ADVERTISEMENT

‘‘ഫോട്ടോയിൽ ഒരുപക്ഷേ നിങ്ങൾക്ക് എന്നിൽ കാര്യമായ വ്യത്യാസം കാണാൻ സാധിക്കില്ലായിരിക്കും. പക്ഷേ മാനസികമായി എനിക്കു വന്ന മാറ്റങ്ങളും എല്ലാ മാസവും ഗുളികയെ ആശ്രയിച്ചു മാത്രം വന്നുകൊണ്ടിരുന്ന ആർത്തവത്തിൽ വന്ന വ്യത്യാസവും പിസിഒഡി മാറിയതുമൊക്കെ എങ്ങനെ പറഞ്ഞു തരണമെന്ന് അറിയില്ല’’ – ആലപ്പുഴ സ്വദേശിയും അമ്പലപ്പുഴ ജിയോജിത്തിലെ ഉദ്യോഗസ്ഥയുമായ അനുശ്രീ സംസാരിച്ചു തുടങ്ങിയപ്പോൾ ആ വാക്കുകളിലുണ്ട് പോസിറ്റിവിറ്റിയും ഊർ‍ജസ്വലതയുമെല്ലാം. ആറു മാസം കൊണ്ട് 9 കിലോ ശരീരഭാരം കുറഞ്ഞതല്ല, അതുവരെ അനുഭവിച്ചിരുന്ന ആരോഗ്യപ്രശ്നങ്ങൾ പാടേ മാറിക്കിട്ടിയതാണ് അനുവിനെ അദ്ഭുതപ്പെടുത്തുന്നത്. ഗുളികയിലൂടെ മാത്രം എല്ലാ മാസവും വന്നുകൊണ്ടിരുന്ന ആർത്തവവും എത്ര കാലം ഇങ്ങനെ തള്ളിനീക്കുമെന്ന് അറിയാതെ കഴിച്ചു കൂട്ടിയ കാലവും ആ സമയത്തെ അസഹനീയ വേദനയുമൊക്കെ ഇപ്പോൾ അനുവിന്റെ സ്വപ്നങ്ങളിൽ പോലുമില്ല. എങ്ങനെ ഇതൊക്കെ സംഭവിച്ചുവെന്നു അനു തന്നെ പറയുന്നു.

ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത ആ നാളുകൾ

വർഷങ്ങളായി എനിക്ക് പിസിഒഡിയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രസവ സമയത്തും അതു കഴിഞ്ഞും വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനുശേഷം ഒരുപാട് വണ്ണം വച്ചു. വർഷങ്ങളായി ശരീരഭാരം കൂടുതലായിരുന്നു. ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോൾ വെയ്റ്റ് കുറയ്ക്കുക മാത്രമാണ് പോംവഴിയെന്ന നിർദേശം ലഭിച്ചു. ഹോർമോണൽ ഇംബാലൻസ് ഉണ്ട്. സ്കാൻ ചെയ്തു നോക്കിയപ്പോൾ ഫാറ്റി ലിവറിന്റെ പ്രശ്നങ്ങളും കണ്ടെത്തി. ആറു മാസത്തോളം മരുന്നുകൾ കഴിച്ചു. പീരീഡ്സ് എല്ലാ മാസവും വരണമെങ്കിൽ ഗുളിക കഴിക്കേണ്ട അവസ്ഥ ആയിരുന്നു. ടാബ്‌ലറ്റ് കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് റെഗുലറായിരിക്കും. നിർത്തിയാൽ ഇർറെഗുലർ ആകും. രണ്ടു മാസം കൂടുമ്പോഴൊക്കെയേ പീരിയഡ് ആകുമായിരുന്നുള്ളൂ. അസഹനീയ വേദനയുമായിരുന്നു. ഇതിനൊപ്പം തലവേദനയും സൈനസിന്റെ പ്രശ്നവും. പിന്നീട് മൈഗ്രേനും പിടികൂടി. 

അങ്ങനെ എല്ലാത്തിനുമുള്ള ടാബ്‌ലറ്റ് കഴിച്ച് പകൽ സമയത്തുപോലും തല നേരെ വയ്ക്കാൻ കൂടി പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഭക്ഷണം നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചു. ആഹാരം കുറച്ച് രണ്ടു മാസം നോക്കിയെങ്കിലും വണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. 

anusree1

അപ്രതീക്ഷിതമായി സംഭവിച്ചത്...

