ADVERTISEMENT

വ്യായാമം അപകടകാരിയാണെന്ന ഒരു തെറ്റിധാരണ ചില മരണങ്ങളോടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ചിട്ടയായ വ്യായാമം ഹൃദയാരോഗ്യം സംരക്ഷിക്കുവാൻ തീർച്ചയായും സഹായിക്കും എന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം. ഇതിലേറ്റവും പ്രധാനപ്പെട്ടത് നാം നമ്മുടെ ഹൃദയത്തെ അറിയുക എന്നതാണ്. ലളിതമായി പറഞ്ഞാൽ മുകളിൽ പറഞ്ഞിരിക്കുന്ന അസുഖങ്ങൾ ഉള്ളതോ അല്ലെങ്കിൽ വരാൻ സാധ്യത ഉള്ള വ്യക്തിയാണോ നാം എന്നത് തിരിച്ചറിയുക എന്നതാണ്. 

 

ഒരു ജനറൽ ഫിസിഷനെയോ കാർഡിയോളഡിസ്റ്റിനെയോ കണ്ടു ശരീരപരിശോധനയും അത്യാവശ്യം വേണ്ട രക്തപരിശോധനകളും, ഡോക്ടർ നിർദേശിക്കുകയാണെങ്കിൽ ഇസിജി, എക്കോകാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റ് (TMT) എന്നിവയും ചെയ്യുന്നത് ഒളിഞ്ഞിരിക്കുന്ന അപകടത്തെ മുൻകൂട്ടിയറിയാൻ സഹായിക്കും. 

 

തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

വ്യായാമം ചെയ്തു തുടങ്ങുന്നവർ ഹൃദയം എന്തെങ്കിലും മുന്നറിയിപ്പു തരാൻ ശ്രമിക്കുന്നുണ്ടോ എന്നു തിരിച്ചറിയണം. ഉദാഹരണത്തിന് നടക്കുമ്പോഴോ ഓടുമ്പോഴോ നെഞ്ചിൽ വേദനയോ മറ്റ് അസ്വാസ്ഥ്യങ്ങളോ ഉണ്ടാവുക, ശ്വാസംമുട്ടൽ, താളം തെറ്റിയും അതിവേഗത്തിലുമുള്ള നെഞ്ചിടിപ്പ്, കണ്ണിൽ ഇരുട്ടു കയറുക, ബോധം മറയുക എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്. ഇങ്ങനെയെന്തെങ്കിലും അനുഭവപ്പെട്ടാൽ ഒരു ഹൃദ്രോഗവിദഗ്ധനെ കണ്ടു ഹൃദയാരോഗ്യം ഉറപ്പാക്കിയതിനു ശേഷം മാത്രമേ വ്യായാമം പുനരാരംഭിക്കാവൂ. 

 

അമിത വ്യായാമം ആപത്തല്ലേ?

അമിതമായാൽ അമൃതും വിഷമെന്നാണല്ലോ പഴമൊഴി. വ്യായാമത്തിന്റെ കാര്യത്തിലും ഇതു ശരി തന്നെയാണ്. എന്നാൽ ഓരോരുത്തർക്കും മിതവും അമിതവും വ്യത്യസ്തപ്പെട്ടിരിക്കുമെന്നു മാത്രം. 

Read Also: കുടവയര്‍ കുറയ്ക്കാന്‍ അഞ്ച് കാര്‍ഡിയോ വ്യായാമങ്ങള്‍

പുതുതായി വ്യായാമം ചെയ്തു തുടങ്ങുന്നവർ നടത്തം, ജോഗിങ്, ലഘുവായ ഭാരോദ്വഹനം എന്നിവയിൽ ആരംഭിക്കുന്നതാണ് ഉചിതം. വ്യായാമത്തോടുള്ള ശരീരത്തിന്റെ പ്രതികരണം അനുസരിച്ചു പതിയെ പതിയെ വ്യായാമത്തിന്റെ ദൈർഘ്യവും കാഠിന്യവും കൂട്ടാം. ആരംഭശൂരത്വത്തിൽ, ശരീരം പാകപ്പെടുന്നതിനു മുൻപേ തന്നെ ഹൃദയത്തിനു താങ്ങാവുന്നതിലേറെ സമ്മർദം കൊടുക്കുന്നതാണ് പലപ്പോഴും അപകടങ്ങളിലേക്കു നയിക്കുന്നത്. 

 

നിലവിൽ ഹൃദ്രോഗങ്ങൾ ഉണ്ടായിരിക്കുകയും അവയെ തിരിച്ചറിയാതെ കഠിനമായ വ്യായാമത്തിലേർപ്പെടുകയും ചെയ്താൽ പെട്ടെന്നു കുഴഞ്ഞു വീണുള്ള മരണങ്ങൾക്കു സാധ്യതയേറും. എന്നാൽ മിതമായും ചിട്ടയായതുമായ വ്യായാമമാകട്ടെ ഹൃദയ സംബന്ധിയായ അസുഖങ്ങളുള്ളവർക്ക് ഗുണകരവുമാണ്. ഹൃദയ സംബന്ധിയായ രോഗങ്ങളുള്ളവർ ഒരു ഹൃദ്രോഗവിദഗ്ധന്റെ നിർദേശപ്രകാരം മാത്രമേ വ്യായാമത്തിലേർപ്പെടാൻ പാടുള്ളൂ. നടത്തം പോലുള്ള ലഘുവ്യായാമശീലം മിക്കവർക്കും സുരക്ഷിതമാണ് എന്നും ഓർമിക്കുക.

Content Summary: Exercise and Fitness Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com