ADVERTISEMENT

നാൽപതു വയസ്സു കഴിയുന്നതോടെ ശരീരം വണ്ണം വയ്ക്കാനും കുടവയർ വരാനും ഒക്കെ തുടങ്ങുകയായി ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ ഡയറ്റും വർക്കൗട്ടും ഒക്കെ ശീലിക്കേണ്ടി വരും. ഒരു പ്രായം കഴിയുന്നതോടുകൂടി ഉപാപചയപ്രവർത്തനം (metabolism)  സാവധാനത്തിലാകുന്നതാണ് ഇതിന് ഒരു കാരണം. ശരീരഭാരം കൂടാനുള്ള മറ്റൊരു കാരണം, ശാരീരികപ്രവർത്തനങ്ങളുടെ അഭാവവും ഹോർമോൺ വ്യതിയാനങ്ങളുമാണ്. ഇത് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും മസിൽ മാസ് നഷ്ടപ്പെടാനും കാരണമാകും. മുപ്പതു വയസ്സു കഴിഞ്ഞുള്ള ഓരോ ദശാബ്ദവും മൂന്നു മുതൽ അഞ്ചു ശതമാനം വരെ മസിൽമാസ് നഷ്ടപ്പെടാൻ തുടങ്ങും എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് വ്യായാമം ചെയ്യുന്നത് പ്രയാസകരമാക്കും. ഒപ്പം ഉപാപചയനിരക്കു കുറയും, പരുക്കുകൾ പറ്റാനുള്ള സാധ്യത കൂടും. 

 

നാൽപതു വയസ്സു കഴിഞ്ഞാലും സ്ലിം ആയിരിക്കാൻ മാർഗമുണ്ട്. കൊഴുപ്പ് അടിഞ്ഞു കൂടാനും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനുള്ള മാർഗങ്ങൾ ഇതാ.

 

∙ തണുത്തവെള്ളത്തിൽ കുളിക്കാം

തണുത്ത വെള്ളത്തിൽ ശരീരം മുങ്ങുന്നത് മെറ്റബോളിസം വർധിപ്പിക്കുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇത് നാഡീവ്യവസ്ഥയെയും ശാന്തമാക്കുന്നു. മധുരവും കൊഴുപ്പും കൂടിയ ഭക്ഷണത്തോടുള്ള ആഗ്രഹം കുറയ്ക്കാനും ഇതു സഹായിക്കും. 

 

∙ നേരത്തെ ഉറങ്ങാം

നേരത്തെ ഉറങ്ങുന്നത് ശീലമാക്കാം. എട്ടുമണിക്കൂർ ദിവസവും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇറക്കമില്ലായ്മ ശരീരഭാരം കൂട്ടാനും ഭക്ഷണം വാരിവലിച്ചു കഴിക്കാനും ഇടയാക്കും. 

 

∙ ഉപവാസം

രാത്രിയിൽ 12 മണിക്കൂർ ഉപവസിക്കുന്നത് കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കും. രാത്രിയിൽ ഇടയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

 

∙ മദ്യം കുറയ്ക്കാം

ആഴ്ചയിൽ ഒരു ദിവസം, അതും മിതമായ അളവിൽ എന്ന തോതിലേക്ക് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാം. മദ്യത്തിൽ കാലറി കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കൂടാനും ഇടയാക്കും. 

 

∙ ആരോഗ്യകരമായ കൊഴുപ്പുകൾ 

ബദാം, ഫാറ്റി ഫിഷ്, വാൾനട്ട്, നാടൻ നെയ്യ് തുടങ്ങിയവയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ വൈറ്റമിൻ എ, ഇ, ഡി ഇവയുടെ ആഗിരണം വേഗത്തിലാക്കും. വിശപ്പു കുറയ്ക്കാനും ഇവ സഹായിക്കും. 

 

∙ കഴിക്കാം പ്രോട്ടീൻ

വിശപ്പു കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാക്രോന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. ഇത് വിശപ്പ് ഇല്ലാതാക്കുന്നു. കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുന്നു. മസിൽ മാസിന്റെ രൂപീകരണത്തിന് സഹായിക്കുന്നു. ശരീരഭാരം അനുസരിച്ചുള്ള പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. 