ഈ സമയത്താണ് ഒമാനിൽ ജോലി ചെയ്യുന്ന ഭർത്താവ് അരുൺ യോഗയ്ക്ക് ചേരാൻ തീരുമാനിക്കുന്നത്. ഫീസടച്ച് ജോയിൻ ചെയ്തപ്പോഴാണ് അറിയുന്നത് നാട്ടിലെ സമയവും ഒമാനിലെ സമയവും തമ്മിൽ വ്യത്യാസം ഉള്ളതിനാൽ ആ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കില്ലെന്ന്. ഫീസ് അടച്ചതിനാൽ എന്നോട് ക്ലാസ്സിനു ചേരാൻ പറഞ്ഞു. ജോലി കഴിഞ്ഞു വന്ന് പിള്ളേരുടെ കാര്യങ്ങളും നോക്കി യോഗാക്ലാസ് കൂടി ചെയ്യാനുള്ള സമയമൊന്നും കിട്ടില്ലെന്നു പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചെങ്കിലും ഫീസടച്ചതല്ലേ എന്നോർത്ത് ഒരുമാസം നോക്കാമെന്നു കരുതി. യോഗാ മാസ്റ്റർ പറഞ്ഞതുപോലെ വെയ്റ്റൊക്കെ നോക്കി ഫോട്ടോ എടുത്തു വച്ചു. ആസനങ്ങൾ തുടങ്ങിയപ്പോൾ ശരീരവേദന ഉണ്ടായിരുന്നു. പക്ഷേ കാര്യമാക്കിയില്ല. ഡയറ്റിന്റെ കാര്യവും ക്ലാസിനോടൊപ്പം പറഞ്ഞു തരുന്നുണ്ടായിരുന്നു. ആദ്യം കൃത്യമായി നോക്കാൻ കഴിഞ്ഞിരുന്നില്ല. ഷുഗർ പൂർണമായും ഒഴിവാക്കിയിരുന്നെങ്കിലും ഡയറ്റ് ആദ്യത്തെ ഒരു മാസം ഫോളോ ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ ആ ഒരു മാസം മെന്റലി എനിക്കു വന്ന മാറ്റം പറയാതിരിക്കാൻ പറ്റില്ല. 2022 ഓഗസ്റ്റ് 1 നാണ് ഞാൻ ജോയിൻ ചെയ്യുന്നത്. ആദ്യത്തെ ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ തലവേദനയ്ക്ക് ഞാൻ ഗുളിക കഴിക്കുന്നില്ല. ഇപ്പോൾ മൈഗ്രേൻ പ്രശ്നമേ ഇല്ല. തലവേദനയ്ക്ക് ഇത്രയും മാറ്റം യോഗയിലൂടെ ഉണ്ടാകുമെന്ന് കരുതിയില്ല. അങ്ങനെ ഞാൻതന്നെ ഹസ്ബൻഡിനോട് പറഞ്ഞു, എനിക്ക് ഇനിയും ചെയ്യണമെന്ന്. അങ്ങനെ വീണ്ടും അടുത്ത ഒരു മൂന്നുമാസം ചെയ്യാനായി തീരുമാനിച്ചു ഫീസടച്ച് വീണ്ടും ജോയിൻ െചയ്തു. 

തലവേദനയുടെയും പിസിഒഡിയുടെയും ടാബ്‌ലറ്റ് കഴിച്ച് മടുത്തിട്ടാണ് എങ്ങനെയെങ്കിലും വെയ്റ്റ് കുറയ്ക്കണമെന്ന് ആഗ്രഹം മനസ്സിലുണ്ടായത്. യോഗയ്ക്ക് ജോയിൻ ചെയ്യുന്ന സമയത്ത് ശരീരഭാരം 67 കിലോ ആയിരുന്നു. രണ്ടാമത്തെ മാസമായപ്പോൾ 4 കിലോ കുറഞ്ഞു. നേരത്തേ എനിക്ക് കുറച്ചുദൂരം നടക്കുമ്പോൾ പോലും ഭയങ്കര കിതപ്പും ബുദ്ധിമുട്ടും ചെറിയ ചെറിയ കാര്യങ്ങൾക്ക് ടെൻഷനുമൊക്കെയായിരുന്നു. പക്ഷേ രണ്ടാമത്തെ മാസം കഴിഞ്ഞപ്പോൾ എനിക്ക് ഈ പ്രശ്നങ്ങളൊക്കെ മാറി. ദിവസവും വൈകിട്ട് 6.30 മുതൽ 7.30 വരെ എല്ലാ കാര്യങ്ങളും മാറ്റിവച്ച് യോഗയ്ക്കായി സമയം കണ്ടെത്തി. ഫെബ്രുവരി ആയപ്പോഴേക്കും 9 കിലോ കുറഞ്ഞ് 58 കിലോ എത്തി. 9 കിലോയുടെ വ്യത്യാസമാണ് വന്നതെങ്കിലും അതിലുപരി എനിക്ക് വന്ന മാറ്റങ്ങൾ മൈഗ്രെയ്നും പിസിഒഡിക്കും ടാബ്‌ലറ്റ് വേണ്ട എന്നതാണ്. ഒപ്പം പീരീഡ്സ് വരാനായി കഴിച്ചിരുന്ന ഗുളികകളും പൂർണമായും നിർത്തി.

