144 ൽ നിന്ന് 90 ലേക്ക്; പരിഹാസങ്ങളെയും 54 കിലോ കുറച്ചതിനെയും പറ്റി വാഞ്ചീശ്വരൻ
Mail This Article
ശരീരഭാരം സെഞ്ചറി പിന്നിട്ട് ജൈത്രയാത്ര തുടർന്നുകൊണ്ടിരുന്നപ്പോഴും തൊടുപുഴ സ്വദേശി വാഞ്ചീശ്വരനെ അതൊന്നും ബാധിച്ചിരുന്നേയില്ല. ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ വാഞ്ചീശ്വരൻ എന്നു പറഞ്ഞ് യാതൊരു ദാക്ഷിണ്യവുമില്ലാതെ ശരീരഭാരവുമായി നടന്നു. പക്ഷേ ഒരിക്കൽ സ്വന്തം ടെയ്‌ലർ കളിയാക്കിയത് സഹിക്കാൻ കഴിഞ്ഞില്ല. കുട്ടിക്കാലം മുതൽ കേട്ടിട്ടുള്ള ബോഡിഷെയ്മിങ്ങുകൾ എണ്ണിയാൽ തീരില്ലെങ്കിലും ആ ടെയ്‍ലറുടെ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു. പിന്നെ ഒന്നും നോക്കിയില്ല, തിരികെ വീട്ടിലെത്തിയ വാഞ്ചീശ്വരൻ ആ കടുത്ത തീരുമാനമെടുത്തു: എത്ര കഷ്ടപ്പെട്ടിട്ടായാലും ശരി, ഈ ശരീരഭാരം 100 നും താഴെ എത്തിച്ചിരിക്കും. ഈ വാശിയിൽ കുറഞ്ഞത് 54 കിലോയാണ്.
അതിനെപ്പറ്റി വാഞ്ചീശ്വരൻ സംസാരിക്കുന്നു.
‘ഏതു റേഷൻ കട’യിൽ തുടങ്ങും
എന്നെ ഞാൻ ‘കാണാൻ തുടങ്ങുന്നതു’ മുതലേ തടി കൂടെയുണ്ട്. അതുകൊണ്ടുതന്നെ 36 വയസ്സു വരെ അതിന്റെ പേരിൽ യാതൊരു അപകർഷതാ ബോധവും തോന്നിയിട്ടുമില്ല. സ്കൂൾ കാലം മുതൽ എന്റെ ശരീരത്തെക്കുറിച്ച് ധാരാളം കളിയാക്കലുകൾ കേട്ടിട്ടുണ്ട്. ‘ഏതു റേഷൻ കടയാ... ’ എന്നു തുടങ്ങി ഓർക്കാൻ ഇഷ്ടമില്ലാത്ത പലതരം കളിയാക്കലുകളുണ്ട്. പക്ഷേ ഇതൊന്നും എന്നെ ബാധിച്ചിട്ടേയില്ലെന്നു മാത്രമല്ല, ശരീരഭാരം കുറയ്ക്കണമെന്ന് ഒരിക്കൽപ്പോലും ചിന്തിച്ചിട്ടുമില്ല. ഇരുന്നുള്ള ജോലിയും വ്യായാമമില്ലായ്മയും നന്നായുള്ള ഭക്ഷണം കഴിക്കലുമൊക്കെ ശരീരഭാരം കൂട്ടിക്കൊണ്ടുമിരുന്നു. കാര്യമായ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നെങ്കിലും നടക്കാനൊക്കെ കുറച്ച് പ്രയാസമുണ്ടായിരുന്നു.