 

∙ ഭാരം ഉയർത്താം 

ശരീരഭാരം കുറയ്ക്കാൻ സ്ട്രെങ്ങ്ത്ത് ട്രെയ്നിങ്ങ് പരിശീലിക്കേണ്ടത് പ്രധാനമാണ്. ഇത് ഉപാപചയപ്രവർത്തനം വേഗത്തിലാക്കാനും കാർഡിയോ വർ‍ക്കൗട്ടിനെക്കാൾ വേഗത്തിൽ ഫാറ്റ്മാസ് കുറയ്ക്കാനും സഹായിക്കും. 

 

∙ ആരോഗ്യകരമായ ലഘുഭക്ഷണം തിരഞ്ഞെടുക്കാം

ശരീരഭാരം നിയന്ത്രിക്കാൻ പ്രധാനപ്പെട്ട ഒരു കാര്യമാണ് ആരോഗ്യകരമായ ലഘുഭക്ഷണം ശീലമാക്കുക എന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ തടയുന്നതോടൊപ്പം വിശപ്പ് കുറയ്ക്കുകയും ചെയ്യും. ചിപ്സ്, ബിസ്ക്കറ്റ് ഇവയ്ക്കു പകരം നട്സ്, സീഡ്സ് എല്ലാം കഴിക്കാം. 

 

∙ കുറയ്ക്കാം കാർബണേറ്റഡ് പാനീയങ്ങളുടെ ഉപയോഗം

കാർബണേറ്റഡ് പാനീയങ്ങൾ, റിഫൈൻഡ് ഷുഗർ, കൃത്രിമ ഭക്ഷണം, പ്രോസസ്ഡ് ഫുഡ് ഇവയിലെല്ലാം ടോക്സിനുകൾ ഉണ്ട്. ഇവ മന്ദത, മയക്കം, ശരീരഭാരം കൂട്ടുക ഇവയ്ക്ക് കാരണമാകും. ആഴ്ചയിൽ അഞ്ചു ദിവസം, ആരോഗ്യഭക്ഷണം മാത്രം കഴിക്കുകയും, രണ്ടു ദിവസം ചെറിയ അളവിൽ മാത്രം ഇത്തരത്തിലുള്ള ഭക്ഷണം ആവശ്യമെന്നു തോന്നിയാൽ കഴിക്കുകയും ആവാം. 

 

∙ വർക്കൗട്ട് 

സ്ട്രെങ്ങ്ത്ത് ട്രെയ്നിങ്ങ് ചെയ്യാൻ ഇഷ്ടമില്ലാത്ത, ശരീരഭാരം കൂടാതിരിക്കാൻ വ്യായാമം ചെയ്യാൻ ഇഷ്ടമില്ലാത്ത ആളാണോ നിങ്ങൾ? നാൽപതു വയസ്സു കഴിഞ്ഞാൽ ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ 150 മിനിറ്റ് മിതമായ വ്യായാമമോ 75 മിനിറ്റ് കഠിനവ്യായാമമോ ചെയ്യേണ്ടത് പ്രധാനമാണ്. 

 

∙ നേരത്തെ എഴുന്നേൽക്കാം വ്യായാമം ചെയ്യാം

നാൽപതുകളിൽ ശരീരഭാരം കുറയ്ക്കാൻ രാവിലെയുള്ള വ്യായാമം തീർച്ചയായും ആവശ്യമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നത് നിരവധി രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കും. 

 

∙ കൂട്ടുകൂടാം 

കൂട്ടുകാരുമൊത്ത് ട്രിപ്പുകൾ പ്ലാൻ ചെയ്യാം, വിനോദങ്ങളിലേർപ്പെടാം, ബൈക്ക് യാത്ര പോകാം, കുടുംബവും കൂട്ടുകാരുമൊത്ത് സന്തോഷനിമിഷങ്ങൾ പങ്കിടാം. 

 

∙ ഭക്ഷണം ആരോഗ്യകരമാക്കാം

ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ പ്രധാനഘടകങ്ങളിലൊന്നാണിത്. യോഗർട്ട്, പഴങ്ങൾ, സീഡ്സ്, നട്സ് ഇവയെല്ലാം കഴിക്കുന്നത് വയറു നിറഞ്ഞു എന്ന തോന്നലുണ്ടാക്കും. കൂടാതെ ഇവ കാലറി കുറഞ്ഞ ഭക്ഷണങ്ങളാണ്. ശരീരഭാരം നിയന്ത്രിക്കാൻ ഇവ സഹായിക്കും.

Content Summary: Simple steps that can help you stay slim after 40

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com