ഭാരം കുറയ്ക്കാന്‍ നല്ലത് രാവിലെ ചെയ്യുന്ന വ്യായാമമാണെന്നു പഠനം

Mail This Article
ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താനും രോഗങ്ങളെ അകറ്റി നിര്‍ത്താനും വ്യായാമം പ്രയോജനപ്രദമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എത്ര സമയം വ്യായാമം ചെയ്യുന്നു എന്നതു പോലെതന്നെ പ്രധാനമാണ് എപ്പോള്‍ വ്യായാമം ചെയ്യുന്നു എന്നതും. ചിലര്‍ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാന്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ക്ക് വൈകുന്നേരങ്ങളാണ് പ്രിയം. മറ്റ് ചിലര്‍ സമയം കിട്ടുന്നതിനനുസരിച്ച് ഉച്ചയ്‌ക്കോ മറ്റ് സമയത്തോ വ്യായാമം ചെയ്യാം.
എന്നാല്‍ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നത് അമിതഭാരം നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ സഹായകമാണെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. രാവിലെ ഏഴ് മണിക്കും ഒന്‍പതിനും ഇടയില്‍ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് ഒബ്‌സിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് അരക്കെട്ടിന്റെ അളവും ബോഡി മാസ് ഇന്‍ഡെക്‌സും(ബിഎംഐ) കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഹോങ്കോങ് പോളിടെക്‌നിക് സര്‍വകലാശാലയിലെയും ഫ്രാങ്ക്‌ലിന്‍ പിയേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 2003നും 2006നും ഇടയില്‍ ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയില്‍ പങ്കെടുത്ത 5285 പേരുടെ വിവരങ്ങള്‍ ഇതിനായി നിരീക്ഷിച്ചു. രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും വ്യായാമം ചെയ്യുന്നവര്‍ എന്നിങ്ങനെ മൂന്ന് സംഘങ്ങളായി ഇവരെ തിരിച്ചു.
രാവിലെ വ്യായാമം ചെയ്‌തവരുടെ ബിഎംഐ 27.4 ആണെങ്കില്‍ ഉച്ചയ്‌ക്ക് വ്യായാമം ചെയ്‌തവരുടെ ബിഎംഐ 28.4ഉം വൈകുന്നരം വ്യായാമം ചെയ്‌തവരുടെ ബിഎംഐ 28.2ഉം ആണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഈ സംഘങ്ങളുടെ അരക്കെട്ടിന്റെ ശരാശരി അളവ് യഥാക്രമം 95.9 സെന്റിമീറ്റര്‍, 97.9 സെന്റിമീറ്റര്‍, 97.3 സെന്റിമീറ്റര്‍ എന്ന തോതിലാണ്. എന്നാല്‍ ഇത് നിരീക്ഷണ പഠനം മാത്രമായതിനാല്‍ ഇത്തരത്തില്‍ സംഭവിക്കുന്നതിന്റെ പിന്നിലുള്ള കാരണങ്ങള്‍ പഠനത്തില്‍ കണ്ടെത്തിയില്ല.
വ്യായാമത്തിന്റെ സമയം ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നതാകാം കാരണമെന്ന് ചില വിദഗ്‌ധര്‍ അനുമാനിക്കുന്നു. രാവിലെ വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പ് കൂടുതലായി കത്തിക്കുന്നതും ഭാരം കുറയ്‌ക്കുന്നതിലേക്കും നയിക്കാം.
Content Summary: Morning Workouts are Linked to Better Weight Management