144 ൽ നിന്ന് 90 ലേക്ക്
ടീഷർട്ട് സൈസ് 5 എക്സ്എല്ലും പാന്റ് സൈസ് 46 മായിരുന്നു. ഇഷ്ടപ്പെട്ട വസ്ത്രമൊക്കെ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഞാനത് കാര്യമാക്കാറില്ലായിരുന്നു. കിട്ടുന്നതിൽ സംതൃപ്തൻ. ഷർട്ട് തയ്പ്പിക്കുകയാണ് പതിവ്. അങ്ങനെ ഒരു ദിവസം ഷർട്ട് തയ്ക്കാൻ കടയിലെത്തിയതായിരുന്നു. അളവെടുത്തപ്പോൾ ടെയ്‍ലർ എന്നെ കളിയാക്കി, ഇതെന്തൊരു തടിയാ. ഈ സൈസിലൊക്കെ ഇനി തയ്ക്കാൻ പ്രയാസമാ എന്ന രീതിയിലൊക്കെയുള്ള കളിയാക്കലുകൾ. അതെന്നെ വളരെ വിഷമിപ്പിച്ചു. അന്ന് വീട്ടിലെത്തിയ ശേഷം ഞാൻ അമ്മയോടും ഭാര്യയോടും പറഞ്ഞു, ഞാൻ തടി കുറയ്ക്കാൻ പോകുവാ, ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന്. ആദ്യമായാണ് എന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു തീരുമാനം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അവരും പ്രോത്സാഹിപ്പിച്ചു. ഇതിനായി ഒരു ഓൺലൈൻ ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നത് വഴിത്തിരിവായി. ശരീരഭാരം കുറയ്ക്കേണ്ടത് എങ്ങനെയാണെന്നും വർക്ഔട്ടുകളുടെ പ്രാധാന്യം എന്താണെന്നും എന്തിനു വേണ്ടിയാണ് ഓരോ വർക്ഔട്ടും ചെയ്യുന്നതെന്നും അവിടുന്നു മനസ്സിലാക്കി. അവരുടെ നിർദേശമനുസരിച്ച് റസിസ്റ്റൻസ് ബാൻഡുകൾ വാങ്ങി വീട്ടിൽതന്നെ ബാൻഡ് വർക്ഔട്ടുകളും HIIT യും ചെയ്തു. ജിമ്മിൽ പോയി വെയ്റ്റ് ട്രെയിനിങ്ങും ചെയ്തു.
ഭക്ഷണത്തിൽനിന്ന് കാർബോ ഒഴിവാക്കി പ്രോട്ടീന്റെ അളവു കൂട്ടി. ചോറ് എത്ര കിട്ടിയാലും കഴിച്ചുകൊണ്ടിരുന്ന ഞാൻ ഇപ്പോൾ ഒരു വർഷമായി ചോറു കഴിച്ചിട്ട്. കൃത്യമായ രീതിയിൽ ഒരു ദിവസം വേണ്ട കാലറി മനസ്സിലാക്കി, അതിനുള്ളിൽ വേണ്ട പ്രോട്ടീനും ന്യൂട്രിയന്റ്സും ഉൾപ്പെടുത്തി ഡയറ്റ് ക്രമീകരിച്ചു. ചെറുപയർ വേവിച്ചത്, ഒരു ഞാലിപ്പൂവൻ പഴം, ചെറിയ അളവിൽ പപ്പായ പോലുള്ള ഏതെങ്കിലും ഫ്രൂട്ട്, ഡ്രൈഡ് ചപ്പാത്തി, പച്ചക്കറികൾ ഇങ്ങനെയാണ് പ്രഭാതഭക്ഷണം.
കടല, പയർ വർഗങ്ങൾ പുഴുങ്ങിയത്, മുട്ടയുടെ വെള്ള ഈ രീതിയിലാകും ഉച്ചഭക്ഷണം, രാത്രി ചിലപ്പോൾ ഓംലെറ്റാകും. ദിവസവും പ്രോട്ടീൻ സ്കൂപ്പ് കഴിക്കും.
എനിക്കു വേണ്ട ഭക്ഷണങ്ങൾ ഡയറ്റനുസരിച്ച് ഉണ്ടാക്കിത്തന്ന് ഭാര്യയും അമ്മയും സപ്പോർട്ട് ചെയ്തു. വർക്ഔട്ടുകൾ ചെയ്യാൻ ഓർമിപ്പിച്ച് മക്കളും പ്രോത്സാഹനം നൽകി. ഇതിന്റെയെല്ലാം ഫലമായി ഒരുവർഷംകൊണ്ട് കുറച്ചത് 54 കിലോയാണ്.
5 എക്സ്എല്ലിൽനിന്ന് മീഡിയത്തിലേക്ക്
36 വയസ്സിൽ 5 എക്സ്എൽ ടീഷർട്ട് ഇട്ടിരുന്ന ഞാൻ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും മീഡിയം സൈസിലേക്ക് എത്തി. പാന്റിന്റെ സൈസാകട്ടെ 46–ൽ നിന്ന് 34 ആയി. പ്രായം നേർ പകുതിയായെന്നു കാണുന്നവരൊക്കെ പറയുന്നുണ്ട്. 5 കിലോമീറ്റൽ സ്പൈസ് കോസ്റ്റ് മാരത്തൺ 35 മിനിറ്റുകൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറ്റൊരു ടേണിങ് പോയിന്റാണ്.