anusree2

മെഡിറ്റേഷനിലൂടെയാണ്  ഓരോ ക്ലാസ്സും തുടങ്ങുന്നത്. ജോലി കഴിഞ്ഞുവന്ന് ആ മെഡിറ്റേഷൻ ചെയ്യുമ്പോൾ തന്നെ നമ്മുടെ മൈൻഡ് ക്ലിയർ ആകും. ഇപ്പോൾ ആസനങ്ങളും വാം അപുമൊക്കെ ചെയ്തില്ലെങ്കിൽ ഒരു ബുദ്ധിമുട്ടു പോലെയാണ്. ശരീരത്തിന്റെ ഒരു ഭാഗം നഷ്ടമായ പോലെ തോന്നും. അതുകൊണ്ടു ഞാൻ മുടങ്ങാതെ ചെയ്യുന്നുമുണ്ട്. ഒരു യോഗ സെഷൻ കഴിയുമ്പോൾ അത്രയും നേരം നമുക്കുണ്ടായിരുന്ന സ്ട്രെസിൽ നിന്നെല്ലാം ഒരു ആശ്വാസം കിട്ടി മൈൻഡ് റിഫ്രെഷ് ആകുന്നു. എന്തുമാത്രം മാറ്റം നമ്മുടെ ശരീരത്തിനും മനസ്സിനും ഉണ്ടാകുന്നു എന്നത് അനുഭവിച്ചാലേ അറിയാൻ പറ്റൂ. പിസിഒഡിക്കു വേണ്ടിയുള്ള ബട്ടർഫ്ലൈ പോസ്ചറൊക്കെ വളരെ പ്രയോജനപ്രദമായിരുന്നു. 

 

കഴുത്തിനു ചുറ്റുമുള്ള കറുപ്പ് മാറി, മസിൽ പെയിനും

ഇടാൻ പറ്റാതെ മാറ്റി വച്ച കുറേ നല്ല ഡ്രസ്സുകള്‍ ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ ഇടുമ്പോൾ ആത്മവിശ്വാസം ഇരട്ടിക്കുകയാണ്. ചെറുപ്പം മുതലേ കഴുത്തിനു ചുറ്റുമുള്ള കറുപ്പ് എന്നെ അലട്ടിയിരുന്ന മറ്റൊരു പ്രശ്നമായിരുന്നു. ഹോർമോണൽ ഇംബാലൻസ് കൊണ്ടാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഒരുപാട് ട്രീറ്റ്മെന്റുകൾ ഇതു മാറാൻ ചെയ്തിട്ടുണ്ട്. പക്ഷേ കുറഞ്ഞിരുന്നില്ല. എല്ലാവരും ചോദിക്കുമായിരുന്നു, ഇതെന്താ കഴുത്ത് ഇങ്ങനെ ഇരിക്കുന്നതെന്ന്. അഴുക്കടിയുന്നതാണോ എന്നൊക്കെ ചോദിക്കുമ്പോൾ നല്ല വിഷമം തോന്നിയിരുന്നു. പക്ഷേ യോഗ തുടങ്ങിക്കഴിഞ്ഞപ്പോൾ ഒരു ട്രീറ്റ്മെന്റും എടുക്കാതെ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം പൂർണമായും മാറി. 

കുറച്ചു നേരം അധികം ജോലി ചെയ്താൽ നീര്‍ക്കെട്ട് വരികയും മസിൽ പെയിൻ വരുകയും ചെയ്യും. ഇപ്പോൾ അങ്ങനെ ഒരു വിഷമമേ ഇല്ല. യോഗയുടെ കൂടെ തന്നെ നമുക്കൊരു ഡയറ്റ് ചാർട്ട് തരുന്നുണ്ട്, എന്തൊക്കെ കഴിക്കാം എന്നതിനെപ്പറ്റി. ചോറു കുറച്ചു കൊണ്ട് ശരീരത്തിനാവശ്യമായ പ്രോട്ടീൻ കൂടുതലായി ആഡ് ചെയ്യുന്നുണ്ട്. എന്തുമാത്രം തെറ്റാണ് നമ്മുടെ ആഹാരകാര്യങ്ങളില്‍ ചെയ്തു കൊണ്ടിരുന്നതെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഞാൻ യോഗ ചെയ്യുന്നതിനെക്കുറിച്ചും അതിലൂടെ എനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും  സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊക്കെ പറയാറുണ്ട്. എനിക്ക് ഇങ്ങനെയൊക്കെ മാറാൻ പറ്റുമെന്നും ഗുളിക ഇല്ലാത്ത ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിച്ചിട്ടേ ഇല്ല. പക്ഷേ ഇപ്പോൾ അഞ്ചാറു മാസമായി ഞാൻ ഗുളികകളോടു ഗുഡ്ബൈ പറഞ്ഞിട്ട്– അനു പറഞ്ഞു നിർത്തി.

Content Summary: Weight loss tips of Anusree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com