് ഈ അവസ്ഥയിലെത്തിച്ചതെന്നു പറയുമ്പോൾ എല്ലാവർക്കും അദ്ഭുതമാണ്. ഒരാൾക്ക് ഇങ്ങനെയൊക്കെ മാറാൻ കഴിയുമോ എന്ന‌ അദ്ഭുതം. ഇപ്പോൾ ഇതു ഞാൻ ആസ്വദിക്കുകയാണ്. പക്ഷേ ഇപ്പോഴും, ഫിറ്റ് ബോഡി സൂക്ഷിക്കുന്ന ഭർത്താവ് സുമോ ഗുസ്തിക്കാരി എന്നു വിളിച്ച് ഇടയ്ക്കിടെ എത്തുന്നുണ്ട്.

Content Summary: Weight loss tips of Maneesha Thekkutt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com