രസകരമായ സംഭവങ്ങളും തമാശകളും
ഞാനൊരു ബിസിനസ്മാനാണ്. പല കസ്റ്റമേഴ്സും മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷമാണ് മീറ്റ് ചെയ്യുന്നത്. ഇതിനിടയിൽ രസകരമായ ഒരു സംഭവമുണ്ടായി. ഒരു ദിവസം ഞാൻ സ്കൂട്ടറിൽ പോകുമ്പോൾ ഒരു കസ്റ്റമർ എന്നെ വിളിച്ചിട്ടു പറയുകയാ, നിന്റെ സ്കൂട്ടർ ആരെങ്കിലും മോഷ്ടിച്ചുകൊണ്ടു പോകുന്നതാണോ, മെലിഞ്ഞ ഒരാൾ നിന്റെ സ്കൂട്ടർ ഓടിച്ചു പോകുന്നതു കണ്ടൂന്ന്. അതു ഞാൻതന്നെയായിരുന്നെന്നു പറഞ്ഞിട്ട് പുള്ളിക്ക് വിശ്വാസമായില്ല. അവസാനം നേരിട്ടെത്തി ഉറപ്പിക്കുകയായിരുന്നു, ജനുവരിക്കു ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് അവൻ എന്നെ കാണുന്നത്. ഒൻപതു മാസം കൊണ്ട് എങ്ങനെ ഇങ്ങനെ മാറിയെന്ന അതിശയത്തിലായിരുന്നു അവൻ. അതുപോലെ മാസങ്ങൾക്കു ശേഷം വരുന്ന പലരും എന്നോടുതന്നെ ചോദിച്ചിട്ടുണ്ട് വാഞ്ചീശ്വരൻ ഇല്ലേ എന്ന്. കണ്ടിട്ട് മനസ്സിലാകാത്തവർ, മുഖത്തു നോക്കി ചിരിച്ചാലും മൈൻഡ് ചെയ്യാതെ പോകുന്നവർ, ശബ്ദം മനസ്സിലാക്കി മാത്രം തിരിച്ചറിഞ്ഞവർ, നിന്റെ തടി ഒരിക്കലും കുറയാൻ പോകില്ലെന്നു പറഞ്ഞവരുടെ മുഖത്തെ അദ്ഭുതം തുടങ്ങി എത്രയെത്ര രസകരമായ സംഭവങ്ങൾ നടന്നിട്ടുണ്ടെന്നോ.
ദൈവത്തിന്റെ വാക്കുകളുമായെത്തിയ ആ ടെയ്‍ലർ
ആ ടെയ്‍ലറുടെ വാക്കുകളാണല്ലോ എന്നെ പുതിയൊരു ജീവിതത്തിലേക്ക് എത്തിച്ചത്. അന്ന് ഏറെ വിഷമിച്ചാണ് ആ കടയിൽ നിന്നിറങ്ങിയതെങ്കിലും ഇന്നെനിക്കു തോന്നുന്നുണ്ട്, അദ്ദേഹം അന്നു പറഞ്ഞത് ദൈവത്തിന്റെ വാക്കുകളാണെന്ന്. അല്ലെങ്കിൽ ഇന്നും ഒരുപക്ഷേ അനാരോഗ്യകരമായ ആ ശരീരവും വലിച്ചു ഞാൻ നടന്നേനേ. 2023 ജൂൺ ആകുമ്പോഴേക്കും ശരീരഭാരം 80 കിലോയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ. ഇനി കുറയ്ക്കണ്ട, ഇതു മതി, മോൻ മെലിഞ്ഞു പോയി എന്ന സങ്കടവുമായി അമ്മ നടക്കുന്നുണ്ടെങ്കിലും ശരീരഭാരം കുറഞ്ഞപ്പോഴുള്ള മാറ്റങ്ങളും ഗുണങ്ങളും ഇപ്പോൾ നന്നായി അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അതു നിലനിർത്തി പോകണമെന്നാണ് ആഗ്രഹം.
Content Summary: Weight loss tips of Vancheeswaran