ADVERTISEMENT

വീട്ടിൽ ജിം ഇല്ല. ട്രെഡ് മില്ലിൽ ഓടാറില്ല. തികഞ്ഞ ഭക്ഷണക്രമം, ചിട്ടയുള്ള ജീവിതരീതി. ഇത്രയുമായാൽ ഡോ.കെ.എൻ.രാഘവന്റെ ആരോഗ്യശീലങ്ങളുടെ അടിത്തറയായി. പുലർച്ചെയുള്ള ഓട്ടത്തിനൊപ്പം അൽപം പ്രാണായാമം ചേർക്കുന്നതോടെ ഉന്മേഷം നിറയുന്ന ആരോഗ്യാനുഭവം അദ്ദേഹം തന്നെ പറയട്ടെ....

 

ഓട്ടം ചില്ലറക്കാര്യമല്ല

1996–97 കാലം മുതൽ ദിവസവും പത്തു കിലോമീറ്റർ ഓടും. കോവിഡ് കാലത്തു 3 മാസം മുടങ്ങിയതൊഴിച്ചാൽ ഇതൊരു തുടർ പ്രവർത്തനമാണ്. തിരക്കേറിയപ്പോൾ ഓട്ടത്തിന്റെ ദിനക്രമത്തിൽ അൽപം മാറ്റം വരുത്തേണ്ടി വന്നു. ആഴ്ചയിൽ 5 ദിവസം ഓടും. 2 ദിവസം നടക്കും. രണ്ടിനും പറ്റാത്ത ദിവസം വീട്ടിൽ സൂര്യനമസ്കാരവും അൽപ സമയം പ്രാണായാമവും. 

 

ഒപ്പമുള്ള  ഷൂസും പുസ്തകവും

ഏതു യാത്രയിലും മറക്കാതെ കൂടെ ഷൂസും പുസ്തകവുമുണ്ടാവും. വായനയും അൽപം എഴുത്തുമില്ലാതെ ഒരു ദിവസവും പൂർണതയിലെത്തില്ല. തിരക്കുള്ള യോഗങ്ങൾക്കിടയിൽ ഓഫിസിൽ ഒന്നര മണിക്കൂർ ഇടവേളയിൽ 5 മിനിറ്റ് എഴുന്നേറ്റ് നടന്നേ പറ്റൂ. അതൊരു ശീലവും നിഷ്ഠയുമാണ്. ആരോഗ്യശ്രദ്ധയിലേക്കുള്ള ഒരു നടപ്പാണത്.

 

ഭക്ഷണക്രമമാണ് പ്രധാനം

ആഹാരത്തിന്റെ അളവു മൊത്തത്തിൽ കുറച്ചു. ഉച്ചയ്ക്കു ചപ്പാത്തിയാക്കി. കോട്ടയത്തുള്ളപ്പോൾ സസ്യാഹാരം മാത്രം. ഫാസ്റ്റ് ഫുഡ് പാടേ അകറ്റി. കഞ്ഞിയും ചോറും പഴവർഗങ്ങളും പച്ചക്കറിയും മത്സ്യവും ഉൾപ്പെട്ട മലയാളിയുടെ ഭക്ഷണരീതിയോളം സുഖാരോഗ്യം നൽകുന്ന മറ്റെന്തുണ്ട്! ബർഗർ സംസ്കാരം നമ്മുടെ ആരോഗ്യതാളത്തെയാണു ബാധിക്കുക എന്നു തിരിച്ചറിഞ്ഞേ പറ്റൂ.

 

വ്യായാമം വിട്ട് മറ്റൊന്നില്ല

കൊളസ്ട്രോൾ കൂടുന്നുവെന്ന തോന്നലിലാണ് ഓട്ടത്തിന്റെ തുടക്കം.  ആദ്യദിവസം വെറും 400 മീറ്ററിനപ്പുറം ഓടാൻ കഴിഞ്ഞില്ല. ആ ഓട്ടം എട്ടും പത്തും കിലോമീറ്ററിലേക്കു വളരുകയായിരുന്നു. മനസ്സിന്റെ ആരോഗ്യം സവിശേഷമായ സംഗതിയാണ്. ഇഷ്ടമുള്ളതു ചെയ്തു നമ്മൾ മനസ്സിനെ ഊർജിതപ്പെടുത്തണം. സിംഗപ്പൂരിലെ ജോലിക്കാലത്തു മാരത്തണുകൾ ഹരമാക്കിയത് അങ്ങനെയാണ്. 

ആഴ്ചയിലൊരിക്കൽ 2 മണിക്കൂറോളം ഓടിയിരുന്നെങ്കിലും ഇപ്പോൾ ഒറ്റ മണിക്കൂറിനപ്പുറം ഓടാറില്ല. വീട്ടിൽ നിന്നിറങ്ങി പാലാരിവട്ടം ബൈപാസ്, എൻജിഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരതമാത കോളജ്, വള്ളത്തോൾ ജംക്‌ഷൻ, എച്ച്എംടി, സെന്റ് പോൾസ്, പത്തടിപ്പാലം, ഇടപ്പള്ളി ടോൾ വഴി വീട്ടിലെത്തുന്ന വിധമാണിപ്പോൾ ഓട്ടത്തിന്റെ ചിട്ട.

 

കെ.എൻ.രാഘവൻ ഒരു പാഠപുസ്തകം പോലെയാണ്. വൈവിധ്യങ്ങളെ എടുത്തണിഞ്ഞയാൾ. ഡോക്ടറാകാനാണു പഠിച്ചത്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായാണു ജീവിക്കുന്നത്. എങ്കിലും, ക്രിക്കറ്റും പുസ്തകമെഴുത്തുമാണ് അദ്ദേഹത്തിന്റെ ജീവിതാഹ്ലാദം.  ബദൽ ജീവിതങ്ങൾക്കിടയിലും കെ.എൻ.രാഘവൻ എത്ര ചേതോഹരമായാണു ‘ സ്പോർട്സ് മാൻ സ്പിരിറ്റ്’ കെടാതെ സൂക്ഷിക്കുന്നത്.

Content Summary: Dr.K.N.Raghavan's health secrets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com